18 September Wednesday

അത്രമേല്‍ വിനീതനാകയാല്‍...

വിനോദ് പായംUpdated: Sunday Jul 30, 2017

സി കെ വിനീത്

വട്ടിപ്രം വെള്ളാനപ്പൊയിലിലെ വീട്ടിലെത്തി വിളിച്ചപ്പോള്‍ ഏഴ് കിലോമീറ്റര്‍ അകലെയുള്ള കൂത്തുപറമ്പ് ടൌണില്‍നിന്നാണ് വിനീത് പാഞ്ഞുവന്നത്. ഇപ്പോള്‍ പോകുന്നിടത്തെല്ലാം ആധാര്‍ ചോദിക്കുന്നു; അതിനാല്‍ ആധാറിന് അപേക്ഷിക്കാന്‍ പോയതായിരുന്നു; കാറില്‍ നിന്നുമിറങ്ങുന്നതിനിടയില്‍ വിനീത് പറഞ്ഞു. "പത്തുമുപ്പത് പേര്‍ ക്യൂവിലുണ്ട്. തിരക്കാണ്, ഇനി നാളെ പോകാമെന്ന് തോന്നുന്നു...'' പോയകാര്യം എന്തായി എന്ന് അന്വേഷിച്ച് മുറ്റത്തേക്കിറങ്ങിയ അച്ഛന്‍ വാസുമാഷോടുള്ള മറുപടി ഇങ്ങനെ. നിങ്ങളിപ്പോള്‍ ഒരു സ്റ്റാറല്ലെ, ആധാര്‍ അപേക്ഷയ്ക്കൊക്കെ ഇങ്ങനെ ക്യൂ നില്‍ക്കണോ എന്ന ചോദ്യത്തിന് നാണംനിറഞ്ഞ ചിരിയോടെ മറുപടി.. "ഈട അങ്ങനേന്നും ഇല്ലപ്പ... എല്ലാം നമ്മടെ നാട്ടാറല്ലെ. ഇപ്പോ നാട്ടില് അങ്ങനെ ഇണ്ടാകാറില്ല. എന്നാലും കിട്ടുന്ന സമയത്തെല്ലാം ഈടവരണം. എല്ലാത്തരം പരിപാടിക്കും പോകണം, ചൊകന്ന മുണ്ടുടുത്ത്, അതും മാടിക്കുത്തി കണ്ടത്തിലും അതിന്റെ നടുവിലെ തോട്ടിലും ചൂണ്ടയെടുത്ത് അഞ്ചരക്കണ്ടിപ്പൊഴേടെ മൂഴീലും അങ്ങനെ പോകണം... അല്ലാതെന്ത് സ്റ്റാറ്...യേയ്...''

മുത്തെ എപ്പോയ്നു ബന്നത്..?

വെള്ളാനപ്പൊയിലില്‍, ഈ വയലിനരികില്‍ രണ്ടുവര്‍ഷം മുമ്പാണ് വിനീതിന്റെ കുടുംബം പുതിയ വീടുവച്ചത്. മുറ്റത്തുനിന്ന് കാലെടുത്തുവയ്ക്കുന്നത് വയലിലേക്ക്. ഇതിനെ നെടുകെ പകുത്തുകൊണ്ട് ചെറിയൊരു കൈത്തോട്. കഴിഞ്ഞമാസം ബംഗളൂരുവില്‍നിന്ന് എത്തിയാണ് ഞാറുനട്ടത്. എജീസ് ഓഫീസില്‍നിന്ന് പിരിച്ചുവിടല്‍ ഉത്തരവ് വരുന്ന സമയത്ത് ഈ ബ്ളാസ്റ്റേഴ്സ് താരം വയലില്‍ ടില്ലറുകൊണ്ട് ഉഴുകയായിരുന്നു. വയലിലേക്കിറങ്ങാം എന്ന് പറഞ്ഞപ്പോള്‍, വീടിനകത്തേക്ക് കയറി, ഒരു മുഷിഞ്ഞ ചുവന്നമുണ്ടും ടീഷര്‍ട്ടും എടുത്തിട്ട് പുറത്തിറങ്ങി. തോട്ടിലെ വെള്ളത്തിലേക്കൊരു ഷോട്ട് പായിക്കാം എന്നോര്‍ത്താകണം, വീണ്ടും അകത്തുകയറി ഫുട്ബോളും കരുതി. അപ്പോഴേക്കും കൈയടിച്ചുകൊണ്ട് മഴയുമെത്തി. താരം ആവേശത്തിലായി, തോട്ടുമ്പുറത്തേക്ക് ഊളിയിട്ടു. വയല്‍പ്പുറത്ത് പ്ളാസ്റ്റിക് തൊപ്പിയും ധരിച്ച് പുല്ലുചെത്തുന്ന അമ്മമാരും വിനീതിനോട് ഒന്നുമുട്ടിയാലോ എന്ന് ശങ്കിച്ചെത്തിയ തവളകളും തലയുയര്‍ത്തി ചോദിച്ചു... "മുത്തെ എപ്പോയ്നു ബന്നത്..?'' ഇന്നലെ രാത്രിയെത്തി- മറുപടി. കൊറേ ദെവസോണ്ടോ...? അടുത്തായ്ചയെന്ന് വീണ്ടും മറുപടി. അവര്‍ പിന്നെയും എന്തൊക്കെയോ സംസാരിച്ചു. അമ്മമാരുടെ വീട്ടുവിശേഷമെല്ലാം അതിനിടയ്ക്ക് 'മുത്ത്' ചോദിച്ചറിഞ്ഞു.

