17 October Thursday

പുക (പിൻ) വലിച്ചിട്ട്‌ 20 വർഷം: പൊതുസ്ഥലത്ത‌് പുകവലി ഹൈക്കോടതി നിരോധിച്ചത് 1999 ജൂലൈ 12ന്

ആനന്ദ‌് ശിവൻUpdated: Friday Jul 12, 2019

കൊച്ചി> പുകവലിക്കാൻ മലയാളി ഒളിയിടം തേടിത്തുടങ്ങിയിട്ട‌് വെള്ളിയാഴ‌്ച 20 വർഷം. 1999 ജൂലൈ 12നാണ‌് പൊതുസ്ഥലത്ത‌് പുകവലി നിരോധിച്ച‌് ഹൈക്കോടതി ഉത്തരവിട്ടത‌്.  ചരിത്രവിധി പിന്നീട‌്  മറ്റ‌് രാജ്യങ്ങൾക്കും വഴികാട്ടിയായി. ചുരുക്കം ചില രാജ്യങ്ങളിൽ സർക്കാർ ഉത്തരവുകൾ  ഉണ്ടായിട്ടുണ്ടെങ്കിലും പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ച‌് കോടതി ഉത്തരവിടുന്നത‌് ലോകചരിത്രത്തിൽത്തന്നെ ആദ്യം. എവിടെയും എങ്ങനെയും പുകവലിക്കുന്ന ശീലത്തിന‌് കേരളത്തിൽ മാറ്റമുണ്ടായത‌് അന്നുമുതലാണെന്ന‌് വിധിപറഞ്ഞവരിലൊരാളായ ജസ‌്റ്റിസ‌് കെ നാരായണക്കുറുപ്പ‌് ഓർമിക്കുന്നു. 

സർക്കാർ ഓഫീസുകളിലും ബസ‌് സ‌്റ്റോപ്പുകളിലും എന്തിന‌് സ‌്കൂൾ വളപ്പിൽപോലും വലിക്കുന്നവരെ കണ്ടിട്ടുണ്ടെന്ന‌് ജസ‌്റ്റിസ‌് നാരായണക്കുറുപ്പ‌് ഓർത്തെടുത്തു. കേസ‌് വന്നപ്പോൾ വലിക്കുന്നവരെക്കാൾ പരിഗണിച്ചത‌് അടുത്തുനിന്ന‌് വിഷപ്പുക ശ്വസിക്കുന്നവരെയാണ‌്. പുകവലിമൂലമുള്ള മരണങ്ങളിൽ 10 ശതമാനവും മറ്റുള്ളവർ വലിച്ചുതള്ളുന്ന  പുക കാരണമാണെന്നത‌് പ്രത്യേകം പരിഗണിച്ചു. മരണത്തിലേക്ക‌് നയിക്കുന്ന പുകവലിയുടെ ദൂഷ്യവശങ്ങൾ സംബന്ധിച്ച പഠനറിപ്പോർട്ടുകളും ആരോഗ്യവകുപ്പിന്റെ രേഖകളും വിശദമായി പരിശോധിച്ചാണ‌് വിധിയെഴുതിയത‌്. ഇക്കാര്യങ്ങൾ വിധിയിൽ വിശദമാക്കി.

‘‘വിധി വലിയ മാറ്റമുണ്ടാക്കി. പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നവർ ഇപ്പോഴുമുണ്ടെങ്കിലും വള‌രെ കുറവാണ‌്. വിധിക്കുശേഷം ഓരോമാസവും പൊതുസ്ഥലങ്ങളിൽ പുകവലിച്ചതിന‌് എടുത്ത കേസുകളുടെ വിവരങ്ങൾ സമർപ്പിക്കാൻ പൊലീസിനോട‌് ആവശ്യപ്പെട്ടിരുന്നു. കൃത്യമായ മേൽനോട്ടമുണ്ടായിരുന്നതുകൊണ്ട‌് പൊലീ‌സ‌് ശക്തമായ നടപടിയും എടുത്തു. ഇക്കാര്യത്തിൽ ജാഗ്രത തുടരാൻ നിയമപാലകർ ശ്രദ്ധിക്കണം’’ –- ജസ‌്റ്റിസ‌് നാരായണക്കുറുപ്പ‌് പറഞ്ഞു.

കോട്ടയം ബിസിഎം കോളേജ‌് അധ്യാപികയായിരുന്ന പ്രൊഫ. മോനമ്മ കോക്കാടിന്റെ പരാതിയിലാണ‌് സുപ്രധാന വിധിവന്നത‌്. ട്രെയിൻ യാത്രയിൽ പുകവലി ശല്യമായതോടെയാണ‌് അവർ കോടതിയെ സമീപിച്ചത‌്. പെട്ടെന്നുള്ള പ്രകോപനമായത‌് ആസ‌്ത‌്മ രോഗിക്കുണ്ടായ അസ്വസ്ഥതയും. മോനമ്മ കോക്കാട‌്, കെ രാമകൃഷ‌്ണൻ എന്നിവരുടെ പരാതിയാണ‌് ചീഫ‌് ജസ‌്റ്റിസ‌് എ ആർ ലക്ഷ‌്മണൻ, ജസ‌്റ്റിസ‌് കെ നാരായണക്കുറുപ്പ‌് എന്നിവരുടെ ഡിവിഷൻ ബെഞ്ചിന‌് മുന്നിലെത്തിയത‌്.
പൊതുസ്ഥലങ്ങളിലെ പുകവലി ഭരണഘടനാ വിരുദ്ധവും 21–-ാം അനുച്ഛേദത്തിന്റെ ലംഘനവുമാണെന്ന‌് കണ്ടെത്തിയായിരുന്നു വിധി.

ഭരണഘടനയുടെ 21–-ാം അനുച്ഛേദപ്രകാരം മറ്റൊരാളുടെ ജീവനോ സ്വാതന്ത്ര്യമോ നിയമപരമായല്ലാതെ തടസ്സപ്പെടുത്താനാകില്ലെന്ന സുപ്രധാന നിരീക്ഷണത്തോടെയാണ‌് കോടതി ഉത്തരവു പുറപ്പെടുവിച്ചത‌്.


പ്രധാന വാർത്തകൾ
 Top