24 April Wednesday

ഒന്നായ നിന്നെയിഹ രണ്ടെന്നുകണ്ട..

കൃഷ്ണ പൂജപ്പുരUpdated: Sunday Jul 30, 2017

രംഗം 1

രാമചന്ദ്രന്‍ വിത്ത് ഫാമിലി എത്തിയിരിക്കുകയാണ്. സിറ്റിയിലെ മോളില്‍ (മോളില്‍ എന്നത് മുമ്പ് 'താഴെ' എന്നതിന് വിപരീതപദമായ 'മുകളില്‍' എന്നതിനെ ഷോര്‍ട്ടന്‍ ചെയ്ത് പറയുന്നതായിരുന്നു തെക്കന്‍ കേരളത്തിലൊക്കെ. ഇന്ന് മോള്‍ എന്നുവച്ചാല്‍ ഒറ്റ മോളേയുള്ളൂ. ഷോപ്പിങ് മോള്‍) ഉത്സാഹിച്ചുതന്നെ പര്‍ച്ചേസ് നടത്തി. ഒരു ഷര്‍ട്ടെടുത്തു. പ്രൈസ് ടാഗ് നോക്കി. 3500. ബ്രാന്റഡാണ്. അടിപൊളി. സെലക്ടഡ്. ബെല്‍റ്റ് 4500. സെലക്ടഡ്. മകള്‍ക്ക് ജീന്‍സ്,  ഭാര്യക്ക് ചുരിദാര്‍, മകന് ഷൂസ്, അച്ഛന് ബര്‍മുഡ. എല്ലാംകൂടി രൂപ മുപ്പത്തയ്യായിരം. ക്യാഷ് കൌണ്ടറില്‍ വന്നു. കാര്‍ഡ് കൊടുക്കുന്നു. 'ടക് ടക് ടക് ടക്' മെഷീനില്‍ പാസ്വേര്‍ഡ് കുത്തുന്നു (ഇപ്പോള്‍ മിക്കവരുടെയും ജീവിതം പാസ്വേര്‍ഡിട്ട് പൂട്ടി സീല്‍വച്ചിരിക്കുകയാണ്. മൊബൈലില്‍, എടിഎമ്മില്‍, സ്വയിപ്പിങ് മെഷീനില്‍ ഒക്കെ) ചോദ്യമില്ല ഉത്തരമില്ല. അവതാരോദ്ദേശം സാധിച്ച സന്തോഷത്തില്‍ രാമചന്ദ്രന്‍ & കോ പുറത്തേയ്ക്ക്.

രംഗം 2

രാമചന്ദ്രനും ഫാമിലിയും തന്നെ. കാറില്‍ വരുമ്പോള്‍ വഴിവക്കില്‍ ഇളനീര്‍ വില്‍ക്കുന്നതുകാണുന്നു. കാറൊതുക്കുന്നു. ചുട്ടുപൊള്ളുന്ന വെയിലത്ത് ഒരമ്മയും മകനുമാണ് ഇളനീര്‍ വില്‍ക്കുന്നത്.
'കരിക്ക് എന്താവില?'

'ഇരുപത്തഞ്ച് രൂപ സാര്‍' സ്ത്രീ ഭവ്യതയോടെ പറയുന്നു.

'ഇരുപത്തഞ്ചു രൂപയോ?' ഇരുപത്തഞ്ചുരൂപ എന്നൊരു തുക ജീവിതത്തില്‍ കേട്ടിട്ടേയില്ലാത്തതുപോലെയാണ് ആശ്ചര്യപ്പെടല്‍. ഇരുപത്തഞ്ചുരൂപയുണ്ടെങ്കില്‍ സിറ്റിയില്‍ അഞ്ച് സെന്റ് സ്ഥലവും രണ്ടായിരം സ്ക്വയര്‍ഫീറ്റ് വീടും വാങ്ങാമല്ലോ എന്ന മറ്റൊരു ടോണും ആ ചോദ്യത്തിനുണ്ടായിരുന്നു.

'ഇരുപത്തഞ്ച് രൂപയ്ക്ക് ഇതുവേണ്ട' മിസിസ് രാമചന്ദ്രന്‍ ഒറ്റനിമിഷത്തില്‍ സാമ്പത്തിക ഉപദേഷ്ടാവിന്റെ തലത്തിലേക്കുയര്‍ന്നു.