അപ്പോള്‍ നാട്ടില്‍ ശരിക്കും സ്റ്റാറൊന്നുമല്ല  അല്ലെ...?  തോട്ടിന്നടിയില്‍ ഗോളിയായിനിന്ന പരല്‍മീനുകളുടെ കണ്ണിലേക്ക് ഒരു ഷോട്ട് പായിച്ച് നനഞ്ഞുകുളിച്ച് പറഞ്ഞ മറുപടി ഇങ്ങനെ:

"നിങ്ങള് കണ്ടില്ലെ, ഇതാണ് ശരിക്കും ഞാന്‍. കളിക്കളത്തിലെ ആര്‍പ്പുവിളികളെല്ലാം കഴിഞ്ഞാല്‍ ഞാന്‍ മടങ്ങാന്‍കൊതിക്കുന്ന എന്റെ പ്രിയപ്പെട്ട ഇടം. ഇവിടെ ഞാന്‍ താരമല്ലെന്നുമാത്രമല്ല, വിനീതെന്ന പേരുപോലും ഓര്‍മയില്ലാത്തവനാണ്, കേട്ടില്ലെ.. മുത്തേ എന്നാണ് എല്ലാവരും വിളിക്കുന്നത്. കുഞ്ഞായിരിക്കുമ്പോള്‍ വീട് വിളിച്ച പേര് ഇപ്പോള്‍ നാടും വിളിക്കുന്നു...'' പറയുമ്പോഴെല്ലാം വിനീത് പന്തുകളിച്ചുകൊണ്ടേയിരുന്നു. തകര്‍ത്തുപെയ്യുന്ന മഴയും കൂട്ടിനുണ്ട് അപ്പോള്‍ കളിക്കാന്‍. മഴത്തുള്ളികള്‍ക്ക് ഇടയിലൂടെ പന്തിനെ പമ്പരംപോലെ കറക്കി. കാലുകൊണ്ട് വെള്ളത്തെ ഗോള്‍മുഖത്തേക്കയക്കുമ്പോള്‍ അവിടെ മഴവില്ലുകള്‍ വിടര്‍ന്നു.

സെക്രട്ടറിയറ്റില്‍നിന്ന് വിളിച്ചിരുന്നു

വീടിന്റെ വരാന്തയില്‍ കാല്‍നീട്ടിയിരിക്കുമ്പോള്‍ അച്ഛന്‍ വാസുമാഷുമെത്തി. അടുത്തിരുന്ന അച്ഛന്റെ മടിയിലേക്ക് മെല്ലെ ചാഞ്ഞ് വിനീത് സംസാരിച്ചുതുടങ്ങി. എജീസ് ഓഫീസില്‍നിന്ന് പിരിച്ചുവിട്ടതിന് ശേഷം, ജോലിക്കാര്യം ഏറ്റെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച കായികമന്ത്രി എ സി മൊയ്തീനെ നേരിട്ടുകണ്ടു. ജോലിക്കാര്യം മന്ത്രിസഭായോഗം പരിഗണിക്കുമെന്ന് സെക്രട്ടറിയറ്റില്‍നിന്ന് വിളിച്ചറിയിച്ചു. "സന്തോഷം'' മകന്റെ പുതിയ വിശേഷം കേട്ടപ്പോള്‍ അച്ഛന്റെ പ്രതികരണം ഇങ്ങനെ.

