17 August Saturday

അവസരവാദ രാഷ്ട്രീയത്തിന് ഇനി സ്ഥാനമില്ല

ഇ എസ് സുഭാഷ്Updated: Saturday Apr 13, 2019


കൊല്ലം
പാർടിയുടെ ജില്ലാ സെക്രട്ടറിയായിരിക്കെ നടപ്പാക്കിയ നൂതന പദ്ധതികളിലൂടെ ജനസേവനരംഗത്ത‌് ആദരണീയനായ വ്യക്തി. പാർലമെന്റേറിയൻ എന്ന നിലയ‌്ക്ക‌് രാജ്യം തന്നെ ശ്രദ്ധിക്കപ്പെട്ട നേതാവ‌്. എൽഡിഎഫ‌് സ്ഥാനാർഥി കെ എൻ ബാലഗോപാലിനെക്കുറിച്ച‌് മണ്ഡലത്തിലുടനീളവും സോഷ്യൽ മീഡിയയിൽ നിറഞ്ഞും പരക്കുന്ന വാചകങ്ങളാണ‌് ഇവ. സമീപകാല ചരിത്രത്തിൽ കൊല്ലം മണ്ഡലത്തിന‌് വന്നു ചേർന്ന വ്യതിയാനങ്ങൾ അവസാനിപ്പിക്കാനുള്ള അമരക്കാരനായി വോട്ടർമാർ ബാലഗോപാലിനെ കാണുന്നു.

യുഡിഎഫ് സ്ഥാനാർഥി എൻ കെ പ്രേമചന്ദ്രനെ അവസരവാദ രാഷ്ട്രീയവും സംഘ്പരിവാർ ചാ‌‌‌യ‌്‌വും വേട്ടയാടുകയാണ്. വഞ്ചനയുടെ രാഷ‌്ട്രീയം ഇന്ന‌് കൂടുതൽ സജീവമായി ചർച്ച ചെയ്യപ്പെടുന്നു. രാജ്യത്താകമാനം കോൺഗ്രസ‌് നേതാക്കളും കോൺഗ്രസിനൊപ്പമുള്ള ചെറു പാർടി നേതാക്കളും ബിജെപി ബർത്ത‌് തേടി പോകുകയാണ‌്.   കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് സംസ്ഥാന സർക്കാരിനെ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കൊണ്ടുവന്നത് പ്രേമചന്ദ്രൻ മുൻകൈയെടുത്താണെന്ന കാര്യം മാത്രം മതി ‘ഭാവി പരിപാടികൾ’ മനസ്സിലാക്കാൻ. പ്രേമചന്ദ്രന് അനുകൂലമായി ബിജെപി യുടെ ഫ്ലക്സ്, ദുർബല  സ്ഥാനാർഥിയെ നിർത്തി നന്ദിപ്രകടനം. എൻഡിഎ സ്ഥാനാർഥി കെ വി സാബു മണ്ഡലത്തിൽ  അപരിചിതനാണെന്ന‌് പറയുന്നത‌് കൊല്ലത്തെ ചില ബിജെപി നേതാക്കൾ തന്നെയാണ‌്.

ഒരു ലക്ഷത്തിലേറെ വോട്ടുള്ള  ബിജെപിക്ക് കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ 58,000 വോട്ടാണ‌് ലഭിച്ചതെന്ന‌ുകൂടി ചേർക്കുമ്പോൾ കാര്യം കൂടുതൽ വ്യക്തം.
മണ്ഡലത്തിൽ എൽഡിഎഫ‌് സർക്കാർ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളുടെ പരമ്പര നാട്ടുകാർക്ക‌് വസ‌്തുത തിരിച്ചറിയാൻ എളുപ്പമായി. ആര‌് ആർക്കൊപ്പം എന്ന കാര്യം സ‌്പഷ്ടം. മറ്റൊന്ന‌് കൂടുതൽ കരുത്തോടെ ഇടതുപക്ഷം മുന്നേറിയ വർഷങ്ങളാണ‌് കടന്നുപോയത‌്. കൊല്ലം മണ്ഡലത്തിലെ എഴ് ഉൾപ്പെടെ ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും എൽഡിഎഫാണ് വിജയിച്ചത്.

അടഞ്ഞുകിടന്ന കശുവണ്ടി ഫാക്ടറികൾ തുറക്കാൻ എടുത്ത നടപടികൾ പ്രധാനം. മത്സ്യത്തൊഴിലാളികൾക്ക് ആധുനിക സുരക്ഷാ ഉപകരണങ്ങൾ നൽകിയത് ഈ മേഖലയിൽ വലിയ ആശ്വാസമായെന്ന‌് തൊഴിലാളികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളായ മീറ്റർ കമ്പനി, കെഎംഎംഎൽ എന്നിവ ലാഭത്തിലാക്കി. 40 വർഷമായി മുടങ്ങിക്കിടന്നിരുന്ന കൊല്ലം ബൈപാസ് നിർമാണം പൂർത്തിയാക്കിയത് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം. പാരിപ്പള്ളി മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കിയതും ഈ സർക്കാർ.  ഈ നേട്ടങ്ങൾ തിരിച്ചറിഞ്ഞ‌്  അവസരവാദ രാഷ്ട്രീയത്തിനെതിരായ വിധികൂടിയാകും കൊല്ലം മണ്ഡലത്തിലേത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top