25 May Monday

പൊതു വിദ്യാഭ്യാസത്തിന്‌ 19,130 കോടി

വെബ് ഡെസ്‌ക്‌Updated: Saturday Feb 8, 2020


തിരുവനന്തപുരം
മികവിന്റെ നെറുകയിലേക്ക്‌ കുതിക്കുന്ന പൊതുവിദ്യാഭ്യാസത്തിന്‌ 19,130 കോടി രൂപ ബജറ്റിൽ വകയിരുത്തി. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവികസനത്തിനും കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനും നിലവിലുള്ള പദ്ധതികൾ തുടരും. 3500 കോടി രൂപയുടെ 80 ലക്ഷം ചതുരശ്രയടി കെട്ടിടങ്ങളുടെ നിർമാണം തുടരവെയാണ്‌ പുതിയ സാമ്പത്തികവർഷത്തിലും പൊതുവിദ്യാഭ്യാസത്തിന്‌  മികച്ച പരിഗണന.

പുതിയ നിർദേശങ്ങൾ
സ്കൂൾ യൂണിഫോം അലവൻസ് 400 രൂപയിൽനിന്ന്‌ 600 ആക്കി
പ്രീ-പ്രൈമറി അധ്യാപക അലവൻസ് 500 രൂപ വർധിപ്പിച്ചു
പാചകത്തൊഴിലാളി കൂലി 50 രൂപ കൂട്ടി
മുഴുവൻ സ്കൂളുകളിലും സൗരോർജനിലയങ്ങൾ 
പുതിയ സ്‌കൂൾ കെട്ടിടങ്ങളിൽ ഫർണിച്ചർ
പഴയ ഫർണിച്ചർ പുനരുപയോഗിക്കാൻ പദ്ധതി
‘ശ്രദ്ധ’ സ്കീമുകൾ വിപുലീകരിക്കും
സ്‌കൂൾ ലാബുകളുടെ  നവീകരണം
പ്രതിഭാതീരം പദ്ധതി മുഴുവൻ ക്ലാസുകളിലേക്കും
എയ്‌ഡഡ്‌ സ്‌കൂളുകൾക്ക്‌ ചലഞ്ച്‌ ഫണ്ട്‌ പദ്ധതി തുടരും

പുതിയ 60 കോഴ്‌സ്‌
ഉന്നത വിദ്യാഭ്യാസമേഖലയെ അന്തർദേശീയ നിലവാരത്തിലേക്ക്‌ ഉയർത്താൻ പ്രത്യേക പദ്ധതിക്ക്‌ ഊന്നൽ. ഉന്നത വിദ്യാഭ്യാസമേഖലയിൽ പുതിയ 60 കോഴ്‌സ്‌ ആരംഭിക്കും. നിർമിത ബുദ്ധി, ബ്ലോക്‌ ചെയിൻ പോലുള്ള പുതുതലമുറ, അന്തർ വൈജ്ഞാനികമേഖലകളിലെ  കോഴ്‌സുകളായിരിക്കും. ഇവയ്‌ക്കായുള്ള കോളേജുകളുടെ അപേക്ഷകൾ പരിശോധിക്കാൻ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ അധ്യക്ഷതയിൽ  സമിതി രൂപീകരിക്കും. കോഴ്സുകൾക്ക് അർഹമായ കോളേജുകളെ തെരഞ്ഞെടുക്കുന്നത് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാകും.

● പുതിയ കോഴ്‌സ്‌ ആഗ്രഹിക്കുന്ന കോളേജിന് നാക് അക്രെഡിറ്റേഷന്റെ എ പ്ലസ്‌ ഗ്രേഡെങ്കിലും വേണം. സർക്കാർ കോളേജുകൾക്ക് ഇളവ്‌.
● പുതുതായി ആരംഭിച്ച പട്ടികവിഭാഗം ട്രസ്റ്റുകളുടെ കോളേജുകൾക്കും ഇളവ്‌. 
● കോളേജിലെ ആ വിഷയത്തിലെ പ്രാഗത്ഭ്യവും അധ്യാപക എണ്ണവും സമീപ കോളേജുകളിലെ സ്ഥിതിയും പരിഗണിക്കും.
● അഞ്ചുവർഷം കഴിഞ്ഞേ സ്ഥിരം തസ്തിക സൃഷ്ടിക്കൂ. താൽക്കാലിക, കരാർ വ്യവസ്ഥയിൽ കോഴ്സുകൾ നടത്തണം.

