02 June Tuesday

വികസനവഴിയിൽ വിജയംതേടി

ടി ആർ അനിൽകുമാർUpdated: Monday Oct 14, 2019‘ഇവിടൊരുപാലം പണിയുംനേരം
അവിടൊരുപാലം പൊളിയണകണ്ടോ?


കലാമണ്ഡലം സുദർശൻ അവതരിപ്പിക്കുന്ന ഓട്ടൻതുള്ളലിൽ ലയിച്ചിരിക്കുകയാണ്‌ നാട്ടുകാർ.  അവരുടെ കൺമുന്നിലുള്ള യാഥാർഥ്യം വേദിയിൽ നിറഞ്ഞാടുകയാണ്‌. ഒരിക്കലും സാധ്യമല്ലെന്ന്‌ കരുതിയ, പെരുമ്പളം ദ്വീപിലേക്കുള്ള 96 കോടിയുടെ പാലം നിർമാണം തുടങ്ങിയതും അരികെ കൊച്ചിയിൽ യുഡിഎഫ‌് ഭരണകാലത്ത്‌ പണിത പാലം പൊളിക്കുന്നതും അറിയാത്തവരാരുണ്ട്‌ അരൂരിൽ.

വികസനത്തിന്റെ മറുപേരായ അരൂരിൽ വികസനത്തുടർച്ചയ‌്ക്ക‌് ആര്‌ ജയിക്കണം എന്നതാണ‌് ഉപതെരഞ്ഞെടുപ്പിലെ പ്രധാനചർച്ച. എ എം ആരിഫിലൂടെ നാട്‌ തൊട്ടറിഞ്ഞ വികസനം മനു സി പുളിക്കലിലൂടെ തുടരണമെന്ന എൽഡിഎഫ‌് അഭ്യർഥന മണ്ഡലത്തിന്റെ ഹ‌ൃദയവികാരമാവുന്നു. ജപ്പാൻ കുടിവെള്ളപദ്ധതി യാഥാർഥ്യമാക്കിയതുമുതൽ വലിയ പാലങ്ങളിലൊന്നായ പെരുമ്പളം പാലംവരെ നീളുന്ന വികസന നേർസാക്ഷ്യങ്ങൾ എൽഡിഎഫ‌് എടുത്തുകാട്ടുന്നു.

മൂന്നുദിവസത്തെ സ്വീകരണപര്യടനം ഞായറാഴ‌്ച സമാപിച്ചതോടെ മനു സി പുളിക്കൽ രണ്ടുവട്ടം മണ്ഡലത്തിലെ മുക്കിലും മൂലയിലും എത്തിക്കഴിഞ്ഞു. വയലാറിൽ ജനിച്ച‌് വിദ്യാർഥിയായിരിക്കെ പൊതുപ്രവർത്തനം തുടങ്ങിയ മനുവിന്‌ അവിടെങ്ങും അപരിചിതരില്ല.  ജില്ലാ പഞ്ചായത്തിലേക്ക‌് അരൂർ ഉൾപ്പെടുന്ന പള്ളിപ്പുറം ഡിവിഷന്റെ പ്രതിനിധിയായിരുന്നു. വിശപ്പുരഹിത അരൂർ പദ്ധതിയുടെ സാരഥി, കിടപ്പുരോഗികളെ ശുശ്രൂഷിക്കുന്ന അരൂർ പെയിൻ ആൻഡ‌് പാലിയേറ്റീവ‌് കെയറിന്റെ  പ്രസിഡന്റ‌്, ആലപ്പുഴ മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകുന്ന ഡിവൈഎഫ‌്ഐയുടെ ഹ‌ൃദയപൂർവം പദ്ധതിക്ക‌് തുടക്കമിട്ട ജില്ലാ സെക്രട്ടറി. 

എന്നും ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന അരൂരിന്റെ രാഷ‌്ട്രീയബോധവും എൽഡിഎഫിന്റെ മേൽക്കൈ അടിവരയിടുന്നു. 15 നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തിലും അരൂർ ഇടതുപക്ഷത്തോടൊപ്പംനിന്നു. കെ ആർ ഗൗരിയമ്മ ഏഴ്‌ തവണയും എ എം ആരിഫ‌് മൂന്ന്‌ തവണയും എൽഡിഎഫ‌് സ്ഥാനാർഥികളായി വിജയിച്ചു. 10 പഞ്ചായത്തുകളിൽ ഏഴിലും എൽഡിഎഫ‌് തന്നെ.

യുഡിഎഫ‌് സ്ഥാനാർഥി ഷാനിമോൾ ഉസ‌്മാൻ മണ്ഡലത്തിൽ രണ്ടാംഘട്ട പര്യടനത്തിലാണ‌്. വികസന ചർച്ചകളെ നേരിടാനാകാതെ അനാവശ്യ വിവാദങ്ങൾ സ‌ൃഷ്‌ടിക്കാനുള്ള ശ്രമം തുടക്കത്തിലേ പാളി.  കോൺഗ്രസ‌് വിമത സ്ഥാനാർഥി യൂത്ത‌് കോൺഗ്രസ‌് സംസ്ഥാന സെക്രട്ടറി ഗീത അശോകും സജീവമായി രംഗത്തുണ്ട‌്.  

ശബരിമല പറഞ്ഞാണ‌് എൻഡിഎ സ്ഥാനാർഥി കെ പി പ്രകാശ‌്ബാബുവിന്റെ പ്രചാരണം. കഴിഞ്ഞതവണ എൻഡിഎക്കുവേണ്ടി മത്സരിച്ച ബിഡിജെഎസ‌് ഇത്തവണ പ്രചാരണരംഗത്തുപോലുമില്ല. മൂന്ന്‌ മുന്നണികളുടെയും പ്രചാരണത്തിന്‌ ആവേശംപകർന്ന‌് പ്രമുഖ നേതാക്കൾ എത്തിക്കഴിഞ്ഞു.
 


പ്രധാന വാർത്തകൾ
 Top