17 January Sunday

ഇനിയൊരു നക്ഷത്രവുമുദിക്കില്ല

സോണി ജോൺ sonijohn2002@yahoo.comUpdated: Sunday Nov 29, 2020

എല്ലാ രാജ്യങ്ങളുടെ പതാകകൾക്കുമേലെയും അദൃശ്യമായ ഒരു കറുത്തകൊടിയുടെ നിഴൽ പടർന്നിരിക്കാം. ഭൂമിതന്നെ ശ്വാസമൊഴിഞ്ഞ  പന്തുപോലെ നിശ്‌ചേഷ്‌ട‌മായി നിന്നുപോയിരിക്കാം.  മരണം ചുവപ്പുകാർഡുയർത്തിയിരിക്കുന്നു. ഫുട്‌ബോളിന്റെ മധ്യാഹ്‌ന സൂര്യൻ അസ്‌തമിച്ചിരിക്കുന്നു. മാറഡോണ  ഫുട്‌ബോളർ മാത്രമായിരുന്നില്ല.  ചുരുട്ടിൽനിന്ന്‌ മറ്റൊരു ചുരുട്ടിലേക്ക്‌ തീപകരും പോലെ ഫിദൽ കാസ്‌ട്രോ അടക്കമുള്ള നേതാക്കളിൽനിന്ന്‌ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ അഗ്‌നി ഏറ്റുവാങ്ങിയ ലാറ്റിനമേരിക്കക്കാരൻ കൂടിയായിരുന്നു. ഫുട്‌ബോളിനെ ജീവിതവും സമരവുമായി കണ്ടവൻ

 
ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾക്ക് ആനന്ദത്തിന്റെ അസുലഭ മുഹൂർത്തങ്ങൾ സമ്മാനിച്ച്,  ലോക കായിക ഭൂപടത്തിൽ സമാനതകളില്ലാത്ത വീരേതിഹാസം  രചിച്ചാണ് ദ്യേഗോ മാറഡോണയെന്ന ഇതിഹാസ താരം  ഓർമയായത്. പുൽമൈതാനത്ത്‌ കാൽത്തഴക്കംകൊണ്ട് കവിതകൾ രചിച്ച മാറഡോണ ഫുട്ബോളിനെ മാനവികതയുടെ ശ്രേഷ്‌ഠപ്രതീകമായിക്കണ്ടു. സാമ്രാജ്യത്വത്തിനെതിരെയുള്ള ഇടതുപക്ഷ നിലപാടുകൾ ഹൃദയത്തിലേറ്റുവാങ്ങിയ അദ്ദേഹം ലോകമെമ്പാടുമുള്ള മാനവികമൂല്യങ്ങളിൽ വിശ്വസിക്കുന്നവർക്ക് നിത്യപ്രചോദനം കൂടിയാണ്‌. 
 
