29 July Thursday
55 ദിവസത്തിൽ 
577 കുട്ടികൾക്ക്‌ 
മാതാപിതാക്കളെ നഷ്‌ടപ്പെട്ടു

കണ്ണീർക്കാലം കടന്നിതാ പ്രതീക്ഷയുടെ പൂക്കൾ

വെബ് ഡെസ്‌ക്‌Updated: Thursday May 27, 2021

കോവിഡ്‌ അനാഥമാക്കിയ കുടുംബത്തിലെ കുട്ടികളെ സംരക്ഷിക്കുമെന്ന 
മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അനാഥത്വത്തിന്റെ കണ്ണീർ തുടയ്‌ക്കും. 
മഹാമാരി ഇല്ലാതാക്കിയ ജീവിതങ്ങൾക്ക്‌ ഇനി പുതിയ ഉയിർപ്പ്‌. 
ആശ്വാസം കൊള്ളുന്ന കുടുംബങ്ങളെ പരിചയപ്പെടാം

ഇവരിനി സനാഥർ
കോട്ടയം കുറപ്പന്തറയിൽ കോവിഡ്‌ ബാധിച്ച്‌ മരിച്ച ദമ്പതികളായ കൊച്ചുപറമ്പിൽ ബാബുവിന്റെയും ജോളിയുടെയും മക്കൾക്കും ഇനി സർക്കാരിന്റെ ആശ്വാസമെത്തും.  ചിഞ്ചു (24), ബിയ (22), അഞ്ജു (18), റിയ (14) എന്നിവരെയാണ്‌ മഹാമാരി അനാഥമാക്കിയത്‌. ബാബുവിന്റെ സഹോദരി ഷൈബിയുടെ സംരക്ഷണയിലാണ് ഇവരിപ്പോൾ.നാടിന്റെ നൊമ്പരമായ പെൺകുട്ടികൾക്ക്‌, മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പുതിയ പ്രതീക്ഷയായി.

നിരഞ്ജന ഡോക്ടറാകും
കാഞ്ഞങ്ങാട് കോട്ടപ്പാറയിലെ ശിവകുമാർ പൊതുവാളിനും ഭാര്യ അർച്ചനയ്ക്കും ഏക മകൾ നിരഞ്ജനയെ ആയുർവേദ ഡോക്ടറാക്കാനായിരുന്നു ആഗ്രഹം. പക്ഷേ, മകളുടെ വളർച്ച കാണാൻ അവർക്കായില്ല. ഒമ്പതാം ക്ലാസുകാരിയായ നിരഞ്ജനയെ തനിച്ചാക്കി ഇരുവരെയും കോവിഡ് കൊണ്ടുപോയി. ഇനി സർക്കാരിന്റെ സുകൃതകരങ്ങളിൽ


 

പ്രഖ്യാപനം ആശ്വാസം
പാനൂരിൽ പൊയിലൂർ തൂവക്കുന്നിലെ ശിവന്തിനും (11) സിദ്ധാർഥിനും (8) മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ആശ്വാസമായിട്ടുണ്ട്‌.  പത്ത്‌ മാസംമുമ്പാണ്‌ അമ്മ  കിഴക്കേന്റവിടെ സജിനി രക്താർബുദം വന്ന്‌ മരിച്ചത്‌. രണ്ട്‌ മാസംമുമ്പ്‌ അച്ഛൻ മനോജ്‌ കോവിഡും ബാധിച്ച്‌  മരിച്ചു. അച്ചമ്മയാണ്‌ ഇപ്പോൾ മക്കളെ നോക്കുന്നത്‌.

അലനും ഇനി പുതിയ ജീവിതം
കുരുന്നു പ്രായത്തിൽ  തനിച്ചായ പത്തു വയസ്സുകാരൻ അലനും ഇനി പുതിയ ജീവിതം. മെയ്‌ മൂന്നിനാണ്‌  അലന്റെ അമ്മ മണലൂർ ചുള്ളിപ്പറമ്പിൽ ജിജി കോവിഡ്‌ ബാധിച്ച്‌ മരിച്ചത്‌. പിന്നാലെ 19ന്‌ അലന്റെ അച്ഛൻ സുഭാഷും കോവിഡിന്‌ കീഴടങ്ങി.  അലനിപ്പോൾ ബന്ധുവിന്റെ സംരക്ഷണയിലാണ്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ ആശ്വാസം കൊള്ളുകയാണ്‌ അവന്റെ ബന്ധുക്കളിപ്പോൾ.

ഒരാഴ്‌ചയുടെ ദൂരത്തിൽ അനാഥർ
ആദ്യം അച്ഛൻ...പിന്നാലെ അമ്മയും.. ഒരാഴ്‌ചയ്ക്കുള്ളിൽ ജീവിതം കീഴ്‌മേൽ മറിഞ്ഞതിന്റെ ആഘാതത്തിലാണ്‌ സ്‌നേഹയും സ്‌നേഹിതയും. നെയ്യാറ്റിൻകര  ടിബി ജങ്ഷനിൽ തോട്ടിൻകരയിൽ കുളത്തട്ട് വീട്ടിൽ രാജേഷ് (45),  ഭാര്യ ബിന്ദു (40) എന്നിവരാണ് കോവിഡ്‌ ബാധിച്ച്‌ തൊട്ടടുത്ത ദിവസങ്ങളിലായി മരിച്ചത്‌. അച്ഛന്റെയും അമ്മയുടെയും വേർപാടോടെ പത്താംക്ലാസുകാരി സ്നേഹാരാജേഷും അഞ്ചാം ക്ലാസുകാരി സ്നേഹിതയും ഒറ്റയ്‌ക്കായി. ചെറിയമ്മയുടെ സംരക്ഷണയിലാണ്‌ ഇപ്പോൾ കുട്ടികൾ. അനാഥത്വം അറിയാത്തവിധം ചേർത്തുപിടിക്കുന്ന എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളും നാട്ടുകാരുമാണ്‌ ഇവരുടെ ആശ്വാസം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top