12 July Sunday

കാവലായി ആതുരാലയങ്ങൾ

അമൽ ഷൈജുUpdated: Wednesday May 27, 2020


കൊച്ചി
ആരോഗ്യമേഖലയുടെ കരുത്തുറ്റ മുന്നേറ്റത്തിനാണ്‌ കഴിഞ്ഞ നാലുവർഷം ജില്ല സാക്ഷ്യംവഹിച്ചത്‌. എറണാകുളം ഗവ. മെഡിക്കൽ കോളേജുമുതൽ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾവരെ ആരോഗ്യപരിപാലനത്തിന്റെ മികവിലേക്കെത്തി. കേരളത്തെ പിടിച്ചുകുലുക്കിയ ‘നിപാ’യെ തോൽപ്പിച്ച മികവുമായി കോവിഡ്‌ പ്രതിരോധത്തിലും ചുക്കാൻപിടിക്കുകയാണ്‌ എറണാകുളം മെഡിക്കൽ കോളേജ്‌. സംസ്ഥാനത്ത്‌ ആദ്യ കോവിഡ്‌ ബാധ റിപ്പോർട്ട്‌ ചെയ്തപ്പോൾമുതൽ പ്രതിരോധത്തിന്റെ മുന്നിൽനിന്ന്‌ നയിച്ച മെഡിക്കൽ കോളേജ്‌, കോവിഡ്‌ കെയർ സെന്റർ എന്നനിലയിൽ ലോകോത്തര നിലവാരത്തിലാണ്‌ പ്രവർത്തിക്കുന്നത്‌. 

സംസ്ഥാനത്തെ എണ്ണംപറഞ്ഞ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയെന്ന ഖ്യാതിയിലേക്ക്‌ എറണാകുളം മെഡിക്കൽ കോളേജിന്‌ അധികദൂരം സഞ്ചരിക്കേണ്ടിവരില്ല.
കോ–-ഓപ്പറേറ്റീവ് അക്കാദമിക്കുകീഴിൽ പ്രവർത്തിച്ചിരുന്ന മെഡിക്കൽ കാേളേജ്‌, 2013ൽ യുഡിഎഫ്‌ സർക്കാർ ഏറ്റെടുത്തെങ്കിലും 2016ൽ എൽഡിഎഫ്‌ സർക്കാർ വന്നശേഷമാണ്‌ പൂർണസജ്ജമായത്‌. പ്രൊഫസർമാർ ഉൾപ്പെടെ ഇരുനൂറോളം തസ്‌തികകൾ സൃഷ്ടിച്ച്‌ നിയമനം നടത്തി. 203 ഡോക്‌ടർമാർ, 190 നേഴ്‌സുമാർ ഉൾപ്പെടെ 554 പേരാണ്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയുടെ കരുത്ത്‌. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, ക്വാർട്ടേഴ്സുകൾ എന്നിവയ‌്ക്കായി കിഫ്ബി പദ്ധതിയിൽ 368 കോടി രൂപയും ഇമേജിങ് സെന്ററിന് 25 കോടിയും കാത്ത് ലാബിന് 12 കോടിയും അനുവദിച്ചു.

‘നിപാ’ പ്രതിരോധത്തിൽ ആദ്യാവസാനംവരെ പോരാടുകയും എല്ലാ രോഗികളും രോഗമുക്തി നേടി ആശുപത്രി വിടുകയും ചെയ്തു. കേരളത്തിൽ കോവിഡ്‌ സ്ഥിരീകരിച്ച ആദ്യദിവസങ്ങളിൽത്തന്നെ ഐസൊലേഷൻ വാർഡ് സംവിധാനമൊരുങ്ങി. ചൈനയിൽനിന്ന് വിദ്യാർഥികൾ എത്തിയപ്പോൾമുതൽ കോവിഡ് പ്രതിരോധത്തിനായി സജ്ജമായിരുന്നു ഇവിടം. കോവിഡ് സ്ഥിരീകരിച്ച യുകെ പൗരൻ ബ്രയാൻ നീൽമുതൽ വൃക്കരോഗത്തെ തുടർന്ന് ചെന്നൈയിൽനിന്ന് രാജഗിരി ആശുപത്രിയിൽ ചികിത്സയ്ക്കെത്തി കോവിഡ് സ്ഥിരീകരിച്ച യുവതിവരെ രോഗമുക്തി നേടി ജീവിതത്തിലേക്ക്‌ മടങ്ങിയെത്തി. ദക്ഷിണ കൊറിയൻ മാതൃക ഉൾക്കൊണ്ട് തദ്ദേശീയമായി വിസ്ക് കിയോസ്കുകൾ വികസിപ്പിച്ചത് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ മേൽനോട്ടത്തിലായിരുന്നു. രാജ്യത്തെമ്പാടും വിസ്ക് മാതൃക ഏറ്റെടുത്തത്‌ കേരളത്തിന്റെ ആരോഗ്യമേഖലയിലെ മറ്റൊരു പൊൻതൂവലാണ്‌.

സ്വകാര്യ ആശുപത്രികളോട്‌ കിടപിടിക്കുന്ന ചികിത്സാസൗകര്യങ്ങളാണ്‌ ജനറൽ ആശുപത്രിയുടെയും മോടികൂട്ടുന്നത്‌. കിഫ്‌ബിവഴി ലഭിച്ച 76 കോടി രൂപ ചെലവിൽ ജൂലൈയിൽ സൂപ്പർ സ്‌പെഷ്യാലിറ്റി വിങ് പൂർത്തിയാകുന്നതോടെ നഗരഹൃദയത്തിൽ കുറഞ്ഞചെലവിൽ വിദഗ്‌ധ ചികിത്സ ലഭ്യമാകും. സംസ്ഥാനത്തെ ജനറൽ ആശുപത്രികളിൽ ആദ്യത്തെ സൂപ്പർ സ്‌പെഷ്യാലിറ്റി വിങ്ങാണ്‌ പൂർത്തിയാകുന്നത്‌. ന്യൂറോ മെഡിസിൻ–-സർജറി, കാർഡിയോളജി, ഓങ്കോ മെഡിസിൻ–-സർജറി, നെഫ്രോളജി, യൂറോളജി, പ്ലാസ്‌റ്റിക്‌ സർജറി എന്നീ സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങൾ ഇപ്പോഴുണ്ട്‌. ആധുനിക സംവിധാനങ്ങളോടുകൂടിയ അഞ്ച്‌ ഓപ്പറേഷൻ തിയറ്ററുകളാണ്‌ പ്രവർത്തനസജ്ജമാകുന്നത്‌. ഒരുനില തീവ്രപരിചരണവിഭാഗത്തിനായിരിക്കും. മറ്റൊരു നിലയിൽ വിവിധ ഒപി വിഭാഗം. പേ വാർഡ്‌, വാർഡുകൾ എന്നിവയും അത്യാധുനിക സംവിധാനങ്ങളോടെ ഒരുക്കും. ആരോഗ്യമേഖലയിലെ മുന്നേറ്റത്തിന്‌ കരുത്താകുന്ന ഒട്ടനവധി പ്രവർത്തനങ്ങളാണ്‌ പ്രാഥമികതലത്തിൽവരെ സർക്കാർ നേതൃത്വത്തിൽ നടക്കുന്നത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top