23 January Wednesday

നമ്മളിങ്ങനെ നമ്മളായി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 2, 2019

വനിതാ മതിലിൽ കാസർകോട്‌ ആദ്യ കണ്ണിയായി മന്ത്രി കെ കെ ശൈലജ പ്രതിജ്ഞ ചൊല്ലികൊടുക്കുന്നു. ഫോട്ടോ സുരേന്ദ്രൻ മടിക്കൈ

തിരുവനന്തപുരം
"പുതുവർഷ ദിനത്തിൽ നാം ഒത്തുചേരുകയാണ്. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള മതിലായി. സ്ത്രീ- പുരുഷ തുല്യത എന്ന ഭരണഘടനാ കാഴ്ചപ്പാടിനെ പിന്തുണയ്ക്കാനായി, കേരളത്തെ ഭ്രാന്താലയമാക്കാനുള്ള ശ്രമങ്ങളെ ചെറുക്കുമെന്ന മുദ്രാവാക്യവുമായി, നാം ഇവിടെ അണിചേരുകയാണ്....' തിരുവ ന ന്തപുരത്ത് ടി എൻ സീമ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ ഏറ്റുപറഞ്ഞപ്പോൾ വനിതാമതിലിൽ അണിനിരന്ന ലക്ഷക്കണക്കിന് സ്ത്രീകളുടെ മനസ്സിൽ തങ്ങളെങ്ങനെ തങ്ങളായെന്ന ആലോചന കടന്നുപോയിട്ടുണ്ടാകും. വിദ്യാഭ്യാസം ചെയ്യാനും അന്തസ്സോടെ വസ്ത്രം ധരിക്കാനം വഴിനടക്കാനും തൊഴിലെടുക്കാനും തുല്യജോലിക്ക് തുല്യകൂലി ചോദിച്ചു വാങ്ങാനും ജീവൻ കൊടുത്ത് സമരംചെയ്ത ഒരുകൂട്ടം മനുഷ്യരെ കുറേ സ്ത്രീകളെങ്കിലും ഓർത്തിട്ടുണ്ടാവും.

നവോത്ഥാന മുല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ച് വനിതാമതിൽ കെട്ടിപ്പടുക്കാനെത്തിയവർ പുതിയ ആചാര സംരക്ഷകർക്കു നേരെ ശക്തമായ താക്കീതുയർത്തി ഗർജ്ജിക്കുന്ന വൻ പെൺമതിലായി. ഒറ്റവരിക്കു പകരം പല വരികളായി നിന്നാണ് പലയിടത്തും സ്ത്രീകൾ മതിൽ തീർത്തത്. കാസർകോടും കണ്ണൂരും പാലക്കാടും തുടങ്ങി ഇങ്ങ് തിരുവനന്തപുരം വരെയുള്ള ലക്ഷക്കണക്കിന് സ‌്ത്രീകൾ ജാതിക്കും മതത്തിനും രാഷ‌്ട്രീയത്തിനും നിറഭേദങ്ങൾക്കും അപ്പുറത്തായി ഒന്നിച്ച് അണിനിരന്നത് ലോക ചരിത്രത്തിൽ തന്നെ ഇതാദ്യമാകും. കേരള നവോത്ഥാനത്തിന്റെ തുടർച്ചയായി സ്ത്രീ മുന്നേറ്റ ചരിത്രത്തിലെ നാഴികക്കല്ലായി വേണം ഇതിനെ കാണാൻ.

കണ്ണൂർ ജില്ലയിൽ നാല് ലക്ഷത്തോളം പേരെത്തി. പാലക്കാടും തൃശൂരും എറണാകുളത്തുമൊക്കെ പലയിടത്തും നാലും അഞ്ചും വരികളിലായാണ് സ്ത്രീകൾ അണിനിരന്നത്. കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റംവരെയുള്ള കുടംബ  സമൂഹസദസ്സുകളിൽ ഈ മതിലുമായി ബന്ധപ്പെട്ടുണ്ടായ ചർച്ചയുടെ പരിണിത ഫലത്തെയാണ് മതിലിലേക്കൊഴുകിയെത്തിയ സ്ത്രീകൾ അടയാളപ്പെടുത്തുന്നത്. വൈകിട്ട് നാലിന‌് തുടങ്ങി 4.15ന് മതിൽ കെട്ടി തീര്‍ന്ന സമയം വളരെ ചെറുതായിരുന്നെങ്കിലും നൂറു വർഷങ്ങൾക്കപ്പുറമുള്ള തലമുറയും ഓർക്കാൻ പോകുന്ന ചരിത്ര നിമിഷങ്ങളിലാണ് തങ്ങൾ പങ്കാളികളാകുന്നതെന്ന തിരിച്ചറിവോടെയാണ് സ്ത്രീകൾ മടങ്ങിയത്.

ഇടയ‌്ക്കെപ്പോഴൊക്കെയോ നവോത്ഥാന മുന്നേറ്റങ്ങൾക്കുണ്ടായ ഇടർച്ച അവസാനിപ്പിച്ചുകൊണ്ട് മുന്നേറ്റത്തിന്റെ തുടർച്ചയുടെ തുടക്കമാണിതെന്ന ചിന്തയുടെ കരുത്തും ആവേശവും നെഞ്ചിലേറ്റിയാണ് ഞാനടക്കമുള്ള സ്ത്രീകൾ വീടുകളിലേക്ക് മടങ്ങിയത്.


പ്രധാന വാർത്തകൾ
 Top