30 November Monday

നികുതി നിർദേശങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Feb 8, 2020

ന്യായവില 10 ശതമാനം ഉയരും
തിരുവനന്തപുരം
ഭൂമിയുടെ ന്യായവില 10 ശതമാനം വർധിപ്പിക്കും. വിപണി വിലയും സർക്കാർ നിശ്ചയിച്ചിട്ടുള്ള ന്യായവിലയും തമ്മിലുള്ള അന്തരം കുറയ്‌ക്കാനാണ്‌ നടപടി.
വൻകിട പദ്ധതികൾക്കുസമീപം വിജ്ഞാപനം ചെയ്യപ്പെട്ട  ഭൂമിക്ക്  ന്യായവിലയേക്കാൾ 30 ശതമാനംവരെ വില പുനർനിർണയിക്കും.

കെട്ടിടവിലനിർണയത്തിന്‌ കേന്ദ്ര മരാമത്ത്‌ നിരക്ക്‌
ഫ്ലാറ്റുകൾ ഒഴികെയുള്ള കെട്ടിടങ്ങൾക്ക് സ്റ്റാമ്പ് ഡ്യൂട്ടി കണക്കാക്കുന്നതിന് സെൻട്രൽ പിഡബ്ല്യുഡിയുടെ നിരക്കുപ്രകാരം വില നിർണയിക്കുന്നതിന് കേരള സ്റ്റാമ്പ് ആക്ടിൽ ഭേദഗതി വരുത്തും.

ചിട്ടി കോമ്പൗണ്ടിങ്‌ ഫീസ്‌ ഉയരും
ചിട്ടി കോമ്പൗണ്ടിങ്‌ ഫീസ്‌ വർധിപ്പിക്കും. നിലവിലുള്ള നിയമം അനുസരിച്ച് ചിട്ടി സംബന്ധമായ കുറ്റങ്ങൾ മൂന്നുതവണ മാത്രമേ കോമ്പൗണ്ട് ചെയ്യാൻ സാധിക്കൂ. ഈ പരിധി ഒഴിവാക്കും.

ഡിപ്പോസിറ്റ് ഓഫ് ടൈറ്റിൽ ഡീഡ്‌: രജിസ്‌ട്രേഷൻ ആക്ടിൽ ഭേദഗതി
മറ്റു സംസ്ഥാനങ്ങളിലെപ്പോലെ ഡിപ്പോസിറ്റ് ഓഫ് ടൈറ്റിൽ ഡീഡിന്റെ രജിസ്ട്രേഷൻ നിർബന്ധമാക്കാൻ രജിസ്ട്രേഷൻ ആക്ടിൽ ഭേദഗതി വരുത്തും. ഡിപ്പോസിറ്റ് ഓഫ് ടൈറ്റിൽ ഡീഡ് മുഖേനയുള്ള പണയാധാരങ്ങളുടെ രജിസ്ട്രേഷൻ പ്രോത്സാഹിപ്പിക്കുന്നതിനായി മുദ്രവില, രജിസ്ട്രേഷൻ ഫീസ് എന്നിവ കുറച്ചു. നിയമത്തിൽ പ്രത്യേക വ്യവസ്ഥ ഇല്ലാത്തതിനാൽ ഇവ രജിസ്റ്റർ ചെയ്യുന്നില്ല.

ഒറ്റത്തവണ കെട്ടിട നികുതിയിൽ പുനർനിർണയം
ഒറ്റത്തവണ കെട്ടിടനികുതിയിൽ പരമാവധി 30 ശതമാനത്തിൽ കവിയാത്തവിധം യുക്തിസഹമായി പുനർനിർണയിക്കും. 2014നുശേഷം റവന്യു വകുപ്പ് ഇതിൽ വർധന വരുത്തിയിട്ടില്ല. ഗ്രാമപഞ്ചായത്തുകൾ, നഗരസഭകൾ, കോർപറേഷനുകൾ എന്നിങ്ങനെ മൂന്നു വിഭാഗത്തിലായിരിക്കും നികുതി നിരക്കുകൾ. മുമ്പ്
സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്ത് പദവിയില്ലാതിരുന്ന പഞ്ചായത്തുകൾക്ക് ആനുപാതികമല്ലാത്ത വർധന  ഒഴിവാക്കാൻ ഒരു റിബേറ്റ് നിശ്ചയിക്കും.

ഒറ്റത്തവണ കെട്ടിടനികുതി
തദ്ദേശഭരണ സ്ഥാപനങ്ങൾ കെട്ടിട നമ്പർ അനുവദിക്കുന്നതിന്‌ മുന്നോടിയായി ഒറ്റത്തവണ കെട്ടിട നികുതി ഒടുക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുന്ന വ്യവസ്ഥ നിയമങ്ങളിൽ ചേർക്കും.

ലൊക്കേഷൻ മാപ്പുകൾക്ക് 200 രൂപ ഫീസ്‌
വില്ലേജ് ഓഫീസുകളിൽനിന്ന്‌ സ്ഥലപരിശോധന നടത്തി നൽകുന്ന ലൊക്കേഷൻ മാപ്പുകൾക്ക് 200 രൂപ ഫീസ് ഏർപ്പെടുത്തും. സർക്കാർ ഭവനപദ്ധതികൾക്കായി നൽകുന്ന ലൊക്കേഷൻ മാപ്പുകളെ ഒഴിവാക്കും.

തണ്ടപ്പേർ പകർപ്പിന് 100 രൂപ ഫീസ്‌
വില്ലേജ് ഓഫീസുകളിൽനിന്ന്‌ നൽകുന്ന തണ്ടപ്പേർ പകർപ്പിന് 100 രൂപ ഫീസ് ഏർപ്പെടുത്തും. സർക്കാർ ഭവന പദ്ധതികൾക്കായി നൽകുന്ന തണ്ടപ്പേർ പകർപ്പുകളെ ഈ ഫീസിൽനിന്നും ഒഴിവാക്കും.

പാട്ടക്കുടിശ്ശികയിൽ ഇളവ്‌
മുനിസിപ്പൽ കോർപറേഷൻ, ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ അവസാനമായി പാട്ടക്കുടിശ്ശിക പുതുക്കി നിശ്ചയിച്ച തീയതിവരെയുള്ള പാട്ടക്കുടിശ്ശിക അടയ്ക്കുന്നതിന് 50 ശതമാനം ഇളവ് അനുവദിക്കും.

ഭൂമി സ്വഭാവ വ്യതിയാനത്തിന്‌ ഫീസ്‌
വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമികൾ സ്വഭാവവ്യതിയാനം വരുത്തുന്നതിന് അനുമതിക്ക്‌  ഏറ്റവും അടുത്തുള്ള പുരയിടത്തിന്റെ ന്യായവില കണക്കാക്കി ഫീസ് ഈടാക്കും. ഇതിന്‌ നിയമഭേദഗതി കൊണ്ടുവരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top