മാനവ സംസ്‌കാരത്തിന്റെ  മുദ്രകളിൽ അഗ്രസ്ഥാനമാണ് സ്‌പോർട്സിന്. ആദിമ മനുഷ്യന്റെ അതിജീവന പോരാട്ടങ്ങളുടെ പരിഷ്‌കൃത പതിപ്പെന്ന രീതിയിലും വർത്തമാന ജീവിതത്തിലെ ഏറ്റവും ശക്തമായ ആവിഷ്‌കാര മാധ്യമങ്ങളിലൊന്നെന്ന നിലയിലും ആരോഗ്യകരമായ വിനോദമാധ്യമമെന്ന നിലയിലും സ്‌പോർട്സ് ജീവിതങ്ങളെ പ്രോജ്വലമാക്കുന്നു.  അതിൽതന്നെ ലാളിത്യംകൊണ്ടും പോരാട്ടതീവ്രതകൊണ്ടും ചലന ചാതുര്യംകൊണ്ടും വൈവിധ്യംകൊണ്ടും ഫുട്ബോളിനെ പോലെ മാനവരാശിയെ ഇത്രമേൽ  വശീകരിച്ച വേറൊരു കളിയില്ലതന്നെ. മനുഷ്യപരിണാമദശയിലെ നിർണായകഘട്ടത്തിൽ ഇരുകാലിയിലേക്കുള്ള പരിവർത്തനത്തിനിടയിൽ മനുഷ്യർ സ്വായത്തമാക്കിയെടുത്ത  പ്രയോഗചലനങ്ങളിൽ ഒന്നായിരിക്കണം നിലത്തുകിടക്കുന്ന വസ്‌തുക്കളെ കാലുകൊണ്ടു തട്ടുകയെന്നത്. കരങ്ങളുപയോഗിച്ചുള്ള പ്രയോഗചലനങ്ങളിൽനിന്നും വ്യത്യസ്‌തമായതുകൊണ്ടു തന്നെ തീർത്തും രസകരമായ ഒരനുഭവമായിരുന്നിരിക്കാം താഴെ കിടക്കുന്ന വസ്‌തുക്കളെ കാലുപയോഗിച്ച് തട്ടുന്നത്. ഇരുകാലിയായ മനുഷ്യന്റെ പരമാനന്ദമായി കാൽപ്പന്തുകളി പരിണമിച്ചെത്തിയതിൽ അതിശയോക്തിയേതുമില്ല. മാനവരാശിക്ക് ഒട്ടേറെ വീരനായകരെ സമ്മാനിച്ച കാൽപ്പന്തുകളിയിലെ അനിഷേധ്യനായകനാണ് മാറഡോണ.
 
ലാറ്റിനമേരിക്കയുടെ ചരിത്രത്തെ സ്‌പർശിക്കാതെ മാറഡോണയുടെ ഫുട്ബോൾ കളിയെയോ അദ്ദേഹം ഉയർത്തിപ്പിടിച്ച രാഷ്ട്രീയമൂല്യങ്ങളെയോ അപഗ്രഥിക്കാനാവില്ല.  രക്തപങ്കിലമായ ചരിത്രമാണ് ലാറ്റിനമേരിക്കയുടെത്.  അധീശത്വം ഊട്ടിയുറപ്പിക്കാൻ  സ്‌പെയിൻകാരും ഇറ്റലിക്കാരും  ഇംഗ്ലീഷുകാരും തദ്ദേശീയ  ഗോത്രവർഗക്കാരെ നിർലോഭം കൊന്നൊടുക്കി.  ആധിപത്യമുറപ്പിച്ച യൂറോപ്യന്മാർ  മേൽക്കോയ്‌മയ്‌ക്കായി പരസ്‌പരം ചോരയൊഴുക്കി.  മേലാളന്മാരിൽനിന്ന്‌ മോചനം നേടാൻ തദ്ദേശീയരായ ഗോത്രവർഗക്കാരും യൂറോപ്യൻ കുടിയേറ്റക്കാരും അടിമകളും സാമ്രാജ്യത്വ ശക്തികൾക്കെതിരെ വർഷങ്ങളോളം നടത്തിയ സമരത്തിനൊടുവിലാണ് പല ലാറ്റിനമേരിക്കൻ രാജ്യങ്ങളും സ്വതന്ത്രരായത്.  തുടർച്ചയായി ഒരു സംഘർഷ ഭൂമികയായതുകൊണ്ടുതന്നെ തീവ്ര പോരാട്ടങ്ങളുടെ വീര്യമാണ്‌  ലാറ്റിനമേരിക്കൻ ചരിത്രത്തിനുള്ളത്‌.  അർജന്റീനയുടെ സംസ്‌കാരവും ഒട്ടും വ്യത്യസ്‌തമല്ല തന്നെ. 
 
