12 November Tuesday

‘പറഞ്ഞതെല്ലാം ചെയ‌്തുനിറഞ്ഞൂ’

കെ ശ്രീകണ‌്ഠൻUpdated: Saturday May 25, 2019

ചെറുതും വലുതുമായ ഒട്ടേറെ വികസനപദ്ധതികൾ പൂർത്തീകരിച്ചാണ‌് എൽഡിഎഫ‌് സർക്കാർ മൂന്നുവർഷം പൂർത്തീകരിച്ചത‌്. ക്ഷേമ പെൻഷനുകൾ അടക്കം ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനുള്ള അഭിമാനാർഹമായ നടപടികളും ജനകീയ അംഗീകാരത്തിന‌് ഇടയാക്കി. നവകേരള മിഷനുകീഴിൽ എല്ലാവർക്കും വീട്‌ നൽകുന്ന ലൈഫ‌്, ജനകീയ ആരോഗ്യ പദ്ധതിയായ ആർദ്രം, പൊതു വിദ്യാഭ്യാസമേഖലയുടെ പുരോഗതിക്കായി ആരംഭിച്ച പൊതു വിദ്യാഭ്യാസയഞ്ജം, കേരളത്തിന്റെ ജലാശയവും പ്രകൃതിയും സംരക്ഷിക്കാനുള്ള ഹരിത കേരളം മിഷനുകൾ എന്നിവ നടപ്പാക്കുന്നതും കൃത്യതയോടെയാണ‌്

 

തിരുവനന്തപുരം
രാജ്യത്ത‌് ഒന്നാമതെത്താനുള്ള കേരളത്തിന്റെ കുതിപ്പിന‌് തുടക്കം കുറിച്ചിട്ട‌് മൂന്നുവർഷം തികഞ്ഞു. പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ‌് സർക്കാർ നാലാം വർഷത്തിലേക്ക‌് കടക്കുകയാണ‌്.  സാമൂഹിക നീതിയിലധിഷ‌്ഠിതമായ പുതിയ വികസന ദിശാബോധവുമായി.  അധികാരത്തിലറി 1000 ദിനം പൂർത്തീകരിച്ചപ്പോൾ ‘പറഞ്ഞതെല്ലാം ചെയ‌്തുനിറഞ്ഞൂ’ വെന്നാണ‌് സർക്കാർ അവകാശപ്പെട്ടത‌്.  അത‌് യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നതാണെന്ന‌്  എതിരാളികളും  സമ്മതിക്കും. ഇനി നവകേരള നിർമാണത്തിന്റെ പുതിയ വഴിത്താരയിലേക്ക‌് വർധിതമായ ആത്മവിശ്വാസത്തോടെ.

ഒന്നും നടക്കില്ലെന്ന ധാരണ തിരുത്തി
നിയമസഭാ  തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക‌് നൽകിയ വാക്ക‌് ഓരോന്നായി പാലിച്ചാണ‌് സർക്കാർ മൂന്നുവർഷം പിന്നിടുന്നത‌്. പറഞ്ഞതെല്ലാം ചെയ‌്തുവെന്നത‌് ഒട്ടും അതിശയോക്തിയാവില്ല. കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ തിരുത്തി. ഇന്ന‌് രാജ്യത്ത‌് ഏറ്റവും മികച്ച ക്രമസമാധാനം നിലവിലുള്ളത‌് ഇവിടെയാണ‌്. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്ന‌്. മികച്ച ഭരണ നിർവഹണമെന്ന‌് രാജ്യമെങ്ങും ശ്ലാഘിക്കുന്നത‌് കേരളത്തെയാണ‌്. ക്രമസമാധാനം, മതസൗഹാർദ്ദം, സ‌്ത്രീ സുരക്ഷ,  പൊതുവിദ്യാഭ്യാസ മികവ‌്, വീണ്ടെടുക്കുന്ന ഹരിതാഭ,  വിസ‌്മൃതിയിലായ വൈദ്യുത പ്രതിസന്ധി, മികവാർന്ന ആരോഗ്യപരിരക്ഷ... ഇങ്ങനെ കേരളം മൂന്നു വർഷത്തിനുള്ളിൽ കൈവരിച്ച നേട്ടങ്ങളുടെ നിര നീണ്ടതാണ‌്.

