18 August Sunday
ആഗസ്‌ത്‌ ഒന്ന്‌ ഭൗമപരിധിദിനം

ഭൂമിയുടെ കടക്കാർ

വലിയശാല രാജുUpdated: Saturday Aug 4, 2018
ഓരോ വർഷവും മനുഷ്യൻ ഉപയോഗിക്കുന്ന ഭൂമിയിലെ വിഹിതം അവസാനിക്കുന്നത് ഓർമ്മിപ്പിക്കുന്ന ദിനമാണ്  ഭൗമപരിധിദിനം. ഒരുവർഷം അനുവദിച്ച വിഭവങ്ങൾ കവർന്നെടുത്ത് മനുഷ്യൻ പ്രകൃതിക്ക് കടക്കാരനാകുന്ന ദിനം ഈ വർഷം ആഗസ്ത് ഒന്നിനാണ് (2018). കഴിഞ്ഞ വർഷമിത് ആഗസ്ത് രണ്ടിനായിരുന്നു. 1970ലാണ് ആദ്യമായി മനുഷ്യൻ ഭൂമിക്ക് കടക്കാരനായത്. ആ വർഷം ഡിസംബർ 29നാണ് ഭൂമിയുടെ ബഡ്ജറ്റ് വിഹിതം ആദ്യമായി അവസാനിച്ചത്. പിന്നീടിങ്ങോട്ട് കലണ്ടറിലെ ആ ദിവസം പിറകോട്ട് സഞ്ചരിക്കുകയായിരുന്നു. 1987ൽ ഇത് ഡിസംബർ 19നായിരുന്നു. 1990ൽ ഡിസംബർ ഏഴ് ആയി. ചൂഷണത്തിന്റെയും അമിത ഉപഭോഗത്തിന്റെയും കുതിച്ചുചാട്ടമാണ് പിന്നീട് ഓരോ കൊല്ലവും കണ്ടത്. 
 ഗ്ലോബൽ ഫൂട്പ്രിന്റ് നെറ്റ്വർക്കിന്റെ നിരീക്ഷണപ്രകാരം ഇന്നത്തെ ഉപയോഗരീതി അനുസരിച്ച് ഒന്നരഭൂമി മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടിവരുമെങ്കിൽ 2030 ആകുമ്പോൾ രണ്ട് ഭൂമി വേണ്ടിവരും. ഈ നൂറ്റാണ്ട് അവസാനിക്കുമ്പോൾ അത് മൂന്ന് ഭൂമിയായി മാറും. 
കടലും പുഴയും കൃഷിഭൂമിയുമുൾപ്പടെ പ്രകൃതിവിഭവശേഷിക്കും ഒരു പരിധിയുണ്ട്. അതിലും കൂടുതൽ ഉപയോഗിച്ചാൽ നാം കടക്കാരനാകും. പ്രകൃതിയുടെ വിഭവശേഷി കണക്കാക്കുമ്പോൾ ഭൂമിയുടെ വാർഷിക ബഡ്ജറ്റ് മൊത്തം ഉപയോഗിച്ച് തീർക്കാൻ എട്ടുമാസംപോലും വേണ്ടിവരില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 
ഒരു ഭൂമി പോര!
ഇന്നത്തെ ഉപയോഗരീതി തുടർന്നാൽ മനുഷ്യന് ജീവിക്കാൻ ഒന്നര ഭൂമിയിലധികം വേണ്ടിവരുമെന്നാണ് ഗ്ലോബൽ ഫൂട്പ്രിന്റ് നെറ്റ്വർക്കിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതൊരു ശരാശരി കണക്ക് മാത്രമാണ്. എല്ലാ മനുഷ്യരും ഓസ്ട്രേലിയക്കാരുടെ ഉപഭോഗമാതൃക പിന്തുടർന്നാൽ ഇത് 5.4 ഭൂമിയാകും. അമേരിക്കൻ രീതിയാണ് പിന്തുടരുന്നതെങ്കിൽ 4.8 ഭൂമിയിലെ വിഭവങ്ങൾ വേണ്ടിവരും. റഷ്യൻ രീതി പിന്തുടരുകയാണെങ്കിൽ 3.3 ഭൂമിയും ജർമൻ മാതൃകയാണെങ്കിൽ 3.1 ഭൂമിയുംവേണം. ഫ്രാൻസ്‐3, ബ്രിട്ടൺ‐ 2.9, ജപ്പാൻ‐ 2.9, ഇറ്റലി‐2.7, സ്പെയിൻ‐2.1, എന്നിങ്ങനെ പോകുന്നു കണക്ക്. ഇന്ത്യൻ ഉപഭോഗരീതി അനുസരിച്ചാണെങ്കിൽ ഒരു ഭൂമി പൂർണമായുംവേണ്ട. 0.7 മാത്രം മതി.
നാമമാത്രമായ സമ്പന്ന ന്യൂനപക്ഷത്തിന് വേണ്ട ഉൽപന്നങ്ങളും സേവനങ്ങളും പ്രദാനം ചെയ്യാനാണ് പ്രകൃതി വിഭവങ്ങൾ പ്രധാനമായും ചൂഷണംചെയ്യപ്പെടുന്നത്. ലോകത്ത് 300 സമ്പന്നരുടെ സമ്പത്ത് ലോകത്ത് ആകെ ജനസംഖ്യയുടെ പകുതിപേരുടെ സമ്പത്തിനേക്കാൾ കൂടുതലാണ്. ഇന്ന് നടക്കുന്ന പല ആഭ്യന്തര സംഘർഷങ്ങളും കടന്നുകയറ്റങ്ങളും വിഭവങ്ങൾ കൊള്ളചെയ്യാൻ വേണ്ടിയാണ്. സങ്കുചിത ദേശീയതകൾ അതിന്വേണ്ടി രാജ്യങ്ങൾ വളർത്തിക്കൊണ്ട് വരാൻ ശ്രമിക്കുന്നു. 
മത്സ്യസമ്പത്ത്, മണ്ണിന്റെ പുനരുജ്ജീവനം, ഹരിതഗൃഹവാതക വിസർജനം, വനനശീകരണം തുടങ്ങിയവ കണക്കിലെടുത്താണ് പ്രകൃതിക്ക് ഒരു വർഷംകൊണ്ട് വീണ്ടെടുക്കാനാകുന്ന ഉപഭോഗം നിർണയിക്കുന്നത്. പാരിസ്ഥിതികമായ ദൂരപരിധി അതിവേഗം ലംഘിക്കുന്നതിന് ഏറ്റവും വലിയ സംഭാവന നൽകുന്നത് കാർബൺഡൈ ഓക്സൈഡാണ്. നമ്മുടെ കടലിനും വനത്തിനും സ്വാംശീകരിക്കാൻ കഴിയുന്നതിലുമേറെ കാർബൺഡൈ ഓക്സൈഡാണ് അന്തരീക്ഷത്തിലേക്ക് തള്ളുന്നത്. പ്രകൃതിക്ക് കടക്കാരനാവാതെ ജീവിക്കാൻ നമുക്ക് കഴിയണം. അതിനെന്തുവേണം? പ്രകൃതിക്കിണങ്ങും വിധത്തിൽ ജീവിക്കണം.
പ്രധാന വാർത്തകൾ
 Top