04 February Saturday

മാറ്റത്തിന്റെ തീച്ചുവടുകളുമായി മല്ലിക...

വെബ് ഡെസ്‌ക്‌Updated: Wednesday Dec 7, 2022

സമൂഹത്തെ പിന്നോട്ട്‌ നടത്തുന്ന പാരമ്പര്യവാദികൾക്കെതിരെയും സംഘപരിവാറിനെതിരെയും  കലയിലൂടെമാത്രം സാധ്യമാകുന്ന സർഗാത്മകമായ പ്രതിഷേധം തീർത്ത വ്യക്തിത്വമാണ്‌ മല്ലിക സാരാഭായിയുടേത്‌. ആ കരുത്തുമായാണ്‌ മല്ലിക  കലാമണ്ഡലം കൽപ്പിത സർവകലാശാലയുടെ സാരഥ്യത്തിലേക്ക്‌ എത്തുന്നത്‌.

പ്രശസ്ത നർത്തകിയും സാമൂഹിക പ്രവർത്തകയുമായ മല്ലിക, ബഹിരാകാശ ശാസ്ത്രജ്ഞൻ വിക്രം സാരാഭായിയുടെയും ക്ലാസിക്കൽ നർത്തകി മൃണാളിനി സാരാഭായിയുടെയും മകളാണ്‌. 1954 മെയ്‌ ഒമ്പതിന്‌ ഗുജറാത്തിലാണ്‌ ജനിച്ചത്‌. കുട്ടിക്കാലത്തുതന്നെ ഭരതനാട്യം പരിശീലനം ആരംഭിച്ചു.  മുംബൈയിലെ സെന്റ് സേവ്യേഴ്‌സ് കോളേജിൽനിന്ന് സാമ്പത്തികശാസ്ത്ര ബിരുദം നേടിയശേഷം, അഹമ്മദാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ (ഐഐഎം) എംബിഎ നേടി. ഗുജറാത്ത് സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റും.

നാടകവേദികൾക്കൊപ്പംതന്നെ സിനിമ, ടെലിവിഷൻ രംഗത്തും സജീവമായിരുന്നു. നിരവധി ലേഖനങ്ങളും പുസ്‌കതങ്ങളും പ്രസിദ്ധീകരിച്ചു. 18–-ാം വയസ്സിൽ നൃത്തരംഗത്ത്‌ തന്റേതായ സ്ഥാനം ഉറപ്പിച്ചു. യൂറോപ്പ്‌, അമേരിക്ക, കിഴക്ക്, തെക്ക്-കിഴക്കൻ ഏഷ്യ, ഓസ്ട്രേലിയ, ആഫ്രിക്ക തുടങ്ങി ലോകത്തിന്റെ പല ഭാഗങ്ങളിലും പരിപാടികൾ അവതരിപ്പിച്ചു. പതിനഞ്ചാം വയസ്സിൽ അഭിനയജീവിതത്തിന്‌ തുടക്കമിട്ടു. സുനിൽ ദത്തിന്റെ ‘ഹിമാലയ സേ ഊഞ്ച’യായിരുന്നു ആദ്യ ചിത്രം. 1989ൽ ഏകാംഗ നാടകമായ "ശക്തി: ദ പവർ ഓഫ് വുമൺ’ അവതരിപ്പിച്ചു. തുടർന്ന്‌ സമകാലീന വിഷയവുമായി ബന്ധപ്പെട്ട നിരവധി സൃഷ്ടികളുടെ ഭാഗമായി. സാമൂഹിക പരിവർത്തനത്തിന്റെ ബോധമുണർത്തുന്നവയായിരുന്നു ഇവയെല്ലാം.
സംഘപരിവാറിന്റെ ഭീഷണിക്കെതിരെ നേർക്കുനേർ പൊരുതി.