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ  ലോകത്ത്‌ സാമ്പത്തികമായി ഏറെ മുന്നിലായിരുന്നു അർജന്റീന.  1930കളിലെ സാമ്പത്തിക മാന്ദ്യം സ്ഥിതിഗതികൾ മാറ്റിമറിച്ചു.  രാഷ്ട്രീയ അസ്ഥിരത ആ രാജ്യത്തെ പിന്നോട്ടടിച്ചു. ഇത്തരമൊരവസ്ഥയിലാണ് തൊഴിലില്ലായ്‌മയും ദാരിദ്ര്യവും മൂർധന്യത്തിലായ അർജന്റീനയിലെ വടക്കുകിഴക്കൻ സംസ്ഥാനമായ കൊറിയെന്റസിലെ എസ്‌ക്വിന പട്ടണത്തിൽനിന്ന്‌ നവദമ്പതികളായ ഡോൺ ദ്യേഗോ മാറഡോണയും സാൽവദോറ ഫ്രാങ്കോയും ബ്യുണസ് ഐറിസിൽ‌ തൊഴിലാളികൾ തിങ്ങിപ്പാർത്തിരുന്ന ലനൂസിനടുത്തുള്ള വിയ്യ ഫിയോറിറ്റോയിൽ താമസമാക്കിയത്. അച്ഛന്റെ ഫാക്‌ടറിത്തൊഴിലിൽനിന്നുള്ള വരുമാനം മാത്രമായിരുന്നു  ഏകആശ്രയം.  
 
 ഫാക്ടറിത്തൊഴിലാളിയുടെ മകനായിരുന്നതുകൊണ്ടുതന്നെ ബാല്യത്തിൽ ദാരിദ്ര്യത്തിന്റെ  പിടിയിലായിരുന്നു മാറഡോണ. മാത്രമല്ല എട്ടുമക്കളുള്ള അച്ഛന് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുകയെന്നത്  ശ്രമകരമായി.  ആദ്യത്തേത് നാലും പെൺകുഞ്ഞുങ്ങൾ. അഞ്ചാമൻ ഡിയാഗോയിലായിരുന്നു അച്ഛന്റെ  പ്രതീക്ഷയത്രയും.  കുഞ്ഞുമാറഡോണയാകട്ടെ മൂന്നാം പിറന്നാളിന് സമ്മാനമായികിട്ടിയ പന്തിനു പിറകെയോടി സ്വപ്‌നങ്ങൾ മെനഞ്ഞുതുടങ്ങി. ദാരിദ്ര്യം വലച്ചെങ്കിലും  കൊച്ചു ‘പെലൂസ’യുടെ ഫുട്ബോൾ ഭ്രമത്തിനൊപ്പംനിന്നു  കുടുംബം.  എട്ടാം  വയസ്സിൽ അർജന്റീനോസ് ജൂനിയേഴ്സിലെ പ്രതിഭാന്വേഷകനായിരുന്ന ഫ്രാൻസിസ്‌കോ ക്രൊന്യോയുടെ കണ്ണിൽപ്പെടുന്നതോടെയാണ് മാറഡോണയിലെ ഫുട്ബോൾ മാന്ത്രികൻ വെളിച്ചത്തിലെത്തുന്നത്. ആ എട്ടുവയസ്സുകാരന്റെ കളികണ്ട്  അന്തംവിട്ട് നിന്നതായി  ക്രൊന്യോ പറയുന്നുണ്ട്. മുതിർന്നവരെ കവച്ചുവയ്‌ക്കുന്ന  കളിമികവുണ്ടായിരുന്നതുകൊണ്ടുതന്നെ തിരിച്ചറിയൽകാർഡ് വരുത്തി വയസ്സ് ഉറപ്പുവരുത്തേണ്ടിവന്നെന്നും ക്രൊന്യോ അതിശയപ്പെടുന്നുണ്ട്.  എട്ടുവർഷം നീണ്ടു അർജന്റീനോസ് ജൂനിയേഴ്സിലെ തീവ്രപരിശീലനം. അക്കാലമാണ് മാറഡോണയെന്ന പ്രതിഭയെ പരുവപ്പെടുത്തിയെടുത്തത്.  
 