'ഇരുപതുരൂപവച്ചാണെങ്കില്‍ നാലെണ്ണം താ' (തലേന്ന് ഷോപ്പിങ് കഴിഞ്ഞ് മോളിലെ മള്‍ട്ടിപ്ളക്സില്‍ - ഇപ്പോള്‍ തിയേറ്റര്‍ ഇല്ലല്ലോ - മള്‍ട്ടിപ്ളക്സ്. വയ്പ് പല്ലുള്ളവര്‍ ഇതൊന്ന് പറഞ്ഞുപിടിപ്പിയ്ക്കാന്‍ ബുദ്ധിമുട്ടും - കയറിയപ്പോള്‍ ഒരു കപ്പ് പോപ്കോണ്‍ നൂറ്റമ്പത് രൂപ ഒരു മൊഴിയാടാതെ കൊടുത്ത വിദ്വാനാണ് ഈ പാവങ്ങളോട് ആളായിട്ടുനിന്ന് അഞ്ചുരൂപ കുറയ്ക്കാന്‍ അമ്പതുരൂപയുടെ വാചകമടി നടത്തുന്നത്. ഒരു ചായ തൊണ്ണൂറ് രൂപവച്ചാണ് ഇവര്‍ മള്‍ട്ടിയില്‍നിന്ന് കുടിച്ചത്) നമ്മളില്‍ ചിലര്‍ - അതോ നമ്മള്‍ ഉള്‍പ്പെടെ ചിലരോ - അങ്ങനെയാണ്. രണ്ട് സ്വഭാവമാണ്. ഒന്ന് അങ്ങേയറ്റം. അല്ലെങ്കില്‍ ഇങ്ങേയറ്റം. ഒരുവശത്ത് ലക്ഷങ്ങള്‍ വാരി വീശും. മറ്റേ വശത്ത് അമ്പത് പൈസയ്ക്ക് അടികൂടും. അഞ്ചുചുവട് നടക്കേണ്ടിടത്ത് ലിറ്റര്‍ കണക്കിന് ഡീസല്‍ കത്തിച്ച് കാറില്‍പോകും. ഓട്ടോറിക്ഷയില്‍ കയറിയാല്‍ മീറ്ററില്‍നിന്ന് കണ്ണെടുക്കില്ല. ഡിജിറ്റ്സ് മറിയുന്നത് മിഴുമിഴാന്ന് നോക്കിയിരിക്കും.

പ്രകൃതി നമ്മുടെയൊക്കെ തലച്ചോറില്‍ ഫിറ്റ്ചെയ്ത് സ്ക്രൂ ചെയ്തുവച്ചേക്കുന്ന സ്വഭാവരീതികള്‍ അനന്തമജ്ഞാതമാണ്. അതില്‍ ലേഖകന് കൌതുകമുണ്ടാക്കുന്ന ഒന്നാണ് ഈ രണ്ട് എക്സ്ട്രീം രീതി. അങ്ങേയറ്റവും ഇങ്ങേയറ്റവും.

ചങ്ക് ബ്രോ

എന്റെ കൂട്ടുകാരനായ ജേക്കബ്ബിന്റെ പുതിയ വീട് കാണാന്‍പോയി. ചെന്നപ്പോള്‍ ജേക്കബ്ബും വീട്ടുകാരും അപ്പുറത്തെ വീട്ടിലാണ്. രണ്ടുവീട്ടുകാരും ഒറ്റക്കരളാണത്രെ. യാത്രപോകുന്നത് ഒരുമിച്ച്. സിനിമ കാണുന്നത് ഒരുമിച്ച്. അപ്പുറത്ത് ജലദോഷം വന്നാല്‍ തുമ്മുന്നത് ഇവിടെയാണ്്. ഇവിടെ ബര്‍ത്ഡേ വന്നാല്‍ കേക്കുമുറി അപ്പുറത്ത്. ഒരുമ എന്നുപറഞ്ഞാല്‍ (തെക്ക് ചിലേടത്ത് പറയുമ്പോലെ 'സൊരുമിപ്പ്') ഇതാണ്. ഇങ്ങനെയുള്ള അയല്‍ക്കാരായി കഴിയാന്‍ അടുത്തൊരു ജന്മം ഉണ്ടെങ്കില്‍ അപ്പോഴെങ്കിലും നടക്കുമോ എന്ന് ചിന്തിച്ചുപോയി. ഇപ്പുറത്തെ വീട്ടില്‍ വിവാഹം വിളിക്കാന്‍ ബന്ധുക്കള്‍ ചെന്നാല്‍ അപ്പുറത്തും വിളിപ്പിച്ചേ വിടൂ. രണ്ടുവീട്ടുകാരോടും ഒരുമിച്ച് യാത്രപറഞ്ഞാണ് ഞാനന്ന് പിരിഞ്ഞത്.

