15 December Sunday

‘‘ഞങ്ങൾക്കും ജോലി കിട്ടി’’ഏറെ നന്ദിയുണ്ട‌് പിണറായി സർക്കാരിനോട‌്

പി ഒ ഷീജUpdated: Monday Apr 15, 2019


കൽപ്പറ്റ
‘‘ഏറെ നന്ദിയുണ്ട‌് പിണറായി സർക്കാരിനോട‌്.  ഒരിക്കലും മറക്കാനാവില്ല ഈ സഹായം’’–-  ഇത‌്  മുട്ടിൽ മുണ്ടുപാറ  പണിയ കോളനിയിലെ ബിന്ദുവിന്റെ ഹൃദയത്തിൽ തട്ടിയ വാക്കുകൾ. എക‌്സൈസിലും പൊലീസിലും ആദിവാസികൾക്ക‌് നേരിട്ട‌് നിയമനം നൽകിയ  നടപടിയാണ‌് സർക്കാർ ജോലിയെന്ന ബിന്ദുവിന്റെ  സ്വപ‌്നം പൂവണിയിച്ചത‌്.  ‘‘പട്ടിണി കിടന്നും കൂലിപ്പണിക്ക‌് പോയും വളരെ കഷ‌്ടപ്പെട്ടാണ‌് പഠിച്ചത‌്. പക്ഷേ  ജോലിയൊന്നും കിട്ടിയില്ല. അപ്പോഴാണ‌് സർക്കാർ പരസ്യം കണ്ട‌് ജോലിക്ക‌് അപേക്ഷിച്ചത‌് ’’.  തൃശൂർ എക‌്സൈസ‌് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കി ഒരു മാസം മുമ്പാണ‌്  ബിന്ദു ബത്തേരി   റെയിഞ്ച‌് ഓഫീസിൽ  സിവിൽ എക‌്സൈസ‌് ഓഫീസറായി  ജോലിയിൽ പ്രവേശിച്ചത‌്.  അമ്മയും ഒരു സഹോദരനും നാല‌്  സഹോദരിമാരും ഉള്ള  ദരിദ്ര കുടുംബത്തിന്റെ  ഏക ആശ്രയമാണ‌് ബിന്ദു.

  ‘‘ഡിഗ്രി  കഴിഞ്ഞ‌് പല പിഎസ‌്സി പരീക്ഷകളും എഴുതിയെങ്കിലും ജോലി കിട്ടിയില്ല. പരിശീലനത്തിന‌് പോകാനും മറ്റും കഴിയാത്തതിനാൽ ഞങ്ങൾ എപ്പോഴും പിന്തള്ളപ്പെട്ടു.  ആദിവാസികളെ നേരിട്ട‌് സർവീസിൽ എടുക്കാനുള്ള സർക്കാർ തീരുമാനത്തിൽ തികഞ്ഞ നന്ദിയുണ്ട‌്’’–-  മാനന്തവാടി എക‌്സൈ‌സ‌് റേഞ്ച‌് ഓഫീസിൽ സിവിൽ   എക‌്സൈസ‌് ഓഫീസറായി   നിയമനം ലഭിച്ച സുഗന്ധഗിരി ചെന്നായ‌്ക്കവലയിലെ  എം അനിതയുടെ വാക്കുകൾ.    ബോട്ടണിയിൽ ബിരുദധാരിയാണ‌് അനിത. ഡിഗ്രിയും മറ്റ‌് അടിസ്ഥാന യോഗ്യതകളും ഉണ്ടായിട്ടും പൊതു പരീക്ഷ വഴി സർക്കാർ സർവീസിൽ    ആദിവാസികൾക്ക‌് നിയമനം കിട്ടാത്ത സാഹചര്യത്തിലാണ‌്   പൊലീസിലും എക‌്സൈസിലും  നേരിട്ട‌് നിയമനം നൽകാനുള്ള ചരിത്രപരമായ തീരുമാനം സംസ്ഥാന സർക്കാർ സ്വീകരിച്ചത‌്.  