പതിനാറു തികയാൻ പത്തു ദിവസം കൂടിയുള്ളപ്പോഴാണ് മാറഡോണ അർജന്റീനോസ് ജൂനിയേഴ്സിനുവേണ്ടി പതിനാറാം നമ്പർ ജേഴ്സിയണിഞ്ഞ് ആദ്യ ലീഗ്‌ മത്സരത്തിനിറങ്ങുന്നത്. അർജന്റീനോസ് ജൂനിയേഴ്സിലെ വിജയകരമായ അഞ്ചു വർഷങ്ങൾക്കുശേഷം  ഇഷ്ട ക്ലബ്ബായിരുന്ന ബോക ജൂനിയേഴ്സിൽ ചേർന്നത് നാലു മില്യൺ ഡോളർ കൈമാറ്റത്തുകയ്‌ക്കായിരുന്നു. ക്ലബ്ബിനെ ലീഗ് ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക  പങ്കു വഹിച്ചു. തൊട്ടടുത്തവർഷംതന്നെ റെക്കോഡ്‌ തുകയായ അഞ്ചു ദശലക്ഷം പൗണ്ടിന് ബാഴ്സലോണയിലെത്തി. ഏറെ നിരാശ സമ്മാനിച്ച 1982ലെ ലോകകപ്പിനുശേഷമുള്ള യൂറോപ്യൻ ഫുട്ബോളിലെ അരങ്ങേറ്റം ഗംഭീരമായി. ബാഴ്സലോണയ്‌ക്ക്‌ ആദ്യവർഷം കോപ്പ ഡെൽ റേയും സ്‌പാനിഷ് സൂപ്പർ കപ്പും നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
 
 1983ലെ ‘എൽ ക്ളാസികോ'.  ബാഴ്സലോണയും ചിരന്തനവൈരികളായ റിയൽ മാഡ്രിഡും. റിയലിന്റെ തട്ടകമായ ‘സാന്റിയാഗോ ബെർണബ്യു'വിലാണ്‌ കളി.  പ്രതിരോധനിരക്കാരനെയും ഗോളി അഗസ്റ്റിനെയും  കബളിപ്പിച്ചു മാറഡോണ മുന്നേറി.  തടയാൻ  സ്ലൈഡ്ചെയ്‌തുവന്ന  യുവാൻ ഹോസെയെ അനായാസം വെട്ടിയൊഴിഞ്ഞ് നേടിയ ഗോൾ ആ പ്രതിഭയുടെ വിളംബരമായിരുന്നു.  ഒരുനിമിഷം സ്റ്റേഡിയം തരിച്ചിരുന്നു. അന്നാദ്യമായി ഒരു ബാഴ്സലോണ കളിക്കാരനെ  എഴുന്നേറ്റുനിന്ന് കയ്യടിച്ചഭിനന്ദിച്ചു റിയലുകാർ.  
 
കയ്യാങ്കളിയോളമെത്തിയ  മത്സരത്തിനൊടുവിലാണ് മാറഡോണയ്‌ക്ക് ബാഴ്സലോണവിടേണ്ടി വന്നത്. സാന്റിയാഗോ ബെർണബ്യുവിൽ 1984ലെ കോപ്പ ഡെൽ റെയ് ഫൈനൽ.   മാറഡോണയെ തളയ്‌ക്കാൻ  അത്‌ലറ്റികോ ബിൽബാവോയുടെ പ്രതിരോധക്കാർ പുറത്തെടുത്തത്‌  പരുക്കൻ അടവുകൾ. കാണികൾ മത്സരത്തിലുടനീളം അദ്ദേഹത്തിന്റെ പിതാവിന്റെ ലാറ്റിനമേരിക്കൻ ഗോത്രവർഗ പശ്ചാത്തലത്തെ വംശീയമായി അധിക്ഷേപിക്കുന്ന കമന്റുകൾ കളത്തിലേക്കെറിഞ്ഞു.  അതുംപോരാഞ്ഞ്  മധ്യനിരതാരം മിഗ്വൽ സോള വംശീയമായി അധിക്ഷേപിക്കുന്ന ആംഗ്യങ്ങളുമായി മാറഡോണയെ പ്രകോപിപ്പിച്ചു. ക്ഷമ നശിച്ച് സോളയെ അദ്ദേഹം തലകൊണ്ടിടിച്ചു. പിന്നെ  കൂട്ട കയ്യാങ്കളി. ബാഴ്സലോണയുടെ കുപ്പായത്തിൽ ദ്യേഗോയുടെ  അവസാന മത്സരം. ബാഴ്സലോണയിലെ രണ്ടുവർഷക്കാലം അസുഖവും പരുക്കുമെല്ലാം അദ്ദേഹത്തെ തളർത്തിയെങ്കിലും 36  മത്സരങ്ങളിൽ നേടിയത്‌‌ 22 ഗോൾ. 
 
