26 September Saturday

രചനകൾ ഒരാണ്ടിനെ അടയാളപ്പെടുത്തുന്നു

അനിൽകുമാർ തിരുവോത്ത്Updated: Sunday Dec 31, 2017
ഓർമ വറ്റുംമുമ്പ് അടുത്തത് കൃത്യമായി നടന്നിരിക്കണമെന്ന് നിർബന്ധമുണ്ട്. കാലേക്കൂട്ടി തീരുമാനിച്ച ദുരന്തങ്ങളുടെ ഘോഷയാത്രയാണ് ഇന്ന് ഇന്ത്യയിലെ സാംസ്‌കാരിക രാഷ്ട്രീയ സാമൂഹിക കലാ ജീവിതത്തിൽ. അതുകൊണ്ട് പരസ്യമായി കഴുത്തറുത്ത് കൊല്ലുന്നവന് ഗിഫ്റ്റ് ചെക്കുകൾ കേരളത്തിൽനിന്നുവരെ എത്തുന്നു. അത് ഞെട്ടലില്ലാത്ത അനുഭവമായി നാം ശീലിക്കുന്നു. ഫിക്ഷനേക്കാൾ വലുതാണ് സമകാല നിത്യജീവിതാനുഭവമെന്ന് മനസ്സിലാക്കിക്കൊണ്ടുവേണം പോയവർഷത്തെ സാഹിത്യരചനകളെ വിലയിരുത്താൻ. 
 
മുൻവർഷത്തെ അപേക്ഷിച്ച് ഫിക്ഷനിൽ വലിയ ചലനങ്ങളുണ്ടാക്കുകയോ സജീവചർച്ചയ്ക്ക് ഇടയാക്കുകയോ ചെയ്ത നോവൽ കൃതികൾ 2017ൽ കുറവാണ്. ഡിസി ബുക്‌സും മാതൃഭൂമിയുമാണ് നോവൽ പ്രസിദ്ധീകരിക്കുന്നതിൽ ഏറെ ശ്രദ്ധവയ്ക്കുന്ന പ്രസാധകർ. പ്രദീപൻ പാമ്പിരിക്കുന്നിന്റെ ‘എരി' (ഡിസി ബുക്‌സ്) സവിശേഷ ശ്രദ്ധ ആകർഷിക്കുന്നു. 2016 ഡിസംബറിൽ ആകസ്മികമായി മരണപ്പെട്ട പ്രദീപന്റെ ആദ്യനോവലാണ് എരി. എരിഞ്ഞടങ്ങാൻ വിധിക്കപ്പെടുന്ന ഒരു ജനതയുടെയും കാലത്തിന്റെയും ആഖ്യാനത്തിലാണ് പ്രദീപന്റെ സൈദ്ധാന്തിക രചനകളുടെയും ഊന്നൽ. അതിന്റെ നോവൽ ആഖ്യാനമാണ് എരി. ഈ നോവൽ അപൂർണമാണെങ്കിലും സംവാദാത്മകത്വവും ഭാവുകത്വ നവീകരണത്തിന് നേതൃത്വം നൽകുന്ന കൃതിയുമാണ്. 
 
2017ൽ ശ്രദ്ധേയമായ മറ്റൊരു രചന രാജേന്ദ്രൻ എടത്തുംകരയുടെ ‘ഞാനും ബുദ്ധനും' ആണ്. മൂന്നുമാസത്തിനകം രണ്ടാംപതിപ്പിലെത്തിയ കൃതി ബുദ്ധനെ സ്ത്രീപക്ഷത്തുനിന്ന് വായിക്കുന്നതോടൊപ്പം ബുദ്ധവിചാരണയും നടത്തുന്നു. ഉപേക്ഷിക്കാൻ ഒരു കപിലവസ്തുപോലുമില്ലാത്ത കുടുംബബുദ്ധന്മാരെക്കുറിച്ചുകൂടിയാണ് നോവൽ. 
 
