01 February Wednesday
അച്ഛനെയും അമ്മയെയും 
കൊന്ന്‌ മുഖത്ത്‌ 
 കീടനാശിനി ഒഴിച്ചു

പാവമായിരുന്നു, 
ലഹരി തൊടുംവരെ

ടി എം സുജിത്ത്‌Updated: Wednesday Oct 12, 2022


പാലക്കാട്
ഒരു ഗ്ലാസ്‌ വെള്ളം ചോദിച്ചതിനായിരുന്നു അച്ഛനെയും അമ്മയെയും ആ ഇരുപത്തെട്ടുകാരൻ വെട്ടിക്കൊന്നത്‌. ആരോടും കയർത്തു സംസാരിക്കാത്ത ‘പാവത്താനായ മകനാണ്‌’ പ്രതിയെന്നറിഞ്ഞപ്പോൾ നാട്ടുകാർ ആദ്യം  വിശ്വസിച്ചില്ല.  പക്ഷേ, നടന്ന കഥകളറിഞ്ഞപ്പോൾ പാലക്കാട്‌ പുതുപ്പരിയാരം പ്രതീക്ഷ ന​ഗറാകെ  ഞെട്ടിത്തരിച്ചുപോയി.  ഓട്ടൂർക്കാട് മയൂരത്തിൽ റിട്ടയേഡ്‌ ആർഎംഎസ്‌ ജീവനക്കാരൻ ചന്ദ്രൻ (64),  ഭാര്യ ദേവി (ദൈവാന–- 55) എന്നിവരാണ് ലഹരിക്കടിമയായ മകൻ സനലിന്റെ  ഭീകരതയ്‌ക്കിരയായത്‌.

അച്ഛനെയും അമ്മയെയും വെട്ടിയിട്ടശേഷം  മരണം ഉറപ്പാക്കാൻ കീടനാശിനി കുത്തിവച്ചു. ബാക്കിവന്ന കീടനാശിനി അവരുടെ മുഖത്തേക്ക്‌ ഒഴിച്ചായിരുന്നു ലഹരിയുടെ ക്രൂരത. കൊക്കെയ്നിന്റെ മാരകലഹരിയിലായിരുന്നു  കൊല. കൊലപാതകത്തിനുശേഷം സനൽ പാലക്കാട്‌നിന്ന്‌ ട്രെയിനിൽ ബംഗളൂരുവിലേക്ക് പോയി. ഒരു മതസ്ഥാപനത്തിൽ വിളിച്ച്‌, രണ്ട് പേരെ കൊന്നുവെന്നും അതിന് പ്രതിവിധി വല്ലതുമുണ്ടോയെന്നും ചോദിച്ചു. അവർ ഫോൺ കട്ട് ചെയ്തതോടെ മൈസൂരുവിലേക്ക് തിരിച്ചു. മരണവിവരമറിഞ്ഞ സഹോദരൻ കള്ളം പറഞ്ഞാണ് സനലിനെ നാട്ടിലെത്തിച്ചത്. വീട്ടിൽ മോഷണത്തിനിടെ അച്ഛനും അമ്മയും കൊല്ലപ്പെട്ടെന്ന്‌  പറഞ്ഞ്‌ വിശ്വസിപ്പിച്ച്‌ സഹോദരൻ വരുത്തുകയായിരുന്നു. മാസങ്ങളായി ലഹരി ഉപയോഗിക്കാറുണ്ടെന്ന് പൊലീസിന്റെ ചോദ്യംചെയ്യലിൽ സനൽ കുറ്റം സമ്മതിച്ചു. ബിരുദ പഠനത്തിനുശേഷം ബംഗളൂരുവിൽ ജോലിചെയ്‌ത സനൽ അവിടെ വച്ചാണ്‌ ലഹരിയിലേക്ക്‌ എത്തിയത്‌.

മയക്കുമരുന്നുകൾ കുടുംബത്തെ തന്നെ ഇല്ലാതാക്കുന്നതിനുള്ള തെളിവായിരുന്നു ഈ ഇരട്ടക്കൊലപാതകം. സമീപകാലത്ത്‌ നടന്ന മിക്ക കൊലപാതകങ്ങൾക്കും അക്രമങ്ങൾക്കും പിന്നിലെ വില്ലനാകുന്നതും മയക്കുമരുന്നുകളാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top