18 February Tuesday

വരുന്നു സൂപ്പർ സ്പേസ് ടെലസ് ക്കോപ്പുകൾ

സാബു ജോസ്Updated: Thursday Jul 25, 2019


ചരിത്രത്തിൽ ഇടം നേടിയ ബഹിരാകാശ ദൂരദർശിനിയാണ് ഹബിൾ സ്പേസ് ടെലസ്ക്കോപ്പ്. ഇപ്പോഴും ബഹിരാകാശത്തുള്ള ഈ ദൂരദർശിനി 2030 വരെ നമുക്ക് വിസ്മയകരമായ പ്രപഞ്ച ചിത്രങ്ങൾ സമ്മാനിച്ചു കൊണ്ടിരിക്കും. നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ചേർന്ന് നിർമ്മിച്ച ജെയിംസ് വെബ് സ്പേസ് ടെലസ്ക്കോപ്പ് 2021 ൽ വിക്ഷേപിക്കുമെങ്കിലും ശാസ്ത്രലോകത്തിന്റെ അന്വേഷണത്വര അടങ്ങുന്നില്ല. 2030 കളിൽ നാസ വിക്ഷേപിക്കുന്ന ചില സൂപ്പർ ടെലസ്ക്കോപ്പുകളെ പരിചയപ്പെടാം.

ലവയർ (LUVIOR)
ഹബിൾ സ്പേസ് ടെലസ്കോപ്പിന്റെ യഥാർത്ഥ പിൻഗാമി എന്നു വിശേഷിപ്പിക്കാവുന്ന  ബഹിരാകാശ ദൂരദർശിനിയാണ് ലവയർ  (Large Utlra Violte Optical Intfrared Surveyor LUVIOR). ഹബിൾ ദൂരദർശിനിയെപ്പോലെതന്നെ ദൃശ്യപ്രകാശത്തിലും അൾട്രാവയലറ്റ് ഇൻഫ്രാറെഡ്  വേവ് ബാൻഡിലും പ്രപഞ്ച ചിത്രങ്ങൾ നിർമ്മിക്കൻ ഈ ദൂരദർശിനിക്ക് കഴിയും. ഹബിൾ നിർമ്മിക്കുന്ന പ്രപഞ്ചചിത്രങ്ങളേക്കാൾ ആറ് മടങ്ങ് അധികം റെസല്യൂഷനുളള ചിത്രങ്ങളെടുക്കാൻ ലവയറിന് കഴിയും. നാസയുടെ സ്പേസ് ലോഞ്ച് സിസ്റ്റം (SLS) മെഗാ റോക്കറ്റിലായിരിക്കും ലവയറിന്റെ വിക്ഷേപണം നടത്തുക. വാസയോഗ്യമായ അന്യഗ്രഹങ്ങൾ (Habitable Exoplantes), നക്ഷത്രങ്ങളുടെയും ഗാലക്സികളുടെയും രൂപീകരണവും പരിണാമവും, പ്രപഞ്ചത്തിന്റെ ദ്രവ്യവിന്യാസത്തിന്റെ തോത്, സൗരയൂഥത്തിലെ വിവധ പിണ്ഡങ്ങളുടെ ചിത്രീകരണം എന്നിവയെല്ലാമാണ് ലവയർ നോക്കിക്കാണാൻ പോകുന്നത്.

 

ഹാബെക്സ് (HabEx)
തിളക്കം കൂടിയ നക്ഷത്രങ്ങൾക്ക് ചുറ്റുമുള്ള ഭൗമസമാനഗ്രഹങ്ങളെ കണ്ടെത്തുന്നതിനായി രൂപകൽപ്പന ചെയ്യുന്ന ബഹിരാകാശ ദൂരദർശിനിയാണ് ഹാബെക്സ്. (Habitable Exoplante Imaging Mission‐ HabEx). സൂര്യനെപ്പോലെ ശോഭയുള്ള നക്ഷത്രങ്ങളെയാണ് ഹാബെക്സ് തിരയുന്നത്. അവയുടെ വാസയോഗ്യ മേഖലയിലുള്ള ഗ്രഹങ്ങളയെയും ഇത്തരം ഗ്രഹങ്ങളിൽ ജലത്തിന്റെയും മിഥെയ്നിന്റെയും സാന്നിധ്യമുണ്ടോ എന്നും പരിശോധിക്കും. ജലവും മീഥേയ്നും ജീവന്റെ അടയാളങ്ങളാണ്. ജീവന്റെ അടിസ്ഥാനം ജലമാണ്. ജന്തുക്കൾ മരണമടഞ്ഞ് ചീയുമ്പോഴാണ് അന്തരീക്ഷത്തിലേക്ക് മീഥേയ്ൻ എത്തുന്നത്. ഇവയുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞാൽ അത്തരം ഗ്രഹങ്ങളിൽ ഭൗമേതര ജീവൻ ഉണ്ടെന്ന് അനുമാനിക്കാം. സൗരയൂഥത്തിന് വെളിയിലുള്ള ഭൗമ സമാന ഗ്രഹത്തിന്റെ നേരിട്ടുള്ള ചിത്രീകരണം ആദ്യമായി നടത്തുന്നതും ഹാബെക്സ് ആയിരിക്കും. ഗ്യാലക്സിയുടെ മാപ്പിംഗ്, പ്രപഞ്ച വികസനത്തിന്റെ വേഗത നിർണ്ണയം, ഡാർക്ക് മാറ്ററിനെ കുറിച്ചുള്ള പഠനം എന്നിവയും ഹാബെക്സിന്റെ ശാസ്ത്രീയ ലക്ഷ്യങ്ങളിൽ ഉൾപ്പെടും

