31 January Tuesday

നവ കേരളീയതയ്‌ക്ക്‌ പിറന്നാൾ

പ്രൊഫ.വി കാർത്തികേയൻ നായർ vknkarthika@gmail.comUpdated: Sunday Oct 30, 2022

രാഷ്ട്രീയമായ ഏകീകരണത്തിനുവേണ്ടി പ്രക്ഷോഭം തുടങ്ങുമ്പോൾ കേരളം മൂന്നു കഷണങ്ങളായിരുന്നു. ബ്രിട്ടീഷുകാർ നേരിട്ട് ഭരിക്കുന്ന മലബാറും നാടുവാഴികളുടെ നിയന്ത്രണത്തിലുള്ള കൊച്ചിയും തിരുവിതാംകൂറും. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടുമ്പോൾ മലബാർ മാത്രമേ സ്വതന്ത്രമായുള്ളൂ.  കൊച്ചിയിലും തിരുവിതാംകൂറിലും നാടുവാഴി ഭരണത്തിനെതിരെ ഉത്തരവാദ പ്രക്ഷോഭം നടക്കുകയായിരുന്നു.  രക്തരൂഷിതമായ ആ സമരത്തിന്റെ ഫലമായാണ് ഈ രണ്ട് നാട്ടുരാജ്യങ്ങളും ഇന്ത്യൻ യൂണിയനിൽ ലയിച്ചത്.  സർ സി പി കൊന്നുതള്ളിയ സമരഭടന്മാർക്ക്‌ കണക്കുണ്ടോ?  നെയ്യാറ്റിൻകരയിലും ആറ്റിങ്ങലിലും കല്ലറയിലും പാങ്ങോട്ടും നടന്ന വെടിവയ്പുകളും രക്തസാക്ഷികളും നമ്മെ ഓർമിപ്പിക്കുന്നതെന്താണ്? പുന്നപ്രയിലും വയലാറിലുമോ?

കേരള സംസ്ഥാനം രൂപീകൃതമായിട്ട് അറുപത്തിയാറ്‌ വർഷമാകുന്നു. പതിറ്റാണ്ടുകൾ നീണ്ടുനിന്ന സമരത്തിന്റെ പ്രതിഫലമായിരുന്നു സംസ്ഥാന പദവി. നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ കേരളീയത രൂപം കൊണ്ടിരുന്നു. നാടുവാഴി സ്വരൂപങ്ങളായി വിഭജിക്കപ്പെട്ടാണ് കേരളം കിടന്നതെങ്കിലും കൃഷിയും കച്ചവടവും വിജ്ഞാനവുമാണ് കേരളീയതയെ നിർമിച്ചത്.  നെൽകൃഷിയും പറമ്പു കൃഷിയും സംഭാവന ചെയ്തതാണ് ഉത്സവങ്ങൾ.  ഇരുമ്പിനെ ഉരുക്കാക്കി പാറ പിളർന്ന് മഹാക്ഷേത്രങ്ങളും കൊട്ടാരങ്ങളും നിർമിച്ചു.  അനുപമമായ ലോഹവിദ്യയാണ് ആറന്മുള കണ്ണാടിയുണ്ടാക്കിയത്.  അടിത്തറ തകർന്നാലും തകരാതെ നിൽക്കുന്ന ആരൂഢം നിർമിച്ച വാസ്തുവിദ്യയും ആരോഗ്യശാസ്ത്രവും ഗണിതവും കളരിയും മർമവിദ്യയുമെല്ലാം ചേർന്നാണ് കേരളീയതയുണ്ടായത്.  ആ കേരളീയതയുടെ രാഷ്ട്രീയമായ ഏകീകരണമാണ് 1956 നവംബർ ഒന്നിന് സാധ്യമായത്.