പ്രളയത്തിൽ തകർന്ന കേരളത്തെ മികച്ച നിലയിൽ പുനർനിർമിക്കുന്നതിനുള്ള സമഗ്രമായ പ്രവർത്തനപദ്ധതിയാണ‌് മൂന്നുവർഷം തികയുമ്പോൾ സർക്കാർ മുന്നോട്ടുവച്ചിരിക്കുന്നത‌്. പുനർനിർമാണ വികസന പരിപാടിയുടെ കരടുരേഖയ‌്ക്ക‌് അംഗീകാരമായി. പ്രളയം ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള നിർമാണമാണ‌് ലക്ഷ്യമിടുന്നത‌്. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ നിലവിൽ നടപ്പാക്കികൊണ്ടിരിക്കുന്ന പദ്ധതികളെയും പരിപാടികളെയും സംയോജിപ്പിച്ചുകൊണ്ടാണ‌് പുനർനിർമാണം നടപ്പാക്കുക എന്ന‌് വ്യക്തമാക്കിയിട്ടുണ്ട‌്.

ദുരന്തങ്ങൾ വേട്ടയാടി, കേരളം തളർന്നില്ല
കഴിഞ്ഞ മൂന്നുവർഷം പ്രതിസന്ധിയുടെയും തിരിച്ചടിയുടെയും നാളുകളായിരുന്നു. ഓഖി, പ്രളയം തുടങ്ങിയ ദുരന്തങ്ങൾ വേട്ടയാടിയിട്ടും കേരളം തളർന്നില്ല. സമാനതകളില്ലാത്ത രക്ഷാപ്രവർത്തനത്തിലൂടെയും ദുരിതാശ്വാസ പ്രവർത്തനങ്ങളിലൂടെയും അത‌് അതിജീവിച്ചു. 1664 വില്ലേജുകളിൽ 1269 എണ്ണത്തെയാണ‌് പ്രളയം കശക്കിയെറിഞ്ഞത‌്. 433 ജീവൻ നഷ്ടമായി. 14.5 ലക്ഷം പേരെ മാറ്റിപാർപ്പിച്ചു. പുനരധിവാസത്തിനായി ഇതിനകം 5500  കോടി രൂപ ചെലവിട്ടു. അതിവേഗത്തിലുള്ള ദുരിതാശ്വാസത്തിലൂടെയും പുനരധിവാസ പ്രക്രിയയിലൂടെയും അതിജീവിനത്തിന്റെ പുതിയ ചരിത്രം രചിച്ചു.

പശ്ചാത്തല സൗകര്യവികസനത്തിന‌് കിഫ‌്ബി വഴി 50000 കോടി രൂപയുടെ പദ്ധതികളാണ‌് എറ്റെടുക്കുന്നത‌്. ഇതിൽ 41,236 കോടിയുടെ പദ്ധതികൾക്ക‌് അംഗീകാരമായി. കണ്ണൂർ രാജ്യാന്തര വിമാനത്താവളം, വൈറോളജി ഇൻസ‌്റ്റിറ്റ്യൂട്ട‌്, ഗെയിൽ പൈപ്പ‌് ലൈൻ , ദേശീയപാത വികസനം, മലയോര ഹൈവേ, തീരദേശ ഹൈവേ... ഇങ്ങനെ കേരളത്തിന്റെ മുഖഛായ മാറ്റുന്നതിനുള്ള തീവ്ര ശ്രമത്തിലാണ‌് സർക്കാർ.