പ്രൊബേഷന്‍ സമയത്ത് അകാരണമായി ജോലിയില്‍നിന്ന് വിട്ടുനിന്നു എന്നാരോപിച്ചാണ് വിനീതിനെ എജീസ് ഓഫീസില്‍ നിന്ന് പുറത്താക്കുന്നത്. കളിയുടെ ആവശ്യത്തിനായിമാത്രം ജോലിയില്‍ തുടരേണ്ട താരത്തിനെയാണ് ഓഫീസിലെത്താത്തതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിടുന്നത്. അല്ലെങ്കിലും കളിക്കായിമാത്രം എല്ലാത്തരം കളിവിരുദ്ധതയോടും കലഹിച്ച വിനീതിനും കുടുംബത്തിനും ഇപ്പോഴും വേണ്ടത് ജോലിയല്ല, കളിമൈതാനങ്ങളാണ്, ആരവം ഒരിക്കലും നിലയ്ക്കാത്ത അനന്തമായ കളിമൈതാനങ്ങള്‍.

വട്ടിപ്രം, ഒരുകാല്‍പ്പന്തുകളിക്കാരന്‍ വളരാന്‍തക്ക മൈതാനമൊന്നുമില്ലാത്ത നാടാണ്. എന്നിട്ടും വിനീത് അവിടെ എങ്ങനെ സംഭവിച്ചു എന്ന് വിനീതിന്റെ നാട്ടിലെത്തുന്ന ആര്‍ക്കും സംശയം തോന്നാം. ആറാംക്ളാസുവരെ അച്ഛന്‍ ജോലിചെയ്യുന്ന കുരിയോട് യുപി സ്കൂളിലാണ് വിനീത് പഠിച്ചത്. അക്കാലം എല്ലാ ആണ്‍കുട്ടികള്‍ക്കുമുള്ളതുപോലെയുള്ള കളിക്കമ്പം വിനീതിനും ഉണ്ടായിരുന്നു. അവിടന്നാണ് കണ്ണൂര്‍ നവോദയ വിദ്യാലയത്തില്‍  പ്രവേശനം ലഭിക്കുന്നത്. ക്രിക്കറ്റ് കളിയിലായിരുന്നു അക്കാലത്ത് താല്‍പ്പര്യം. എന്നാല്‍, ഹാന്‍ഡ്ബോള്‍, ബാസ്കറ്റ് ബോള്‍, ഫുട്ബോള്‍, വോളിബോള്‍ തുടങ്ങിയവമാത്രമേ നവോദയയില്‍ പ്രോത്സാഹിപ്പിക്കൂ. പത്താംക്ളാസുവരെ നല്ല പഠനത്തിനൊപ്പം ഫുട്ബോള്‍ മോഹങ്ങള്‍ ഗോളുകളായി മനസ്സിലേക്ക് ഇടയ്ക്കിടയ്ക്ക് പാറിവരുന്നുണ്ടായിരുന്നു. പ്ളസ്ടുവിന് കാഞ്ഞങ്ങാട് പെരിയ നവോദയ സ്കൂളിലെത്തിയത് വഴിത്തിരിവായി. അധ്യാപകരായ ജോസനും ജോഷിയും വിനീതിന്റെ ജീവിതംതന്നെ മാറ്റിക്കളഞ്ഞു. പന്തില്‍ വിനീതിനുള്ള കൈയടക്കംകണ്ട് ബോധിച്ച ഈ അധ്യാപകര്‍, അവന്റെ കാലിലേക്ക് എന്നെന്നേക്കുമായി പന്തുകള്‍ ഇട്ടുകൊടുത്തു. സ്കൂള്‍ ഗെയിമില്‍ മൈതാനങ്ങളില്‍ നിര്‍ത്താതെ ഓടി വിനീത് ലക്ഷ്യത്തിലേക്ക് പന്ത് തൊടുത്തു.