രാഷ്ട്രീയമായ ഏകീകരണത്തിനുവേണ്ടി പ്രക്ഷോഭം തുടങ്ങുമ്പോൾ കേരളം മൂന്നു കഷണമായിരുന്നു.   ബ്രിട്ടീഷുകാർ നേരിട്ട് ഭരിക്കുന്ന മലബാറും നാടുവാഴികളുടെ നിയന്ത്രണത്തിലുള്ള കൊച്ചിയും തിരുവിതാംകൂറും. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടുമ്പോൾ മലബാർ മാത്രമേ സ്വതന്ത്രമായുള്ളൂ.  കൊച്ചിയിലും തിരുവിതാംകൂറിലും നാടുവാഴി ഭരണത്തിനെതിരെ ഉത്തരവാദ പ്രക്ഷോഭം നടക്കുകയായിരുന്നു.  രക്തരൂഷിതമായ ആ സമരത്തിന്റെ ഫലമായാണ് ഈ രണ്ട് നാട്ടുരാജ്യവും ഇന്ത്യൻ യൂണിയനിൽ ലയിച്ചത്.  സർ സി പി കൊന്നുതള്ളിയ സമര ഭടന്മാർക്ക്‌ കണക്കുണ്ടോ?  നെയ്യാറ്റിൻകരയിലും ആറ്റിങ്ങലും കല്ലറയിലും പാങ്ങോട്ടും നടന്ന വെടിവയ്പുകളും രക്തസാക്ഷികളും നമ്മെ ഓർമിപ്പിക്കുന്നതെന്താണ്?  പുന്നപ്രയിലും വയലാറിലുമോ?

ഐക്യകേരളത്തെ തകർക്കാനായിരുന്നു സ്വതന്ത്ര തിരുവിതാംകൂർ വാദം സി പി  ഉന്നയിച്ചത്.  സ്റ്റേറ്റ് കോൺഗ്രസിനെതിരെ നാഷണൽ കോൺഗ്രസിനെ ഉണ്ടാക്കി ചില സമുദായ പ്രമാണിമാരെ നേതാക്കളാക്കി.  തെക്കൻ തിരുവിതാംകൂറിലെ നാടാർ സമുദായനേതാക്കൾക്ക് കപട വാഗ്ദാനം നൽകി തിരുവിതാംകൂർ തമിഴ് കോൺഗ്രസുണ്ടാക്കി.  സ്വതന്ത്ര തിരുവിതാംകൂറിൽ മാത്രമെ അവരുടെ ഭാവി ഭദ്രമായിരിക്കുകയുള്ളൂവെന്ന് പറഞ്ഞ് അവരെ തെറ്റിദ്ധരിപ്പിച്ച് ഐക്യകേരള പ്രസ്ഥാനത്തെയും ഉത്തരവാദ ഭരണപ്രക്ഷോഭത്തെയും എതിർത്തു.  നാടാർ–-നായർ കലാപങ്ങളുണ്ടാക്കി സമുദായ സൗഹാർദം തകർത്തു.  മറ്റു പ്രദേശങ്ങളിൽ നായരീഴവ കലഹങ്ങളും നായർ–-ക്രിസ്ത്യൻ കലഹങ്ങളും ഇളക്കിവിട്ടു.  ഐക്യകേരളം അപകടമാണെന്ന് സമുദായ നേതാക്കളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.  എന്നാൽ സ്റ്റേറ്റ് കോൺഗ്രസും കമ്യൂണിസ്റ്റുകാരും അടിപതറിയില്ല.  അവർ നേതൃത്വം കൊടുത്ത സമരങ്ങളിലണിനിരന്ന ജനങ്ങളുടെ ത്യാഗമാണ് ഉത്തരവാദ ഭരണവും ഐക്യ കേരളവും.  

