തിരുവനന്തപുരം
ഇന്ത്യൻ സ്‌ത്രീത്വത്തിന്റെ വിമോചന പോരാട്ടത്തിൽ ചരിത്രമെഴുതി മുന്നേറുന്ന ജനാധിപത്യ മഹിളാ അസോസിയേഷന്റെ 13–-ാം അഖിലേന്ത്യ സമ്മേളനത്തെ വരവേൽക്കാൻ തലസ്ഥാനം ഒരുങ്ങുമ്പോൾ ആദ്യം ഓർക്കുന്ന പേരാണ് കയർത്തൊഴിലാളിയായ രക്തസാക്ഷി അമ്മുവിന്റേത്. അസോസിയേഷൻ രൂപീകരിക്കും മുമ്പുതന്നെ അധ്വാനിക്കുന്ന സ്‌ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടി ജീവൻ സമർപ്പിച്ച അനശ്വര രക്തസാക്ഷിയാണ് വാഴമുട്ടം അമ്മു.
കയറുപിരിക്കുന്ന സ്‌ത്രീ തൊഴിലാളികളുടെ അതിജീവന കഥകളിലെ ചോരപ്പാടാണ് വാഴമുട്ടം സംഭവം. തൊഴിലാളികളുടെ അവകാശസമരങ്ങൾക്കെതിരെ 1972 മെയ് മൂന്നിന് പൊലീസ് നടത്തിയ വെടിവയ്പിലാണ് അമ്മു രക്തസാക്ഷിയായത്. ആധുനിക കേരളത്തെ സൃഷ്ടിക്കുന്നതിൽ വനിതാ കയർത്തൊഴിലാളികൾ നടത്തിയ ത്യാഗോജ്വലമായ പോരാട്ടങ്ങൾക്ക് നിതാന്തമായ ഊർജമാണ് അമ്മുവിന്റെ സ്‌മരണ. പതിനായിരക്കണക്കിന് കയർത്തൊഴിലാളി സ്‌ത്രീകൾ പണിയെടുത്തിരുന്ന തിരുവനന്തപുരം ജില്ലയിൽ തുച്ഛമായ കൂലി നൽകി ഉടമകൾ ഇവരെ ചൂഷണംചെയ്‌തു.
കോവളം മുപ്പിരി മേഖലയിലെ ചൂഷണത്തിന് അറുതിവരുത്താൻ തൊഴിലാളികൾ സമരം ശക്തമാക്കി. നിയന്ത്രിതവിലയുടെ രണ്ടും മൂന്നും ഇരട്ടിവില ഈടാക്കിവന്നിരുന്ന മുതലാളിമാർ നിയന്ത്രിതവിലയ്ക്ക് തൊണ്ടു നൽകാൻ തയ്യാറായില്ല. മെഷീനിൽ തല്ലാൻ കൊണ്ടുപോയ തൊണ്ട് നിറച്ച വള്ളം തൊഴിലാളികൾ തടഞ്ഞു. തൊണ്ടുമുതലാളിയെ സഹായിക്കാനെത്തിയ പൊലീസുകാർ 19 റൗണ്ട് വെടിവച്ചു. അതിലാണ് വാഴമുട്ടത്തെ അമ്മുവിന് ജീവൻ നഷ്‌ടമായത്. മഹിളാ അസോസിയേഷൻ അഖിലേന്ത്യ സമ്മേളനം 36 വർഷത്തിനുശേഷം വീണ്ടും തിരുവനന്തപുരത്ത് എത്തുമ്പോൾ അമ്മുവിന്റെ ഓർമകളും നിരവധി തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത ആ ദിവസം എന്നും ജ്വലിക്കുന്ന ഓർമയാണ്. അമ്മുവിന്റെ ധീരരക്തസാക്ഷിത്വത്തിന് 50 ആണ്ട് തികച്ച വർഷത്തിലാണ് മഹിളാ അസോസിയേഷന്റെ 13–-ാം അഖിലേന്ത്യ സമ്മേളനത്തിന് തിരുവനന്തപുരം വേദിയാകുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..