കൃതഹസ്തരായ എഴുത്തുകാരുടെ കൃതികളിലും ശ്രദ്ധേയമായവയുണ്ട്. എം മുകുന്ദന്റെ ‘നൃത്തം ചെയ്യുന്ന കുടകൾ', ബാബു ഭരദ്വാജിന്റെ ‘നറുക്കിലാട് ഓട്ടോണമസ് റിപ്പബ്ലിക്', കാമസൂത്രത്തിന്റെ സാംസ്‌കാരികതലവും രാഷ്ട്രീയവും ആവിഷ്‌കരിക്കുന്ന പ്രദീപ് ഭാസ്‌കറിന്റെ ‘കാമാഖ്യ', മലയാളത്തിലെ ബെസ്റ്റ് സെല്ലിങ് റൈറ്ററായ ബെന്യാമിന്റെ ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ', തന്റെ പതിവ് രചനാരീതി വിട്ട് ദേശീയതയും അതിന്റെ ചരിത്രവും സമരവും ഒപ്പം അതിജീവനത്തിന്റെ സ്ത്രീജീവിതവും ആവിഷ്‌കരിക്കുന്ന ഖദീജ മുംതാസിന്റെ ‘നീട്ടിയെഴുത്തുകൾ' എന്നിവ 2017ലെ ശ്രദ്ധേയ നോവൽ ബുക്കുകളാണ്.  
2010നുശേഷമുള്ള കാലം മലയാളത്തിൽ കഥയിലും വലിയ മാറ്റമുണ്ടായി. അത് 2017ലും തുടരുന്നു. ഫ്രാൻസിസ് നൊറോണ, വിനോയ് തോമസ് തുടങ്ങിയ പുതിയ പേരുകൾക്കൊപ്പം പഴയവരും ആനുകാലികങ്ങളിൽ അണിനിരന്ന വർഷമാണിത്. സക്കറിയയും സേതുവുമെല്ലാം ഈവർഷം കഥകളുമായെത്തി. സേതുവിന്റെ 'ചങ്ങമ്പുഴ പാർക്ക്' എന്ന കഥാസമാഹാരം ഏറെ വായിക്കപ്പെട്ടു.
റെയിൽവേ പശ്ചാത്തലമാക്കിയ കഥകളുമായി വൈശാഖനും(പച്ചവിളക്ക്) ഈവർഷം വന്നു. പുതിയവർ എന്നുവച്ചാൽ മലയാളഭാവുകത്വത്തെ അക്രമാസക്തമായി വെല്ലുവിളിച്ചവർ പലരും അവരുടെ കഥാസമാഹാരങ്ങളുമായി രംഗത്തെത്തി. പ്രമോദ് രാമന്റെ ‘മരണമാസ്' ഇന്ദുമേനോന്റെ ‘പഴരസത്തോട്ടം', വിനോയ് തോമസിന്റെ ‘രാമച്ചി', ടി ഡി രാമകൃഷ്ണന്റെ ‘വെറുപ്പിന്റെ വ്യാപാരികൾ' കൂടെ മാതൃഭൂമി സമാഹരിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പ് കഥകൾ എന്നിങ്ങനെ മികച്ച ഗ്രന്ഥങ്ങൾ. ‘പുനത്തിലിന്റെ സമ്പൂർണ കഥകൾ' (മാതൃഭൂമി ബുക്‌സ്) വേറിട്ടുനിൽക്കുന്നു. 
 
കവിത ഒഴിച്ച് മലയാളിവായനക്കാരന് ജീവിതമില്ല. 20 വർഷങ്ങൾക്കുശേഷം സിവിക് ചന്ദ്രന്റെ കവിതാസമാഹാരം പുറത്തിറങ്ങി, ‘വലതുവശം ചേർന്ന് നടക്കുക'. കെ ജി ശങ്കരപ്പിള്ളയുടെ ‘അമ്മമാർ', സച്ചിദാനന്ദന്റെ 'സമുദ്രങ്ങൾക്കുമാത്രമല്ല', ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘രക്തകിന്നരം' എന്നിവയും കവിതയിൽ കാവ്യസംവാദവും സാംസ്‌കാരികസംവാദവും സാധ്യമാക്കിയ പി എൻ ഗോപീകൃഷ്ണന്റെ ‘എന്റെ ജീവിതത്തിലെ ഏറ്റവും ആദ്യത്തെ സ്ത്രീ ഏറ്റവും അവസാനത്തെ സ്ത്രീയോട് പറയുന്നത്', പി രാമന്റെ ‘രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്', റോസി തമ്പിയുടെ ‘പാൽഞെരമ്പ്', എം എസ് ബനേഷിന്റെ ‘നല്ലയിനം പുലയ അച്ചാറുകൾ', രാജൻ സി എച്ചിന്റെ ‘സമവാക്യം', ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ 'ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ കവിതകൾ' എന്നിവ കാവ്യലോകത്തെ സജീവമാക്കുന്നു. 
 