"ഒരുസിനിമയില്‍ ലാല്‍ ജോസ് മമ്മൂട്ടിയുടെ കഥാപാത്രത്തോട് പറയുന്നൊരു കാര്യമുണ്ട്, നിങ്ങളൊരു നടനാകണമെന്ന് തീരുമാനിച്ചുറപ്പിച്ച് ഇറങ്ങിയാല്‍ നിങ്ങളത് ആയിരിക്കും. അതേപോലെയാണ് എന്റെയും അവസ്ഥ. ഒരു പ്രൊഫഷണല്‍ ഫുട്ബോളര്‍ ആകണമെന്നായിരുന്നു എന്റെ എക്കാലത്തെയും ആഗ്രഹം.'' മര്യാദയ്ക്കൊരു മൈതാനംപോലുമില്ലാത്ത നാട്ടില്‍ താനെങ്ങനെ ഫുട്ബോളറായി എന്ന് വിനീത് വിശദീകരിക്കുന്നത് ഇങ്ങനെ. ആല്‍ക്കെമിസ്റ്റിലെ ഇടയനില്ലേ, നിങ്ങളൊന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചാല്‍, അത് നടപ്പാകാന്‍ ലോകമെല്ലാം ഒപ്പമുണ്ടാകും എന്ന് ചിന്തിച്ച ഇടയന്‍. ഈ വാചകമല്ലേ കൂടുതല്‍ ചേരുക എന്ന് ചോദിച്ചപ്പോള്‍ ആ വിനീതമായ ചിരിമാത്രം മറുപടി.

ഇനി അച്ഛന്‍ വാസുമാഷ് പറയട്ടെ: "അവന്റെ വല്ലാത്ത കളിഭ്രാന്തിന് എതിര് നിന്നില്ല എന്നതാണ് കുടുംബം അവനോട് ചെയ്ത നല്ലൊരു കാര്യം. പഠിക്കാനായി പ്രത്യേകം മിനക്കെടാറില്ലെങ്കിലും നല്ല മാര്‍ക്കൊക്കെ പരീക്ഷയ്ക്ക് കിട്ടിയിരുന്നു. പ്ളസ്ടു കഴിഞ്ഞ് കൊല്ലം പുനലൂരില്‍ പോളിടെക്നിക് കോളേജില്‍ ചേര്‍ന്നു. സര്‍ട്ടിഫിക്കറ്റും ഫീസുമെല്ലാം അടച്ച്, അവനെ കോളേജില്‍ കൊണ്ടുവിടാന്‍ ഞാനും പോയി. അവിടെയാക്കി തിരിച്ചുവരുമ്പോള്‍, അവനും എനിക്കൊപ്പം മടങ്ങാന്‍ തയ്യാറായി നില്‍ക്കുന്നു. അവന് അവിടെ പഠിക്കേണ്ടെന്ന്. ആ കോളേജില്‍ മൈതാനമില്ലത്രെ! ഫുട്ബോള്‍ ഗ്രൌണ്ടില്ലാത്ത ആ കോളേജില്‍ അവന്‍ പഠിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചുകളഞ്ഞു. കൂളായി നാട്ടിലേക്ക് ആ അച്ഛനും മകനും മടങ്ങി. നാട്ടിലെത്തി കണ്ണൂര്‍ എസ്എന്‍ കോളേജില്‍ ബിഎസ്സി മൈക്രോ ബയോളജി കോഴ്സിന് ചേര്‍ന്നു. അവിടെയും പ്രശ്നം, ലാബും മറ്റുതിരക്കുകളുംകാരണം കളിക്കാന്‍ സമയം കിട്ടുന്നില്ലെന്ന്. അതിനാല്‍ എക്കണോമിക്സിലേക്ക് മാറ്റേണ്ടിവന്നു. പിജി കോഴ്സ് വരെ ആറുവര്‍ഷം അവന്‍ എസ്എന്‍ കോളേജിന്റെ താരമായി. കളിക്കളം നിറഞ്ഞവന്‍ കളിച്ചു. എസ്എഫ്ഐ നേതൃത്വത്തിലുള്ള കോളേജ് യൂണിയനില്‍ സ്പോര്‍ട്സ് ക്യാപ്റ്റനുമായി.

തുള്ളിമുറിയാത്ത കര്‍ക്കടകത്തിലും 25 കിലോമീറ്റര്‍ അകലെയുള്ള കണ്ണൂരിലെ മൈതാനത്തിലേക്ക് പുലര്‍ച്ചെ അവന്‍ കുതിച്ചു. ഇതിനായി അവനൊരു ബൈക്ക് വാങ്ങി നല്‍കി. ഫുട്ബോളറാകാന്‍ അവന്‍ ഏറെ കഷ്ടപ്പെട്ടു. അവനതിന്റെ ഗുണം കിട്ടി എന്നതിലാണ് ഏറെ സന്തോഷം''- വാസുമാഷും നിറഞ്ഞ് ചിരിച്ചു.