ഏറ്റവും പിന്നോക്ക വിഭാഗമായ പണിയ, കാട്ട്നായക്ക വിഭാഗങ്ങളിലുള്ളവർക്കാണ് നിയമനം നൽകിയത്.  സിവിൽ പൊലീസ് ഓഫീസർമാരായി വയനാട്ടിൽ 40 പുരുഷന്മാർക്കും 12 വനിതകൾക്കും നിയമനം ലഭിച്ചു. സിവിൽ എക്സൈസ് ഓഫീസർമാരായി രണ്ട് വനിതകൾ ഉൾപ്പെടെ 17 പേർക്ക് നിയമനം നൽകി.  അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ സഹോദരി ചന്ദ്രികക്കും ജോലി കിട്ടി.

പാലക്കാട് ജില്ലയിൽ പൊലീസിൽ അഞ്ച് വനിതകൾ ഉൾപ്പെടെ 15 പേർക്കും നിലമ്പൂരിൽ പൊലീസിൽ നാല് വീതം പുരുഷന്മാർക്കും വനിതകൾക്കുമാണ് നിയമനം. എക്സൈസിലും പൊലീസിലുമായി 817 പേരാണ് റാങ്ക് ലിസ്റ്റിലുള്ളത്. ഇതിൽ രണ്ട് സേനകളിലുമായി 264 പേർ വനിതകളാണ്.

സാമ്പത്തികവും സാമൂഹ്യപരവുമായ പിന്നോക്കാവസ്ഥ നേരിടുന്ന ആദിവാസികൾ പൊതുവിഭാഗത്തിൽപ്പെട്ടവരോട് മത്സരിക്കാൻ പോലും തയ്യാറാകാതെ പിന്മാറുകയാണ് പതിവ്. ബിരുദധാരികൾ പോലും കൂലിപ്പണിക്ക് പോകേണ്ടി വരുന്നു.  കൂലിപ്പണി പോലും ലഭിക്കാതെ പട്ടിണി കിടക്കേണ്ട അവസ്ഥയുമുണ്ട‌്. ഈ സാഹചര്യത്തിലാണ് ആദിവാസികൾക്ക് സ്പെഷൽ റിക്രൂട്ട്മെന്റ് വഴി നേരിട്ട് നിയമനം നൽകാൻ സർകാർ തീരുമാനിച്ചത്.

ലോകത്തിന് തന്നെ മാതൃകയായ തീരുമാനമാണ് സർക്കാർ കൈകൊണ്ടത്. നൂലാമാലകൾ ഒഴിവാക്കി അപേക്ഷകരെ പരമാവധി സഹായിച്ച‌്  നടപടികൾ ലഘൂകരിച്ചു. പൊലീസിന്റെയും ട്രൈബൽ പ്രമോട്ടർമാരുടെയും സഹായത്തോടെ നിരവധി തവണ പിഎസ്സി ഉദ്യോഗസ്ഥർ കോളനികളിലെത്തി. ഓൺ ലൈൻ അപേക്ഷ ഒഴിവാക്കി നേരിട്ട് അപേക്ഷകൾ വാങ്ങി.

പൊലീസിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി. എഴുത്ത് പരീക്ഷ ഒഴിവാക്കി അപേക്ഷകരെ മുഴുവൻ കൂടിക്കാഴ്ചയ്ക്ക് വിളിച്ചു. ഫിസിക്കൽ ടെസ്റ്റിൽ എട്ട് ഇനങ്ങളിൽ മൂന്നിനങ്ങളിൽ വിജയിച്ചവരെ ലിസ്റ്റിൽ ഉൾപ്പെടുത്തി. എട്ടാം ക്ലാസ‌് മുതൽ  ബിരുദാനന്തരബിരുദധാരികൾ വരെയുള്ളവർ ലിസ്റ്റിലുണ്ട്.


പ്രധാന വാർത്തകൾ
 Top