30 November Monday

പുതിയ കാലം; പുതിയ പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 27, 2020


തിരുവനന്തപുരം
തൃശൂർ സിറ്റിയിലെ കേന്ദ്രീകൃത ലോക്കപ്പ് സംവിധാനം, പൊലീസ് ആസ്ഥാനത്തെ ക്രൈം ആൻഡ്‌ ക്രിമിനൽ ട്രാക്കിങ്‌ നെറ്റ്‌‌വർക് പരിശീലനകേന്ദ്രം, സ്റ്റുഡിയോ റൂം... പൊലീസിനെ കൂടുതൽ ഹൈടെക്‌ ആക്കുന്ന എട്ട്‌ പദ്ധതികൾ നാടിന്‌ സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ്‌ ഉദ്‌ഘാടനംനിര്‍വ്വഹിച്ചത്.

ഏറെ പ്രത്യേകത ഉള്ളതാണ്‌ തൃശൂരിലെ കേന്ദ്രീകൃത ലോക്കപ്പ് സംവിധാനം.  പ്രതികളുടെ ഏത് നീക്കവും ഇവിടെ നിരീക്ഷിക്കാനാകും. മുഴുവൻ സമയവും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സംവിധാനവുമുണ്ട്.  കുറ്റവാളികളെ ശാസ്ത്രീയമായി ചോദ്യം ചെയ്യുന്നതിന് റിക്കോർഡിങ്‌ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളുമായി  ചോദ്യം ചെയ്യൽ മുറിയും ഇതിന്റെ ഭാഗമാണ്‌.   പൊലീസ് ആസ്ഥാനത്തെ ക്രൈം ആൻഡ്‌ ക്രിമിനൽ ട്രാക്കിങ്‌ നെറ്റ‌്‌വർക്ക്‌ പരിശീലന കേന്ദ്രമായ ഇൻസൈറ്റിൽ 56 പേർക്ക് ഒരേ സമയം വിദഗ്‌ധ പരിശീലനം നേടാം. ഇവിടുത്തെ  സ്റ്റുഡിയോയിൽ പൊലീസിന് ആവശ്യമായ ചിത്രങ്ങളും ക്ലാസുകളും ചിത്രീകരിക്കാം.

ആലപ്പുഴ, കോട്ടയം  ജില്ലാതല പൊലീസ് പരിശീലന കേന്ദ്രങ്ങൾ, ഇടുക്കി ജില്ലയിലെ മുട്ടം, കുളമാവ് എന്നിവിടങ്ങളിലെ പുതിയ പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങൾ,   റെയിൽവേ പൊലീസ് കൺട്രോൾ റൂം എന്നിവയടക്കമുള്ള പദ്ധതികളുടെ ഉദ്ഘാടനവും കണ്ണൂർ സിറ്റി പോലീസ് കോംപ്ലക്സിന്റെ  തറക്കല്ലിടലും‌ മുഖ്യമന്ത്രി നിർവഹിച്ചു.  തിരുവനന്തപുരത്ത് നേരത്തെ തമ്പാനൂർ പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ്  പുതുക്കി റെയിൽവേ കൺട്രോൾ റൂം ആക്കിയത്‌.   എല്ലാ ആധുനിക സജ്ജീകരണങ്ങളോടും കൂടിയാണ് കണ്ണൂരിൽ പുതിയ പൊലീസ് ആസ്ഥാനം സ്ഥാപിക്കുന്നത്. 34,500 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിന്‌ ഒമ്പത് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 

പൊലീസിന്റെത്‌ മികച്ച പ്രവർത്തനം: മുഖ്യമന്ത്രി
കോവിഡ്‌ പ്രതിരോധത്തിൽ മികച്ച പ്രവർത്തനമാണ്‌ പൊലീസ്‌ നടത്തിയതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങളുമായി ഇഴുകിച്ചേർന്നുള്ള ഈ പ്രവർത്തനങ്ങൾ പ്രതിസന്ധി ഘട്ടത്തിൽ പൊലീസിന്റെ യശസ്സ്‌ ഉയർത്തി. പൊലീസിന് അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കുന്നതിന്‌ സർക്കാർ  ഒരു അലംഭാവവും വരുത്തിയിട്ടില്ല.  കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ  അടിസ്ഥാനസൗകര്യവികസനത്തിന് മുന്തിയ പരിഗണനയാണ് നൽകിയത്‌. ഇതിന്‌ പണം ഒരു പ്രശ്നമാവുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പൊലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top