ഇ എം എസ്  എഴുതിയ ‘ഒന്നേകാൽക്കോടി മലയാളികളാ'ണ് ഐക്യ കേരളത്തിന്റെ ദാർശനികാടിത്തറ.  കമ്യൂണിസ്റ്റ് പാർടിയുടെ 1943 ലെ ഒന്നാം കോൺഗ്രസിന്റെ പ്രമേയമാണ് ഈ പുസ്തകത്തിനടിസ്ഥാനം.  സുന്ദരയ്യയുടെ ‘വിശാലാന്ധ്ര' യും ഭവാനി സെന്നിന്റെ ‘നൂതൻ ബംഗാളും' ഉണ്ടായതും ഇതേ പ്രമേയത്തിന്റെ ഭാഗമാണ്‌.  ഭാഷയും സംസ്കാരവുമാണ് ദേശീയതയുടെ അടിസ്ഥാനമെന്ന ദർശനമാണ് അതിനു പിന്നിലുള്ളത്.  ദേശീയതയെക്കുറിച്ചുള്ള ലെനിന്റെ സിദ്ധാന്തമാണ് മൂലപ്രമാണം.  മതാടിസ്ഥാനത്തിലാകണം ദേശീയതയെ നിർവചിക്കേണ്ടതെന്ന ഇസ്ലാമിക–-ഹിന്ദുത്വ വർഗീയവാദികളുടെ ആവശ്യത്തെ നിഷേധിക്കുന്നതാണ് കമ്യൂണിസ്റ്റുകാരുടെ പ്രമേയം. വാസ്തവത്തിൽ ഇന്ത്യാ വിഭജനത്തെ എതിർത്ത ഒരുവിഭാഗം കോൺഗ്രസുകാർക്കു കിട്ടിയ പിടിവള്ളിയും ഇതുതന്നെയായിരുന്നു.  അതാണ് ശരിയെന്ന് ചരിത്രം തെളിയിച്ചു. പാകിസ്ഥാനിൽനിന്നും ബംഗ്ലാദേശ് രൂപംകൊണ്ടതിന്റെ അടിസ്ഥാനമെന്തായിരുന്നു?  കിഴക്കൻ പാകിസ്ഥാനിലെ മുസ്ലിങ്ങൾക്ക് ബംഗാളി ഭാഷയായിരുന്നു മുഖ്യം;  ബംഗാളി ദേശീയതയും.  ഭാഷയ്‌ക്കുവേണ്ടിയുള്ള സമരമാണ് 1952 ഫെബ്രുവരി 21 ന് ധാക്ക സർവകലാശാലയിൽ വെടിവയ്പിൽ കലാശിച്ചതും നാലു വിദ്യാർഥികൾ രക്തസാക്ഷികളായതും.  ഫെബ്രുവരി 21 ലോകമാതൃഭാഷാദിനമായത് അങ്ങനെയാണ്. 

ബ്രിട്ടീഷുകാർ അധികാരം കൈമാറിയപ്പോൾ 555 നാട്ടുരാജ്യമാണ് ഇന്ത്യയിൽ.  അവയിൽ കുറെ നാട്ടുരാജ്യങ്ങളെ കൂട്ടിയോജിപ്പിച്ച് ഐക്യസംസ്ഥാനങ്ങളുണ്ടാക്കി.  അങ്ങനെ രൂപീകൃതമായതാണ് 1949 ജൂലൈ ഒന്നിന് നിലവിൽവന്ന തിരുക്കൊച്ചി ഐക്യസംസ്ഥാനം.  ജസ്റ്റിസ് ഫസൽ അലിയുടെ നേതൃത്വത്തിലുള്ള  സംസ്ഥാന പുനഃസംഘടനാ കമീഷനാണ് തിരുക്കൊച്ചിയെയും മലബാറിനെയും കൂട്ടിയോജിപ്പിച്ച് കേരള സംസ്ഥാനം രൂപീകരിക്കാമെന്ന ശുപാർശ നടത്തിയത്.  ഹൃദയനാഥ് കുൺസ്രുവും സർദാർ കെഎം പണിക്കരും കമീഷനിൽ അംഗങ്ങളായിരുന്നു.  നാട്ടുരാജ്യ സംയോജന സമയത്തും ഭാഷാ സംസ്ഥാന രൂപീകരണസമയത്തും മലയാളിത്തിളക്കം പ്രകടമായിരുന്നു , പി വി മേനോനും സർദാർ കെ എം പണിക്കരും.