ആറുമാസത്തിനിപ്പുറം ഞാന്‍ ജേക്കബ്ബിനെ വീണ്ടും കണ്ടു. വര്‍ത്തമാനത്തിനിടയില്‍ അയല്‍വാസിക്ക് സുഖമല്ലേ എന്ന് കാഷ്വലായി ഒന്ന് ചോദിച്ചുപോയി. എന്റെ സാറേ പെട്ടെന്നതാ ജേക്കബ്ബിന്റെ മുഖം ചുവക്കുന്നു. ചുണ്ടുവിറയ്ക്കുന്നു.

'അവന്‍... അവന്‍... അവന്റെ കാര്യം മിണ്ടിപ്പോകരുത്. താന്‍ നോക്കിക്കോ, സുപ്രീംകോടതിവരെ പോകേണ്ടിവന്നാലും ശരി, അവനെ ഞാന്‍ അഴിയെണ്ണിച്ചില്ലെങ്കില്‍ എന്റെ പേര് ജേക്കബ്ബെന്നല്ല'.

ഞാനൊന്നു പരുങ്ങി. ആള്‍ക്കാര്‍ കണ്ടാല്‍ അയാള്‍ എന്നെ എന്തോ തെറിവിളിക്കുകയാണെന്നേ തോന്നൂ. അവരിപ്പോള്‍ മുട്ടന്‍ കലിപ്പിലാണത്രെ. മറ്റവനെ തുലയ്ക്കാന്‍ ഊമക്കത്തെഴുത്ത്, പൊലീസില്‍ പരാതി, കോടതിയില്‍ കേസ്, കുട്ടിച്ചാത്തന്‍ സേവ, തകിടു കുഴിച്ചിടല്‍, വാടകഗുണ്ട തുടങ്ങി പ്രതികാരത്തിന്റെ ശാദ്വലമേഖലകളിലാണ് ഇരുകൂട്ടരും വിഹരിക്കുന്നത്. അമിത അടുപ്പം വരുമ്പോള്‍ നിസ്സാര കാരണങ്ങള്‍ മതിയല്ലോ ഫീലുചെയ്യാന്‍. അങ്ങനെ ഫീലുചെയ്തതായിരുന്നു തുടക്കം. ഒരാളിന്റെ വീട്ടില്‍ നടന്ന എന്തോ ഒരു ചടങ്ങില്‍ മറ്റേയാളിനെ സമയത്തുമാത്രമേ വിളിച്ചുള്ളൂ തുടങ്ങിയ ഇന്റര്‍നാഷണല്‍ കാര്യങ്ങളിലൂടെ അകല്‍ച്ച വളര്‍ന്നുകയറി. ഇന്നലെ ജേക്കബ്ബിനെ റെയില്‍വേസ്റ്റേഷനില്‍ വച്ച് വീണ്ടും കണ്ടു. ആള്‍ എറണാകുളത്തേക്ക് പോകുകയാണ്.  ഹൈക്കോടതിയില്‍ അപ്പീല്‍കൊടുക്കാന്‍. മറ്റേ കക്ഷിക്കെതിരായി.

സ്നേഹിച്ചാല്‍ നക്കിക്കൊല്ലും അല്ലെങ്കില്‍ ഞെക്കിക്കൊല്ലും എന്നു പറയുന്നതുപോലെയാണ്. പണ്ടത്തെ കാരണവന്മാര്‍ എന്ത് കറക്ടായിട്ടാണ് അടിച്ചുപറഞ്ഞുകളഞ്ഞത്. ലശവേലൃ ആശാന്റെ നെഞ്ചത്ത്  or കളരിക്ക് പുറത്ത്.

