24 September Thursday

മറക്കാനിടയില്ല യുഡിഎഫ് വിചാരണനേരിട്ട ആ നാളുകൾ

കെ ശ്രീകണ‌്ഠൻUpdated: Saturday Jul 18, 2020

മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടി സോളാർ ജുഡീഷ്യൽ കമീഷനുമുമ്പാകെ ഹാജരായപ്പോൾ (ഫയൽചിത്രം)


തിരുവനന്തപുരം
സാമ്പത്തിക തട്ടിപ്പ്‌ കേസിൽ ജുഡീഷ്യൽ കമീഷനു മുമ്പാകെ മണിക്കൂറുകളോളം ഒരു മുഖ്യമന്ത്രി തല കുമ്പിട്ടിരുന്ന ചരിത്രം  യുഡിഎഫുപോലും മറക്കാനിടയില്ല. സോളാർ കേസിൽ ഉമ്മൻചാണ്ടി 14 മണിക്കൂറാണ്‌ ജുഡീഷ്യൽ കമീഷനിൽ വിചാരണ നേരിട്ടത്. അന്ന്‌ ഉത്തരംമുട്ടിയവരാണ്‌‌ ഇപ്പോൾ ഐടി സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ്‌ ഒമ്പത്‌ മണിക്കൂർ ചോദ്യം ചെയ്‌തതിന്റെ പേരിൽ കോലാഹലം ഉയർത്തുന്നത്‌.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനിൽനിന്ന്‌ കസ്റ്റംസ്‌ മൊഴി എടുത്തതും മുഖ്യമന്ത്രിയെ ജുഡീഷ്യൽ കമീഷൻ നേരിട്ട്‌ വിചാരണ നടത്തിയതും കൂട്ടിക്കെട്ടാനാണ്‌ പ്രതിപക്ഷ ശ്രമം. എം ശിവശങ്കറിന്‌ സ്വർണക്കടത്ത്‌ കേസിലെ പ്രതിയുമായി സൗഹൃദമുണ്ടെന്നല്ലാതെ കടത്തിൽ പങ്കുണ്ടെന്ന്‌ ഇതുവരെ സൂചന അന്വേഷകസംഘം പുറത്തുവിട്ടിട്ടില്ല. അതേസമയം, സോളാർ കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാനടക്കം മൂന്ന്‌ ഉദ്യോഗസ്ഥർ അറസ്റ്റിലായി. ഉമ്മൻചാണ്ടി ഏഴു കോടിരൂപ ചോദിച്ചെന്നും 1.90 കോടി നേരിട്ട്‌ കൊടുത്തെന്നുമാണ്‌ സരിതനായർ ആരോപിച്ചത്‌. അന്നത്തെ മന്ത്രിമാരും രാഷ്‌ട്രീയ ഉന്നതരുമായി തനിക്കുള്ള ബന്ധം വെളിപ്പെടുത്തി പൊലീസ്‌ കസ്റ്റഡിയിൽവച്ച്‌ എഴുതിയ 30 പേജുള്ള കത്ത്‌ മുഖ്യമന്ത്രി മുക്കിയെന്നുവരെ സരിത പരാതിപ്പെട്ടു. 

2016 ജനുവരി 25നാണ്‌ സോളാർ തട്ടിപ്പ്‌ കേസിൽ ജസ്റ്റിസ്‌ ജി ശിവരാജൻ മുമ്പാകെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി വിചാരണ ചെയ്യപ്പെട്ടത്‌. മുഖ്യമന്ത്രിയും മന്ത്രിമാരും എംപിമാരും എംഎൽഎമാരും അടക്കം ഡസനിലേറെ യുഡിഎഫ്‌ നേതാക്കൾ പ്രതിക്കൂട്ടിൽ കയറി.  തട്ടിപ്പിലെ കേന്ദ്രസ്ഥാനത്തുനിന്ന യുവതിയെ കണ്ടിട്ടില്ലെന്നു പറഞ്ഞ ഉമ്മൻചാണ്ടി ക്രോസ്‌ വിസ്‌താരത്തിൽ അത്‌ മാറ്റി പറഞ്ഞതും കേരളീയർ കണ്ടു. സരിതയെ നേരിട്ട്‌ കണ്ടതായി ഓർമയില്ലെന്ന്‌ ആദ്യം പറഞ്ഞ ഉമ്മൻചാണ്ടി വിചാരണയ്‌ക്കൊടുവിൽ മൂന്നു തവണ കണ്ടിട്ടുണ്ടെന്ന്‌ സമ്മതിച്ചു. സോളാർ തട്ടിപ്പിനെക്കുറിച്ച്‌ അറിഞ്ഞത്‌ സരിത അറസ്റ്റിലായശേഷമാണെന്ന ഉമ്മൻചാണ്ടിയുടെ വാദവും പൊളിഞ്ഞതും കേരളം കണ്ടതാണ്‌.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top