29 May Friday

ജനങ്ങൾക്കൊപ്പം, അവരിലൊരാളായി

എം കെ പത്മകുമാർUpdated: Monday Oct 14, 2019

എൽഡിഎഫ്‌ സ്ഥാനാർഥി മനു സി പുളിക്കലിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണയോഗം ഉദ്‌ഘാടനംചെയ്യാനെത്തിയ കോടിയേരി ബാലകൃഷ്‌ണനെ സ്വീകരിക്കുന്നു


അരൂർ
‘എന്തുകൊണ്ടാണ‌് യുഡിഎഫ‌് ഈ തെരഞ്ഞെടുപ്പിൽ വിവാദങ്ങളുണ്ടാക്കുന്നത‌്? ചോദ്യം കോടിയേരി ബാലക‌ൃഷ്‌ണനോട‌്. ഉത്തരം: അവർക്ക്‌ പറയാൻ വേറെ വല്ലതും വേണ്ടേ, നുണപ്രചാരണം മാത്രമാണോ, തനി വർഗീയപ്രചാരണമല്ലേ യുഡിഎഫ‌് നടത്തുന്നത‌്’. 

വികസനവും രാ‌ഷ‌്ട്രീയവും മതനിരപേക്ഷതയും ചർച്ചചെയ്യുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ‌് നേത‌ൃത്വം നൽകുന്ന യുഡിഎഫിന്റെ പൊള്ളത്തരം വിശദീകരിക്കുകയാണ്‌ കോടിയേരി. 

കുതന്ത്രങ്ങൾ പയറ്റി യുഡിഎഫ‌് കൈകാലിട്ടടിക്കുമ്പോഴാണ‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക‌ൃഷ്‌ണൻ അരൂർ മണ്ഡലത്തിലെത്തുന്നത‌്. നാല്‌ പൊതുയോഗം. ഇടയ്‌ക്ക‌് വാർത്താസമ്മേളനം.അരൂരിനെക്കുറിച്ച‌് കോടിയേരിക്ക്‌ നന്നായറിയാം. മണ്ഡലത്തിന്റെ സൂക്ഷ‌്മകാര്യങ്ങൾ  പരാമർശിച്ച്‌ പ്രസംഗം. ആദ്യ പൊതുയോഗം പെരുമ്പളത്ത‌്. മാർക്കറ്റ‌് ജെട്ടിക്ക്‌ സമീപത്തെ പാർടി ഓഫീസിൽ പ്രവർത്തകരെ കണ്ടുശേഷം നേരെ അരയുകുളത്തെ പൊതുസമ്മേളനവേദിയിലേക്ക‌്. സ‌്ത്രീകളുൾപ്പെടെ നിറഞ്ഞ സദസ്സ‌്.

സ്വതസസിദ്ധമായ ചിരിയോടെ കോടിയേരി പ്രസംഗിക്കാൻ എഴുന്നേറ്റു. ‘ആദ്യമായാണ്‌ ഞാൻ നിങ്ങളുടെ മനോഹരമായ നാട്ടിലേക്ക‌് വരുന്നേ, ഇനി ഇടയ്‌ക്കിടെ വരാം. നമ്മുടെ പാലം വരികയല്ലേ’‐ കോടിയേരി ഇതു പറഞ്ഞപ്പോൾ വീണ്ടും മുദ്രാവക്യവും കൈയടിയും. പാലത്തിനായി പെരുമ്പളത്തുകാർ അത്രയ‌്ക്കാഗ്രഹിക്കുന്നുണ്ട‌്. അത‌് യാഥാർഥ്യമാകാൻ പോകുന്നു. പതിവ്‌ സൗമ്യതയിൽ, ശക്തമായ ഭാഷയിൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള യോജിപ്പ‌് തുറന്നുകാട്ടി. കേരളത്തിലെ സർക്കാരിന്റെ ജനപക്ഷ വികസനപദ്ധതി വിശദമായി പറഞ്ഞു.

മനസിൽനിന്ന‌് മനസിലേക്ക‌്. നേതാവായല്ല, ജനത്തിനൊപ്പം അവരിലൊരാളായി. മുൻനിരയിലെ സ‌്ത്രീകളുടെ മുഖത്തുനിന്ന്‌ വായിച്ചെടുക്കാം ഈ അടുപ്പം. തിരിച്ച്‌ പോകാൻ മാർക്കറ്റ‌് ജെട്ടിയിലെത്തിയപ്പോൾ ജങ്കാർ വരാൻ ഇനിയും സമയമുണ്ട‌്. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസറിനും എൽഡിഎഫ‌് പ്രവർത്തകർക്കുമൊപ്പം കാത്തിരുന്നു. പെരുമ്പളം സ്വദേശി സിജു ഏഴുമാസമായ മകൾ ശിവാനിയുമായി എത്തി. കോടിയേരി കൈ നീട്ടി. മടികൂടാതെ ശിവാനി ചെന്നു.

ഭക്ഷണശേഷം പൂച്ചാക്കൽ തച്ചാപറമ്പിൽ റെസിഡൻസിയിൽ പത്രസമ്മേളനം. ശബരിമല വീണ്ടും പൊങ്ങിവന്നു. എൻഎസ‌്എസിന്റെ ശരിദൂരം നിലപാടും. തിരിച്ചും മറിച്ചും ചോദ്യങ്ങൾ. എല്ലാത്തിനും ശാന്തനായി ഉത്തരം. വാർത്താസമ്മേളനശേഷം മാധ്യമപ്രവർത്തകർക്കൊപ്പം ചായ. നേരെ പള്ളിപ്പുറം പള്ളിച്ചന്തയിലേക്ക‌്. മാനം കറുത്തു. അവിടെ പ്രസംഗത്തിനുശേഷം തൈക്കാട്ടുശേരി പി എസ‌് കവലയിലേക്കും ചന്തിരൂർ പഴയപാലത്തിലേക്കും. ബിജെപിയുടെ വർഗീയ, വിഭജന നയങ്ങളുടെ പിന്താങ്ങികളായ കോൺഗ്രസിനെയും മുസ‌്ലിം ലീഗിനെയും തുറന്നുകാട്ടിയ വാക്കുകൾക്ക‌് സദസിന്റെ കൈയടി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top