26 October Monday

പട്ടണം വിരലിലണിഞ്ഞത്‌ അഗസ്‌റ്റസ്‌ സീസറുടെ മോതിരമുദ്ര

എം എസ്‌ അശോകൻUpdated: Monday Sep 21, 2020

പട്ടണത്ത്‌ കുഴിച്ചെടുത്ത അഗസ്‌റ്റസ്‌ സീസറുടെ മോതിരമുദ്രയും റോമൻ മാതൃകയിലുള്ള ശിൽപ്പത്തിന്റെ തലയും


കൊച്ചി> പറവൂർ പട്ടണത്തെ കളപ്പുരപ്പറമ്പിൽ സുകുമാരന്റെ പത്തുസെന്റിൽ ആദിമ തുറമുഖനഗരത്തിന്റെ ശേഷിപ്പുകൾ തിരയുമ്പോൾ പ്ലസ്‌ടു വിദ്യാർഥി പ്രവിതയുടെ കൈയിലാണ്‌ ചെറിയൊരു വർണക്കല്ല്‌ തടഞ്ഞത്‌. പ്ലാസ്റ്റിക്‌ ബട്ടൻസ്‌ എന്നു വിളിച്ചുകൂവി പ്രവിത കൂട്ടാളികളുടെ ശ്രദ്ധ ക്ഷണിച്ചു. ഒരു സെന്റിമീറ്റർമാത്രം വ്യാസവും രണ്ട്‌ സെന്റിമീറ്റർ കനവുമുള്ള അൽപ്പം ദീർഘവൃത്താകാരമുള്ള കൽക്കഷ്‌ണത്തിൽ എന്തോ കോറിവരച്ചത്‌ പിന്നീടാണ്‌ ശ്രദ്ധയിൽപ്പെട്ടത്‌. മനുഷ്യസ്‌ത്രീമുഖവും മുതുകിൽ പക്ഷിച്ചിറകുകളും സിംഹത്തിന്റെ ഉടലുമുള്ള അപൂർവരൂപം. ചരിത്രമേറെ മൺമറഞ്ഞുകിടക്കുന്ന പട്ടണത്തെ അറിയുന്നവരുടെ ഉറക്കംകെടുത്താൻ അത്ര മതിയായിരുന്നു. വർണക്കല്ലിന്റെ ജാതകം തിരഞ്ഞുള്ള യാത്രയിൽ രാജ്യത്തിനകത്തും പുറത്തുമുള്ള പുരാവസ്‌തു വിദഗ്‌ധരുടെ അന്വേഷണം ചെന്നെത്തിയത്‌ റോമൻ ചക്രവർത്തിയായിരുന്ന അഗസ്‌റ്റസ്‌ സീസറുടെ മോതിരവിരലിൽ.

രണ്ടായിരത്തിലേറെ വർഷംമുമ്പ്‌ യൂറോപ്പ്‌ ഉൾപ്പെടെ ഭൂഖണ്ഡങ്ങളുമായി പുരാതന തുറമുഖമായ മുസിരിസും പട്ടണവും നടത്തിയ സാംസ്‌കാരിക കൊടുക്കൽ വാങ്ങലുകളുടെ ചരിത്രമാണ്‌ ഇതിലൂടെ അനാവരണം ചെയ്യപ്പെടുക. ‌ അഗസ്‌റ്റസ്‌ സീസർ ചക്രവർത്തിപദത്തിലെത്തുംമുമ്പ്‌ ഒക്‌ടോവിയസ്‌ എന്നറിയപ്പെട്ടിരുന്ന കാലത്ത്‌ ധരിച്ചിരുന്ന മോതിരത്തിലുണ്ടായിരുന്നത്‌ ഇതേമുദ്രയായിരുന്നു. കാലം ക്രിസ്‌തുവിനുമുമ്പ്‌ ഒന്നാംനൂറ്റാണ്ടിനും ക്രിസ്‌തുവിനുശേഷം ഒന്നാംനൂറ്റാണ്ടിനുമിടയിൽ. ഇതിന്‌ റോം സർവകലാശാലയിലെ പുരാവസ്‌തു ഗവേഷണവിഭാഗം മേധാവി പ്രൊഫ. ജൂലിയ റോഖോ സ്ഥിരീകരണവും ലഭിച്ചു. സ്‌ഫിങ്ക്‌സ്‌ എന്നറിയപ്പെടുന്ന രൂപം കൊത്തിയ മോതിരമണിയിൽ പൗരാണിക ഗ്രീസിൽ നിലനിന്ന വിശ്വാസവുമായി ബന്ധപ്പെട്ടതാണ്‌. ഗ്രീക്ക്‌ പുരാണത്തിന്റെ പിൻബലമുള്ള സ്‌ഫിങ്ക്‌സിന്‌ മാന്ത്രികശക്തിയുണ്ടെന്നായിരുന്നു  വിശ്വാസം.

പട്ടണത്ത്‌ കണ്ടെടുത്ത സ്‌ഫിങ്ക്‌സ്‌ ആലേഖനം ചെയ്‌ത വർണക്കല്ല്‌ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കണ്ടുവരുന്ന തരമാണ്‌. അതിനാൽ മുദ്ര പട്ടണത്തെത്തന്നെ ഏതെങ്കിലും ഉലയിൽ രൂപപ്പെട്ടതാകാമെന്നും പുരാവസ്‌തു വിദഗ്‌ധർ കരുതുന്നു. അതെല്ലാം പട്ടണത്തെ തുടർ ഉൽഖനനത്തിലൂടെയും പഠനങ്ങളിലൂടെയും കണ്ടെത്താനാകുമെന്ന്‌ ഉൽഖനനത്തിന്‌ നേതൃത്വം നൽകുന്ന തിരുവനന്തപുരം ആസ്ഥാനമായ പാമയുടെ ഡയറക്ടർ ഡോ. പി ജെ ചെറിയാൻ പറഞ്ഞു.

കഴിഞ്ഞ ഏപ്രിൽ 25നാണ്‌ റോമൻമുദ്ര കണ്ടെത്തിയത്‌. ഇതോടൊപ്പം റോമൻ മാതൃകയിലുള്ള ശിൽപ്പത്തിന്റെ ശിരോഭാഗവും ലഭിച്ചിരുന്നു. ബിസി ഒന്നാംനൂറ്റാണ്ടുമുതൽ എഡി നാലാംനൂറ്റാണ്ടുവരെയുള്ള കാലത്തെ ശിൽപ്പമാതൃകയിലാണ്‌ ചുണ്ണാമ്പുകല്ലിലുള്ള നിർമാണം. 2010ലും 2014ലും ഗ്രീക്ക്‌ ഭാഗ്യദേവത ടൈക്കിയുടെയും ചാടുന്ന സിംഹത്തിന്റെയും രൂപം കൊത്തിയ വർണക്കല്ലുകൾ പട്ടണത്ത്‌ കുഴിച്ചെടുത്തിരുന്നു. ഈവർഷം എടുത്ത അഞ്ചു കുഴികൾ ഉൾപ്പെടെ 66 കുഴികളാണ്‌ പട്ടണത്ത്‌ ഉൽഖനനത്തിന്‌ എടുത്തിട്ടുള്ളത്‌. ആകെ111 ഏക്കറുള്ള പട്ടണം കുന്നിന്റെ ഒരുശതമാനം മാത്രമാണിത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top