24 April Wednesday

ഭാരതത്തിന്റെ ഗലീലിയോ

പളളിയറ ശ്രീധരൻUpdated: Wednesday Aug 8, 2018

ആയിരക്കണക്കിന് വാൽനക്ഷത്രങ്ങളിൽ ഒന്നിന് മാത്രമേ ഒരിന്ത്യക്കാരന്റെ പേരുള്ളൂ. അത് കേരളത്തിലെ ഒരു തലശേരിക്കാരന്റെ പേരാണ് വെയ്നു ബാപ്പു. ഹാർവാർഡിൽവെച്ച് വെയ്നു ബാപ്പുവും സഹപ്രവർത്തകരും കണ്ടെത്തിയ വാൽനക്ഷത്രമാണ് ബാപ്പു ‐ ബോക്ക് ‐ ന്യൂകിർക്ക് വാൽനക്ഷത്രം.

  1949ൽ വേണു എന്ന തലശേരിക്കാരൻ ഹാർവാഡ് യൂനിവേഴ്സിറ്റിയിൽ പഠിക്കുകയായിരുന്നു. വിഷയം വാനശാസ്ത്രം. ജൂലൈ മാസത്തിലെ ഒരു പുലർച്ചെ ആകാശത്തിന്റെ ഒരു പ്രത്യേകഭാഗത്തിന്റെ ദൃശ്യം ഫോട്ടോഗ്രാഫിക്ക് പ്ലേറ്റിൽ പതിപ്പിക്കുകയായിരുന്നു. 55 മിനിറ്റ് നേരത്തെ എക്സ്പ്ലോഷറിൽ ലഭിച്ച ദൃശ്യം ഡവലപ്പ്ചെയ്ത് തന്റെ ഗൈഡ് ആയ  പ്രൊഫ. ബാർട്ട് ജെ ബോക്കിനെ കാണിച്ചു. രണ്ടുപേരുംചേർന്ന് അത് പരിശോധിക്കുന്ന സമയത്ത് ഗോർഡൻ ന്യൂ കിർക്ക് അതുവഴി വന്നു. ഉഷ്ണംമൂലം അഴിച്ചിട്ടിരുന്ന തന്റെ ഷർട്ട് തേടിയാണ് അദ്ദേഹം അതുവഴി വന്നത്. വേണു പകർത്തിയ പുതിയ ദൃശ്യം കാണാൻ പ്രൊഫസർ കിർക്കിനെ ക്ഷണിച്ചു. അസാധാരണമായ എന്തോ ഒന്ന് അവരുടെ ശ്രദ്ധയിൽപെട്ടു. ഒരു ഛിന്നഗ്രഹം പോലെയുള്ളത്. സൂക്ഷ്മ പരിശോധനയിൽ അവർക്ക് മനസ്സിലായി അത് ഛിന്നഗ്രഹമല്ല വാൽനക്ഷത്രമാണ്. അങ്ങനെയാണ് മൂന്ന് പേരുടെയുംപേരിൽ ഒരു വാൽനക്ഷത്രം അറിയപ്പെടാൻ തുടങ്ങിയത്. ആ ഏകവാൽനക്ഷത്രത്തിനാണ്  ഒരു ഏഷ്യക്കാരന്റെ, ഒരു ഭാരതീയന്റെ, ഒരു മലയാളിയുടെ പേരുള്ളത്. പിന്നീട് വേണു അതിന്റെ സഞ്ചാരപഥം കണക്കുകൂട്ടി കണ്ടുപിടിച്ചു. 

ആരായിരുന്നു വെയ്നു ബാപ്പു?

ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയന്റെ ആദ്യ ഇന്ത്യക്കാരനായ പ്രസിഡന്റ്‌, ഏഷ്യയിലെ ഏറ്റവും വലിയ ടെലസ്കോപ്പിന്റെ  സ്ഥാപകൻ,  ഇന്ത്യയിലങ്ങോളമിങ്ങോളം വാനനിരീക്ഷണകേന്ദ്രങ്ങൾ സ്ഥാപിച്ച് വാനനിരീക്ഷണത്തിന് പുത്തനുണർവേകിയ ശാസ്ത്രജ്ഞൻ, ആധുനികഭാരതത്തിന്റെ വാനശാസ്ത്രത്തിന്റെ പിതാവ്,  തളർന്നുപോയ വാനശാസ്ത്രപൈതൃകത്തിന്  ലഭ്യമായ സൗകര്യങ്ങളാൽ തിളക്കമുളള തുടർച്ച  ഉണ്ടാക്കിയ മനീഷി, വാനനിരീക്ഷകർക്ക്  ആവശ്യമായ  പ്രോത്സാഹനം നൽകി വളരാൻ അവസരമൊരുക്കിയ മനുഷ്യസ്നേഹി, ഇങ്ങനെ വിശേഷണങ്ങൾ ഒരുപാട്‌ ചേരും അദ്ദേഹത്തിന്.