വികസന അജൻഡ തുടരും
സംസ്ഥാന സർക്കാർ മൂന്നുവർഷം തികച്ച വേളയിലാണ‌് ലോക‌്സഭാ തെരഞ്ഞെടുപ്പ‌് കടന്നുവന്നത‌്. അടുത്ത അഞ്ചുവർഷം രാജ്യം ആരുഭരിക്കും എന്നതാണ‌് ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം. ദേശീയ രാഷ്ട്രീയവും കേന്ദ്രഭരണവുമാണ‌് തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചയായത‌്. നിയമസഭാ തെരഞ്ഞെടുപ്പിലും ലോക‌്സഭാ തെരഞ്ഞെടുപ്പിലും വിധിനിർണയിക്കുന്നത‌് വ്യത്യസ‌്ത ഘടകങ്ങളാണെന്ന‌് എല്ലാവർക്കും അറിയാം. സംസ്ഥാന ഭരണത്തെ പൂർണമായും വിലയിരുത്തി ജനങ്ങൾ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാറില്ല എന്നതും വസ‌്തുതയാണ‌്. എങ്കിലും ദേശീയ വിഷയങ്ങൾക്കൊപ്പം സംസ്ഥാന ഘടകങ്ങളും വിധിയെഴുത്തിനെ സ്വാധീനിച്ചിരിക്കാമെന്നാണ‌് വിലയിരുത്തൽ. കേരളത്തിൽ യുഡിഎഫിന‌് മേൽക്കൈ നൽകിയ ജനവിധിയിൽ ഇതും ഉൾചേർന്നിട്ടുണ്ടാകും. അക്കാര്യങ്ങളെല്ലാം ഇഴകീറിയുള്ള പരിശോധനയ‌്ക്ക‌് വഴിയൊരുക്കും. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെയുള്ള  ശക്തമായ വികാരം സംസ്ഥാനത്ത‌് തെരഞ്ഞെടുപ്പിലുടനീളം പ്രതിഫലിച്ചിട്ടുണ്ട‌്. എൽഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകളാണ‌് കേരളത്തിൽ വർഗീയതയെ ചെറുക്കാൻ കഴിഞ്ഞതെന്നതും നിഷേധിക്കാനാകില്ല. നവകേരള നിർമാണത്തിനും സാമൂഹിക നീതിയിലധിഷ‌്ഠിതമായ എൽഡിഎഫിന്റെ വികസന അജണ്ടയെയും ഈ ജനവിധി ബാധിക്കില്ലെന്ന‌് ഉറപ്പാണ‌്. അടുത്ത ഊഴത്തിൽ സംസ്ഥാന സർക്കാരിനെ വിലയിരുത്തി ജനങ്ങൾ ശരിയായ വിധി നിർണയത്തിന‌് തയ്യാറാകുമെന്ന‌് തീർച്ച. അതാണ‌് അനുഭവ പാഠം.

 

എല്ലാവർക്കും വീട‌്, പിഴവില്ലാതെ
മൂന്നുഘട്ടമായാണ‌് ലൈഫ‌് പദ്ധതി നടപ്പാക്കുന്നത‌്. വീട‌് നിർമാണം പാതിവഴിയിൽ നിലച്ചതിന്റെ പൂർത്തീകരണമാണ‌് ഒന്നാംഘട്ടം.  ഈ വിഭാഗത്തിൽ 54,092 വീടുകളിൽ 50,447 എണ്ണം പൂർത്തീകരിച്ചു. 93.26 ശതമാനംവരും ഇത‌്. ഭൂമിയുള്ള ഭവന രഹിതർക്കുള്ള വീട‌് നിർമാണമാണ‌് രണ്ടാം ഘട്ടം. ഈ വിഭാഗത്തിൽ  2,35605 ഗുണഭോക്താക്കളാണുള്ളത‌്. ഇതിൽ  168974 പേർ കരാർ ഒപ്പുവെച്ചു. 47,154  വീടുകൾ  പൂർത്തീകരിച്ചു.  ഭൂരഹിത–-ഭവന രഹിതർക്കുള്ള വീടു നിർമാണമാണ‌് മൂന്നാംഘട്ടം. ഇവർക്ക‌് ഫ‌്ളാറ്റ‌് പണിയാൻ  ഭൂരിപക്ഷ തദ്ദേശഭരണ സ്ഥാപനങ്ങളും  സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. അടിമാലിയിൽ 200 കുടുംബങ്ങൾക്കുള്ള ഭവന സമുച്ചയം കഴിഞ്ഞ ദിവസം കൈമാറി.
 