തേയിലത്തോട്ടങ്ങളാൽ സമൃദ്ധമായ മൂന്നാർ, പീരുമേട്, ദേവികുളം  പ്രദേശങ്ങൾ മദ്രാസിനോട് (തമിഴ്നാട്) ചേർക്കണമെന്ന് ആവശ്യമുയർന്നു.  തമിഴരായ തൊഴിലാളികളും അതിനൊപ്പമായിരുന്നു.  എന്നാൽ തോട്ടമുടമകൾ കേരളത്തിൽ നിൽക്കാനാണ് ആഗ്രഹിച്ചത്.  എവിടിയും കണ്ണൻദേവനും കൊച്ചി തുറമുഖത്തിന്റെ സാന്നിധ്യം വിട്ടുകളയാൻ തയ്യാറായില്ല.  നാഞ്ചിനാടു വേണോ മൂന്നാർ വേണോ എന്ന തർക്കം അന്തർധാരയായി ഉണ്ടായിരുന്നു.  പട്ടം താണുപിള്ള തിരുക്കൊച്ചിയിൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഹൈറേഞ്ചിൽ മലയാളികളുടെ എണ്ണം വർധിപ്പിക്കുന്നതിന്‌  താഴ്‌വാരത്തുനിന്നുമുള്ള കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചു.  ‘പട്ടം' കോളനികൾ നിലവിൽ വന്നു. റേഷൻകാർഡിലും വോട്ടർ പട്ടികയിലും പേരുചേർത്ത് ഭൂരിപക്ഷമുണ്ടാക്കി.  നാഞ്ചിനാടിനെ കൈവിടാൻ രഹസ്യധാരണയായി.  നാഞ്ചിനാടിനെ തമിഴ്നാടിനോട് ചേർക്കാൻ പ്രക്ഷോഭമുണ്ടായി.  നാഗർകോവിലിലും കുഴിത്തുറയിലും വെടിവയ്പ് നടന്നു.  രക്തസാക്ഷികളും ഉണ്ടായി.  സർ സി പി  ഉണർത്തിവിട്ട വിഭാഗീയതയും വർഗീയതയും താണ്ഡവമാടി. പിന്നീട് ഒത്തുതീർപ്പുണ്ടായി.  മൂന്നാറിലെ തേയില വെള്ളത്തിനു പകരം നാഞ്ചിനാട്ടെ കഞ്ഞിവെള്ളം കമഴ്ത്തിക്കളഞ്ഞു എന്ന് അന്ന് പലരും കുറ്റപ്പെടുത്തി.  തിരുവനന്തപുരം ജില്ലയിലെ  തെക്കൻ താലൂക്കുകളായ വിളവൻകോട്, കൽക്കുളം, അഗസ്തീശ്വരം, തോവാള എന്നിവ കൂട്ടിച്ചേർത്ത് കന്യാകുമാരി ജില്ലയുണ്ടാക്കി മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമാക്കി.  അന്നത്തെ കരാറിന്റെ ഭാഗമായിട്ടാണ് പത്മനാഭപുരം കൊട്ടാരം ഇപ്പോഴും കേരളത്തിന്റെ ഉടമസ്ഥതയിലിരിക്കുന്നതും നവരാത്രി വിഗ്രഹങ്ങളെ രണ്ട് സർക്കാരും കൂടിച്ചേർന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും എഴുന്നള്ളിക്കുന്നതും.