പുലി എന്നുവച്ചാല്‍ സിംഹം

ഈ ഇരട്ടമുഖത്തിന്റെ വേറൊരു ദൃശ്യം ഇങ്ങനെ. ലംബോധരന്‍സാര്‍. ആള് വലിയ ഓഫീസറാണ്. ഒന്നല്ല, ഒന്നൊന്നര ഓഫീസറാണ്. സാറിന്റെ മുറിയിലെ ബെല്ല് ശബ്ദിച്ചാല്‍ ഗുമസ്തപ്രജകള്‍ വിറയ്ക്കാന്‍ തുടങ്ങും. ആര്‍ക്കാണ് വാറണ്ട് വരുന്നതെന്നറിയില്ല. കീഴ്ജീവനക്കാരന്‍ അറിയാതൊരു തെറ്റെങ്ങാനും വരുത്തിപ്പോയാല്‍ ആള് പിന്നെ ഭസ്മാസുരനാണ്. അലര്‍ച്ച, അട്ടഹാസം, പരിഹാസം, മെമ്മോ, സസ്പെന്‍ഷന്‍, ട്രാന്‍സ്ഫര്‍ എന്നിങ്ങനെ ഗുമസ്തനെ ചവിട്ടിക്കൂട്ടി ഭിത്തിയിലൊട്ടിച്ചുകളയും (പിന്നീട് ഓഫീസ് പെയിന്റ് ചെയ്യാന്‍ വരുന്നവരാണ് ഒട്ടിയ്ക്കപ്പെട്ടവനെ ചുരണ്ടിയിളക്കുന്നത്. അമ്മാതിരി ഒട്ടിയ്ക്കലാണ്). ഈ ദുശ്ശാസനമൂര്‍ത്തി 'സാധു കിടുകിടാനന്ദ'യായി നില്‍ക്കുന്നതു കാണണോ. ഇങ്ങേരുടെയും ഏറ്റവും ഉയര്‍ന്ന മേധാവി എന്തോ കുഴപ്പം കണ്ടുപിടിച്ച് ഇങ്ങേരെ ക്ളിപ്പിട്ടിരിക്കുകയാണ്. "സാര്‍... സോറി സാര്‍. ഇനി ആവര്‍ത്തിക്കില്ല സാര്‍. എസ്ക്യൂസ്മീ സാര്‍... റിക്കാര്‍ഡ് ആക്കരുതേ സാര്‍... ഇനി ആവര്‍ത്തിക്കില്ല സാര്‍...'' തുടങ്ങി നമുക്കുതന്നെ ജീവിതവിരക്തി വന്നുപോകുന്ന തരത്തിലാണ് ഇങ്ങേര്‍ കെഞ്ചുന്നത്. 'അയ്യേ' എന്ന് പറയാന്‍ തോന്നുകയല്ല പറയുകതന്നെ ചെയ്തുപോകും നമ്മള്‍. ആദ്യത്തെ അലര്‍ച്ച എവിടെ. ഈ കരച്ചിലെവിടെ. സ്വഭാവത്തില്‍ ഒരു ബാലന്‍സിങ് വരാത്തതിന്റെ പ്രശ്നമാണിതെന്നാണ് മനഃശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. നമ്മള്‍ ഇത്തരം സാഹചര്യങ്ങള്‍ ഘടിപ്പിച്ച് നമ്മളെത്തന്നെ നിരീക്ഷിച്ചുതുടങ്ങിയാല്‍ രസമാണ്. വീട്ടില്‍ പുലിയാണെങ്കില്‍ പുറത്ത് പൂച്ച.