മാറഡോണയെ തികവൊത്ത പ്രൊഫഷണൽ ഫുട്ബോളറാക്കിയത് ഇറ്റാലിയൻ ക്ലബ്‌ നാപ്പോളിയാണ്.   സൂപ്പർസ്റ്റാറിനെ കിട്ടാൻ വർഷങ്ങളോളം കാത്തിരുന്ന നേപ്പിൾസുകാർ മാറഡോണയെ രണ്ടുകൈയും നീട്ടി സ്വീകരിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ കൈമാറ്റ തുകയായ  6.9 ദശലക്ഷം പൗണ്ടാണ്  നേപ്പിൾസുകാർ  നൽകിയത്. മാറഡോണ ഒരിക്കലും അവരെ നിരാശരാക്കിയില്ല. ഇറ്റലിയിലെ ദരിദ്ര നഗരങ്ങളിലൊന്നായ നേപ്പിൾസിലേക്കു മാറാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തിൽ ഫുട്ബോൾ ലോകം ആശ്‌ചര്യപ്പെട്ടു. എന്നാൽ ദാരിദ്ര്യം നന്നായനുഭവിച്ച മാറഡോണ തനിക്കുചിതം നേപ്പിൾസ് തന്നെയെന്ന് തീരുമാനിച്ചു. മാറഡോണയുടെ വരവ് നേപ്പിൾസുകാർ ഉത്സവമാക്കി.  തങ്ങൾക്ക് വീടും ബസും സ്‌കൂളുമൊന്നുമില്ലെങ്കിലും  മാറഡോണയുണ്ടല്ലോ എന്ന ഭാവത്തിലായിരുന്നു വരവേൽപ്പ്‌.   മാറഡോണയാകട്ടെ നേപ്പിൾസുകാരെ ഒട്ടും നിരാശരാക്കിയതുമില്ല. 1986–- -87ൽ ചരിത്രത്തിലാദ്യമായി  ഇറ്റാലിയൻ ലീഗ് കിരീടം നാപ്പോളി നേടി. നേപ്പിൾസുകാർ തങ്ങളുടെ ദാരിദ്ര്യമെല്ലാം മറന്ന്  ഒരാഴ്‌ചയോളം ഉന്മത്തരായി ആഘോഷിച്ചു. ഇറ്റലിയുടെ ചരിത്രത്തിൽ അന്നാദ്യമായ് നേപ്പിൾസുകാർ റോമക്കാർക്കും മിലാൻകാർക്കും മീതെ തലയുയർത്തിനിന്നു. 1989–- -90ൽ ഒരിക്കൽകൂടി മാറഡോണ നാപ്പോളിയെ സീരി എ ചാമ്പ്യന്മാരാക്കി. മാത്രമല്ല, 1987 കോപ്പ ഇറ്റാലിയയിലും 1989 യുവേഫ കപ്പിലും മുത്തമിടാൻ നാപ്പോളിയെ തുണച്ചതും  മാറഡോണ തന്നെ.
 