കളിക്കാരന്‍

നിലം ഉഴുന്ന വിനീത്

നിലം ഉഴുന്ന വിനീത്

ഐ ലീഗിലെ മിന്നുന്ന പ്രകടനമാണ് വിനീതിനെ ജനപ്രിയ താരമാക്കിയത്. മധ്യനിരയിലും മുന്നേറ്റത്തിലും ഒരുപോലെ തിളങ്ങും. വിവാ കേരളയിലൂടെയാണ് പ്രൊഫഷണല്‍ ഫുട്ബോളില്‍ അരങ്ങേറ്റം. തുടര്‍ന്ന് ചിരാഗ് യുണൈറ്റഡിലേക്ക്. 2011-12 സീസണില്‍ ചിരാഗിനായി എട്ട് ഗോള്‍ നേടി വരവറിയിച്ചു.

 പ്രയാഗ് യുണൈറ്റഡിലും കളിച്ചശേഷം 2014ല്‍ ബംഗളൂരു എഫ്സിയുടെ ഭാഗമായി. ഐ ലീഗില്‍ മികച്ച കളിയായിരുന്നു. ഈ പ്രകടനം കണ്ട ബംഗളൂരു വിനീതുമായുള്ള കരാര്‍ നീട്ടി. 2014ലെ ഐ ലീഗും ഫെഡറേഷന്‍ കപ്പും ബംഗളൂരു ജയിച്ചപ്പോള്‍ വിനീതിന്റെ പ്രകടനം നിര്‍ണായകമായി. ഇതിനിടെ കരാര്‍വ്യവസ്ഥയിലെ പ്രശ്നങ്ങള്‍കാരണം ബംഗളൂരു  കളിക്കാര്‍ക്ക് ഐഎസ്എല്ലിന്റെ ആദ്യപതിപ്പില്‍ കളിക്കാനായില്ല. 2015ല്‍ ഡ്രാഫ്റ്റിലൂടെ (പങ്കുവയ്ക്കല്‍) വിനീത് ബ്ളാസ്റ്റേഴ്സിലെത്തി.

മൂന്നാമത്തെ സീസണിലാണ് വിനീത് ശരിക്കും വിനീതായത്. ഒമ്പത് കളിയില്‍ അഞ്ച് ഗോള്‍. നിര്‍ണായകസമയത്തായിരുന്നു ആ ഗോളെല്ലാം. ഗോളടിക്കാന്‍ വിഷമിക്കുന്ന ഘട്ടത്തിലാണ് വിനീത് രക്ഷകനായെത്തിയത്്. അതോടെ ബ്ളാസ്റ്റേഴ്സിന്റെ കളിരീതിതന്നെ മാറി. കൊച്ചിയില്‍ ഗോവയ്ക്കെതിരെ 90-ാം മിനിറ്റില്‍ ബ്ളാസ്റ്റേഴ്സിന്റെ ജയമുറപ്പിച്ച ഗോള്‍,പിന്നാലെ ചെന്നൈയിന്‍ എഫ്സിക്കെതിരെ നാല് മിനിറ്റിന്റെ ഇടവേളയില്‍ പായിച്ച രണ്ട് മനോഹര ഗോളുകള്‍. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ വിജയഗോള്‍ നേടി ടീമിനെ സെമിയിലെത്തിച്ചതും വിനീതിന്റെ മിടുക്ക്. ഫൈനല്‍വരെ ബ്ളാസ്റ്റേഴ്സ്  കുതിച്ചു. ഇപ്പോള്‍ നാലാം സീസണില്‍ വിനീതിനെ ബ്ളാസ്റ്റേഴ്സ് നിലനിര്‍ത്തുകയുംചെയ്തു.

