09 December Monday

കർക്കടക ചികിൽസയും ആയുർവേദവും

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2019

 

കർക്കടകമാസം പിറന്നു. ആരോഗ്യരക്ഷക്കായി ആയുർവ്വേദചര്യകൾ പിന്തുടരുന്ന മാസം കൂടിയാണ് കർക്കടകം. ദൈനംദിനജീവിതം സൗഖ്യത്തോടെ നയിക്കാൻ ആവശ്യമായ ചര്യകൾ, മുന്നൊരുക്കങ്ങൾ എന്നിവ ആയുർവ്വേദം നിർദ്ദേശിക്കുന്നു. സ്വസ്ഥനായ ഒരാളുടെ ആരോഗ്യം നിലനിർത്തുന്നതിനാണ് ദിനചര്യയും ഋതുചര്യയും ഋതുസന്ധികാല കർമ്മങ്ങളും  ആയുർവ്വേദ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മഞ്ഞുകാലവും മഴക്കാലവും വേനൽക്കാലവുമെല്ലാം ശരീരത്തെ പലതരത്തിൽ ബാധിക്കാറുണ്ട്. കാലാവസ്ഥകളിൽ ദേശകാലാന്തരങ്ങൾക്ക് അനുസരിച്ചു പല പല മാറ്റങ്ങളും വന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും സാമാന്യേന ശിശിരം, വസന്തം, ഗ്രീഷ്മം എന്നീ മൂന്നു ഋതുക്കൾ  ഉത്തരായനം എന്നും വർഷം, ശരത്, ഹേമന്തം എന്നീ കാലങ്ങളെ ദക്ഷിണായനം എന്നും പറഞ്ഞുപോരുന്നു. ഉത്തരായനം പൊതുവെ ചൂടുകാലവും ദക്ഷിണായനം ചൂട് കുറവുള്ള കാലവും ആണ്. ഉത്തരായനത്തിനും ദക്ഷിണായനത്തിനും ഇടയിൽ വരുന്ന ഋതുസന്ധികാലമായ കർക്കടകം നമ്മുടെ നാടിന്റെ പ്രത്യേകത അനുസരിച്ച് ‘സാധാരണ കാലം' ആണ്. പരമ്പരാഗതമായി വൈദ്യന്മാർ ആയുർവേദഗ്രന്ഥങ്ങൾക്ക് അനുസൃതമായി ഈ കാലത്തെ ശരീരത്തെ ബലപ്പെടുത്തുന്നതിന് ഉപയോഗപ്പെടുത്തി.

വർഷകാലം ആരോഗ്യകരമാക്കാം
കർക്കടകം വർഷകാലത്തിന്റെ തുടക്കം ആയതിനാൽ അഗ്നി മന്ദിക്കാൻ തുടങ്ങുകയും അഗ്നിയുടെ മന്ദത, വാതം , പിത്തം, കഫം എന്നീ ശരീരദോഷങ്ങളെ ദുഷിപ്പിക്കാൻ തുടങ്ങുകയും ചെയ്യും. അഗ്നിദുഷ്ടിയിൽ നിന്നാണ് സർവ്വരോഗങ്ങൾക്കും തുടക്കമാകുന്നത്. അതിനാൽ അഗ്നി ഏറ്റവും മന്ദീഭവിച്ച് നിൽക്കുന്ന സമയത്ത് അതിനെ മറികടന്നാൽ വർഷം മുഴുവൻ ഗുണം ലഭിക്കുന്നു.

അഗ്നിയേയും അതുവഴി ദോഷങ്ങളെയും പിൻതുടർന്ന് ധാതുക്കളെയും ബാധിക്കുന്ന ദോഷങ്ങളെയെല്ലാം പ്രതിരോധിക്കാനായിരിക്കണം പ്രത്യേക ചികിത്സാക്രമങ്ങൾക്ക്  കർക്കടകം തിരഞ്ഞെടുക്കപ്പെട്ടത്. ആദാനകാലത്തിന്റെ (സൂര്യരശ്മികൾ ബലവത്തായി ശരീരത്തിലെ ജലാംശവും ഊർജവും വലിച്ചെടുക്കുന്ന കാലം.) അവസാനമായ ഗ്രീഷ്മം കഴിഞ്ഞുവരുന്ന വിസർഗകാലത്തിന്റെ (ചന്ദ്രരശ്മികൾ ബലവത്തായി ശരീരത്തിന് ഊർജം കൂടുതൽ അനുഭവപ്പെടുന്ന കാലം) ആദ്യ ഋതുവാണ് വർഷകാലം. അഗ്നിയെ ദുഷിപ്പിക്കുന്നതോ വാതവൃദ്ധി ഉണ്ടാക്കുന്നതോ ആയ ഒരു പ്രവൃത്തിയും ചെയ്യരുതെന്ന് മാത്രമല്ല, അഗ്നി വർധനയ‌്ക്കും വാതശമനത്തിനും മനസ്സിരുത്തുകയും വേണമെന്ന് പരമ്പരാഗതമായി വൈദ്യന്മാർ നിഷ്കർഷിക്കുന്നു. കഴിഞ്ഞുപോയ വേനൽകാലത്തിലെ ചൂടിന്റെ ആധിക്യംകൊണ്ട് നൈസർഗികശരീരബലം സ്വാഭാവികമായും കുറഞ്ഞിരിക്കുമ്പോൾ, പെട്ടന്ന് മഴക്കാലത്തിലേക്ക് സംക്രമിക്കുന്ന ഋതുസന്ധിയിൽ, വരാനിരിക്കുന്ന വിസർഗകാലത്ത് ലഭിക്കാനിരിക്കുന്ന ഊർജത്തെ സ്വീകരിക്കുവാൻ ശരീരത്തെ കർക്കടക ചികിത്സകളിലൂടെ സജ്ജമാക്കുന്നു.

