22 January Saturday

ക്യാമ്പസിൽ കൊടുങ്കാറ്റ്‌ വിതച്ച കവി

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022



കൊച്ചി
എസ്‌ രമേശൻ കുറിച്ച കവിതകളുടെ കൈപിടിച്ചാണ്‌ മഹാരാജാസ്‌ കോളേജിന്റെ ഹൃദയത്തിലേക്ക്‌ എസ്‌എഫ്‌ഐ എന്ന വിദ്യാർഥിപ്രസ്ഥാനം പടർന്നുകയറിയത്‌. ഒരിക്കലും നിറംമങ്ങാത്ത വിധം ചുവന്നുതുടുത്ത മഹാരാജകീയ ദിനങ്ങളാണ്‌ പിന്നീട്‌ പിറന്നത്‌. അത്‌ കേരളമാകെ പടരാൻ ഏറെ കാലമെടുത്തില്ല എന്നതും ചരിത്രം.  ആ കനൽക്കാലത്തിന്‌ സാക്ഷിയായവരിൽ മുൻമന്ത്രി ടി എം തോമസ്‌ ഐസക്‌ ഉൾപ്പെടെ എത്രയോ പ്രമുഖർ. 

കോൺഗ്രസ്‌, കെഎസ്‌യു ക്രിമിനൽപ്പട ക്യാമ്പസുകളെ തല്ലിയൊതുക്കി കാൽക്കീഴിലാക്കിയിരുന്ന കാലം. എഴുപതുകളിൽ മൂവായിരത്തഞ്ഞൂറിലേറെപ്പേർ പഠിക്കുന്ന മഹാരാജാസിൽ എസ്‌എഫ്‌ഐക്കൊപ്പം അഞ്ഞൂറിൽ താഴെ വിദ്യാർഥികൾമാത്രമാണ്‌ ഉണ്ടായിരുന്നതെന്ന്‌ യൂണിറ്റ്‌ സെക്രട്ടറിയായിരുന്ന എൻ കെ വാസുദേവൻ ഓർക്കുന്നു. അടി പേടിച്ചാണ്‌ കൂടുതൽപേർ വരാത്തത്‌. 1972ലെ യൂണിയൻ തെരഞ്ഞെടുപ്പിൽ ഏറ്റവും മികച്ച സ്ഥാനാർഥികളെ  മത്സരിപ്പിച്ച്‌ യൂണിയൻ പിടിക്കാൻ എസ്‌എഫ്‌ഐ തീരുമാനിച്ചു. ചെയർമാൻ സ്ഥാനാർഥിയായി എസ്‌ രമേശന്റെ പേര്‌ എതിരില്ലാതെ ഉയർന്നു. രമേശൻ പിജി പ്രവേശനം നേടിയ സമയം. ബിരുദപഠനകാലത്തുതന്നെ ക്യാമ്പസിനെ സ്വാധീനിച്ച കവിയും വാഗ്‌മിയുമാണ്‌ രമേശൻ.  ഡിബേറ്റ്‌ മത്സരങ്ങളിൽ കോളേജിനായി സ്ഥിരം സമ്മാനം നേടിയിരുന്നു. എസ്‌എഫ്‌ഐ അനുഭാവി.

തോമസ്‌ ഐസക്കും വാസുദേവനും വൈക്കത്തെ വീട്ടിലെത്തി സംസാരിച്ച്‌ സ്ഥാനാർഥിയാകാൻ സമ്മതിപ്പിച്ചു. ക്യാമ്പസ്‌ ഒരിക്കലും കാണാത്ത ആവേശദിനങ്ങൾക്കാണ്‌ പിന്നീട്‌ മഹാരാജാസ്‌ സാക്ഷിയായത്‌. രമേശൻ വരുന്നു എന്ന മുദ്രാവാക്യം ക്യാമ്പസിൽ നിറഞ്ഞു. അതൊരു ഒന്നൊന്നര വരവായിരുന്നു എന്നാണ്‌ ഇതേക്കുറിച്ച്‌ തോമസ്‌ ഐസക്‌ കുറിച്ചത്‌.  ‘പോസ്റ്ററുകളിൽ, കവിതകളിൽ, മുദ്രാവാക്യങ്ങളിൽ എല്ലാറ്റിലും ‘രമേശൻ വരുന്നു’ എന്നത്‌ നിറഞ്ഞു. ആരാണ് രമേശൻ എന്നത്‌ വലിയ ആകാംക്ഷയായി. സ്ഥാനാർഥിയായി രമേശൻ ക്യാമ്പസിൽ വന്നപ്പോൾ റെക്കോഡ് ആൾക്കൂട്ടമാണ് കാണാനെത്തിയത്. 

മഹാരാജാസ്‌ അതിന്റെ സാംസ്‌കാരികവ്യക്തിത്വം കണ്ടെടുത്ത നാളുകളായിരുന്നു പിന്നീട്‌. കലയും സാഹിത്യവും നിറഞ്ഞ ക്യാമ്പസ്‌ പഠനാനുഭവങ്ങളെ സമ്പന്നമാക്കിയെന്ന്‌ അക്കാലത്തെ പലരും ഓർക്കുന്നു. അടുത്തതവണയും രമേശൻതന്നെ ചെയർമാനായി. മഹാരാജാസിന്റെ നിറംമാറ്റം കേരളത്തിലാകെ എസ്‌എഫ്‌ഐക്ക്‌ വലിയ നേട്ടമായെന്ന്‌ പിൽക്കാലം തെളിയിച്ചു. കെഎസ്‌യുവിന്റെ കുത്തക തകർത്ത്‌ മഹാരാജാസിനെ കീഴടക്കിയ രമേശനെപ്പോലെ കേരളത്തിലെ ക്യാമ്പസുകളിൽ എസ്‌എഫ്‌ഐ കൊടുങ്കാറ്റായതും ചരിത്രം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top