നിത്യജീവിതത്തില്‍

വിവാഹത്തിനൊക്കെ ചെല്ലുമ്പോള്‍ വിവാഹസദ്യയ്ക്ക് ആദ്യപന്തിയില്‍ കഴിക്കാന്‍ ആള്‍ക്കാര്‍ കുറവായിരിക്കും. 'വരൂ കഴിക്കാം' എന്ന് ക്ഷണിക്കും. 'ഏയ് ഇപ്പോള്‍ വേണ്ട മറ്റുള്ളവര്‍ കഴിക്കട്ടെ', 'ഞാന്‍ പിന്നെ ഇരുന്നോളാം' എന്നൊക്കെ സമാധാനത്തിന്റെ നോബല്‍പ്രൈസ് കിട്ടിയവരെപ്പോലെയാണ് ഒഴിഞ്ഞുമാറല്‍. ഭക്ഷണം എന്നുപറയുന്നത് ഒരു നിസ്സാരഘടകം മാത്രമാണെന്നും തനിക്കതിലൊന്നും ആവേശമോ ആഗ്രഹമോ ഇല്ലെന്നുമൊക്കെയുള്ള രീതിയിലാണ് പെരുമാറ്റം. എത്ര നിര്‍ബന്ധിച്ച് പിടിച്ചുവലിച്ചാലും പോകില്ല. ആദ്യപന്തികള്‍ കഴിയുന്നു. പിന്നെ ക്ഷണിക്കാനും ആളില്ല. വിളിക്കാനും ആളില്ല. അയ്യയ്യോ സദ്യാലയത്തിന്റെ വാതില്‍ക്കല്‍ കിടന്ന് ഇങ്ങേര്‍ നടത്തുന്ന പ്രകടനം ഒന്നുകാണണം. ചവിട്ടിത്തൊഴിച്ച്, കടിച്ചുകീറി, മുട്ടുകയറ്റി, എല്ലൊടിച്ച്, മൂക്കിടിച്ചുപരത്തിയാണ് അകത്തുകയറാനുള്ള പടപ്പുറപ്പാട്. പണ്ട് അരിങ്ങോടര്‍ക്കെതിരെ അങ്കംവെട്ടാന്‍ ആരോമല്‍ചേകവരെ തേടിവന്ന ഉണ്ണിക്കോനാരുടെ കണ്ണിലെങ്ങാനും ഇങ്ങേര്‍ പെട്ടിരുന്നെങ്കില്‍ ചോദിക്കുന്നപണം കൊടുത്ത് ബുക്കുചെയ്തുകൊണ്ടുപോയേനെ. അതുപോലുള്ള പയറ്റാണ്. ഒരേ ആളിന്റെ തന്നെ രണ്ടു ഭാവങ്ങളാണ് കാണികള്‍ കണ്ട് ആനന്ദിക്കുന്നത്.

ഞങ്ങള്‍ക്ക് ഒരു കണക്കുസാറുണ്ടായിരുന്നു. മിക്കവാറും ദിവസങ്ങളില്‍ ആള് പാവമാണ്. ഹോംവര്‍ക്ക് ചെയ്തിട്ടില്ലേ? പോട്ടേ ഇരുന്നോ. ഹോംവര്‍ക്കുകളല്ലല്ലോ അടുപ്പിലെ അരി വേകിപ്പിയ്ക്കുന്നത് എന്ന ലൈന്‍. പക്ഷേ, പെട്ടെന്നൊരു ദിവസം തല്ല് തുടങ്ങും. തല്ലിത്തുടങ്ങിയാല്‍പിന്നെ പിടിച്ചാല്‍ കിട്ടില്ല. കമ്പൊടിഞ്ഞാല്‍ അപ്പുറത്തെ ക്ളാസില്‍നിന്ന് കടം വാങ്ങിയാണ് അടി. അടുത്തദിവസം വരുമ്പോള്‍ തലേദിവസം ഇങ്ങനെ 'അടി'യന്തിരം നടത്തിയ ആളെന്നേ തോന്നില്ല. വെറും ആട്ടിന്‍കുട്ടി. സാറിന്റെ ഇരട്ടവ്യക്തിത്വം അന്ന് ഞങ്ങളുടെ ഇന്റര്‍വെല്‍ ചര്‍ച്ചകളില്‍ പെട്ടിരുന്നു.

പ്രകൃതിയിലും കാണാം ഈയൊരു രീതി. രൂക്ഷമായ വേനല്‍. ഭൂമി ചുട്ടുപൊള്ളി പണ്ടാരമടങ്ങുന്നു. മാസങ്ങളായി പുകയാന്‍ തുടങ്ങിയിട്ട്. ആഗോളതാപനം, ഓസോണ്‍ പാളി എന്നൊക്കെ പഠനങ്ങള്‍ നടക്കുന്നു. അപ്പോഴതാ ഒരുദിവസം തുടങ്ങുന്നു മഴ. ഇടിവെട്ട്, കാറ്റ്, മരംമറിയല്‍, ഇലക്ട്രിക് കമ്പി പൊട്ടല്‍, കറണ്ട് പോകല്‍, പുഴ കവിയല്‍, കൃഷി നശിക്കല്‍. ആറുമാസമായി മഴയ്ക്ക് കാത്തിരുന്ന നമ്മളെ അരമണിക്കൂര്‍കൊണ്ട് പറയിച്ചുകളയും "എന്തൊരു മഴ'' ഒന്നുകില്‍ ഒരു തുള്ളിപോലുമില്ല. അല്ലെങ്കില്‍ ഒരു ഡാം.

krishnapoojappura@gmail.com

പ്രധാന വാർത്തകൾ
 Top