19 February Tuesday

വെള്ളിത്തിരയില്‍ ക്ളിന്റിനെ വരയ്ക്കുമ്പോള്‍

ഗിരീഷ് ബാലകൃഷ്ണന്‍Updated: Sunday Jul 30, 2017

ക്ളിന്റ് എന്ന അത്ഭുതബാലന്റെ വിയോഗത്തില്‍ അന്ന് കേരളത്തിലെ എല്ലാവീടുകളിലും മനസ്സുപിടഞ്ഞിട്ടുണ്ടാകും. വിശ്വോത്തരചിത്രകാരന്മാരെപോലും അത്ഭുതപ്പെടുത്തിയ കേരളത്തിന്റെ കുരുന്നുപ്രതിഭ. മൂന്നരദശകം പിന്നിടുമ്പോള്‍ അവന്റെ ആറുവര്‍ഷവും 11 മാസവും നീണ്ട ജീവിതം  സിനിമയായി എത്തുന്നു. എം ടി ജോസഫിനും ഭാര്യ ചിന്നമ്മയ്ക്കും ഹോളിവുഡ് താരം ക്ളിന്റ് ഈസ്റ്റ്വുഡിനോടുള്ള ആരാധനയാണ് സീമന്തപുത്രന്റെ പേരില്‍ പ്രതിഫലിച്ചത്. സാക്ഷാല്‍ ക്ളിന്റ് ഈസ്റ്റ്വുഡ് തന്നെ ആ മാതാപിതാക്കള്‍ക്ക് അനുശോചനസന്ദേശമയച്ചു. തന്റെ പേരുകാരനായ കുരുന്നുപ്രതിഭയെക്കുറിച്ച് സൂപ്പര്‍താരവും അറിഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം മകന്റെപേരില്‍ സിനിമയെടുക്കുന്ന കാര്യം എം ടി ജോസഫ് ക്ളിന്റ് ഈസ്റ്റ്വുഡിനെ അറിയിച്ചു. ഇതുവരെ അവന്റെ ജീവിതം സിനിമയായില്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

"ക്ളിന്റിനെക്കുറിച്ച് എല്ലാവര്‍ക്കും വായിച്ചും കേട്ടും അറിയാം. മലയാളി വീട്ടമ്മമാര്‍ അവരുടെ വീട്ടിലെ അംഗത്തെപോലെ ക്ളിന്റിനെ കരുതുന്നു. ജീവിച്ചിരുന്നെങ്കില്‍ അവനിപ്പോള്‍ നാല്‍പ്പതുകഴിയുമായിരുന്നു. പക്ഷേ കേരളത്തിന്റെ മനസ്സില്‍ അവനിപ്പോഴും കൊച്ചുകുട്ടിയായി ഓടിക്കളിക്കുന്നു. ശരിക്കും കേരളത്തിന്റെ നഷ്ടബോധത്തില്‍ എന്നും അവനുണ്ടാകും''- ക്ളിന്റ് സിനിമയുടെ സംവിധായകന്‍ ഹരികുമാര്‍ പറയുന്നു. അയനം, ഉദ്യാനപാലകന്‍, എം ടിയുടെ സുകൃതം തുടങ്ങിയ സിനിമകളൊരുക്കിയ ഹരികുമാറിനെ 'ക്ളിന്റി'ലേക്ക് നയിച്ചത് എം ടിയാണ്്.