രോഗീ സൗഹൃദ ആശുപത്രികൾ
ആരോഗ്യരംഗത്ത് നിലവിലുള്ള കാഴ്ചപ്പാട‌് മാറ്റിമറിച്ച വിപ്ലവകരമായ പദ്ധതിയായിരുന്നു ആർദ്രം. അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതിനോടൊപ്പം പുതിയ ചില ആശയങ്ങള്‍ അവതരിപ്പിക്കുകയും  ചെയ‌്തു. കിടത്തി ചികിത്സ ആവശ്യമില്ലാത്ത രോഗികള്‍ക്ക് കൂടുതല്‍ സൗഹാര്‍ദപരമായ അന്തഃരീക്ഷം സൃഷ്ടിക്കുകയായിരുന്നു ഇതിൽ പ്രധാനം. ദൈനംദിനം ആശുപത്രി സന്ദര്‍ശിക്കേണ്ടിവരുന്ന രോഗികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ക്ക‌് മുന്‍ഗണന നൽകി. അതോടൊപ്പം  ആരോഗ്യരംഗത്തെ മറ്റ് സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഗുണനിലവാരമുള്ള സേവനങ്ങളും  പ്രദാനം ചെയ്യുന്നു. ജില്ല, താലൂക്ക് ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സംവിധാനങ്ങളും ഒരുക്കുന്നു. പ്രാഥമിക ചികിത്സ കേന്ദ്രങ്ങളെ കുടുംബ ചികിത്സ കേന്ദ്രങ്ങളാക്കി മാറ്റി. പ്രാദേശിക സമൂഹങ്ങളുടെ പങ്കാളിത്തത്തോടെ പ്രതിരോധത്തിനും പുരനധിവാസത്തിനും ഊന്നല്‍ നല്‍ക്കുന്ന  നവീനരീതിയാണ‌് നടപ്പാക്കിയത‌്.


 

എല്ലാ ചികിത്സയും ധർമാശുപത്രികളിൽ
സ്വകാര്യ ആശുപത്രികളിൽ വലിയ ചെലവിൽ നടക്കുന്ന പക്ഷാഘാതം, ക്യാൻസർ, ഹൃദ്രോഗ ചികിത്സകൾ സർക്കാർ ആശുപത്രികളിൽ ഒരുക്കുകയാണ‌് സംസ്ഥാന സർക്കാർ. 2014ൽ 66 ശതമാനം പേരാണ് കാൻസർ ചികിത്സക്ക‌് സർക്കാർ ആശുപത്രികളിൽ  എത്തിയത‌്. മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതോടെ 85 ശതമാനം പേർ എത്തുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ.

കൊച്ചി ക്യാൻസർ സെന്ററിൽ 400 കോടി രൂപയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. മലബാർ ക്യാൻസർ സെന്ററിനെ ആർസിസി തലത്തിലേക്ക് ഉയർത്താൻ 300 കോടിയുടെ പദ്ധതി നടപ്പാക്കും. അഞ്ച് മെഡിക്കൽ കോളേജുകളിലും ക്യാൻസർ സെന്റർ വരും. എല്ലാ ജില്ലയിലും ഒരു പ്രധാന ആശുപത്രിയിൽ പാലിയേറ്റീവ് കീമോ തെറാപ്പി സൗകര്യം ഒരുക്കുന്നു. എല്ലാ ജില്ലകളിലും 10 കിടക്കകളുള്ള യൂണിറ്റുകൾ സജ്ജമാക്കി. ജില്ലാ ക്യാൻസർ കെയർ യൂണിറ്റുകളും ആരംഭിച്ചു. തലച്ചോറിലെ രക്തധമനിയിലുണ്ടാകുന്ന ക്ലോട്ടുകളെ അലിയിച്ചു കളയുന്ന സംവിധാനത്തോട‌് കൂടിയ അഞ്ച‌്‌ സ്ട്രോക്ക് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു.  ഈ വർഷം പത്ത് കാത്ത് ലാബുകളും അടുത്തവർഷത്തോടെ രണ്ട് കാത്ത് ലാബുകളും ആരംഭിക്കും. എല്ലാ ജില്ല, താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സംവിധാനം ഈവർഷം നിലവിൽ വരും.