സംസ്ഥാന രൂപീകരണത്തിനുശേഷം നടന്ന ആദ്യത്തെ പൊതു തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർടിക്ക് ഭൂരിപക്ഷം കിട്ടി. മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തു.  മന്ത്രിസഭ രൂപീകരിക്കാനായാൽ എന്തൊക്കെ ചെയ്യണമെന്ന് 1956ൽ തൃശൂരിൽ ചേർന്ന പാർടി സമ്മേളനം ചർച്ച ചെയ്തിരുന്നു.  കാർഷിക–-വ്യാവസായിക മേഖലകളിലും വിദ്യാഭ്യാസ രംഗത്തും പൊതുഭരണ രംഗത്തും സാംസ്കാരിക രംഗത്തും സാമൂഹികരംഗത്തും നടപ്പാക്കേണ്ട കാര്യങ്ങളെപ്പറ്റിയും നിയമനിർമാണത്തെപ്പറ്റിയും ധാരണയുണ്ടായി.  കുടിയൊഴിപ്പിക്കൽ നിരോധന നിയമവും കാർഷികബന്ധ നിയമവും വിദ്യാഭ്യാസ നിയമവും ഭരണപരിഷ്‌കാര കമീഷനും ഔദ്യോഗിക ഭാഷാകമീഷനും സ്ത്രീധന നിരോധന നിയമവും ഉണ്ടായത് അതിന്റെയടിസ്ഥാനത്തിലായിരുന്നു. നവകേരള നിർമിതിയുടെ അടിത്തറയിടുന്നത് അങ്ങനെയാണ്.  ആ അടിത്തറയിന്മേലാണ് കേരള വികസന മാതൃക പടുത്തുയർത്തിയത്. തിരുവിതാംകൂറിലെയും കൊച്ചിയിലെയും ഭൂപരിഷ്കാര നിയമങ്ങളും വിദ്യാഭ്യാസ ചട്ടങ്ങളും പൊതുജനാരോഗ്യ, പൊതുവിതരണ സമ്പ്രദായങ്ങളും മലബാറിലെ കർഷക പ്രസ്ഥാനവും അധ്യാപക പ്രസ്ഥാനവും ഗ്രന്ഥശാലാ പ്രസ്ഥാനവുമെല്ലാം ഈ മാതൃക കെട്ടിപ്പൊക്കുന്നതിന് ഇഷ്ടികയും മണ്ണും സംഭാവന നൽകിയിട്ടുണ്ട്.

കമ്യൂണിസ്റ്റുകാർക്ക് ഭൂരിപക്ഷം കിട്ടുമെന്ന് ആത്മവിശ്വാസം ഉണ്ടാകുന്നതിനു മുമ്പുതന്നെ മറ്റുചിലർക്ക് ആ വിശ്വാസം ഉണ്ടായിരുന്നു. പ്രാചീന ചൈനയിലെ കർഷകർ ഭൂകമ്പമുണ്ടാകുന്നത് മുൻകുട്ടി അറിയുമത്രെ! പലേടത്തായി ഒളിച്ചിരിക്കുന്ന പാറ്റകൾ പറന്നുവന്ന് കൂട്ടംകൂടി കുന്നുപോലെ ഉയരുന്നതും വളർത്തുപന്നികൾ വാൽ ചുഴറ്റിപ്പിടിച്ചുകൊണ്ട് കൂട്ടത്തോടെ മുക്രയിടുന്നതും കണ്ടാൽ കർഷകർക്കുറപ്പാണ് ഭൂകമ്പം വരാറായി എന്ന്.  ‘മോൺസിഞ്ഞോർ മുസ്സലീനി' എന്ന മലയാള പുസ്തകം 1929ൽ പ്രസിദ്ധീകരിച്ചതാണ്. അതിൽ കമ്യൂണിസ്റ്റുകാർ ക്രിസ്ത്യാനികളുടെ ശത്രുക്കളാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. കേരളത്തിൽ കമ്യൂണിസ്റ്റുപാർടി ജനിക്കുന്നതിനു മുമ്പാണിതെഴുതിയത്‌. മലബാർ ഡിസ്ട്രിക്ക് ബോർഡിലേക്ക് 1951ൽ നടന്ന തെരഞ്ഞെടുപ്പിലും 1952ലും 1954ലും തിരുക്കൊച്ചി നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പുകളിലും കമ്യൂണിസ്റ്റ് പാർടി ശക്തി തെളിയിച്ചു. ബ്രദർ വടക്കന്റെ ക്രിസ്റ്റഫർ സംഘടനയും കുറുവടിസേനയും മറ്റുചിലരുടെ നിരണം പടയും 1957നു മുമ്പുതന്നെ പണി തുടങ്ങിയിരുന്നു. ആഗോളമായ ശീതയുദ്ധ സാഹചര്യത്തിൽ സിഐഎയുടെ പണം കേരളത്തിലെക്കൊഴുകി. ഒഴുക്കിയെന്ന് അന്ന് സിഐഎയുടെ തലവനായിരുന്ന പാട്രിക്  മൊയ്നിഹാൻ തന്റെ ആത്മകഥയിലെഴുതിയിട്ടുണ്ട്. പണം വാങ്ങിയവരും ഉപയോഗപ്പെടുത്തിയവരും മൺമറഞ്ഞുപോയിട്ടുണ്ടാകാം. എന്നാൽ അവരുടെ പൈതൃകം പേറുന്നവർ ഇന്നും കേരളത്തിലുണ്ട്.