ക്ളിന്റില്‍ ഉണ്ണിമുകുന്ദന്‍, മാസ്റ്റര്‍ അലോക്, റിമ കല്ലിങ്ങല്‍

ക്ളിന്റില്‍ ഉണ്ണിമുകുന്ദന്‍, മാസ്റ്റര്‍ അലോക്, റിമ കല്ലിങ്ങല്‍

അമ്മുവിന്റെ പുസ്തകത്തില്‍നിന്ന്

ക്ളിന്റിന്റെ കളിക്കൂട്ടുകാരിയായിരുന്ന അമ്മു അവനെക്കുറിച്ചെഴുതിയ ഇംഗ്ളീഷ് പുസ്തകത്തെക്കുറിച്ച് എന്നോട് പറഞ്ഞത് എം ടിയാണ്. എം ടിയും അതില്‍ എഴുതിയിട്ടുണ്ട്. ഇംഗ്ളീഷില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട രചനയാണത്. അതുവായിച്ചപ്പോഴാണ് ക്ളിന്റിനെക്കുറിച്ചുള്ള സിനിമയെന്ന സാധ്യത മനസ്സില്‍ തെളിഞ്ഞത്. എം ടി ജോസഫുമായും ചിന്നമ്മയുമായും സംസാരിച്ചു. അതില്‍നിന്നാണ് സിനിമയ്ക്കുള്ള ട്രീറ്റ്മെന്റ് രൂപപ്പെടുത്തിയത്. ഡോക്യുമെന്ററി സ്വഭാവമുള്ള ജീവചരിത്രസിനിമയല്ല ഇത്. വൈകാരികവും നാടകീയവുമായ സന്ദര്‍ഭങ്ങളുള്ള ചലച്ചിത്രമായിട്ടാണ് ക്ളിന്റിന്റെ അസാധാരണ ജീവിതം അവതരിപ്പിക്കുന്നത്. പ്രഭാവര്‍മ എഴുതി ഇളയരാജ ഈണമിട്ട മൂന്ന് പാട്ടുകളുണ്ട്.

ക്ളിന്റ് എന്ന പാഠപുസ്തകം

ക്ളിന്റിന്റെ ജീവിതം വ്യത്യസ്തമായ ഒരു പാഠപുസ്തകമാണ്. പുതിയ തലമുറയിലെ കുട്ടികള്‍ അവനെയും അവന്റെ ജീവിതത്തെയും അറിയണം. ഏഴുവയസ്സിനുള്ളില്‍ വരച്ചത് മുപ്പതിനായിരത്തോളം ചിത്രങ്ങള്‍. അതും വിശ്വോത്തരചിത്രകാരന്മാരോട് കിടപിടിക്കുന്നവ.

അസാധാരണ പ്രതിഭയുള്ള ചിത്രകാരന്‍ എന്ന നിലയില്‍ മാത്രമല്ല ക്ളിന്റ് സിനിമയിലൂടെ വളരുന്നത്. ജീവിതത്തെക്കുറിച്ചുള്ള അവന്റെ അസാധാരണമായ കാഴ്ചപ്പാടുകള്‍, മരണത്തെക്കുറിച്ച് അവന്റെ സങ്കല്‍പ്പം, ലോകത്തെ അവന്‍ കണ്ട രീതി, ചുറ്റും നില്‍ക്കുന്നവര്‍ കാണാത്തത് പലതും അവന്‍ ചുറ്റുപാടുകളില്‍നിന്നും കണ്ടു, സ്വന്തമായ ഇഷ്ടങ്ങളും കടുംപിടിത്തങ്ങളും അവനുണ്ടായിരുന്നു. മാജിക്കല്‍ റിയലിസത്തിന്റെ സാധ്യത പ്രയോജനപ്പെടുത്താനും സിനിമയിലൂടെ ശ്രമിച്ചിട്ടുണ്ട്്.

ചിത്രകാരനെക്കുറിച്ചുള്ള സിനിമ എന്ന നിലയില്‍ ദൃശ്യങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യമുണ്ട്. തന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണിതെന്നാണ് ഛായാഗ്രാഹകന്‍ മധു അമ്പാട്ട് പറഞ്ഞത്. ക്ളിന്റിന്റെ മാനസികമായ വളര്‍ച്ചയെയും ചിത്രകാരനെന്നനിലയിലുള്ള ആന്തരികമായ വളര്‍ച്ചയെയും രേഖപ്പെടുത്തുന്ന ഫ്രെയിമുകളും കളര്‍ടോണും ലൈറ്റിങ്ങുമാണ് ഛായാഗ്രാഹകന്‍ ഉപയോഗിച്ചിരിക്കുന്നത്. ദൃശ്യങ്ങളെ പെയിന്റിങ്ങുകളോട് അടുത്തെത്തിക്കാനായിരുന്നു ശ്രമം.