സ‌്മാർട്ടാണ‌് സ‌്കൂളുകൾ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ മഹത്വവും പ്രാധാന്യവും അതിന്റെ ജനകീയതയിലൂന്നിയ മുഖമാണ്‌. നാട്ടിലെ വിദ്യാലയങ്ങളുടെ സംരക്ഷണ ഉത്തരവാദിത്തം, ആ വിദ്യാലയം നിലനിൽക്കുന്ന സമൂഹത്തെ ഏൽപ്പിക്കുന്ന പദ്ധതിയാണിത്‌. നാട്ടുകാരുടെ നിതാന്ത ജാഗ്രത  സ‌്കൂളുകളിൽ ഉറപ്പാക്കി മികവിന്റെ കേന്ദ്രമാക്കി മാറ്റുകയെന്ന ലഷ്യം നടപ്പായിവരികയാണ‌്.  വിദ്യാഭ്യാസ പരിതസ്ഥിതികൾ മെച്ചപ്പെടുത്തുക, വിദ്യാഭ്യാസത്തിന് സാങ്കേതികവിദ്യയുടെ ഉപയോഗം, പഠനരീതി പുതുക്കൽ, എല്ലാ സ‌്കൂളുകളെയും സ്മാർട്ട് സ്കൂളുകളാക്കുക എന്നിവയാണ‌് പ്രധാന ലക്ഷ്യം.  ഈ പദ്ധതികളുടെ ഭാഗമായി 40,000 ക്ലാസ‌് മുറികൾ ഹൈടെക‌് ആയി. എൽപി മേഖലയിലും ഹൈടെക‌് ക്ലാസ‌് മുറികൾ ആരംഭിക്കാൻ തീരുമാനിച്ചു. പാഠ പുസ‌്തകങ്ങൾ പരിഷ‌്കരിച്ചു. അധ്യയന വർഷം ആരംഭിക്കും മുമ്പേ പാഠ പുറസ‌്തകങ്ങൾ സ‌്കൂള‌ുകള‌ിൽ എത്തിച്ച‌് ചരിത്രം കുറിച്ചു. മുഴുവൻ സ‌്കൂളുകൾക്കും അധ്യാപക രക്ഷകർതൃ പങ്കാളിത്തത്തോടെ മാസ‌്റ്റർ പ്ലാൻ തയ്യാറാക്കി. പ്രവേശനോത്സവം ജനകീയ ഉത്സവമായി. ഇതിന്റെയെല്ലാം ഭാഗമായി കഴിഞ്ഞ അധ്യയന വർഷം 1,57,406 കുട്ടികളാണ‌് പൊതുവിദ്യാലയങ്ങളിൽ വർധിച്ചത‌്.

 