കൽപ്പറ്റ നാരായണന്റെ ‘കറുത്ത പാൽ' പ്രധാനപ്പെട്ട കവിതാസമാഹാരമാണ്. അതിന് കവിതന്നെ എഴുതിയ ആമുഖക്കുറിപ്പ് മികച്ച ഒരു കാവ്യവിചാരമായി മലയാളത്തിലുണ്ടാകും.
 
മലയാളത്തിലെ വ്യത്യസ്തനായ കവി വി ടി ജയദേവന്റെ മൂന്ന് സമാഹാരങ്ങൾ വനാന്തരം, ജലമുദ്ര, പഴക്കം എന്നിവ ഏറെ വായിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു.
 
വൈജ്ഞാനികരംഗത്ത് എടുത്തുപറയാവുന്ന കൃതികൾ പ്രസിദ്ധീകരിച്ചത് കോഴിക്കോട്ടെ പ്രോഗ്രസ് പബ്ലിക്കേഷനാണ്. ‘ഗ്രാംഷിയുടെ സമ്പൂർണ കൃതികൾ' രണ്ട് വാല്യം, ടെറി ഈഗിൾടണിന്റെ ‘മാർക്‌സ് എന്തുകൊണ്ട് ശരിയായിരുന്നു' എന്നിവ വിവർത്തനം ചെയ്തത് പി ജെ ബേബിയാണ്. സാംസ്‌കാരികരംഗത്തെ പോരാളികൾക്ക് പ്രത്യയശാസ്ത്ര ആയുധമായി പ്രവർത്തിക്കുന്ന ഈ കൃതികൾക്കൊപ്പം ചേർത്തുവയ്ക്കണം ഡോ. അനിൽ കെ എം എഴുതിയ ‘സംസ്‌കാരനിർമിതി'. വാൾട്ടർ ബഞ്ചമിൻ, റെയ്മണ്ട് വില്യംസ്, അഡോർണോ, അൽത്തൂസർ, നോം ചോംസ്‌കി, ഫ്രഡറിക് ജെയിംസൺ എന്നിവരുടെ ചിന്തകളുടെ വർത്തമാന വായനയാണ് ‘സംസ്‌കാര നിർമിതി'.
 
ജെ രഘുവിന്റെ ‘ഹിന്ദുത്വ ഫാസിസം ചരിത്രവും സിദ്ധാന്തവും' ഹൈന്ദവഫാസിസത്തിന്റെ വേരുകളെ വിശകലനം ചെയ്യുന്നു. അത് ഫാസിസത്തിന്റെ രൂപീകരണചരിത്രത്തെ വെളിവാക്കുന്നതോടൊപ്പം സംസ്‌കാര പഠന ഗ്രന്ഥവുമാണ്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസാധകർ. അവർതന്നെ പ്രസിദ്ധീകരിച്ച ‘കപ്പലോട്ടത്തിന്റെ ചരിത്രം' വ്യത്യസ്തമായ ഒരു ഗ്രന്ഥമാണ്. ഇന്ത്യൻ കപ്പലോട്ടത്തിന്റെ ചരിത്രമാണത്. 
ചിന്ത പ്രസിദ്ധീകരിച്ച ഡോ. പി എം ഗിരീഷിന്റെ ‘ജോർജ് ലക്കോഫ് ഭാഷയുടെ രാഷ്ട്രീയമനസ്സ്,' ഡോ. പി സുരേഷ് എഡിറ്റ് ചെയ്ത ‘മലയാളം: ദേശവും സ്വത്വവും (പ്രോഗ്രസ്) എന്നിവ ഭാഷാ ശാസ്ത്ര മേഖലയിലും സംസ്‌കാര പഠനമേഖലയിലും ശ്രദ്ധേയമായ പുസ്തകങ്ങളാണ്. മനു എസ് പിള്ള രചിച്ച ‘ദ ഐവറി തോണി'ന്റെ മലയാള പരിഭാഷയായ ദന്തസിംഹാസനം  തിരുവിതാംകൂർ രാജവംശത്തിന്റെ അതിശയകരമായ നാൾവഴികളെയാണ് അപഗ്രഥിക്കുന്നത്. ഡിസി പ്രസിദ്ധീകരിച്ച ഈ പഠനം പരിഭാഷപ്പെടുത്തിയത് പ്രസന്ന കെ വർമയാണ്. 
ഇ വി രാമകൃഷ്ണന്റെ ‘മലയാള നോവലിന്റെ ദേശകാലങ്ങൾ'  വിലപ്പെട്ട ഗ്രന്ഥങ്ങളിലൊന്നായി മാറിയിരിക്കുന്നു. ഇന്ത്യൻ നോവലുകളുടെ പശ്ചാത്തലത്തിൽ മലയാളനോവലുകളെ മുൻനിർത്തി ദേശീയതയുടെ പരിവേഷങ്ങളെയും നിഗൂഢവൽക്കരണങ്ങളെയും അപഗ്രഥിക്കുകയാണ് ഈ വൈജ്ഞാനിക ഗ്രന്ഥം. 
 