കുറേ വാനനിരീക്ഷണകേന്ദ്രങ്ങൾ സ്ഥാപിക്കുകയും ടെലസ്കോപ്പ് നിർമിക്കുകയും മാത്രമല്ല വേണു ബാപ്പു ചെയ്തത്. ഈ വിഷയത്തിൽ  ഊർജ്ജസ്വലരായി ആവേശത്തോടെ പ്രവർത്തിക്കാനുള്ള ഭാവിതലമുറയെ വാർത്തെടുക്കാനും സാധിച്ചിരുന്നു. തലമുറകൾ കൈമാറിക്കൊണ്ടിരിക്കുന്ന ഈ ഊർജ്ജസ്വലരായ ഇന്ത്യൻ വാനശാസ്തജ്ഞർ വാനശാസ്ത്രത്തെ പരിപോഷിപ്പിച്ചുകൊണ്ടിരിക്കുന്നു. അതിനാൽ അദ്ദേഹത്തെ ഭാരതത്തിന്റെ ആധുനികവാനശാസ്ത്രത്തിന്റെ പിതാവ് എന്നുതന്നെ വിളിക്കാം. 1927  ആഗസ്ത് പത്തിന്‌ ചെന്നൈയിലായിരുന്നു വെയ്നു ബാപ്പുവിന്റെ ജനനം. മുഴുവൻ പേര് മനലി കല്ലാട്ട് വേണു ബാപ്പു. കണ്ണൂർ ജില്ലയിൽ തലശേരിക്കടുത്ത ചേറ്റംകുന്നിലെ മനലി കല്ലാട്ട് കക്കുഴി ബാപ്പുവാണ്്‌ പിതാവ്്‌. മാതാവ് സുനന്ദ ബാപ്പു. സംഖ്യാശാസ്ത്രത്തിൽ തൽപരനായ പിതാവ് വേണു ഇംഗ്ലീഷിൽ വെയ്നു  എന്നാക്കി മാറ്റി. വെയ്നുവിന്റെ പിതാവ് ഹൈദരാബാദിലെ നിസാമിയ വാനനിരീക്ഷണകേന്ദ്ര ഉദ്യോഗസ്ഥനായിരുന്നു. പിതാവിനോടൊപ്പം ചെറുപ്പത്തിൽ വെയ്നുവും വാനനിരീക്ഷണം നടത്തുക പതിവായി. ക്രമേണ വെയ്നു ആകാശവിസ്മയത്തിൽ ആകൃഷ്ടനായി. ജ്യോതിശാസ്ത്രം കൂടുതൽ പഠിക്കണമെന്ന മോഹമുണ്ടായി. അക്കാലത്ത് ഇന്ത്യയിൽ ജ്യോതിശാസ്ത്ര പഠനത്തിന്‌ ഒരു സൗകര്യവുമുണ്ടായിരുന്നില്ല.  ഭാഗ്യം വെയ്നുവിനെ തുണച്ചു.  വിഖ്യാതജ്യോതിശാസ്ത്രജ്ഞൻ ഹാർലോ ഷാപ്പ്ലി ഹൈദരബാദ് സന്ദർശിക്കാനിടയായി. വെയ്നുവിന് ഹാർവാർഡ് അസ്ട്രോണമി സ്കൂളിൽ  പ്രവേശനം നേടാൻ അദ്ദേഹം സഹായിച്ചു. ഹൈദരാബാദ് സ്റ്റേറ്റ് സ്കോളർഷിപ്പോടെയാണ് വെയ്നു 1949 ൽ ഹാർവാർഡിലെത്തിയത്. അവിടെ  എത്തി മാസങ്ങൾക്കുളളിൽ ബാപ്പു‐ബോക്ക്‐ന്യൂകിർക്ക് വാൽനക്ഷത്രം കണ്ടെത്തി. ഈ കണ്ടെത്തലിന് പെസഫിക്ക് അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ ഡൊനോഹോ കോമറ്റ് മെഡൽ ലഭിച്ചു. ഈ ഫെലോഷിപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് വെയ്നു. 1951 ആഗസ്തിൽ ഡോക്ടറേറ്റ് പ്രബന്ധം സമർപ്പിക്കുകയും കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ഗവേഷണത്തിനുളള കാർനജി ഫെലോഷിപ്പ് ലഭിക്കുകയും ചെയ്തു. തൽഫലമായി ലോകത്തിലെ ഏറ്റവും വലിയ ടെലസ്കോപ്പുപയോഗിച്ച് ഗവേഷണം നടത്താനും മറ്റൊരു ജ്യോതിശാസ്ത്രജ്ഞൻ വിൽസണുമായി ചേർന്ന് നക്ഷത്രങ്ങളുടെ വർണാന്തരീക്ഷത്തെക്കുറിച്ച് പഠനം നടത്താനും സാധിച്ചു. ഈ പഠനം പ്രശസ്തമായ ബാപ്പു ‐ വിൽസൺ പ്രഭാവം എന്ന കണ്ടുപിടിത്തത്തിലെത്തിച്ചു.

