14 July Tuesday

മരം കണ്ടും കാട്‌ കണ്ടും

സുരേഷ്‌ ഗോപി sureshgopidbi@gmail.comUpdated: Sunday May 31, 2020

ഈ കോവിഡ്‌ കാലത്തും പരിസ്ഥിതി സംരക്ഷകർക്ക്‌ ലോക്‌ഡൗണില്ല. അവർ ഭൂമിയെ‌ ഇലകളുടെ കുട ചൂടിക്കാൻ മരം നട്ടുകൊണ്ടേയിരിക്കും. കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ച പച്ചത്തുരുത്ത്‌ പദ്ധതിയുടെ വിജയത്തെക്കുറിച്ച്‌ 

 
ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ കേരളത്തിൽ നടപ്പാക്കി വരുന്ന പച്ചത്തുരുത്ത്‌ പദ്ധതിക്ക്‌ ജൂൺ അഞ്ചിന്‌ ഒരു വയസ്സ്‌.  കഴിഞ്ഞ പരിസ്ഥിതിദിനത്തിൽ തുടക്കം കുറിച്ച പച്ചത്തുരുത്ത്‌ പദ്ധതിയിലൂടെ സംസ്ഥാനമെമ്പാടും തരിശിടങ്ങളിൽ 627 തുരുത്തുകൾ പച്ചയണിഞ്ഞു. കഴിഞ്ഞ പരിസ്ഥിതിദിനത്തിൽ തിരുവനന്തപുരത്തെ പോത്തൻകോട്‌ പഞ്ചായത്തിലെ വേങ്ങോട് പ്രൈമറി ഹെൽത്ത് സെന്റർ കോമ്പൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നട്ട നീർമാതളത്തിന്റെ തൈ കേരളത്തിൽ പുതിയൊരു സംസ്‌കാരത്തിനാണ്‌ വേരുപിടിപ്പിച്ചത്‌. അഞ്ചുസെന്റിൽ വീടുപണിയുന്നവർ പോലും മുറ്റത്തും പരിസരത്തും ഒന്നോ രണ്ടോ മരങ്ങൾക്കുകൂടി ഇടമൊഴിച്ചിടുന്നു.
 
പൊതുസ്ഥലങ്ങളിൽപ്പോലും തനതായ വൃക്ഷങ്ങളും സസ്യങ്ങളും നട്ടുവളർത്തി സ്വാഭാവിക ജൈവവൈവിധ്യ തുരുത്തുകൾ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് സ്ഥലങ്ങൾ കണ്ടെത്തുന്നത്. സർക്കാർ, സ്വകാര്യ ഭൂമി, പുറമ്പോക്കുകൾ, നഗരഹൃദയങ്ങളിലും മറ്റും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം പച്ചത്തുരുത്തുകൾ രൂപപ്പെടുകയാണ്‌. കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതി കുറയ്‌ക്കാനും ആഗോളതാപനത്തെ ചെറുക്കാനും പച്ചത്തുരുത്തുകൾക്ക് നിർണായക പങ്ക് വഹിക്കാനാകും. അന്തരീക്ഷത്തിലെ അധികകാർബണിനെ ആഗിരണം ചെയ്യുന്ന പച്ചത്തുരുത്തുകൾ പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണവും ഉറപ്പാക്കുകയാണ്‌.
 
ഇതോടൊപ്പം പ്രാദേശികമായി ജനങ്ങളുടെ സഹകരണത്തോടെ നിരവധി സ്വകാര്യ പച്ചത്തുരുത്തുകളും സൃഷ്‌ടിക്കപ്പെടുന്നു. ഒരുവർഷം കൊണ്ട്‌ സംസ്ഥാനമെമ്പാടും മികച്ച ഹരിത മാതൃകകൾ നിർമിച്ചെടുക്കാനുള്ള തുടക്കമാണ്‌ പച്ചത്തുരുത്ത്‌ പദ്ധതി. ഇപ്പോൾ രൂപീകൃതമായ ചെറുവനങ്ങൾ അഞ്ചോ പത്തോ വർഷം കൊണ്ട്‌ സ്വാഭാവിക വനങ്ങളായി മാറും. വൻനഗരങ്ങളിൽപ്പോലും ഇത്തിരിയിടത്ത്‌ പച്ചപ്പ്‌ കാത്തുസൂക്ഷിക്കാനായാൽ വരുംതലമുറയ്‌ക്കായി പണിയുന്ന ശ്വാസകോശങ്ങളായി അവ മാറും.
 
ജൈവവൈവിധ്യ ബോർഡ്, കൃഷിവകുപ്പ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, വനംവകുപ്പിന്റെ സാമൂഹ്യവനവൽക്കരണ വിഭാഗം, പരിസ്ഥിതിസംഘടനകൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പച്ചത്തുരുത്ത് സൃഷ്ടിക്കുന്നത്. പരിസ്ഥിതിപ്രവർത്തകർ, ജൈവ വൈവിധ്യ മേഖലയിലെ വിദഗ്‌ധർ, കൃഷി വിദഗ്‌ധർ, ജനപ്രതിനിധികൾ എന്നിവരുൾപ്പെടുന്ന ജില്ലാതല സാങ്കേതിക സമിതികൾ പ്രവർത്തിക്കുന്നു‌.
 
