27 May Wednesday
‘അധോമുഖനായ രക്തദാഹിയായ മനുഷ്യൻ’– നിതീഷിന്റെ ഫെയ്‌സ്ബുക്ക് അടയാളം ഇതായിരുന്നു

ഭയങ്കര കാമുകന്മാർ.. (നീ വേണം ;അല്ലെങ്കിൽ നിന്റെ ജീവൻ )

പി വി ജിജോ Updated: Friday Feb 14, 2020

 

ഉണ്ണി ആറിന്റെ പുതിയ കഥകളിലൊന്നാണ്‌ ഒരു ഭയങ്കര കാമുകൻ. ശരിക്കും സ്വഭാവത്തിൽ, ഇടപെടലിൽ അത്രമേൽ പ്രണയം തോന്നാത്ത ഭയങ്കരന്മാരാണ്‌ കാമുകന്മാരായ കൊലയാളികളെന്ന്‌ പൊലീസും സാക്ഷ്യപ്പെടുത്തുന്നു. നീതുവിനെ കൊന്ന കാമുകൻ നിതീഷിന്റെ വ്യക്തിചിത്രം ഉദാഹരണം.

‘അധോമുഖനായ രക്തദാഹിയായ മനുഷ്യൻ’– നിതീഷിന്റെ ഫെയ്‌സ്ബുക്ക് അടയാളം ഇതായിരുന്നു. നീതുവുമൊത്തുള്ള വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കിട്ടശേഷമായിരുന്നു ക്രൂരമായ കൊല. പ്രണയ തീവ്രതയാർന്ന വരികൾ, ചിത്രങ്ങൾ എല്ലാം നിതീഷ് ഫെയ്‌സ്ബുക്കിലിട്ടു. കൊല്ലുന്നതിന് മണിക്കൂറുകൾക്കുമുമ്പ് നീതുവുമൊത്തുള്ള ചിത്രം പ്രൊഫൈലാക്കിയാണ് അരുംകൊലയ്‌ക്ക് തയ്യാറായത്.

വിചിത്രമായി വായിച്ചെടുക്കാനാകാത്ത സ്വഭാവരീതിയാണ് കൊലയാളി ക്കാമുകരുടേതെന്ന്‌ മനഃശാസ്‌ത്രവിദഗ്‌ധൻ ഡോ. സി ജെ ജോണ്‍ നിരീക്ഷിക്കുന്നു. ഫെയ്സ്ബുക്ക് വഴിയാണ്‌ നിതീഷ് - നീതുവിനെ പരിചയപ്പെട്ടത്‌. ബൈക്കിൽ യാത്രചെയ്യുന്ന ടിക് ടോക് വീഡിയോയടക്കം ഇവരുടെ ബന്ധത്തിൽ സാമൂഹ്യ മാധ്യമ സ്വാധീനം ഏറെ പ്രകടമായിരുന്നു. മറ്റൊരാളുമായി നീതു അടുത്തെന്ന സംശയമാണ് ഈ ഐടി ജീവനക്കാരനെ പ്രകോപിപ്പിച്ചത്‌. രണ്ടാം വയസ്സിൽ അമ്മ മരിച്ച, അച്ഛൻ ഉപേക്ഷിച്ച പെൺകുട്ടിയാണ് നീതു. മൂന്നുവർഷം നീണ്ട ബന്ധമാണ് പകയിൽ പൊലിഞ്ഞത്. സ്നേഹംകൊണ്ട് വീർപ്പുമുട്ടിക്കുക, നഷ്ടപ്പെടുമെന്നറിയുമ്പോൾ ക്രൂരന്മാരായി മാറുക. ഭയങ്കര കാമുകന്മാരുടെ മനോനില പലപ്പോഴും ഇങ്ങനെയാണ്‌.

പ്രണയക്കൊലയിൽ പൊലീസും
പ്രണയക്കൊലയിൽ മനസ്സ്‌ പാകം വരാത്ത കൗമാരക്കാർ മാത്രമല്ല, പൊലീസുകാർമുതൽ കോളേജ് അധ്യാപകർവരെയുണ്ട്‌. ആലപ്പുഴ വള്ളികുന്നത്ത്‌ സിവിൽ പൊലീസ് ഓഫീസർ സൗമ്യയെ പെട്രോളൊഴിച്ച്‌ കത്തിച്ച പ്രതി പൊലീസുകാരനാണ്‌. ആലുവയിലെ ട്രാഫിക് പൊലീസ് അജാസ്. വിവാഹത്തിന് തയ്യാറായില്ലെന്നതായിരുന്നു പ്രതികാരത്തിന് കാരണം. ഭർത്താവും മൂന്നു മക്കളുമടങ്ങുന്ന കുടുംബമാണ്‌ അന്ന്‌ അനാഥമായത്‌.

കൊല്ലപ്പെട്ടവർ മാത്രമല്ല, പ്രണയപീഡനത്താൽ ക്രൂരമായി മുറിവേറ്റ്‌ ശിഷ്ട ജീവിതം നയിക്കുന്നവരും നിരവധിയാണ്‌. മുടി മുറിച്ചുമാറ്റപ്പെട്ടവർമുതൽ പല്ല് നഷ്ടമായവർവരെ നിരവധി. നിശ്ശബ്ദകളും നിസ്സഹായരുമായി ജീവിക്കുന്ന പ്രണയത്തിന്റെ ഇരകളാണവർ.