ലിങ്സ് (Lynx)
നാസയുടെ ബഹിരാകാശ ദൂരദർശിനിയായ ചന്ദ്ര എക്സ്‐റെ ഒബ്സർവേറ്ററിയുടെ പിൻഗാമിയാണ് ലിങ്സ് എക്സ്‐റേ ഒബ്സർവേറ്ററി. മനുഷ്യനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത അദൃശ്യ പ്രപഞ്ചത്തെകുറിച്ചുള്ള പഠനമാണ് ലിങ്സ് നടത്തുക. തമോദ്വാരങ്ങൾ, സൂപ്പർ നോവ പോലെയുള്ള എക്റേ ന സ്രോതസ്സുകളാണ് പ്രധാനമായും ലിങ്സിന്റെ നിരീക്ഷണ പരിധിയിൽ വരുക. ഇത്തരം പ്രതിഭാസങ്ങളുടെ രൂപീകരണവും പരിണാമവും തിരയുന്നതിനോടൊപ്പം ഗ്യാലക്സി രൂപീകരണ ഘടകങ്ങളെ കുറിച്ചും ലിങ്സ് പരിശോധിക്കും. ചന്ദ്ര എക്സ്‐റേ ഒബ്സർവേറ്ററി നൽകിയ പ്രപഞ്ച ചിത്രങ്ങളേക്കാൾ നൂറ് മടങ്ങധികം റെസല്യൂഷനുള്ള ചിത്രങ്ങൾ നിർമ്മിക്കാൻ ലിങ്സിന് കഴിയും. 16000 പ്രകാശ വർഷം അകലെയുള്ള നക്ഷത്രങ്ങളെ വരെ ലിങ്സിന് നിരീക്ഷിക്കാൻ കഴിയും.

ഒറിജിൻസ് (Origins)

ഇൻഫ്രാറെഡ് തരംഗദൈർഘ്യത്തിൽ ആകാശ നിരീക്ഷണം നടത്തുന്ന ഒറിജിൻസ് സ്പേസ് ടെലസ്ക്കോപ്പിന്റെ ലക്ഷ്യം പ്രപഞ്ചത്തിൽ ജീവൻ ഉത്്ഭവിച്ചതിന്റെ പിന്നിലുള്ള ദൂരൂഹതകൾ വെളിച്ചത്ത് കൊണ്ട് വരികയാണ്.  പ്രപഞ്ചോൽപത്തിയെതുടർന്നുണ്ടായ ആദ്യ നക്ഷത്രങ്ങളിൽ ജീവൻ രൂപീകരിക്കപ്പെടുന്നതിനുള്ള ഘടകങ്ങൾ എങ്ങനെയുണ്ടായി എന്ന് മനസ്സിലാക്കാൻ ഒറിജിൻസ് സഹായിക്കുമെന്നാണ് ആസ്ട്രേബയോളിസ്റ്റുകൾ പ്രതീക്ഷിക്കുന്നത്. ഇൻഫ്രാറെഡ് വേവ് ബാൻഡിൽ പ്രവർത്തിക്കുന്നത് കൊണ്ട് നക്ഷത്രാന്തര ധൂളിയുടെ തടസ്സമില്ലാത്ത നക്ഷത്ര രൂപീകരണം നടക്കുന്ന മേഖലകളിലുള്ള പൂതിയ നക്ഷത്രങ്ങളുടെയും അവയ്ക്ക് ചുറ്റുമുള്ള ഗ്രഹങ്ങളുടെയും വ്യക്തമായ ചിത്രം നിർമ്മിക്കാൻ ഒറിജിൻസ് ടെലസ്ക്കോപ്പിന് കഴിയും. ഇതുവരെ വിക്ഷേപിച്ചിട്ടുള്ള മറ്റേത് ഇൻഫ്രാറെഡ് സ്പേസ് ടെലസ്ക്കോപ്പിനേക്കാളും നൂറ് മടങ്ങ് സംവേദന ക്ഷമതയുള്ള ടെലസ്ക്കോപ്പാണ് ഒറിജിൻസ്.
 


പ്രധാന വാർത്തകൾ
 Top