വള്ളിക്കാവ് മോഹൻദാസിന്റെ ‘കീഴാള പത്രപ്രവർത്തനം,' കെ വേണുവിന്റെ ‘പ്രകൃതി ജനാധിപത്യം, സ്വാതന്ത്ര്യം', കെ പി സേതുനാഥിന്റെ ‘കാക്കി കക്കയം' (അടിയന്തരാവസ്ഥയെക്കുറിച്ച്), കെ ആർ ഇന്ദിരയുടെ ‘മലയാളി ലൈംഗികത' എന്നീ കൃതികൾ സവിശേഷമായ വിഷയ സ്വീകരണംകൊണ്ട് പ്രസക്തമാണ്. 
 
ഒരു ഫെസ്റ്റിവൽ വാഗബോണ്ട് സിനിമയെക്കുറിച്ച് എഴുതുന്നതാണ് പ്രേംചന്ദിന്റെ ‘നൂറ്റാണ്ടിന്റെ മദനം' (റെഡ് ചെറി) എന്ന ഗ്രന്ഥം. 50 വർഷത്തെ ലോകസിനിമയുടെ ചരിത്രവും കാണിയുടെ ജീവചരിത്രവുമാണത്. 
 
എൻ എ നസീർ കാടിനെ എഴുതുന്നോ അതോ കാട് എൻ എ നസീറിനെ എഴുതുന്നോ? അയാളുടെ പുസ്തകം വായിച്ചാൽ ഈ ചോദ്യത്തിന് ഉത്തരം കിട്ടില്ല. കാടേത്, കടുവയേത് ഞാനേത്'  ഈ വർഷത്തെ മികച്ച പുറംചട്ടകൂടി വഹിക്കുന്നു. 
 
നമ്പി നാരായണന്റെ ‘ഓർമകളുടെ ഭ്രമണപഥം'  പൊള്ളിക്കുന്ന അനുഭവമാണ്. തൃശൂർ കറന്റ് പ്രസിദ്ധീകരിച്ച ‘മദർ എലീഷ്യ കേരളത്തിലെ ആദ്യത്തെ കന്യാസ്ത്രീ', സിസ്റ്റർ സൂസി കിണറ്റിങ്കൽ എന്നിവ ജീവചരിത്രം/ആത്മകഥ എന്ന നിലയിൽ ശ്രദ്ധേയം. 
 
നടൻ അനൂപ് മേനോന്റെ ‘ഭ്രമയാത്രകൾ' (ഡിസി ബുക്‌സ്) പേരുകൊണ്ട് വ്യത്യസ്തവും ഉള്ളടക്കംകൊണ്ട് അർഥപൂർണവുമാണ്. 
 
പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടവമാത്രമല്ല, സാമൂഹ്യമാധ്യമങ്ങളിലെ രചനകൾകൂടി ഒരു വർഷാന്ത കണക്കെടുപ്പിൽ പരാമർശിക്കപ്പെടേണ്ടതുണ്ട്. ലിഷ അന്ന, അജിത ടി ജി എന്നിവരുടെ കവിതകൾ, കവിയരങ്ങ് ഡിജിറ്റൽ മാഗസിൻ, അയ മാസിക എല്ലാം 2017ൽ സംഭവിച്ച നല്ല കാര്യങ്ങൾ. ഇനിയുമുണ്ട് ഏറെ.
 
anilkumarthiruvoth@gmail.com

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top