മെഡിക്കൽ കോളേജുകൾ മികവിന്റെ കേന്ദ്രങ്ങൾ
തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളും ജില്ല, താലൂക്ക് ആശുപത്രികളുമാണ് മികവിന്റെ കേന്ദ്രങ്ങളാവുക. മെഡിക്കൽ കോളേജുകളിൽ പത്തുകോടി ചെലവിൽ സമ്പൂർണ ട്രോമാ കെയർ സംവിധാനം, കാൻസർ ചികിത്സയ്ക്കായി ആർസിസി മോഡൽ ചികിത്സ തുടങ്ങിയ പദ്ധതികളും പുരോഗമിക്കുന്നു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നീ മെഡിക്കൽ കോളേജുകളിൽ മാത്രമുണ്ടായിരുന്ന കാത്ത‌്‌ലാബുകൾ തൃശൂർ, മഞ്ചേരി, പാരിപ്പള്ളി, എറണാകുളം മെഡിക്കൽ കോളേജുകളിലേക്കും വ്യാപിപ്പിച്ചു. തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളേജുകളിൽ രണ്ടാമത്തെ യൂണിറ്റും അനുവദിച്ചു. കൊല്ലം, കണ്ണൂർ, വയനാട് ജില്ലാ ആശുപത്രി, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി എന്നിവിടങ്ങളിലും കാത്ത‌്‌ലാബ‌് അനുവദിച്ചു. ജില്ലാ ആശുപത്രികൾ നവീകരിക്കാനായി മാസ്റ്റർപ്ലാനുകൾ തയ്യാറാക്കി   2017–- 18ൽ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. ഇതിൽ 155 എണ്ണം പ്രവർത്തനമാരംഭിച്ചു. ആറെണ്ണം ഉടൻ പ്രവർത്തനസജ്ജമാകും. പ്രവർത്തനസമയവും സേവനഘടകങ്ങളും വർധിപ്പിച്ചാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്. 

ആശുപത്രികളിലെ തിരക്കും ക്യൂ സമ്പ്രദായവും അവസാനിപ്പിക്കാനായി ഇ–- ഹെൽത്തിന്റെ സഹായത്തോടെ അധിക ഒപി കൗണ്ടറുകൾ, അഡ്വാൻസ് ബുക്കിങ‌് കൗണ്ടർ,  ഒപി സംവിധാനം എന്നിവ നടപ്പാക്കുന്നു. പ്രദേശത്തെ ജനങ്ങളുടെ എണ്ണവും ജീവിത ശൈലീരോഗ രജിസ്റ്ററും തയ്യാറാക്കുന്ന പദ്ധതി തിരുവനന്തപുരം, തൃശൂർ, കണ്ണൂർ, വയനാട് ജില്ലകളിൽ ആരംഭിച്ചു. എല്ലാജില്ലകളിലും വ്യാപിപ്പിക്കും. ജില്ലാ ആശുപത്രികളിൽ 18 വയസിനു മുകളിൽ പ്രായമായവരുടെ രക്തസമ്മർദം പരിശോധിക്കുന്ന ഇന്ത്യാ ഹൈപ്പർ ടെൻഷൻ മാനേജ്മെന്റ് ഇനിഷ്യേറ്റീവ്, വീട്ടിൽഡയാലിസിസ‌് ചെയ്യാവുന്ന കണ്ടിന്യൂസ് ആംബുലേറ്ററി പെരിറ്റോണിയൽ ഡയാലിസിസ്, ഡയബറ്റിസ് റെറ്റിനോപ്പതി ചികിത്സയ്ക്ക‌് ജില്ലാ ആശുപത്രികളിലും തിരുവനന്തപുരത്തെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും നടപ്പാക്കുന്ന നയനാമൃതം, എല്ലാ ജില്ലയിലും പുകയില വിമുക്തി കേന്ദ്രങ്ങൾ, 232 സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ സെക്കന്ററിതല പാലിയേറ്റീവ് പരിചരണം, ഓരോ ജില്ലയിലും രണ്ട‌് വയോജന സൗഹൃദ ആശുപത്രികൾ, സമ്പൂർണ മാനസിക ആരോഗ്യവു പരിപാടിയും ആശ്വാസം ക്ലിനിക്കും, ആർദ്രം മാതൃത്വം പദ്ധതി, ശ്വാസകോശ രോഗങ്ങൾക്കായി ശ്വാസ് ക്ലിനിക്ക‌് തുടങ്ങി ആരോഗ്യ രംഗത്ത‌് സമൂല മാറ്റം ഉറപ്പാക്കുന്ന പദ്ധതികളാണ‌് ആർദ്രം പദ്ധതിക്ക‌് കീഴിൽ ആവിഷ്കരിച്ച‌് നടപ്പാക്കുന്നത‌്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top