18 February Monday

കുടിവെള്ളത്തിനായി ജനകീയ ബദൽ

സി ജെ ഹരികുമാർUpdated: Monday May 21, 2018

പത്തനംതിട്ട > പരിമിതികൾ പലതുണ്ടായിരുന്നെങ്കിലും കഴിഞ്ഞ വർഷത്തെ കൊടിയ വരൾച്ചയെ നേരിട്ടത് ജലവിഭവ വകുപ്പിന്റെ സുപ്രധാന നേട്ടമാണ്. വരൾച്ച ഏറ്റവുമധികം ബാധിച്ച തിരുവനന്തപുരം നഗരത്തിൽ കുടിവെള്ളം മുട്ടാതെ കാത്തത് സാഹസികമായ യജ്ഞത്തിലൂടെയാണ്. കിട്ടുന്ന മഴവെള്ളം മുഴുവൻ ഭൂമിയിലേക്ക് ഇറക്കിവിട്ട് ഭൂഗർഭ ജലനിരപ്പ് താഴാതെ സൂക്ഷിക്കുക, മഴക്കുഴികൾ നിർമിച്ചും കിണർ റീച്ചാർജ് ചെയ്തും ജലലഭ്യത ഉറപ്പാക്കുക....ഇങ്ങനെ പലതുമുണ്ട് നമുക്ക് ചെയ്യാൻ. കേരളത്തെ വരൾച്ചരഹിത സംസ്ഥാനമാക്കി മാറ്റുകയാണ് പ്രധാന ലക്ഷ്യമെന്ന് മന്ത്രി മാത്യു ടി തോമസ്. 

നദികളുടെ പുനരുജ്ജീവനം
ജലസ്രോതസുകളുടെ പുനരുജ്ജീവനത്തിന് വരട്ടാർ മോഡൽ അനുകരണീയമാണ്. ജനകീയ മുന്നേറ്റങ്ങളുടെ ഫലമായാണ് ഇത്തരം പ്രവർത്തനങ്ങൾ സാധ്യമായത്. ഹരിതകേരള മിഷന്റെ പ്രവർത്തനം നടന്നതോടെ പ്രദേശത്തെ ജനങ്ങൾ പദ്ധതി ഏറ്റെടുത്തു. വരട്ടാർ പുനരുജ്ജീവനം രണ്ടാം ഘട്ട പ്രവൃത്തികൾക്കായി 7.70 കോടി രൂപയുടെ ഭരണാനുമതി നൽകി. ഇതേ മാതൃകയിൽ കോലറയാർ, കാനാപ്പുഴയാർ, പള്ളിക്കലാർ, മീന്തലയാർ, പൂനൂറാർ, കുട്ടംപേരൂറാർ തുടങ്ങിയവയുടെ പുനരുജ്ജീവനപ്രവർത്തനങ്ങൾ വിജയം കണ്ടു. തിരുവനന്തപുരം നഗരത്തിലെ മാലിന്യവാഹിനിയായ പാർവതിപുത്തനാർ വീണ്ടെടുക്കുകയാണ് അടുത്ത ലക്ഷ്യം.

വൻകിട ജലസേചന പദ്ധതികൾ
മൂവാറ്റുപുഴ വാലി, ഇടമലയാർ, കാരാപ്പുഴ, ബാണാസുരസാഗർ എന്നിവയുടെ കർശനപരിശോധനക്ക് സമിതിയെ ചുമതലപ്പെടുത്തി. ലോകബാങ്ക് ഫണ്ട് ഉപയോഗിച്ച് 17 കോടി രൂപ മുതൽമുടക്കുള്ള സമാന്തര പാലത്തിന്റെ പണികൾ ഭൂതത്താൻകെട്ടിൽ പുരോഗമിക്കുന്നു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പ്രദേശങ്ങളിൽ ആർബി കനാലുകളുടെ വാലറ്റം വരെയും എൽബി കനാലുകളുടെ 37 കിലോമീറ്റർ നീളം വരെയും വെള്ളം എത്തിക്കാൻ സാധിച്ചു. പമ്പാ ആക്ഷൻ പ്ലാൻ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

ചെറുകിട ജലസേചന പദ്ധതികൾ
60 ശതമാനം ജനങ്ങളും ആശ്രയിക്കുന്ന സ്രോതസ്സെന്ന നിലയിൽ കിണറുകളുടെയും കുളങ്ങളുടെയും ചെറുകിട പദ്ധതികളുടെയും നവീകരണപ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. കബനി, ഭവാനി ഉപനീർത്തടങ്ങളിലെ പദ്ധതികൾ, തലപ്പള്ളി പാക്കേജ്, ക്ലാസ്സ് ഒന്ന്, ക്ലാസ്സ് രണ്ട് വിഭാഗങ്ങളിൽപ്പെട്ട വിവിധ ചെറുകിട ജലസേചനപദ്ധതികൾ എന്നിവ 140.4 കോടി രൂപയുടെ ഭരണാനുമതിയോടെ പുരോഗമിക്കുന്നു.
ചെറുകിട