കമ്യൂണിസ്റ്റ് മന്ത്രിസഭ കൊണ്ടുവന്ന കാർഷികബന്ധനിയമം ജന്മിത്തം അവസാനിപ്പിച്ചു. ജന്മിത്തം നിലനിർത്താനായി ജാതിമതസംഘടനകൾ നടത്തിയതാണ് വിമോചനസമരം. ദരിദ്രരായ നായന്മാരും ഈഴവരും ക്രിസ്ത്യാനികളും മുസ്ലിങ്ങളും കൃഷിഭൂമിയുടെ ഉടമസ്ഥരായിത്തീരുന്നത് സാമുദായിക നേതാക്കൾക്ക് സഹിക്കാവുന്നതായിരുന്നില്ല. എന്നാൽ ഈ ദരിദ്ര പാട്ടക്കുടിയാന്മാരുടെ അംഗബലം വച്ചാണ് സമുദായനേതാക്കൾ വിലപേശിയത്‌. യഥാർഥത്തിൽ ഓരോ ജാതിയിലും മതത്തിലും ഉള്ള ദരിദ്രർക്കെതിരായിട്ടാണ് സമുദായനേതാക്കൾ വിമോചന സമരത്തിന് നേതൃത്വം കൊടുത്തത്. 

വിദ്യാഭ്യാസ നിയമത്തിന്റെയും സ്ഥിതി ഇതുതന്നെ. നിയമത്തിൽ പറയും പ്രകാരം എയ്‌ഡഡ് സ്കൂൾ നിയമനം പിഎസ്‌സിക്കു വിട്ടിരുന്നെങ്കിൽ ഗുണം കിട്ടുന്നത് ആർക്കാകുമായിരുന്നു? വിദ്യാർഥി പ്രവേശനത്തിലെന്നപോലെ അധ്യാപക നിയമനത്തിലും സമുദായവിഹിതവും മാനേജ്മെന്റ് വിഹിതവും അംഗീകരിച്ച്‌ ഉദ്യോഗാർഥികളെ തെരഞ്ഞെടുത്തെങ്കിൽ അതതു സമുദായങ്ങളിലെ യോഗ്യതയും കഴിവുമുള്ള പാവപ്പെട്ടവർക്ക് ജോലി ലഭിക്കുമായിരുന്നു. സ്വന്തം സമുദായത്തിലെ പാവപ്പെട്ടവർ അവിടെയും തഴയപ്പെട്ടു. അപ്പോൾ വിമോചന സമരം കമ്യൂണിസ്റ്റ് ഭരണത്തിനെതിരെയെന്നും സെൽ ഭരണത്തിനെതിരെയെന്നും പ്രചരിപ്പിച്ചത് സ്വസമുദായത്തിലെ ദരിദ്രരെ എന്നും ദരിദ്രരായി നിലനിർത്തുന്നതിനുവേണ്ടിയായിരുന്നു.