(അതേക്കുറിച്ച് നാളെ)

 

പ്രണയസങ്കൽപ്പം മാറുന്നുണ്ട്‌

ഡോ. എൻ പി ഹാഫിസ്‌ മുഹമ്മദ്‌ (കലിക്കറ്റ്‌ സർവകലാശാല സോഷ്യോളജി വിഭാഗം)

അനുരാഗികൾക്കല്ല, അവരെ എതിർക്കുന്നവർക്കും സ്വേച്ഛാധിപതിയെപ്പോലെ പെരുമാറുന്നവർക്കുമാണ്‌ ഇന്ന്‌ ചികിത്സ ആവശ്യം.
ലോകത്തെവിടെയുമെന്നപോലെ മലയാളിയുടെ പ്രണയസങ്കൽപ്പവും രീതിശാസ്‌ത്രവും മാറുന്നുണ്ട്‌. പ്രണയത്തിന്‌ അടിസ്ഥാനപരമായി ഒരു വികാരധാരയുണ്ട്‌. എന്നാലതിന്റെ രീതിശാസ്‌ത്രം മാറിക്കൊണ്ടിരിക്കും. ഗൃഹാതുരതയോടെ വരേണ്യവർഗം രചിച്ച പ്രണയസങ്കൽപ്പത്തെ പുൽകി ക്കഴിയാനാശിക്കുന്നത്‌ മണ്ടത്തരമാണ്‌. ഇന്നത്തെ പ്രണയമാർഗങ്ങൾ നാളത്തെ തലമുറയ്‌ക്ക്‌ സ്വീകാര്യമാകില്ല. അതെന്നുമങ്ങനെയാകും. പ്രണയത്തിന്‌ ഏകരൂപവും മാർഗവുമല്ല. പ്രണയസങ്കൽപ്പം കാലാനുസൃതമായും ദേശീയമായും മാറുന്നുണ്ട്‌. മലയാളികൾ പ്രേമത്തിൽ ചേർത്തുവച്ച ചിഹ്നങ്ങളും പ്രതീകവും മാറുന്നു. കാൽപ്പനിക കാലം ചേർത്തുവച്ച ബിംബങ്ങളെ കാലം ചോദ്യംചെയ്യുന്നു. തലമുറകൾ അവയെ പിന്തള്ളുന്നു. ഇത്‌ തിരിച്ചറിയുകയാണ്‌ പ്രധാനം.

നമ്മുടെ ക്യാമ്പസുകളിലിന്നും പ്രണയം സജീവമാണ്‌. അതൊരു ഒളിച്ചുകളിയല്ല. പ്രാഥമികവികാരങ്ങളെ ഒഴിവാക്കിയുള്ള പ്രകടനവുമല്ല. അവർക്കത്‌ വിവാഹവുമായി കൂട്ടിയിണക്കണം എന്ന വാശിയില്ല. സവർണ–-വരേണ്യവർഗ പ്രണയസങ്കൽപ്പത്തിനുതകുന്നതാകണം ക്യാമ്പസ്‌ പ്രണയമെന്ന സങ്കൽപ്പത്തിലാണ്‌ ചിലർ ഇന്ന്‌ പ്രണയമില്ല എന്ന്‌ പറയുന്നത്‌. ഇന്നത്തെ അനുരാഗികൾ രോഗികളാണെന്ന പ്രചാരണവും ശരിയല്ല. പ്രണയ സാക്ഷാൽക്കാരത്തിനായി നീണ്ട കാത്തിരിപ്പ്‌ തുടരുന്നവരെ എനിക്കറിയാം. ആഴ്‌ചയിൽ പുതിയ പ്രണയവുമായി നടക്കുന്ന വിദ്യാർഥികളെയും പരിചയമുണ്ട്‌. പ്രണയം നഷ്ടമായതിന്‌ വിരൽമുറിച്ച്‌ പ്രണയിനിക്കയച്ച കുട്ടി എന്റെ ക്യാമ്പസിലുണ്ടായിരുന്നു. പ്രണയിനിക്ക്‌ ഇഷ്ടമല്ലാതിരുന്നിട്ടും തീവ്രമായ ഇഷ്ടത്താൽ നെഞ്ചിൽ ബ്ലേഡുകൊണ്ട്‌ കാമുകിയുടെ പേരെഴുതിയതിന്‌ സാക്ഷിയുമാണ്‌. എന്നാൽ അതിക്രമങ്ങൾ, അക്രമങ്ങൾ, കൊലകൾ... ഇവയ്‌ക്കൊന്നും പ്രണയവുമായി ബന്ധമില്ല.

പരമ്പര

നീ വേണം; അല്ലെങ്കിൽ നിന്റെ ജീവൻ ; പക മണക്കുന്ന പ്രതികാരത്തിന്റെ തീ ചീറ്റുന്ന പ്രണയങ്ങൾ (ഒന്നാം ഭാഗം)

 


പ്രധാന വാർത്തകൾ
 Top