04 February Saturday

കുഞ്ഞു ഗബ്രിയേലിന് ഇത് ‘പുനര്‍ജന്മം’

വെബ് ഡെസ്‌ക്‌Updated: Friday Dec 9, 2022


കൊച്ചി
കഫക്കെട്ട് മാറാൻ ഉപയോഗിക്കുന്ന അമോക്സിസിലിൻ ആന്റിബയോട്ടിക് കഴിച്ച് അലർജി വന്ന്‌ അത്യാസന്നനിലയിലായ ഏഴുവയസ്സുകാരന്‌ ഇത്‌ ‘പുനർജന്മം’. റിനൈ മെഡിസിറ്റിയിലെ 49 ദിവസം നീണ്ട ചികിത്സയിലൂടെയാണ്‌ ഇടപ്പള്ളി സ്വദേശി ഗബ്രിയേൽ ജീവിതത്തിലേക്ക് തിരിച്ചുവന്നത്‌.
രണ്ട് മാസംമുമ്പ്‌ പനിയും കഫക്കെട്ടുമായാണ്‌ ഗബ്രിയേലിനെ മാതാപിതാക്കൾ വീടിനടുത്തുള്ള പീഡിയാട്രീഷനെ കാണിച്ചത്‌. മറ്റു മരുന്നുകളോടൊപ്പം, കഫക്കെട്ട് മാറാൻ അമോക്സിസിലിൻ ആന്റിബയോട്ടിക്കും ഡോക്‌ടർ കുറിച്ചുനൽകി. എന്നാൽ, മരുന്നുകഴിച്ച രണ്ടാംദിവസംമുതൽ കുട്ടി അവശനായി. ആശുപത്രിയിലെത്തുമ്പോൾ രക്തസമ്മർദം അപകടകരമാംവിധം താഴ്ന്നിരുന്നു. അസഹനീയ വേദനയും അസ്വാസ്ഥ്യങ്ങളും കാരണം ഗുരുതരാവസ്ഥയിലായ കുട്ടിയെ ഡോ. റോബിൻ തോമസ്, ഡോ. കിഷോർ സുശീലൻ എന്നിവരുടെ നേതൃത്വത്തിൽ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. 24 മണിക്കൂറിനുശേഷം ശരീരത്തിലെ തൊലി അടർന്നുപോകാൻ തുടങ്ങി. നാല്‌ ദിവസമായപ്പോഴേക്കും 90 ശതമാനം തൊലിയും പൊളിഞ്ഞുപോയി. കാഴ്ചയെയും സാരമായി ബാധിച്ചു.

പിന്നീടുള്ള ദിനങ്ങൾ അതികഠിനമായിരുന്നു. പുറംതൊലിക്കുപുറമെ അതിനടിയിലുള്ള പാളിയും ഏതാണ്ട് പൂർണമായും പൊളിഞ്ഞുപോയി. കരളിന്റെ പ്രവർത്തനം വഷളായി. 15 ദിവസത്തോളം വെന്റിലേറ്ററിലായി. ഉയർന്ന ആന്റിബയോട്ടിക്കുകൾ, ഇമ്യൂണോഗ്ലോബുലിൻ, പൾസ് സ്റ്റിറോയ്ഡുകൾ മറ്റു മരുന്നുകൾ എന്നിവ ഉപയോഗിച്ച് ചികിത്സ തുടർന്നെങ്കിലും കരളിന്റെ പ്രവർത്തനം വീണ്ടും വഷളായി. കരളിൽ അടിഞ്ഞുകൂടിയ വിഷാംശം നീക്കം ചെയ്യാനും ബിലിറൂബിന്റെ അളവ്‌ ക്രമപ്പെടുത്താനുമായി പ്ലാസ്മാഫെറിസിസ് ചികിത്സ നൽകി. രക്തസ്രാവംമൂലം നിരവധിതവണ രക്തം നൽകേണ്ടിവന്നു. ഡെർമറ്റോളജി, ഒഫ്താൽമോളജി, പ്ലാസ്റ്റിക് സർജറി, ഗ്യാസ്ട്രോ എന്ററോളജി, നെഫ്രോളജി, യൂറോളജി, ഹിമറ്റോളജി, ഇഎൻടി, കാർഡിയോളജി, ഇന്റർവെൻഷണൽ റേഡിയോളജി തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ കഠിനശ്രമത്തിലൂടെയാണ് കാര്യങ്ങൾ തിരിച്ചുപിടിച്ചത്‌. 49 ദിവസത്തിനുശേഷം തൊലി ഏതാണ്ട് പൂർവസ്ഥിതിയിലേക്ക് വളർന്നു. ഗബ്രിയേൽ സാധാരണപോലെ സംസാരിക്കാനും, നടക്കാനും കളിക്കാനും തുടങ്ങി.

കാഴ്ചശക്തിയും കരളിന്റെ ആരോഗ്യവും പൂർണമായി വീണ്ടെടുക്കാൻ അടുത്ത ആറുമാസത്തോളം ഗബ്രിയേലിന് വീട്ടിൽ ചികിത്സ തുടരേണ്ടിവരും എന്ന് ഡോ. റോബിൻ തോമസ് പറഞ്ഞു. സ്റ്റീവൻ ജോൺസൺ സിൻഡ്രം അഥവാ ടോക്സിക് എപ്പിഡെർമൽ നെക്രോലൈസിസ് (ടെൻ) എന്ന ഈ അവസ്ഥ ഒരു ലക്ഷത്തിൽ ഒരാൾക്ക് സംഭവിക്കുന്നതാണ്‌. കേക്ക് മുറിച്ചും, സമ്മാനങ്ങൾ നൽകിയുമാണ്‌ ഡോക്ടർമാരും നഴ്സുമാരും ഗബ്രിയേലിനെ യാത്രയാക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top