മാറഡോണയെ സമാനതകളില്ലാത്ത നായക പരിവേഷത്തിലെത്തിച്ചത് 1986ലെ മെക്‌സിക്കോ ലോകകപ്പാണ്. ആവേശത്താൽ  ത്രസിപ്പിക്കുന്ന ദിനരാത്രങ്ങളാണ് മാറഡോണ മാനവരാശിക്ക്  സമ്മാനിച്ചത്. ചലന ചാതുര്യംകൊണ്ടും മെയ്‌വഴക്കംകൊണ്ടും കാൽത്തഴക്കംകൊണ്ടും എതിരാളികളുടെ ശാരീരിക മികവിനെ മറികടന്ന ആ ഇരുപത്തഞ്ചുകാരൻ  ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ കണ്ണിലുണ്ണിയായി.  ഡ്രിബ്‌ളിങ്‌ പാടവത്തെ തടയാൻ എതിരാളികൾ പരുക്കൻ അടവുകൾ ഓരോന്നായി  പുറത്തെടുത്തെങ്കിലും ചടുലമായ ചുവടുകളിലൂടെ  അവയെ മറികടന്നു. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ മത്സരമായിരുന്നു അർജൻറീനയും ഇംഗ്ലണ്ടും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ.  ഫോക്‌ലാൻഡ് യുദ്ധത്തിനുശേഷമുള്ള മത്സരമെന്ന നിലയിൽ രാഷ്ട്രീയമായും അത്‌ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരു പ്രതിഭയെ വെറും അഞ്ചുമിനിറ്റിലേക്കൊതുക്കി വിശകലനം ചെയ്യുന്നത്  നീതീകരിക്കാവുന്നതല്ലെന്നറിയാം. പക്ഷേ ആ അഞ്ചു നിമിഷങ്ങൾ ലോകഫുട്‌ബോളിലെത്തന്നെ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ടവയാണെങ്കിലോ. ആ അഞ്ചുമിനിറ്റിനുള്ളിൽ ഒരാൾ ഒരേസമയം ചെകുത്താനും പുണ്യവാളനുമായി അവരോധിക്കപ്പെട്ടാലോ. ഒരുപക്ഷേ, ആ അഞ്ചു നിമിഷങ്ങളാണ് മാറഡോണയെന്ന ഫുട്ബോൾതാരത്തെ ഇതിഹാസനായകനോളം   വളർത്തിയത്.  അമ്പത്തൊന്നാം മിനിറ്റിൽ ദീർഘകായനായ ഇംഗ്ലീഷ് ഗോളി പീറ്റർ ഷിൽട്ടനുമേലെ ഉയർന്നു ചാടി റഫറിയുടെ കണ്ണുവെട്ടിച്ച് കൈകൊണ്ടൊരു ഗോൾ. തന്റെ തലയും ദൈവത്തിന്റെ കൈയുമെന്ന് വിശേഷണം. ഫുട്ബോൾ ലോകത്ത് ചെകുത്താന്റെ കുപ്പായത്തിനതു ധാരാളം. അഞ്ചു മിനിറ്റ്‌‌ കഴിഞ്ഞില്ല.  ഒരു ടോംഗോ നർത്തകന്റെ ചടുലതയോടെ മൂന്ന്‌ ഇംഗ്ലീഷ് താരങ്ങൾക്കിടയിൽനിന്നും റാഞ്ചിയെടുത്ത പന്തുമായി മുന്നോട്ട്. ഒരു ഇടിമിന്നലിന്റെ വേഗതയിൽ വഴിയിൽ തടയാനെത്തിയ ഇംഗ്ലീഷ് താരങ്ങളെ വെട്ടിയൊഴിഞ്ഞ് പീറ്റർ ഷിൽട്ടനെ കാഴ്‌ചക്കാരനാക്കി ദൈവത്തിന്റെ കയ്യൊപ്പുള്ളൊരു ഗോൾ. ഏതാണ്ട്‌ ഒറ്റയ്‌ക്കുതന്നെ അർജന്റീനയെ ലോകജേതാക്കളാക്കി മാറഡോണ.
 
