12 July Sunday

പുതിയ ശീലം പുതിയ യാത്ര

വെബ് ഡെസ്‌ക്‌Updated: Wednesday May 20, 2020


തിരുവനന്തപുരം
പുതിയ ശീലങ്ങളോടെ ‘പുതുയാത്ര’ തുടങ്ങാൻ കേരളം. അടച്ചിടലിൽ കൂടുതൽ ഇളവുകൾ ലഭിച്ചതോടെ കരുതലോടെ സാധാരണ നിലയിലേക്ക്‌ തിരിച്ചെത്തുകയാണ്‌ സംസ്ഥാനം. ബുധനാഴ്‌ച വീണ്ടും കെഎസ്‌ആർടിസിയുടെ ഡബിൾബെൽ മുഴങ്ങും.  റൂട്ടുകൾ മാറില്ലെങ്കിലും യാത്രാരീതിക്ക്‌ മാറ്റമുണ്ടാകും. ബസിൽ കയറുംമുമ്പ്‌ യാത്രക്കാരൻ മാസ്‌ക്‌ ധരിച്ചിട്ടുണ്ടെന്ന്‌ ഉറപ്പാക്കും. കൈകൾ സാനിറ്റൈസർ ഉപയോഗിച്ച്‌ കഴുകണം. കണ്ടക്ടർ മാസ്‌കിനു പുറമെ കൈയുറയും ധരിച്ചിട്ടുണ്ടാകും. നിന്നുള്ള യാത്ര ഉണ്ടാകില്ല. ആകെ സീറ്റിന്റെ പകുതി യാത്രക്കാരെമാത്രമേ കയറ്റൂ. ബസുകൾ ബുധനാഴ്‌ച അണുവിമുക്തമാക്കി. തിരുവനന്തപുരം ജില്ലയിലെ രണ്ട്‌ മേഖലയിൽ ഡിജിറ്റൽ യാത്രക്കാർഡുകൾ ഏർപ്പാടാക്കിയിട്ടുണ്ട്‌.

ഓട്ടോറിക്ഷകളും സർവീസ്‌ ആരംഭിച്ചു. ഒരാളെമാത്രം കയറ്റിയാണ്‌ സർവീസ്‌. കൂടുതൽ ടാക്‌സികളും നിരത്തിലിറങ്ങി. സർക്കാർ ഓഫീസിലും ഹാജർനില കൂടി. 50 ശതമാനം ജീവനക്കാർ ഹാജരാകണമെന്ന്‌ കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഷോപ്പിങ്‌ സമുച്ചയങ്ങളും ചിലയിടങ്ങളിൽ തുറന്നു. ആകെയുള്ള കടകളുടെ പകുതി തുറക്കാമെന്ന നിബന്ധന പാലിച്ചാണിത്‌. ബുധനാഴ്‌ചമുതൽ ബാർബർ ഷോപ്പും തുറക്കും. ഷോപ്പുകളിൽ ശുചീകരണണ പ്രവൃത്തികൾ പൂർത്തിയായി. ഉപകരണങ്ങളും ശുദ്ധമാക്കി. ഹോട്ടലുകളിൽ പാഴ്‌സൽ കച്ചവടവും വർധിച്ചു. ഓൺലൈൻ ബുക്കിങ്‌ സജ്ജമാകുന്നതോടെ ബിവറേജസും തുറക്കും.


പ്രധാന വാർത്തകൾ
 Top