23 March Saturday

വൈദ്യുതി ബില്ലോ ! അതെല്ലാം മറന്നേക്കൂ... ഏറ്റവും ശേഷിയുള്ള സൗരോർജപദ്ധതിയുമായി കെഎസ‌്ഇബി

സ്വന്തം ലേഖികUpdated: Tuesday Feb 19, 2019

കൊച്ചി > ഒരുമാസം മുമ്പുവരെ വടുതല ഡിഡി സിൽവർ‌സ്റ്റോൺ അപ്പാർട്ടുമെന്റിന്റെ പൊതുആവശ്യങ്ങൾക്കുള്ള വൈദ്യുതി ചാർജ് 60,000 രൂപയായിരുന്നു. എന്നാൽ, ഇത്തവണ വെറും 80 രൂപ മാത്രം. എറണാകുളം ജില്ലയിലെ ഏറ്റവും ശേഷിയുള്ള സൗരോർജപദ്ധതി ഈ അപ്പാർട്ടുമെന്റിൽ പ്രവർത്തനസജ്ജമായതോടെയാണ‌് കെഎസ്ഇബിയുടെ ഏറ്റവും കുറഞ്ഞ ചാർജായ 80 രൂപയിലേക്ക‌് ബിൽ എത്തിയത്. പണം ലാഭിക്കൽ മാത്രമല്ല, സംസ്ഥാനത്തെ വൈദ്യുതി സ്വയംപര്യാപ്തമാക്കാനും  സഹായിക്കുന്ന പദ്ധതിയിലേക്ക‌് മാറാൻ നഗരത്തിലെ വിവിധ ഫ്ലാറ്റുകളും ഒരുങ്ങുകയാണ‌്. പലയിടത്തും ഇതുസംബന്ധിച്ച ചർച്ച പുരോ​ഗമിക്കുന്നു.

45 കിലോവാട്ട് ശേഷിയുള്ള ഗ്രിഡ് കണക്ടഡ് സോളാർ സിസ്റ്റമാണ് ഡിഡി സിൽവർസ്‌റ്റോൺ അപ്പാർട്ടുമെന്റിലേത്. ഇതിലൂടെ ദിവസം കുറഞ്ഞത് 180 കിലോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാം. നിലവിൽ 200-–-220 കിലോവാട്ട് വൈദ്യുതി ലഭിക്കുന്നുണ്ട്. ഒരുമാസം 5700 കിലോവാട്ട് വൈദ്യുതിയാണ് ലിഫ്റ്റിന്റെ പ്രവർത്തനത്തിനും പൊതുഇടങ്ങളിലെ വെളിച്ചത്തിനും മറ്റ് പൊതു ആവശ്യങ്ങൾക്കുമായി ഇവിടെ വേണ്ടിവരുന്നത‌്. 6000–-6600 കിലോവാട്ട് വൈദ്യുതി  ഉൽപ്പാദിപ്പിച്ച‌് തൊട്ടടുത്തുള്ള കെഎസ്ഇബി ഗ്രിഡിലേക്ക് നൽകും. പകരം ഫ്ലാറ്റിനാവശ്യമായ വൈദ്യുതി കെഎസ്ഇബി നൽകും. സോളാർ സംവിധാനത്തിലൂടെ കെഎസ്ഇബിക്കു നൽകിയ വൈദ്യുതിയുടെ അളവും കെഎസ്ഇബി നൽകിയ വൈദ്യുതിയുടെ അളവും പ്രത്യേകം രേഖപ്പെടുത്തുന്ന മീറ്റർ സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. ഓരോ വർഷവും സെപ്തംബറിൽ കണക്കെടുക്കുമ്പോൾ ഉപയോഗിച്ചതിനേക്കാൾ കൂടുതൽ വൈദ്യുതി നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ വില കെഎസ്ഇബി നൽകും.

26 ലക്ഷം രൂപയാണ് സൗരോർജ പദ്ധതിക്കായി ചെലവായത്. ഈ തുക നാലര, അഞ്ചുവർഷം കൊണ്ട് തിരിച്ചുപിടിക്കാനാകുമെന്ന്  ഡിഡി സിൽവർസ്‌റ്റോൺ അപ്പാർട്ടുമെന്റ് ഓണേഴ്‌സ് അസോസിയേഷൻ സെക്രട്ടറി വി എസ് ശ്രീജിത്ത് പറഞ്ഞു. പ്രാണ സോളാറാണ് പദ്ധതി നടപ്പാക്കുന്നത്. 10 വർഷത്തെ റീപ്ലേസ്‌മെന്റ് വാറന്റിയും 20 വർഷത്തെ റണ്ണിങ് വാറന്റിയും സോളാർപാനലുകൾക്കുണ്ട്. അതിനാൽ അറ്റകുറ്റപ്പണി വന്നാൽ ആശങ്കപ്പെടേണ്ടതില്ല. ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ കണക്കറിയാനും താരതമ്യം ചെയ്യാനും കഴിയുന്ന മൊബൈൽ അപ്ലിക്കേഷൻ സംവിധാനവും ഉണ്ട്. ഈ അപ്ലിക്കേഷൻ സ്മാർട്ട് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ എത്രമാത്രം വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നുവെന്ന് അപ്പാർട്ടുമെന്റിലെ അംഗങ്ങൾക്കും അറിയാം. 168 ഫ്ലാറ്റുള്ള അപ്പാർട്ടുമെന്റിൽ 155 എണ്ണത്തിലും താമസക്കാരുണ്ട്. സൗരോർജ പദ്ധതിയിലൂടെ വൈദ്യുതി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്ത നേടിയ സന്തോഷത്തിലാണിവർ.


പ്രധാന വാർത്തകൾ
 Top