കർക്കടക ചികിത്സയെന്നാൽ രോഗം മാറാനുള്ള ചികിത്സയല്ല. ശരീരത്തിൽ ദുഷിച്ചോ അധികമോ നിൽക്കുന്ന ദോഷങ്ങളെ പുറത്തെടുത്തുകളയുകയും ശരീരത്തിന് ആവശ്യമായ ധാതുക്കൾക്ക് ബലം നൽകുകയും ചെയ്യുന്നു. വൈദ്യനിർദ്ദേശപ്രകാരം പൂർവ്വ കർമ്മവും പശ്ചാത്കർമ്മവും ഇതിനായി നൽകുന്നു.  തണുപ്പും മഴയും തുടങ്ങുന്നതോടെ ശരീരത്തിലെ ദഹനശക്തി പെട്ടെന്ന് കുറയുകയും ബലം കെട്ടുപോകുകയും സംഭവിക്കുന്നു. ഈ ഋതുസന്ധികാലം ആയുർവേദ ചികിത്സാപദ്ധതിയനുസരിച്ചു ശരീരത്തിനകത്തുള്ള ദുഷിച്ച ത്രിദോഷങ്ങളെയും അഗ്നിമാന്ദ്യത്തെയും മാറ്റിയെടുത്തു പുതിയ ഒരു ഊർജം ഉണ്ടാക്കിയെടുക്കേണ്ടുന്ന കാലമാണ്.

പാലിക്കേണ്ട ചര്യകൾ
തണുത്തതും പഴകിയതുമായ ഭക്ഷണങ്ങൾ ഉപയോഗിക്കാതെയും ചൂടോടെ ഭക്ഷിച്ചും ശുചിത്വം പരമാവധി പാലിച്ചും കഴിച്ചുകൂട്ടേണ്ട കാലമാണ് ഇത്. പുറത്തിറങ്ങുമ്പോൾ പാദുകങ്ങൾ നിർബന്ധമായും ധരിക്കണം. പുകയേല്പിച്ചതും സുഗന്ധവസ്തുക്കൾ ലേപനം ചെയ്തതുമായ വസ്ത്രങ്ങൾ ധരിക്കുവാനും അധികവ്യായാമം, പകലുറക്കം എന്നിവ ഒഴിവാക്കാനും ആയുർവ്വേദം നിർദ്ദേശിക്കുന്നു. മലിനമായ ജലാശയങ്ങളിലെ ജലം ആരോഗ്യത്തെ ബാധിക്കാതെ ശ്രദ്ധിക്കണം.

ചികിത്സയുടെ ഭാഗമായി പഞ്ചകർമങ്ങളും അവയുടെ പൂർവകർമ്മങ്ങളായ എണ്ണതേപ്പ്, ഉഴിച്ചിൽ, പിഴിച്ചിൽ എന്നിവ ചെയ്യുക പതിവുണ്ട്. മരുന്നുകൾ ചേർത്തുണ്ടാക്കുന്ന ഔഷധക്കഞ്ഞിയുടെ കാലവും കർക്കടകം ആണ്. ഏതു കർമ്മവും കാലവും ദേശവും അനുസരിച്ചു ഗുണകർമ്മങ്ങൾ വിശകലനം ചെയ്ത വൈദ്യനിർദ്ദേശാനുസരണം ചെയ്യേണ്ടതാണ്. ദൈനംദിന ഭക്ഷണക്രമത്തിലെയും ഉറക്കത്തിന്റെയും അടുക്കും ചിട്ടയും പഠിക്കുവാനും അതു തുടർമാസങ്ങളിലൂടെ നിത്യജീവിതത്തിന്റെ ഭാഗമാക്കാനും പ്രാപ്തമാക്കുന്നു. സുഖസമ്പൂർണമായ ജീവിതം നയിക്കാൻ പ്രാപ്തമാക്കുകയാണ് കർക്കടകചര്യകളിലൂടെ ആയുർവ്വേദം.


പ്രധാന വാർത്തകൾ
 Top