കഴിഞ്ഞ പരിസ്ഥിതിദിനത്തിൽ തിരുവനന്തപുരത്ത്‌ വേങ്ങോട് പ്രൈമറി ഹെൽത്ത് സെന്റർ  കോമ്പൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌ത പച്ചത്തുരുത്ത്‌ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ

കഴിഞ്ഞ പരിസ്ഥിതിദിനത്തിൽ തിരുവനന്തപുരത്ത്‌ വേങ്ങോട് പ്രൈമറി ഹെൽത്ത് സെന്റർ കോമ്പൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌ത പച്ചത്തുരുത്ത്‌ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ

370 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 627 പച്ചത്തുരുത്തുകൾ സൃഷ്ടിച്ചു. ആകെ 536 ഏക്കർ വിസ്‌തൃതിയിൽ 1,66,177 വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിച്ചിട്ടുള്ളത്. സംസ്ഥാനത്താകെ 1000 പച്ചത്തുരുത്തുകൾ സൃഷ്ടിക്കുകയാണ് ഹരിതകേരളം മിഷന്റെ ലക്ഷ്യം.
 
ഈ വർഷം ജൂണിൽ പദ്ധതി പൂർത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ്‌ ഹരിതകേരളം മിഷൻ. വിവിധ ജില്ലകളിലായി സ്ഥലങ്ങൾ കണ്ടെത്തിക്കഴിഞ്ഞു. അതത്‌ പ്രദേശങ്ങളിൽ വളരുന്ന ചെടികൾക്കു പുറമേ ഔഷധസസ്യങ്ങളും അന്യം നിന്നുപോകുന്ന ചെടികളുമാണ്‌ പ്രധാന ഇനങ്ങൾ. അവയുടെ സംരക്ഷണവും സാധ്യമാക്കാൻ ശ്രമിക്കുന്നുണ്ട്‌. സ്‌കൂളുകളിലും കലാലയങ്ങളിലും പച്ചത്തുരുത്തുകൾ നിർമിക്കപ്പെടുകയാണ്‌. പുതുതലമുറയ്‌ക്ക്‌ നമ്മുടെ തനതു മരങ്ങളെ അടുത്തറിഞ്ഞു വളരാൻ വഴിയൊരുക്കുന്നു. ഇവ രാജ്യശ്രദ്ധ തന്നെ നേടിയിട്ടുണ്ട്‌. പച്ചത്തുരുത്തുകളുടെ സംരക്ഷണം പ്രാദേശികമായി തന്നെ ഉറപ്പു വരുത്തുന്നതിനാൽ നാടിന്റെ പച്ചപ്പ്‌ നിലനിർത്താനും തണലൊരുക്കാനും കഴിയുന്നു. പ്രകൃതി പുനഃസ്ഥാപനത്തിൽ സാർഥകമായൊരു ചുവടുവയ്‌പ്പാണ്‌ ഈ‌ സംരംഭം.
 

ആയിരം ഹരിതദ്വീപുകൾ

 
ഡോ. ടി എൻ സീമ ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ്  വൈസ് ചെയർപേഴ്സൺ

ഡോ. ടി എൻ സീമ ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ

നാടിന്റെ പച്ചയും മണ്ണിന്റെ നന്മയും ജലത്തിന്റെയും വായുവിന്റെയും ശുദ്ധിയും വീണ്ടെടുക്കാൻ ഉള്ള ജനകീയ യജ്ഞം എന്നാണ് ഹരിത കേരളം മിഷന്റെ ലക്ഷ്യമായി സർക്കാർ മുന്നോട്ടു വച്ചത്. പാരിസ്ഥിതിക പുനഃസ്ഥാപനം ലക്ഷ്യം വച്ചുകൊണ്ട് രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് സംസ്ഥാന സർക്കാർ ഒരു മിഷൻ നടപ്പാക്കുന്നത്. ഇതിൽ മൂന്നര വർഷങ്ങളിൽ മിഷന്റെ ഏറ്റവും ശ്രദ്ധേയമായ ഇടപെടലാണ് പച്ചത്തുരുത്ത്. ജൈവ വൈവിധ്യത്തിന്റെ ചെറുതുരുത്തുകൾ സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. പോത്തൻകോട് മുഖ്യമന്ത്രി നട്ട നീർമാതളം ഉൾപ്പെടെ ആയിരക്കണക്കിന് ചെടികളുമായി പച്ചത്തുരുത്തുകൾ ആയിരം എണ്ണം കടക്കുന്നു. നമ്മുടെ നാടിന് ശക്തമായ ഹരിതാവരണം തീർത്തുകൊണ്ട്, പ്രാണവായുവിന്‌ ഊർജം നൽകിക്കൊണ്ട് ഇനിയുമേറെ പച്ചത്തുരുത്തുകൾ ഉണ്ടാകും
പ്രധാന വാർത്തകൾ
 Top