കൊച്ചി
സ്വകാര്യ സോളാർ മീൻപിടിത്ത ബോട്ട് ‘സ്രാവ്’ ജനുവരിയിൽ കടൽപ്പരീക്ഷണം ആരംഭിക്കും. കളമശേരി സ്‌റ്റാർട്ടപ് വില്ലേജിൽ പ്രവർത്തിക്കുന്ന നവാൾട്ട് സോളാർ ആൻഡ് ഇലക്ട്രിക് ബോട്ട്‌സ് വികസിപ്പിച്ച ‘സ്രാവ്’ 10 ലക്ഷം രൂപയ്‌ക്ക് വിപണിയിൽ ഇറക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 50 കിലോമീറ്റർ പരിധിയിൽ ചെറുകിട മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാവുന്ന രീതിയിലാണ് രൂപകൽപ്പന. മൂന്നുമണിക്കൂർകൊണ്ട് പൂർണചാർജാകുന്ന ബോട്ട്, സൗരോർജശക്തിയിൽ എട്ടുമണിക്കൂർ തുടർച്ചയായി പ്രവർത്തിക്കും.
ആറു മത്സ്യത്തൊഴിലാളികൾക്ക് ജോലി ചെയ്യാം. ഷെൽ ഫൗണ്ടേഷൻ ധനസഹായത്തോടെയാണ് ബോട്ടുനിർമാണം. ഇന്ത്യയിലെ ആദ്യ സ്വകാര്യ സോളാർ മീൻപിടിത്തബോട്ടായ ‘സ്രാവ്’ ഉപയോഗിച്ചാൽ മണ്ണെണ്ണയും ഡീസലും ഉപയോഗിക്കുന്ന ചെലവ് കുറയുമെന്ന് നവാൾട്ട് സിഇഒ സന്ദിത് തണ്ടാശേരി പറഞ്ഞു.
മൂന്നുമണിക്കൂർകൊണ്ട് പൂർണചാർജാകുന്ന സോളാർ ഇലക്‌ട്രിക് ടൂറിസം ക്രൂസ് ബോട്ട് ‘അവലോൺ’ നവാൾട്ട് പുതുതായി അവതരിപ്പിച്ചു. ഒറ്റത്തവണ ചാർജായാൽ എട്ടുമണിക്കൂർ പ്രവർത്തിപ്പിക്കാം. വെയിലുള്ള കാലമാണെങ്കിൽ രാത്രിയിലും ലൈറ്റുകൾ തെളിച്ച് ബോട്ട് പ്രവർത്തിപ്പിക്കാനാകും. 15 പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ടിന് 50 ലക്ഷം രൂപയാണ് വില.
മികച്ച സോളാർ മീൻപിടിത്തബോട്ടിനുള്ള ആഗോള അവാർഡ് ‘സ്രാവ്’ നേടിയിരുന്നു. ഫ്രഞ്ച് ഇലക്ട്രിക്കൽ എൻജിനിയറും ഭൗതികശാസ്ത്രജ്ഞനുമായിരുന്ന ഗുസ്താവ് ട്രൂവേയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരമാണ് ഈ വർഷം ലഭിച്ചത്. വൈക്കം- തവണക്കടവ് റൂട്ടിൽ സർവീസ് നടത്തുന്ന നവാൾട്ടിന്റെ 75 സീറ്റുള്ള സൗരോർജ ഫെറി ആദിത്യ 2020ലെ ഗുസ്താവ് ട്രൂവേ അവാർഡ് നേടിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..