സർക്കാർ കോളേജ്‌ ലാബുകൾ ഹൈടെക്‌ ആകും
സംസ്ഥാനത്തെ സർവകലശാലകളെയും കോളേജുകളെയും സൗകര്യവികസനത്തിലും അക്കാദമിക്‌ ശ്രേഷ്‌ഠതയിലും ലോകറാങ്ക്‌ പട്ടികയിലെത്തിക്കുന്നതിന്‌ ഉതകുന്ന പദ്ധതികളാണ്‌ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്‌. മുഴുവൻ സർക്കാർ കോളേജ്‌ ലബോറട്ടറികളും നവീകരിക്കും. ഓരോ കോളേജും ഇതിനായി പ്രത്യേക പദ്ധതി സമർപ്പിക്കണം. ഉടൻ തുക നൽകും.


 

കോളേജുകളിൽ 1000 തസ്‌തിക
സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ്‌ കോളേജുകളിൽ മാർച്ചിനകം 1000 പുതിയ തസ്‌തിക സൃഷ്ടിച്ച്‌ ഉത്തരവിറക്കും. യുഡിഎഫ്‌ ഭരണത്തിന്റെ അവസാന നാളുകളിൽ പേരും കോഴ്‌സുകളുംമാത്രം പ്രഖ്യാപിച്ച്‌ തട്ടിക്കൂട്ടിയ പുതിയ കോളേജുകളിലടക്കം ആവശ്യമായ തസ്‌തികകൾ മാർച്ചിനകം സൃഷ്ടിക്കുമെന്നാണ്‌ ബജറ്റ്‌ പ്രഖ്യാപനം. നാല്‌ വർഷത്തിനിടെ സംസ്ഥാനത്തെ കോളേജുകളിൽ 221 പുതിയ തസ്‌തിക സൃഷ്ടിച്ചിട്ടുണ്ട്‌. വർഷങ്ങളായി ഒഴിഞ്ഞുകിടന്ന 710 തസ്‌തികയിൽ സ്ഥിരനിയമനവും നടത്തി. 33 സർക്കാർ കോളേജിൽ  57 കോഴ്‌സും പുതുതായി ആരംഭിച്ചു.

മികച്ച പഠനവകുപ്പുകൾക്ക്‌ അവാർഡ്‌ 
സർവകലാശാലകളിലെ ശാസ്ത്രം, കലാസാഹിത്യം, സാമൂഹ്യപഠനം മേഖലകളിലെ മികച്ച മൂന്ന്‌ പഠനവകുപ്പുകൾക്ക്‌ പ്രത്യേക പുരസ്‌കാരം ഏർപ്പെടുത്തി. ഇവ ഉന്നതവിദ്യാഭ്യാസ കൗൺസിൽ നിർണയിക്കും. പുരസ്‌കാരാർഹ വകുപ്പകളിൽ പുതിയ തസ്തികകൾ, അടിസ്ഥാന സൗകര്യവികസനം എന്നിവയ്‌ക്ക്‌ 20 കോടി  വകയിരുത്തി.

ജോൺ മത്തായിയുടെ വീട്‌ സാമ്പത്തിക ശാസ്‌ത്രജ്ഞരുടെ സ്‌മാരകം
കലിക്കറ്റ്‌ സർവകലാശാലയുടെ  തൃശൂർ ക്യാമ്പസിലുള്ള  ഡോ. ജോൺ മത്തായിയുടെ തറവാട് വീട്‌ പുനരുദ്ധരിച്ച്‌ സംസ്ഥാത്തെ ഒന്നാംതലമുറ സാമ്പത്തിക ശാസ്ത്രജ്ഞരായ പി ജെ തോമസ്, വി ആർ പിള്ള, പത്മനാഭൻപിള്ള, ഡോ. കെ എൻ രാജ് എന്നിവരുടെ സ്മാരകമാക്കും. പ്രൊഫ. എം എ ഉമ്മൻ പദ്ധതിയുടെ മുഖ്യ ഉപദേശനാകും. കൊച്ചി സർവകലാശാലയുടെ എൻ ആർ മാധവമേനോൻ ഇന്റർ ഡിസിപ്ലിനറി സെന്റർ ഫോർ റിസർച്ച് എത്തിക്‌സ്‌ ആൻഡ് പ്രോട്ടോക്കോൾസിന് രണ്ടു കോടി അനുവദിച്ചു.


പ്രധാന വാർത്തകൾ
 Top