കൃഷിയിലും ലോഹവിദ്യയിലും വാസ്തു വിദ്യയിലും ആരോഗ്യശാസ്ത്രത്തിലും കളരി മർമത്തിലും ഗണിതത്തിലും വസ്ത്രനിർമാണത്തിലും മലയാളികൾ നിർമിച്ച ജ്ഞാന സമ്പത്താണ് കേരളീയത. അത് നിർമിച്ചത് ആശാരിയും മൂശാരിയും കൊല്ലനും ശാലിയനും അടങ്ങുന്ന സമൂഹമാണ്. ആ ജ്ഞാന സമൂഹത്തിന്റെ ഭാഷയാണ് മലയാളം. അതിനെ മറ്റുചിലർ അപഹരിച്ച് സ്വന്തമാക്കി വച്ചു. സൃഷ്ടിയെ  സ്രഷ്ടാവിൽനിന്നുമകറ്റി. അപഹരിക്കപ്പെട്ടതിനെ വീണ്ടെടുക്കാനുള്ള ജ്ഞാനനവോത്ഥാനമാണ് ചട്ടമ്പിസ്വാമിയും ശ്രീനാരായണ ഗുരുവും തുടങ്ങിവച്ചത്. കളരി ഗുരുക്കന്മാരുടെ കർമധീരതയാണ് ‘സമത്വ സമാജത്തിലും' ‘സാധുജന പരിപാലന സംഘത്തിലും' തിളങ്ങിനിന്നത്. കേരളീയതയെ കേരളമാക്കി മാറ്റിയ പൂർവികരുടെ നേരവകാശികൾ ആരാണ്?  സമരവീര്യത്തിന്റെ പന്തങ്ങൾ പേറുന്ന ചോരതുടിക്കുന്ന ചെറുകൈയുകൾ ആരുടേതാണ്?

നമ്മുടെ മുൻഗാമികൾ ജീവത്യാഗം ചെയ്ത് നേടിയെടുത്തതാണ് ഭാഷയുടെയും സംസ്കാരത്തിന്റെയും അടിസ്ഥാനത്തിലുള്ള ദേശീയത. അതംഗീകരിക്കാത്തവരാണ് കശ്മീരിന്റെ സംസ്ഥാനപദവി ഇല്ലതാക്കിയത്. മറ്റു സംസ്ഥാനങ്ങളുടെയും ഗതി ഇതുതന്നെയാണ്. എത്ര ഭാഷയുണ്ടോ അത്രയും ദേശീയതകളുമുണ്ട്. അതംഗീകരിക്കാത്തവരാണ് ഹിന്ദിയെ രാഷ്ട്ര ഭാഷയാക്കാൻ ശ്രമിക്കുന്നത്. ആ ഭാഷയറിയാത്തവർക്ക് തൊഴിലില്ല എന്നാണ് പറയുന്നത്. ഇതു പണ്ട് ബ്രിട്ടീഷുകാർ പറഞ്ഞതാണ്. ജോലി കിട്ടണമെങ്കിൽ ഇംഗ്ലീഷ് പഠിക്കണമെന്ന്, സംസ്ഥാനങ്ങളെ ഇല്ലാതാക്കി കേന്ദ്രം നേരിട്ടു ഭരിക്കുന്ന പ്രദേശങ്ങളാക്കുക. കേന്ദ്രത്തിന്റെ ചട്ടുകങ്ങളെ (ലഫ്റ്റനന്റ്) ഗവർണർമാരായി നിയമിക്കുക. ഭരണവും ഭാഷയും കേന്ദ്രീകൃതമാക്കുക. പോംവഴി ഒന്നേയുള്ളു. ഭരണവും ഭാഷയും വികേന്ദ്രീകൃതമാക്കുക. ഭാഷയ്‌ക്കും സംസ്കാരത്തിനും വേണ്ടിയുള്ള സമരം തുടരുക തന്നെ പോംവഴി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top