16 June Sunday

നെഞ്ചകം പിളർന്ന‌്...

വെബ് ഡെസ്‌ക്‌Updated: Sunday Feb 17, 2019


കൽപ്പറ്റ
ഉടൻ കാണാമെന്ന് പറഞ്ഞ് യാത്ര തിരിച്ച പ്രിയതമന്റെ  ചേതനയറ്റ ശരീരം ഷീന അവസാനമായി കണ്ടു. കടലോളം സ്വപ്നങ്ങൾ തന്ന് ജീവിത വഴികളിൽ തനിച്ചാക്കി അകന്ന് പോയ അവളുടെ ധീര ജവാൻ അപ്പോൾ  ശാന്തമായി ഉറങ്ങുകയായിരുന്നു. വീട്ടിലെല്ലാരും എന്തിനാണ് കരയുന്നതെന്നറിയാതെ  അന്ധാളിച്ച അമർദീപിന്റെ കുഞ്ഞുകൈ മന്ത്രി കടന്നപ്പള്ളി, ധീര ജവാൻ അന്ത്യവിശ്രമം കൊള്ളുന്ന പെട്ടിയിൽ ചേർത്ത‌് പിടിച്ചു.   പൊട്ടിക്കരഞ്ഞ‌് അമ്മ ബോധരഹിതയായി വീഴുന്നത‌് കണ്ട‌് അനാമികയും വിതുമ്പി. ‘എന്റെ മോനെ അവസാനമായി ഒരു നോക്ക‌് കാണാനായില്ലല്ലോ   എനിക്ക‌്.’   അമ്മ ശാന്തയുടെ നെഞ്ചകം പിളർന്ന നിലവിളി.  അപ്പോഴും പുറത്ത‌് മുഴങ്ങിക്കേട്ടത‌് ഒരേ ഒരു ശബ‌്ദം മാത്രം–-  ‘ധീരജവാൻ അമർരഹേ’ .

കശ്മീരിൽ പുൽവാമ ജില്ലയിലെ ഭീകരാക്രമണത്തിൽ വീരമൃത്യു  വരിച്ച ധീര ജവാൻ വസന്തകുമാറിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ സാക്ഷ്യം വഹിച്ചത‌് വികാരനിർഭര രംഗങ്ങൾക്കായിരുന്നു.  പകൽ പതിനൊന്നിന‌് മൃതശരീരം എത്തുമെന്ന പ്രതീക്ഷയിൽ  രാവിലെ മുതൽ  തന്നെ നിരവധി പേർ വീട്ടിലെത്തിയിരുന്നു.  അടുത്ത ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും സൈനികരും അടങ്ങുന്ന വൻ ജനാവലിയെ ഉൾക്കൊള്ളാനാകാതെ ആ കൊച്ചുവീട‌് ഞെരുങ്ങി.  വസന്തകുമാർ  ഇനി ഒരിക്കലും മടങ്ങി വരില്ല എന്ന യാഥാർഥ്യം ഉൾക്കൊള്ളാനാകാതെ അവർ പൊട്ടിക്കരഞ്ഞു. പൂക്കോട് മലനിരകൾക്ക് താഴെ വസന്തകുമാറിന്റെ പാദസ്പർശങ്ങളേറ്റ മണ്ണ് പോലും ദുഃഖത്താൽ മരവിച്ചുനിന്നു. 

വീരപുത്രന്റെ സുഹൃത്തെന്ന‌് ഇനി അഭിമാനം
കൽപ്പറ്റ
‘സുഖാണ്, കൊഴപ്പമൊന്നുമില്ല, ഇപ്പോൾ വേറൊരു സ്ഥലത്താണ്, എനിക്ക് പോസ്റ്റിങ് ആയി, ജമ്മുകശ്മീരിലേക്ക്’ ഹവിൽദാറായി സ്ഥാനക്കയറ്റം കിട്ടിയ വസന്തകുമാർ അയൽവാസിയും സുഹൃത്തുമായ പ്രജീഷിന് അയച്ച അവസാന സന്ദേശങ്ങളിൽ ഒന്ന് ഇങ്ങനെയായിരുന്നു.

ഏറ്റവുമൊടുവിൽ നാട്ടിൽ എത്തിയപ്പോൾ വസന്തകുമാർ കണ്ടുപിരിഞ്ഞ സുഹൃത്തുക്കളിൽ ഒരാളാണ് തളിപ്പുഴയിലെ ഗുഡ്സ് ഓട്ടോ ഡ്രൈവറായ പ്രജീഷ്. ജമ്മുകശ്മീരിലേക്ക് തിരിക്കുന്നതിന്റെ തലേദിവസം പ്രജീഷിന്റെ വണ്ടിയിലാണ് വസന്തകുമാർ വീട്ടിൽ ഉണക്കിയ കാപ്പിക്കുരു കൽപ്പറ്റയിലെ മാർക്കറ്റിൽ വിൽക്കാൻ കൊണ്ടുപോയത്. കാപ്പിക്കുരു വിറ്റ് മടങ്ങുംവഴി ചായകുടിച്ച് പിരിയുമ്പോൾ പ്രജീഷ് ഓർത്തില്ല, അത് ഒടുവിലത്തെ യാത്രപിരിയലാകുമെന്ന്. പോകുംമുമ്പ് കാണാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇരുവരും പിന്നെ കണ്ടില്ല.

ജമ്മുകശ്മീരിലെ പുൽവാമയിൽ സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം ഉണ്ടായി എന്നറിഞ്ഞപ്പോൾ മുതൽ പ്രജീഷിന്റെയുള്ളിൽ ആധിയായി. വൈകിട്ടോടെ വസന്തകുമാർ കൊല്ലപ്പെട്ടു എന്ന വിവരം സോഷ്യൽമീഡിയയിൽ വന്ന് തുടങ്ങിയിരുന്നു. അത് യാഥാർഥ്യമാകരുതേ എന്നായിരുന്നു പ്രാർഥന. പലതവണ വിളിച്ചിട്ടും ഫോൺ എടുക്കുന്നില്ല. ഒടുവിൽ വാട്ട്സ്ആപ്പിൽ സന്ദേശമയച്ചു. അതും ഡെലിവർ ആയില്ല. വാട്ട്സ്ആപ്പ് സന്ദേശം കാണുമെന്നും തിരിച്ച് വിളിക്കുമെന്നും പ്രതീക്ഷിച്ച് ആ കൂട്ടുകാരൻ രാത്രി മുഴുവൻ കാത്തിരുന്നു. എന്നാൽ, എല്ലാ കാത്തിരിപ്പുകളെയും വിഫലമാക്കി വെള്ളിയാഴ്ച പുലർച്ചെ ആ ദുഃഖവാർത്തയെത്തി. നാടിന്റെ നൊമ്പരമായി മാറിയ സൈനികന്റെ സുഹൃത്തായിരുന്നു എന്ന് പറയുന്നതാണ് ഇനി തന്റെ അഭിമാനമെന്ന് വിതുമ്പലോടെ പ്രജീഷ് പറഞ്ഞു.    


പ്രധാന വാർത്തകൾ
 Top