ഐ ലീഗില്‍ 15 കളിയില്‍ ഏഴ് ഗോള്‍. സുനില്‍ ഛേത്രിക്കൊപ്പം മികച്ച ഗോളടിക്കാരനായി. ഫെഡറേഷന്‍ കപ്പില്‍ രണ്ടെണ്ണം. എഎഫ്സി കപ്പില്‍ മൂന്ന്. ഫെഡറേഷന്‍ കപ്പ് ഫൈനലില്‍ ഇറങ്ങുമ്പോഴാണ് എജീസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍. അതിനുള്ള മറുപടി കളത്തില്‍ കൊടുത്തു. മോഹന്‍ ബഗാനെതിരെ നേടിയ രണ്ട് ഗോളുകള്‍ വിനീതിന്റെ മറുപടിയായിരുന്നു. ബംഗളൂരു എഫ്സിയെ ചാമ്പ്യന്മാരാക്കുകയും കളിക്കാരന്‍ ആത്മാഭിമാനം തെളിയിക്കുകയുംചെയ്ത   പ്രകടനം.  പകരക്കാരുടെ ബെഞ്ചില്‍നിന്ന് ഇറങ്ങിയാണ് വിനീത്  ഗോളുകള്‍ തൊടുത്തത്. മറ്റു ഗോളുകളെക്കാള്‍ ഈ രണ്ടെണ്ണത്തിന് മധുരം കൂടുതലെന്നായിരുന്നു അന്ന് വിനീതിന്റെ പ്രതികരണം.

2013 ഫെബ്രുവരി ആറിനാണ് വിനീതിന്റെ ദേശീയകുപ്പായത്തിലെ അരങ്ങേറ്റം. 85-ാം മിനിറ്റില്‍ ക്ളീഫോര്‍ഡ് മിറാന്‍ഡയ്ക്ക് പകരക്കാരനായി വിനീത് പലസ്തീനെതിരെ  കളത്തിലെത്തി. ആകെ ഏഴ് രാജ്യാന്തരമത്സരങ്ങളില്‍ ഇറങ്ങി. ഇന്ത്യന്‍ ഫുട്ബോള്‍ പ്ളയേഴ്സ് അസോസിയേഷന്റെ ജനപ്രിയകളിക്കാരനുള്ള അവാര്‍ഡിലെത്തിനില്‍ക്കുന്നു ഇപ്പോള്‍ കാര്യങ്ങള്‍. സംസ്ഥാന യുവജന കമീഷന്റെ ഇത്തവണത്തെ യൂത്ത് ഐക്കണ്‍ അവാര്‍ഡും വിനീതിനെ തേടിയെത്തി.

കബനിയില്‍നിന്ന് വിനീത് ക്യാമറയില്‍ പകര്‍ത്തിയ കടുവ

കബനിയില്‍നിന്ന് വിനീത് ക്യാമറയില്‍ പകര്‍ത്തിയ കടുവ

അമ്മ: ശോഭന. രണ്ടുവര്‍ഷംമുമ്പ് കണ്ണൂര്‍ കാടാച്ചിറ സ്വദേശി ശരണ്യയെ വിനീത് ജീവിതസഖിയാക്കി. ജ്യേഷ്ഠന്‍ ശരത് മുംബൈയില്‍ എന്‍ജിനിയറാണ്. ചേട്ടന്റെ കല്യാണം രണ്ടുമാസംമുമ്പാണ് കഴിഞ്ഞത്. ഭാര്യ: ശ്രുതി.

ബ്ളാസ്റ്റേഴ്സില്‍ ഉറച്ചതിനാല്‍ കൊച്ചിയിലൊരു വീടെടുത്ത് സ്ഥിരതാമസമാക്കിയാല്‍ സൌകര്യമാകില്ലേയെന്ന് കളിയായി ഒരു ചോദ്യമെറിഞ്ഞു. "യേയ് വേണോ- നോക്കണം, പക്ഷേ അതിനുള്ള കാശൊന്നും അങ്ങനെ കിട്ട്ന്നില്ലപ്പ... അല്ലെ അച്ഛാ''- തീരെ മെലിഞ്ഞ അച്ഛന്റെ വലതുകൈക്കൊരു കടികൊടുത്ത് കൊച്ചുകുട്ടിയെപ്പോലെ വിനീത് കുണുങ്ങി.

കളിക്കാത്തപ്പോള്‍...

തന്റെ പ്രിയപ്പെട്ട കാനന്‍ 5ഡി മാര്‍ക്ക് 3 ക്യാമറയുമെടുത്ത് ഒറ്റപ്പോക്കാണ്്. വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രഫിയിലാണ് കമ്പം. വയനാട് കബനിയില്‍നിന്ന് കടുവയുടെയും ആനയുടെയും മദിപ്പിക്കുന്ന ചിത്രങ്ങളെടുത്തത് കാട്ടിത്തന്നു. കളിയാരവം ഒഴിയുമ്പോള്‍ സ്ഥിരം ക്യാമറക്കാരനാകണം എന്നതാണ് ആഗ്രഹം.

vinodpayam@gmail.com

 

പ്രധാന വാർത്തകൾ
 Top