നക്ഷത്രങ്ങൾക്ക് ഒരേ വലുപ്പമോ പ്രകാശതീവ്രതയോ അല്ല ഉളളത്. അതുകൊണ്ട് അവ ഭൂമിയിൽനിന്ന് എത്ര അകലെയാണ് സ്ഥിതി ചെയ്യുന്നത് എന്ന് കണ്ടു പിടിക്കുക എളുപ്പമല്ല. ഭൂമിയിൽനിന്നുളള അകലം വർധിക്കുന്തോറും ഇവ പ്രസരിപ്പിക്കുന്ന രശ്മികൾക്ക് പ്രത്യേകത ഉണ്ടെന്ന് മനസ്സിലാക്കി. ഇതാണ്  ബാപ്പു ‐ വിൽസൺ പ്രഭാവം എന്ന കണ്ടുപിടിത്തത്തിലെത്തിച്ചത്. നക്ഷത്രങ്ങൾ എത്ര അകലെയാണ് സ്ഥിതിചെയ്യുന്നതെന്ന് മനസ്സിലാക്കാൻ ഈ കണ്ടുപിടിത്തം സഹായിക്കുന്നു. ഹാർവാർഡിൽ  ലോകത്തിലെ  ഏറ്റവും വലിയ ടെലസ്കോപ്പുപയോഗിച്ച്  വാനനിരീക്ഷണം നടത്തിക്കൊണ്ടിരുന്ന വെയ്നു  അവിടെതന്നെ ശിഷ്ടകാലം പ്രവർത്തിച്ചിരുന്നുവെങ്കിൽ എത്രയോ ഉന്നതിയിലെത്തുമായിരുന്നു. ഭാരതത്തിൽ ആര്യഭടനും ഭാസ്കരാചാര്യരും വരാഹമിഹിരനും പടുത്തുയർത്തിയ മഹത്തായ  വാനശാസ്ത്രപൈതൃകമുണ്ടെന്നും തന്റെ കടമ മാതൃരാജ്യത്തിന്റെ വാനശാസ്ത്രരംഗത്ത് സേവനംനടത്തി അതിന് പുനരുജ്ജീവനം നൽകുകയുമാണെന്ന്  മനസ്സിലാക്കിയ  വെയ്നു ഇന്ത്യയിൽ തിരിച്ചെത്തി. 1954ൽ വാരാണസിയിൽ ഉത്തർപ്രദേശ് സ്റ്റേറ്റ്  ഒബ്സർവേറ്ററിയിൽ ചീഫ് അസ്ട്രോണമറായി ജോലിയിൽ പ്രവേശിച്ചു. നക്ഷത്രനിരീക്ഷണത്തിന് അനുയോജ്യമായ സ്ഥലമല്ല വാരാണസി എന്ന് സർക്കാരിനെ ബോധ്യപ്പെടുത്തി കേന്ദ്രം നൈനിറ്റാളിലേക്ക് മാറ്റാൻ ശുപാർശ ചെയ്തു. 1955ൽ  ഈ ഒബ്സർവേറ്ററി നൈനിറ്റാളിലേക്ക് മാറ്റി. 1956 നവംബർ 14ന് യമുനയെ ജീവിതസഖിയായി സ്വീകരിച്ചു. 1960 ഏപ്രിലിൽ വെയ്നു കൊടൈക്കനാലിലെ സോളാർ ഒബ്സർവേറ്ററിയിൽ ഡയറക്ടറായി. ഈ സ്ഥാപനം രാത്രിവാനനിരീക്ഷണത്തിന് അനുയോജ്യമല്ല എന്ന് മനസ്സിലാക്കിയ വെയ്നു അനുയോജ്യമായ സ്ഥലം കണ്ടെത്താനുളള തീവ്രശ്രമം ആരംഭിച്ചു.  കുറേ സ്ഥലങ്ങൾ  പരിശോധിച്ചശേഷം തമിഴ്നാട്ടിലെ കാവലൂർ കണ്ടെത്തി. അവിടെ അദ്ദേഹം മുൻകൈയെടുത്ത് നല്ല ഒരു ഒബ്സർവേറ്ററി സ്ഥാപിച്ചു. അക്കാലത്ത് ലഭ്യമായ ഏറ്റവും നല്ല ടെലസ്കോപ്പ് ആണ് സജ്ജീകരിച്ചത്. ഈ സ്ഥാപനം വെയ്നു ബാപ്പു ഒബ്സർവേറ്ററി എന്നറിയപ്പെടുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ടെലസ്കോപ്പ് വെയ്നു ബാപ്പു ടെലസ്കോപ്പ് എന്നാണ് അറിയപ്പെടുന്നത്.  ബംഗളൂരുവിൽ അദ്ദേഹം മുൻകൈയെടുത്ത് സ്ഥാപിച്ച വാനശാസ്ത്രസ്ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സ്. 

