15 July Wednesday

മെയ്‌ ദിനം

വെബ് ഡെസ്‌ക്‌Updated: Sunday May 3, 2020

മെയ്‌ ദിനത്തോടനുബന്ധിച്ച്‌ ലണ്ടൻ നഗരത്തിൽ ബ്രിട്ടീഷ്‌ കമ്യൂണിസ്റ്റ്‌ പാർടിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം

ന്യൂഡൽഹി
കോവിഡ്‌ വ്യാപനം തടയാൻ ശാരീരിക അകലം പാലിക്കുകയെന്ന തത്വം പാലിച്ച്‌ രാജ്യത്ത്‌ മെയ്‌ദിനം ആചരിച്ചു. ഡൽഹി എ കെ ജി ഭവനിൽ പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പതാക ഉയർത്തി. മെയ്‌ ദിനവും വർഗസമരവും വിഷയത്തിൽ പൊളിറ്റ്‌ ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌ സന്ദേശം നൽകി. രാജ്യതലസ്ഥാനമേഖലയിൽ 40 ഇടത്ത്‌ പതാക ഉയർത്തി. രാജസ്ഥാൻ, ജാർഖണ്ഡ്‌, പഞ്ചാബ്‌, ഹരിയാന, ജമ്മു -കശ്‌മീർ എന്നിവിടങ്ങളിലും പാർടി ഓഫീസുകളിലും കൃഷിയിടങ്ങളിലും പോരാട്ടപ്രതിജ്ഞ പുതുക്കി പതാക ഉയർത്തി.

സംസ്ഥാനത്ത്‌  ലോക തൊഴിലാളി ദിനം  ആചരിച്ചു. സർക്കാർ നിർദേശം‌‌ അനുസൃതമായി സാമൂഹ്യ അകലം പാലിച്ചായിരുന്നു ദിനാചരണം. തൊഴിൽ കേന്ദ്രങ്ങൾ, വ്യവസായശാലകൾ, വാസസ്ഥലങ്ങൾ, അങ്ങാടികൾ എന്നിവിടങ്ങളിൽ പതാക ഉയർത്തി മെയ്‌ദിന പ്രതിജ്ഞ ചൊല്ലി. എകെജി സെന്ററില്‍ സിപിഐ എം കേന്ദ്രകമ്മിറ്റി അം​ഗം എം വി ​ഗോവിന്ദന്‍ പതാക ഉയര്‍ത്തി.സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസിൽ പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം  സിഐടിയു കേരള ഫെയ്‌സ്‌ ബുക്ക്‌‌ പേജുവഴി മെയ്‌ദിന സന്ദേശം നൽകി.

വിവിധ രാജ്യങ്ങളിലും തൊഴിലാളിവർഗം മെയ്‌ദിനം ആചരിച്ചു. സാധാരണ പോലെ വലിയ റാലികൾ ഉണ്ടായില്ലെങ്കിലും വിവിധ രാജ്യങ്ങളിലെ പ്രമുഖ നഗരങ്ങളിലെല്ലാം വ്യത്യസ്‌തമായ ചടങ്ങുകൾ നടന്നു. സാമൂഹ്യ അകലം പാലിച്ചും മാസ്‌കുകൾ ധരിച്ചും തൊഴിലാളികൾ ഒത്തുകൂടി. ചെങ്കൊടികളും ബാനറുകളും പ്ലക്കാർഡുകളുമേന്തിയാണ്‌ തൊഴിലാളികൾ അണിനിരന്നത്‌.

ഗ്രീസിലെ ഏതൻസിൽ പാർലമെന്റിനു മുന്നിൽ ഗ്രീക്ക്‌ ലേബർ യൂണിയൻ നേതൃത്വത്തിൽ നൂറുകണക്കിനുപേർ ചുവപ്പും വെള്ളയും പതാകകളേന്തി അകലം പാലിച്ച്‌ റാലി സംഘടിപ്പിച്ചു. വൻ റാലി ഒഴിവാക്കാൻ സർക്കാർ അഭ്യർഥിച്ചിരുന്നു. തുർക്കി തലസ്ഥാനമായ ഇസ്‌താംബുളിലെ തസ്‌കിൻ ചത്വരത്തിലേക്ക്‌ തൊഴിലാളികൾ മാർച്ച്‌ ചെയ്‌തു.  മാർച്ച്‌  തടഞ്ഞ പൊലീസ്‌ നിരവധിപേരെ അറസ്‌റ്റുചെയ്‌തു. ജർമനിയിൽ പതിവിനു നടക്കുന്ന വൻ റാലികൾ ഒഴിവാക്കി 20 പേർ വീതം പങ്കെടുക്കുന്ന നിരവധി ചെറു റാലികളുണ്ടായി. മരണം ഭീതി വിതച്ച ഇറ്റലിയിലും മാസ്‌ക് ധരിച്ച്‌ ഒറ്റയ്‌ക്കുനിന്ന്‌ തൊഴിലാളികൾ മെയ്‌ദിനം ആചരിച്ചു. സാധാരണ വൻ റാലി നടക്കാറുള്ള റോമിലെ ചത്വരത്തിലെ വിളക്കുകാലിൽ തൊഴിലാളികൾ ചുവന്ന റിബൺ കെട്ടി.

ഓസ്‌ട്രിയയിലെ വിയന്നയിൽ അരിവാൾ ചുറ്റിക പതിച്ച വൻ ബാനറും ചെങ്കൊടികളുമേന്തി റാലി സംഘടിപ്പിച്ചു. അകലം പാലിക്കുന്നതിനായി നിലത്ത്‌ വലിയ വളയങ്ങൾ വരച്ച്‌ തൊഴിലാളികൾ ഒത്തുകൂടി. സ്‌പെയിനിലെ ബാഴ്‌സലോണയിലും നിരവധിപേർ റാലികളിൽ അണിനിരന്നു.

ഫ്രാൻസിൽ തൊഴിലാളികൾ തെരുവ്‌ അലങ്കരിച്ചു. റാലികൾ ഒഴിവാക്കി. റഷ്യയിലെ  റെഡ്‌സ്‌ക്വയറിലും പതിവായുള്ള വൻ റാലികൾ ഒഴിവാക്കി. ലബനൻ തലസ്ഥാനമായ ബെയ്‌റൂത്തിൽ കമ്യൂണിസ്റ്റ്‌ പാർടിയുടെയും തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തിൽ റാലികൾ നടന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top