ഹരികുമാര്‍

ഹരികുമാര്‍

കഥാപാത്രങ്ങള്‍ ജീവിച്ചിരിക്കുന്നവര്‍

സിനിമയില്‍ ക്ളിന്റ് ഒഴികെയുള്ള മിക്ക കഥാപാത്രങ്ങളും ഇപ്പോഴും ജീവിച്ചിരിക്കുന്നവരാണ്. എം ടി ജോസഫും ചിന്നമ്മയും അവരായിത്തന്നെ എത്തുന്നു. അവരില്‍നിന്നാണ് സിനിമ പഴയകാലഘട്ടത്തിലേക്ക് കടക്കുന്നത്. റിമ കല്ലിങ്ങലും ഉണ്ണി മുകുന്ദനും അവരുടെ യൌവനകാലം അവതരിപ്പിക്കുന്നു. ക്ളിന്റിനെ അവതരിപ്പിക്കാനുള്ള കുട്ടിയെ തേടി ഏറെ അലയേണ്ടിവന്നു. പലതവണ പരസ്യം നല്‍കി. എണ്ണായിരത്തിലധികം കുട്ടികളുടെ അപേക്ഷ കിട്ടി. ഒടുവിലാണ് തൃശൂര്‍ സ്വദേശിയായ അലോകില്‍ എത്തുന്നത്. ക്ളിന്റ് ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്ന ചിത്രകാരന്‍ മോഹനനെ വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്നു. കുറച്ചുവര്‍ഷംമുമ്പാണ് അദ്ദേഹം അന്തരിച്ചത്. ഡോക്ടറായി ജോസഫ് മാത്യു എത്തുന്നു. ജോസഫ് എബ്രഹാം എന്നാണ് ഡോക്ടറുടെ പേര്. എന്നാല്‍, അദ്ദേഹത്തെ വില്യം അങ്കിള്‍ എന്നാണ് ക്ളിന്റ് വിളിച്ചിരുന്നത്. അത് എന്തുകൊണ്ടാണെന്ന് ആര്‍ക്കും അറിയില്ല. എല്ലാ കാര്യത്തിലും ക്ളിന്റിന് അവന്റേതായ നിലപാടുണ്ടായിരുന്നു. ക്ളിന്റിന്റെ കളിക്കൂട്ടുകാരിയായ അമ്മു സിനിമയില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്്. എല്ലാം സംഭവിച്ചകാര്യങ്ങളാണ് അവതരിപ്പിക്കുന്നതെങ്കിലും ക്ളിന്റിന്റെ മാതാപിതാക്കളുടെ അനുമതിയോടെ സിനിമയ്ക്ക് വേണ്ടി ചില മാറ്റം വരുത്തിയിട്ടുണ്ട്്.

ക്ളിന്റ് മറ്റുഭാഷകളിലേക്കും

എഴുപതുകളുടെ അവസാനത്തിനും എണ്‍പതുകളുടെ തുടക്കത്തിലുമുള്ള കൊച്ചിയാണ് ക്ളിന്റിന്റെ ജീവിതപശ്ചാത്തലം.പഴയകൊച്ചി ഇനി പുനഃസൃഷ്ടിക്കാന്‍ കഴിയാത്തതിനാല്‍ ചിത്രീകരണം ആലപ്പുഴയിലേക്ക് മാറ്റി. ക്ളിന്റിന്റെ പതിനായിരക്കണക്കിന് ചിത്രങ്ങളും ഡ്രോയിങ് പെന്‍സിലുകളും വസ്ത്രങ്ങളും ജോസഫും ചിന്നമ്മയും ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്. അതെല്ലാം കാലഘട്ട നിര്‍മിതിക്ക് സഹായകമായി. ഹിന്ദി റീമേക്കിനായും പലരും സമീപിച്ചിട്ടുണ്ട്. വിദേശത്തേക്ക് എത്തിക്കാനുള്ള ശ്രമവും ഉണ്ട്്.

unnigiri@gmail.com 

പ്രധാന വാർത്തകൾ
 Top