15 October Tuesday

ഗ്രന്ഥശാലാസംഘത്തിന് ഇന്ന്‌ 75 വയസ്സ്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019


കണ്ണൂർ
ഗ്രന്ഥശാലാസംഘത്തിന് ശനിയാഴ്‌ച 75 വയസ്സ്‌ തികയും. ഒരുവർഷം നീളുന്ന ആഘോഷങ്ങൾക്ക് ഒക്ടോബർ ആറ്‌, ഏഴ്‌ യിയതികളിൽ തിരുവനന്തപുരത്ത് തുടക്കമാകും. 1945 സെപ്തംബർ 14ന് പി എൻ പണിക്കരുടെ നേതൃത്വത്തിൽ അമ്പലപ്പുഴയിൽ 47 ഗ്രന്ഥശാലാപ്രവർത്തകർ യോഗം ചേർന്നതിന്റെ ഓർമയ്ക്കാണ് ഗ്രന്ഥശാലാദിനം ആചരിക്കുന്നത്.

മലബാറിൽ 1937ൽ കെ ദാമോദരന്റെ നേതൃത്വത്തിൽ മലബാർ ഗ്രന്ഥശാലാസംഘം രൂപീകരിച്ചിരുന്നെങ്കിലും അമ്പലപ്പുഴയിൽ ചേർന്ന യോഗമാണ് ഔദ്യോഗികമായി അംഗീകരിച്ചത്. 1935 കാലഘട്ടത്തിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിക്കുന്ന സമയത്ത് ഇ എം എസ് നൽകിയ ആഹ്വാനമാണ് കേരളത്തിൽ ഇത്രയധികം ഗ്രന്ഥശാലകൾ ഉണ്ടാകാൻ കാരണം.

ഈ സാമ്പത്തിക വർഷം 85 കോടിയുടെ ബജറ്റാണ് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗീകരിച്ചത്. ലൈബ്രറികളുടെ പ്രവർത്തനം നോക്കി ഗ്രേഡ് നിശ്ചയിച്ചപ്പോൾ 125 ഗ്രന്ഥശാലകളെ മികവിന്റെ കേന്ദ്രമായി എ പ്ലസ് നൽകി ആദരിച്ചു. കോഹ സോഫ്റ്റ്‌വെയർ തയ്യാറാക്കി ലൈബ്രറികൾക്ക് നൽകുന്ന പദ്ധതിക്കും തുടക്കമായി. ഒരുവർഷംകൊണ്ട് സംസ്ഥാനത്തെ മുഴുവൻ ലൈബ്രറികളെയും സോഫ്റ്റ് വെയർ വഴി ലിങ്ക്ചെയ്യും. ഇതോടെ ലോകത്ത് എവിടെനിന്നും പുസ്തകം തെരഞ്ഞെടുക്കാനുള്ള സംവിധാനം മുഴുവൻ ലൈബ്രറികളിലും നടപ്പാകും. പുസ്തകം വേർതിരിക്കുന്ന ക്ലാസിഫിക്കേഷൻ നടപടിയും ആരംഭിച്ചിട്ടുണ്ട്. ലൈബ്രേറിയന്മാർക്ക് വിവിധ ഘട്ടങ്ങളിലായി പരിശീലനവും പൂർത്തിയാകുകയാണ്. സർക്കാരിന്റെ വിവിധ സേവനങ്ങൾ ജനങ്ങളിലെത്തിക്കുന്ന പിആർഡി ജനസേവന കേന്ദ്രമായും ലൈബ്രറികൾ മാറുകയാണ്.


പ്രധാന വാർത്തകൾ
 Top