  ഒരുപക്ഷേ ശാസ്‌ത്രജ്ഞന്റെ ജ്ഞാനലബ്‌ധിയോ പ്രഭുവിന്റെ  ആചാരമര്യാദകളോ അദ്ദേഹത്തിന് അന്യമായിരുന്നിരിക്കാം. പക്ഷേ, ഫുട്‌ബോളിനെ  ജീവിതവും സമരവുമായി അദ്ദേഹം കണ്ടു. അതുകൊണ്ടുതന്നെ തനിക്കു ചുറ്റുമുള്ള അനീതിക്കെതിരെ പ്രതികരിക്കാതിരിക്കാൻ അദ്ദേഹത്തിനായില്ല. വത്തിക്കാനിൽ ജോൺപോൾ മാർപാപ്പയെ  കണ്ടപ്പോൾ അദ്ദേഹം നടത്തിയ പ്രസ്‌താവന അതിനുദാഹരണം. സ്വർണം പൂശിയ കൈപ്പിടികളും ഭിത്തികളും സീലിങ്ങും മറ്റു സാമഗ്രികളും അദ്ദേഹത്തെ അതിശയിപ്പിച്ചു. അതെല്ലാം വിറ്റ് സഭ പ്രഘോഷിക്കുന്നതുപോലെ പട്ടിണികിടക്കുന്ന കുഞ്ഞുങ്ങളുടെ ദാരിദ്ര്യം അകറ്റാത്തതെന്താണെന്നായിരുന്നു പോപ്പിനോടുള്ള ആദ്യ ചോദ്യം. ലാറ്റിനമേരിക്കയോടും പ്രത്യേകിച്ച് ക്യൂബയോടുമുള്ള അമേരിക്കൻ നയങ്ങളുടെ കടുത്ത വിമർശകനായിരുന്നു ഫുട്‌ബോളിനൊപ്പം തന്നെ ഇടതുപക്ഷ രാഷ്‌ട്രീയവും ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന മാറഡോണ. പലസ്‌തീനെയും സിറിയയെയും ഇറാനെയുമെല്ലാം അധിക്ഷേപിക്കുകയും അവയെ രാഷ്ട്രീയമായി   ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സാമ്രാജ്യത്വ നയങ്ങൾക്കെതിരെ  കളത്തിനകത്തെ സ്വതസിദ്ധമായ പ്രതികരണത്തിനനുസരണമായി പ്രതികരിക്കാൻ അദ്ദേഹത്തിനെ പ്രാപ്തമാക്കിയത്  ഫുട്ബോളിനെ കളിയെന്നപോലെ ഒരു സമരമാർഗമായികൂടി കാണാൻ കഴിഞ്ഞതുകൊണ്ടുതന്നെയാണ്‌. മയക്കുമരുന്നിനടിമപ്പെട്ട് ജീവിതം ഇരുളടഞ്ഞ നിമിഷത്തിൽ താങ്ങായെത്തിയ ഫിദലിനെ പിതൃതുല്യനായി കണക്കാക്കിയിരുന്ന മാറഡോണ ക്യൂബയ്‌ക്കുവേണ്ടി ശബ്‌ദിക്കാൻ എന്നും മുന്നിലുണ്ടായിരുന്നു. സാമ്രാജ്യത്വം എല്ലാ പ്രഹരശേഷിയോടെയും ലാറ്റിനമേരിക്കയെ വിഴുങ്ങാൻ ശ്രമിച്ചപ്പോൾ നാട്ടുകാരനും ലോകവിപ്ലവത്തിന്റെ എക്കാലത്തെയും വലിയ അടയാളവുമായ പ്രിയസഖാവ്  ചെഗുവേരയുടെ ചിത്രമെടുത്ത്  പ്രക്ഷോഭം നയിക്കാനും അദ്ദേഹത്തിന് മടിയുണ്ടായില്ല. താനൊരു സൂപ്പർസ്റ്റാറായിരിക്കാം, പക്ഷേ, പച്ചയായ മനുഷ്യനെന്ന നിലയിൽ അനീതിക്കെതിരെ പ്രതികരിക്കേണ്ടത് തന്റെ കടമയാണെന്ന ധാരണ എന്നുമുണ്ടായിരുന്നു അദ്ദേഹത്തിന്‌. 
 
അറുപതാം വയസ്സിൽ വിടപറയുമ്പോൾ സമാനതകളില്ലാത്ത ഒട്ടേറെ മാതൃകകൾ അദ്ദേഹം മാനവരാശിക്ക് നൽകിയിട്ടുണ്ട്.  ഫുട്ബോൾ മൈതാനങ്ങളിൽ അദ്ദേഹം തീർത്ത വീരേതിഹാസങ്ങൾ മാനവരുള്ളിടത്തോളം കാലം നിലനിൽക്കും.  അദ്ദേഹമുയർത്തിപ്പിടിച്ച രാഷ്ട്രീയ മൂല്യങ്ങൾ മാനവരാശിക്ക് പോരാട്ടത്തിനുള്ള നിത്യപ്രചോദനമാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top