1958 മുതൽ അദ്ദേഹം ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂനിയന്റെ യോഗങ്ങളിൽ പങ്കെടുക്കാറുണ്ടായിരുന്നു. 1967ൽ പ്രാഗിൽ നടന്ന വാർഷികയോഗത്തിൽ യൂനിയന്റെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1979ൽ അദ്ദേഹം പ്രസിഡന്റായി. വാർഷികയോഗത്തിൽ അധ്യക്ഷപ്രസംഗം നടത്താൻ ജർമ്മനിയിൽ പോയപ്പോഴാണ് അസുഖബാധിതനായി അന്തരിച്ചത്‌.  1982 ആഗസ്ത് 19നായിരുന്നു അത്‌. ഇന്ത്യൻ നാഷണൽ അക്കാദമി ഫെലോഷിപ്പ് (1968),  ശാന്തിസ്വരൂപ് ഭട്ട്നഗർ പുരസ്കാരം (1970), എസ്. എൻ ബോസ് മെഡൽ (1983) എന്നീ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.  1981 ൽ രാഷ്ട്രം പത്മഭൂഷൺ നൽകി ആദരിച്ചു. 

  ഇത്രയും പ്രശസ്തനായ വെയ്നു ബാപ്പുവിനെ ഭൂരിപക്ഷം മലയാളികൾക്കും അറിയില്ല എന്നത് വളരെ ദുഃഖകരമാണ്.  അദ്ദേഹം അന്തരിച്ചിട്ട് ദശകങ്ങളായെങ്കിലും കേരളത്തിൽ ഒരു സ്മാരകം പോലും ഇതുവരെ ഉയർന്നിട്ടില്ല എന്നത് ഒരു മഹാപരാധമാണ്. കണ്ണൂർ സയൻസ് പാർക്കിലെ ഒരു ചെറിയ ഗ്യാലറി ‐വെയ്നു ബാപ്പു ഗ്യാലറി‐ മാത്രമാണ് കേരളത്തിലെ ഏകസ്മാരകം.  ടെലസ്കോപ്പുപയോഗിച്ച് ആദ്യമായി ആകാശവിസ്മയങ്ങളിലെ രഹസ്യങ്ങളുടെ ചുരുളഴിച്ച ഗലീലിയോ ഗലീലിക്ക് വാനശാസ്ത്രചരിത്രത്തിൽ അദ്വിതീയമായ സ്ഥാനമാണുളളത്. ഭാരതത്തിൽ വെയ്നു ബാപ്പുവും ചെയ്തത് ഇതാണ് . അതിനാൽ വെയ്നു ബാപ്പുവിനെ ഭാരതത്തിന്റ ഗലീലിയോ എന്ന് വിളിക്കാം    

പ്രധാന വാർത്തകൾ
 Top