24 February Monday

കാക്ക കൊത്തിപ്പോയ കർഷകപ്രേമം

റഷീദ‌് ആനപ്പുറംUpdated: Thursday Nov 7, 2019ഭരണത്തിലിരിക്കെ കാണാത്ത ഇടുക്കി കർഷകരുടെ കണ്ണീർക്കഥയുമായാണ്‌ പ്രതിപക്ഷം സഭയിൽ എത്തിയത്‌. ഇടുക്കിയിലെ കെട്ടിടനിർമാണത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം എടുത്തുകളയണമെന്ന ആവശ്യവുമായി പി ജെ ജോസഫ്‌ അടിയന്തര പ്രമേയത്തിന്‌ നോട്ടീസ്‌ നൽകി. എന്നാൽ, ഭരണപക്ഷത്തെ എസ്‌ രാജേന്ദ്രനും ഇ എസ്‌ ബിജുമോളും ഇടുക്കിയിലെ കർഷകർ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയതോടെ കാത്തുസൂക്ഷിച്ച മാമ്പഴം കാക്കകൊത്തിപ്പോയി എന്ന നിലയിലായി പ്രതിപക്ഷം.  അടവ്‌ പിഴച്ചതോടെ  മുഖ്യമന്ത്രിയുടെ മറുപടിയിൽ തൃപ്‌തിയടഞ്ഞ്‌ പതിവ്‌ നാടകമായ  ഇറങ്ങിപ്പോക്കോ നടുത്തളത്തിൽ ഇറക്കമോ നടത്താതെ പ്രതിപക്ഷം  അച്ചടക്കത്തോടെ അവിടെത്തന്നെയിരുന്നു.

കർഷക ആത്മഹത്യയുടെ തെറ്റായ കണക്കുമായി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനാകുമോ എന്ന്‌ പ്രതിപക്ഷം നോക്കിയെങ്കിലും യുഡിഎഫ്‌ കാലത്തെ കർഷക ആത്മഹത്യയുടെ കണക്ക്‌ എടുത്തിട്ട്‌ ഭരണപക്ഷം പ്രതിരോധിച്ചു. കർഷക കടാശ്വാസ കമീഷൻ ഭേദഗതി ബിൽ അവതരിപ്പിച്ചപ്പോഴായിരുന്നു കർഷരുടെ കണ്ണീരിൽ സഭ മുങ്ങിയത്‌.

ആസിയാൻ കരാർ മുതൽ ആർസിഇപി കരാർവരെ കർഷകരുടെ ജീവിതത്തിനുമുകളിൽ കരിനിഴൽ വീഴ്‌ത്തുന്നതെങ്ങനെയെന്ന്‌ ഭരണപക്ഷം വ്യക്തമാക്കി.  ഒരു കർഷകന്റെയും ആനൂകൂല്യം കവരില്ലെന്ന്‌ വ്യക്തമാക്കിയ കൃഷിമന്ത്രി വി എസ്‌ സുനിൽകുമാർ കർഷകരുടെ പേരുപറഞ്ഞുള്ള ബിനാമി വായ്‌പകളെ സർക്കാർ അംഗീകരിക്കില്ലെന്ന്‌ വ്യക്തമാക്കി. കടത്തിലായ കർഷകരെ എന്നും സംരക്ഷിച്ചത്‌ എൽഡിഎഫാണെന്ന്‌  കെ യു  ജനീഷ്‌കുമാർ പറഞ്ഞു. 

മദ്രസാ അധ്യാപക ക്ഷേമനിധി ബോർഡ്‌ ബിൽ അവതരണ വേളയിൽ ക്ഷേമനിധിയുടെയും സച്ചാർകമീഷൻ റിപ്പോർട്ടിന്റെയും പിതൃത്വം ഏറ്റെടുക്കാനുള്ള കോൺഗ്രസിന്റെയും ലീഗിന്റെ ശ്രമം കെ വി അബ്‌ദുൾ ഖാദറും മുഹമ്മദ്‌ മുഹസിനും പൊളിച്ചടുക്കി.

ഏതോ കടലാസെടുത്ത്‌ സച്ചാർ കമ്മിറ്റി റിപ്പോർട്ടെന്ന്‌ പറഞ്ഞ എൻ ഷംസുദ്ദീനെ ഒറിജിനൽ സച്ചാർ കമ്മിറ്റി റിപ്പോർട്ടുമായാണ്‌ കെ വി അബ്‌ദുൾ ഖാദർ നേരിട്ടത്‌. 
ഇ കെ വിജയൻ, വി പി സജീന്ദ്രൻ, അൻവർ സാദത്ത്‌, കെ ഉബൈദുല്ല, സി മമ്മൂട്ടി എന്നിവരും ചർച്ചയിൽ പങ്കെടുത്തു. മന്ത്രിമാരായ ഇ ചന്ദ്രശേഖരനും  കെ ടി ജലീലും മറുപടി പറഞ്ഞു.  

പ്രതിപക്ഷത്തിന്റെ  എല്ലാ അഴിമതിക്കഥകളും ചീറ്റുകയാണ്‌. അപ്പോൾപ്പിന്നെ കഥകൾ വേറെ വേണം. ബുധനാഴ്‌ച  ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ മേക്കിട്ടാണ്‌ കയറിയത്‌. എന്നാൽ, യുഡിഎഫ്‌ കാലത്ത്‌ 1500 കോടിരൂപയുടെ പ്രവൃത്തി ഊരാളുങ്കലിന്‌ നൽകിയത്‌ സഭയിൽ എടുത്തിട്ടതോടെ ആ നീക്കവും ചീറ്റി. ഈ വിഷയത്തിൽ സ്‌പീക്കർ റൂളിങ്ങും നൽകി.


പ്രധാന വാർത്തകൾ
 Top