06 October Thursday

തിരുത്തിയതോ തിരിച്ചടി ?

പ്രത്യേക ലേഖകൻUpdated: Friday Jul 22, 2022


തിരുവനന്തപുരം
ഇടതുപക്ഷമാണെങ്കിൽ തിരുത്തിയാലും ‘തിരിച്ചടി’ എന്ന പ്രചാരണം വഴി സ്വയം പരിഹാസ്യരാകുന്നത്‌ മാധ്യമങ്ങൾ. വീഴ്‌ച വന്നാൽ എത്രയുംവേഗം തിരുത്തുകയെന്ന നിലപാടിനെ എങ്ങനെയൊക്കെ വളച്ചാലും തിരിച്ചടിയാക്കാനാകില്ല. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിൽ വിദ്യാർഥികൾ കാണിച്ച അതിക്രമത്തെ ലവലേശം മടിയില്ലാതെ സിപിഐ എമ്മും ഇടതുപക്ഷവും തള്ളിപ്പറഞ്ഞു, അതാണോ തിരിച്ചടി? രാഹുൽ ഗാന്ധിക്കുപോലും ആ നിലപാട്‌ തിരിച്ചറിഞ്ഞ്‌ പ്രതികരിക്കേണ്ടി വന്നു. എന്നാൽ, രക്തസാക്ഷികളെയും അവരുടെ അച്ഛനമ്മമാരെയും നിരന്തരമായി അധിക്ഷേപിക്കുന്ന കെ സുധാകരന്റെയും കോൺഗ്രസിന്റെയും നിലപാടിൽ ഒരു ദോഷവും ഈ മാധ്യമങ്ങൾ കാണുന്നുമില്ല.

എം എം മണി നിയമസഭയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശം തിരുത്തണമെന്ന്‌ എഡിറ്റോറിയലുകളടക്കം എഴുതി ആവശ്യപ്പെട്ടത്‌ ഇതേ മാധ്യമങ്ങൾതന്നെയാണ്‌. സ്പീക്കർ റൂളിങ് നൽകിയപ്പോൾ പിൻവലിച്ചു. അതിനെ തിരിച്ചടിയെന്ന്‌ വിശേഷിപ്പിക്കുന്നവർക്കുതന്നെയാണ്‌ ഫലത്തിൽ ‘തിരിച്ചടി’ കിട്ടിയത്‌.

കിഫ്‌ബിക്ക്‌ എതിരായ നീക്കം കേന്ദ്ര സർക്കാർ ഇന്ന്‌ തുടങ്ങിയതാണോ?  ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്‌ സിഎജിയും ആദായനികുതിവകുപ്പും ഇഡിയും ഒറ്റക്കെട്ടായി വന്ന്‌ കുരുക്കാൻ ആസൂത്രിത നീക്കം നടത്തി. അന്ന്‌ കിട്ടാത്ത എന്ത്‌ തെളിവാണ്‌ ഇനി കിട്ടാനുള്ളത്‌. എത്ര നാണംകെട്ടായാലും യജമാനന്മാരുടെ രാഷ്‌ട്രീയ താൽപ്പര്യം സംരക്ഷിക്കുന്ന ഉദ്യോഗസ്ഥ സംഘങ്ങളായി മിക്ക കേന്ദ്ര ഏജൻസികളും അധഃപ്പതിച്ചെന്ന വസ്‌തുത ഇവർ കാണുന്നുമില്ല.

കള്ളക്കടത്തും കള്ളപ്രചാരവേലയുംമാത്രം തൊഴിലാക്കിയ സ്ത്രീയുടെ വെളിപ്പെടുത്തലുകൾ വേദവാക്യംപോലെ സ്വീകരിച്ച്‌ പ്രചരിപ്പിക്കുന്നവർ പറയുന്നു; സ്വർണക്കടത്ത്‌ കേസ്‌ ബംഗളൂരുവിലേക്ക്‌ മാറ്റാനുള്ള ഇഡി നീക്കവും തിരിച്ചടി ആയെന്ന്‌ ! കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന്‌  കത്തെഴുതിയത്‌ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന കാര്യം മറന്നോ? ഉരുൾപൊട്ടൽപോലെ കേന്ദ്ര ഏജൻസികൾ വന്ന്‌ നിരങ്ങിയിട്ടും എൽഡിഎഫിന്‌ ഒന്നും സംഭവിച്ചില്ല. അന്ന്‌ ചെയ്തതിലപ്പുറം ഒന്നുമുണ്ടാകില്ലെന്ന്‌ അറിയാമെങ്കിലും ദിവാസ്വപ്നങ്ങളിലൂടെ ആഗ്രഹങ്ങൾ പടച്ചുവിടുകയാണ്‌ നമ്മുടെ മാധ്യമങ്ങൾ ദിനംപ്രതി.

വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച യൂത്ത്‌കോൺഗ്രസ്‌ നേതാക്കളെ തടയാനാണ്‌  ഇ പി ജയരാജൻ  ശ്രമിച്ചത്‌  എന്നത്‌ ലോകം കണ്ടതാണ്‌. എന്നാൽ, ഇ പി ക്കെതിരെ പരാതി കൊടുത്തപ്പോൾ പരിശോധിക്കാൻ കോടതി പറഞ്ഞു. അത്‌ സ്വാഭാവിക നടപടി മാത്രമാണ്‌. അതിനേയും തെറ്റായി വ്യാഖ്യാനിക്കാനാണ്‌ ശ്രമിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top