1971 ഡിസംബർ 30ന് അച്ഛൻ വിക്രം സാരാഭായ് മരിച്ചപ്പോൾ ആചാരങ്ങളെ വെല്ലുവിളിച്ച്‌ ചിതയ്ക്ക് തീകൊളുത്തിയത്‌ മല്ലികയാണ്‌. 2016ൽ അമ്മ മൃണാളിനി മരിച്ചപ്പോഴും ചിതയ്‌ക്ക്‌ തീകൊളുത്തിയത്‌ മല്ലികതന്നെ. അന്ത്യാഞ്ജലി അർപ്പിച്ച്‌ അമ്മയ്‌ക്ക്‌ ഏറെ ഇഷ്ടമുള്ള നൃത്തവും ചെയ്‌തു. ഗുജറാത്ത് സർക്കാരും കേന്ദ്ര സർക്കാരും അമ്മയോട്‌ കാണിച്ച അനാദരവിനെ മല്ലിക കടന്നാക്രമിച്ചു. ലോകപ്രശസ്തയായ ആ നർത്തകിയുടെ വിയോഗത്തിൽ ഒരു ട്വിറ്റർ സന്ദേശംകൊണ്ടുപോലും അനുശോചിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടുള്ള പ്രതിഷേധം മല്ലിക ഫെയ്സ്ബുക്കിൽ കുറിച്ചു. 

2004 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗാന്ധിനഗറിൽ എൽ കെ അദ്വാനിക്കെതിരെ മത്സരിച്ചു. ഗുജറാത്ത്‌ വംശഹത്യക്ക്‌ നേതൃത്വം നൽകിയത്‌ നരേന്ദ്ര മോദിയാണെന്ന്‌ ആദ്യം വിളിച്ചു പറഞ്ഞു.  നൃത്തസംഘത്തോടൊപ്പമുള്ള മല്ലികയുടെ വിദേശയാത്രകൾ മനുഷ്യക്കടത്തിനുവേണ്ടിയാണെന്ന് കേസ് ചുമത്തിയായിരുന്നു പ്രതികാരം. എന്നാൽ, കോടതിയിൽ മല്ലികതന്നെ ജയിച്ചു. 

പബ്ലിക്‌ സർവീസ്‌ ബ്രോഡ്‌കാസ്റ്റിങ്‌ ട്രസ്റ്റ്‌, സാറ്റ്‌ പ്രഭാത്‌, ദൂർദർശൻ എന്നിവയിൽ പ്രവർത്തിച്ചു. ടൈംസ്‌ ഓഫ്‌ ഇന്ത്യ, ഡിഎൻഎ ഉൾപ്പെടെ നിരവധി മാധ്യമങ്ങളിൽ  കോളമിസ്റ്റായിരുന്നു. ബ്രിഡ്‌ജിങ്‌ ദി ഗ്യാപ്‌, പഹേലോ അക്ഷർ, ന്യൂ മീഡിയ ആൻഡ്‌ പീപ്പിൾസ്‌ എംപവർമെന്റ്‌, വിക്രം സാരാഭായി ദി മാൻ ആൻഡ്‌ ദി പവർ തുടങ്ങിയ പുസ്‌തകങ്ങളിലും മല്ലികയുടെ സംഭാവനയുണ്ട്‌. മാപിൻ പബ്ലിഷിന്റെ എഡിറ്ററായും പ്രവർത്തിച്ചു. ആക്ടർ ഹെൽത്ത്‌ പ്രോജക്ട്‌, നാരി കി ചൗപ്പൽ, അതുൽ പ്രോജക്ട്‌, ദി ആക്ടിങ്‌ ഹെൽത്തി പ്രോജക്ട്‌ അടക്കമുള്ള നിരവധി പദ്ധതികളിലൂടെ സാമൂഹ്യമാറ്റത്തിനായി പ്രവർത്തിച്ചു. യുനിസെഫുമായി ചേർന്ന്‌ വിവിധ പദ്ധതികൾ നടപ്പാക്കി.

നിലവിൽ ദർപ്പണയുടെ ഡയറക്ടറും നവസർജൻ, ദളിത്‌ ശക്തി കേന്ദ്ര എന്നിവയുടെ ട്രസ്റ്റിയും ഏഷ്യൻ കൗൺസിൽ ഫോർ കൾച്ചർ ന്യൂയോർക്കിന്റെ ആർട്ടിസ്റ്റിക്‌ അഡ്‌വൈസറി ബോർഡ്‌ അംഗവുമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top