ജലസ്രോതസ്സുകൾ

529 കുളങ്ങൾ പുനരുദ്ധരിച്ചു. 5,000 തുറന്ന കിണറുകളുടെ സംപോഷണം നടത്തുന്നതിനും കുടിവെള്ള വിതരണപദ്ധതികൾ എത്തിച്ചേരാത്ത പ്രദേശങ്ങൾക്കു മുൻഗണന നൽകി 10,000 ലിറ്റർ ശേഷിയുള്ള മഴവെള്ള സംഭരണികൾ കുടുംബങ്ങൾക്കു നൽകുന്നതിനുള്ള പദ്ധതി 24 പഞ്ചായത്തുകളിൽ നടന്നുവരുന്നു. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്, ചിറ്റൂർ ബ്ലോക്കുകളിലെ മഴനിഴൽ പ്രദേശങ്ങളിലുള്ള കുളങ്ങൾ നവീകരിക്കുന്നതിനും തടയണകൾ, വിസിബികൾ എന്നിവ നിർമിക്കുന്നതിനുമായി 1013.4 ലക്ഷം രൂപയ്ക്കുള്ള ഭരണാനുമതി നൽകി. വിവിധ ജില്ലകളിലായി 1985 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പ്രവർത്തനക്ഷമമല്ലാത്ത വെന്റഡ് ക്രോസ് ബാറുകൾ, റഗുലേറ്ററുകൾ, തടയണകൾ തുടങ്ങിയവയുടെ പുനരുദ്ധാരണത്തിനായി 1357.165 രൂപയുടെ പദ്ധതിയുമുണ്ട്.

ശബരിമലയിൽ ചൂടുവെള്ളം
തീർഥാടനകാലത്ത് ശബരിമലയിൽ രണ്ട് വർഷങ്ങളിലും കുറ്റമറ്റ രീതിയിൽ കുടിവെള്ള വിതരണം നടത്തി. തീർഥാടകർ നടന്നു പോകേണ്ട വഴിയിൽ ഏതുഭാഗത്തും തൊട്ടടുത്തു തന്നെയുള്ള ടാപ്പിൽനിന്ന് വെള്ളം ലഭിക്കുന്ന സംവിധാനമാണ് ഒരുക്കിയത്. ഇതിൽ തണുത്ത വെള്ളം ലഭിക്കാനും ക്രമീകരണം ഏർപ്പെടുത്തി. ഇനിമുതൽ ചൂടുവെള്ളം നൽകുന്നതിനുള്ള സൗകര്യവും ഒരുക്കും.

നിയമനിർമാണം

നദികളിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നതിനു നിരോധനം ഏർപ്പെടുത്തും. നിയമലംഘനത്തിനെതിരെ കർശന നടപടി സ്വീകരിക്കും.

മാൻഹോൾ ശുചീകരണം

കേരള വാട്ടർ അതോറിറ്റി ഇന്നവേഷൻ സോണിന്റെ ആഭിമുഖ്യത്തിൽ ജെൻറോബോട്ടിക്സ് എന്ന സ്റ്റാർട്ടപ്പ് സ്ഥാപനമാണ് ബൻഡിക്കൂട്ട് എന്ന റോബോട്ടിനെ രൂപകൽപ്പന ചെയ്തത്. മനുഷ്യപ്രയത്നമില്ലാതെ ആൾനൂഴികൾ (മാൻഹോളുകൾ) ശുചിയാക്കാനാകും.
  തുടക്കത്തിൽ തിരുവനന്തപുരം നഗരത്തിലെ ആൾനൂഴികൾ ശുചിയാക്കുന്നതിന് ബൻഡിക്കൂട്ട് പ്രയോജനപ്പെടുത്തും. അഴക്കുചാലുകൾ കൂടുതലായുള്ള എറണാകുളത്തും ഇവയുടെ പ്രയോജനം ലഭിക്കും.

ഡാമുകളിലെ ചെളി നീക്കംചെയ്യൽ
സംസ്ഥാനത്തെ ജലസംഭരണികളിൽ വർഷങ്ങളായി ഒഴുകിയെത്തിയ ചെളിയും എക്കലും മണലും ജലസംഭരണശേഷി കുറച്ചിട്ടുണ്ട്. ഇത് മാറ്റുന്നതിന് നടപടിയുണ്ടാകും. ചുള്ളിയാർ, മംഗലംഡാമുകളിൽ സാമ്പിൾ പഠനം പുരോഗമിക്കുന്നു.

പ്രധാന വാർത്തകൾ
 Top