29 January Saturday

സാംസ്‌കാരികപ്രവർത്തനത്തിന്‌ സമർപ്പിച്ച ജീവിതം

പ്രത്യേക ലേഖകൻUpdated: Friday Jan 14, 2022


കൊച്ചി
വിദ്യാർഥിയായിരിക്കെ പുരോഗമനാശയങ്ങളെ കവിതകളാക്കിയ എസ്‌ രമേശൻ, ചെറുപ്പത്തിലേ എഴുത്തുകാരൻ എന്നനിലയിൽ അംഗീകാരം നേടിയ പ്രതിഭയായിരുന്നു. ഒട്ടേറെ കവിതാരചനാ മത്സരങ്ങളിൽ ജേതാവായി. മാതൃഭൂമി ദേശീയതലത്തിൽ നടത്തിയ കവിതാരചനാ മത്സരത്തിൽ രണ്ടാംസ്ഥാനം നേടിയതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതോടെ ആനുകാലികങ്ങളിൽ സ്ഥിരമായി എഴുതിത്തുടങ്ങി. ശിഥിലചിത്രങ്ങൾ, മല കയറുന്നവർ, എനിക്കാരോടും പകയില്ല, അസ്ഥിശയ്യ, കലുഷിത കാലം, കറുത്ത കുറിപ്പുകൾ, എസ് രമേശന്റെ കവിതകൾ, തെരുവിൽ നനഞ്ഞുതീരുന്ന പ്രതിമകൾ എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങൾ.

കേരള സാഹിത്യ അക്കാദമിയുടെ 2015ലെ അവാർഡ്, ഫൊക്കാന പുരസ്കാരം, എ പി കളക്കാട്‌ പുരസ്കാരം, മൂലൂർ അവാർഡ്‌, ആശാൻ പുരസ്കാരം, ചെറുകാട് അവാർഡ്, ശക്തി അവാർഡ്‌ എന്നിവയ്‌ക്ക്‌ അർഹനായി. മഹാരാജാസിലെ പഠനകാലമാണ്‌ രമേശനെ രാഷ്‌ട്രീയത്തിൽ സജീവമാക്കിയത്‌.  ഗ്രന്ഥശാലാ പ്രവർത്തകനാകുന്നതും ഇക്കാലത്തുതന്നെ. ആ അഞ്ചുവർഷവും എറണാകുളം പബ്ലിക്‌ ലൈബ്രറിയിലെ നിത്യസന്ദർശകനായിരുന്നു. സർക്കാർ സർവീസിൽനിന്ന്‌ വിരമിച്ചശേഷം സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ മുഖപത്രമായ ഗ്രന്ഥാലോകം പത്രാധിപരായി അഞ്ചുവർഷം പ്രവർത്തിച്ചു. രണ്ടുതവണ എറണാകുളം പബ്ലിക്‌ ലൈബ്രറി പ്രസിഡന്റുമായി.

ടി കെ രാമകൃഷ്‌ണൻ സാംസ്‌കാരികമന്ത്രിയായിരിക്കെ അഡീഷണൽ പ്രൈവറ്റ്‌ സെക്രട്ടറി എന്നനിലയിൽ കേരളത്തിന്റെ സാംസ്‌കാരിക നയരൂപീകരണം, ചലച്ചിത്ര അക്കാദമി രൂപീകരണം, തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതിഭവൻ സ്ഥാപനം, കേരള ചരിത്ര ഗവേഷണ കൗൺസിൽ രൂപീകരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ സജീവമായ പങ്കുവഹിച്ചു.

കേരള ബുക് മാർക്കറ്റിങ്‌ സൊസൈറ്റി, തൃപ്പൂണിത്തുറയിലെ ആർക്കിയോളജി, ഹെരിറ്റേജ്, ആർട്ട് ഹിസ്റ്ററി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപനം, തിരൂരിലെ തുഞ്ചൻ സ്മാരക ട്രസ്റ്റിന്‌ സ്വതന്ത്രപ്രവർത്തനാവകാശം നൽകൽ, തകഴിയുടെ വീട്‌ ഏറ്റെടുത്ത് തകഴി സ്മാരക കേന്ദ്രം സ്ഥാപിക്കൽ, കേരള കലാമണ്ഡലത്തിന്‌ കൽപ്പിത സർവകലാശാലാ പദവി ലഭ്യമാക്കൽ എന്നിവയിൽ നിർണായക പങ്കുവഹിച്ചു. എറണാകുളത്ത്‌ ഇ എം എസ്‌ പഠന ഗവേഷണകേന്ദ്രം, പി ജെ ആന്റണി ഫൗണ്ടേഷൻ, ടി കെ രാമകൃഷ്‌ണൻ കൾച്ചറൽ സെന്റർ എന്നിവയുടെയും സംഘാടകനായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top