20 April Saturday

അനന്തരം മാന്തളിര്‍ ചുവന്നു

ബി അബുരാജ്Updated: Sunday Oct 29, 2017

ബെന്യാമിന്‍

ആ ദേശം അങ്ങനെ അടയാളപ്പെട്ടു. മാന്തളിര്‍! മതവും രാഷ്ട്രീയവും ഇടംകൈ വലംകൈ മാറി കളിച്ചുനില്‍ക്കുന്ന മധ്യതിരുവിതാകൂര്‍ ഗ്രാമം. ഭൂപടത്തില്‍ അതൊരു ബിന്ദുപോലും ആയിരിക്കില്ല. ഏറെ അകലെയല്ലാതെ പടിഞ്ഞാറുഭാഗത്ത് വെണ്‍മണിയുണ്ട്. സംസ്കാരസമ്പന്നവും രാഷ്ട്രീയപ്രബുദ്ധവുമായ വെണ്‍മണി. കിഴക്കുതെക്കായി പന്തളം. അഖിലാണ്ഡമണ്ഡലത്തിന്റെ കവിയെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അതിപ്രബലരായ നേതാക്കളെയും സംഭാവനചെയ്ത നാട്. നാടുവാണ രാജാക്കന്മാര്‍തന്നെ തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ ത്യാഗങ്ങളിലേക്ക് ഇറങ്ങിവന്ന പന്തളം! ഇത്തരം അയല്‍പക്കപ്പെരുമകള്‍ക്കിടയില്‍ മാന്തളിരിന്റെ കഥകള്‍ ആരും ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോഴിതാ മാന്തളിര്‍ മലയാള വായനക്കാരുടെ പ്രിയഭൂമിയായി തീര്‍ന്നിരിക്കുന്നു. ബെന്യാമിന്റെ 'മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വര്‍ഷങ്ങളിലൂടെ'.

നാല് 'ഇരുപതുകളുള്ള' നോവല്‍ സഞ്ചയമായാണ് നോവലിസ്റ്റ് മാന്തളിര്‍ കഥകള്‍ എഴുതാന്‍ പദ്ധതി ഇട്ടിട്ടുള്ളത്. ഇതിലാദ്യഭാഗം രണ്ടായിരത്തി അഞ്ചില്‍ പുറത്തുവന്നിരുന്നു- അക്കപ്പോരിന്റെ ഇരുപത് നസ്രാണിവര്‍ഷങ്ങള്‍. പുരാതനമായ ഒരു ക്രിസ്ത്യന്‍ പള്ളിയുടെ പേരില്‍ നിലനില്‍ക്കുന്ന അവസാനമില്ലാത്ത സഭാതര്‍ക്കത്തിന്റെ കഥയാണ് അക്കപ്പോരില്‍.
സഭകളുടെ കുത്തിത്തിരുപ്പുകള്‍ക്കിടയിലൂടെ തന്റെ ദേശത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ന്നു പന്തലിച്ചതിന്റെ ചരിത്രം പുതിയ നോവലില്‍ ബെന്യാമിന്‍ വരച്ചിടുന്നു. പ്രചാരണസാഹിത്യത്തിന്റെ സങ്കുചിതത്വങ്ങളെ മറികടന്നുകൊണ്ടല്ലാതെ സാമൂഹ്യപ്രതിബദ്ധതയുള്ള സര്‍ഗാത്മക സാഹിത്യകാരന് വായനക്കാരുടെ ഹൃദയത്തിലേക്കെത്താന്‍ സാധ്യമല്ല. അതുകൊണ്ടുതന്നെ തന്റെ നിലപാടുകളെ മുറുകെപ്പിടിച്ചുകൊണ്ട് വിമര്‍ശനാത്മകമായ വിലയിരുത്തലുകള്‍ വേണ്ടിവരും. ഈ യാഥാര്‍ഥ്യംകൂടി ഉള്‍ക്കൊണ്ടതുകൊണ്ടാണ് പുരോഗമനപക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ളവര്‍ക്ക് മാന്തളിരിലെ കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ സ്വീകാര്യമാകുന്നത്.
എഴുത്തിനെയും നിലപാടുകളെയും പറ്റി ബെന്യാമിന്‍ സംസാരിക്കുന്നു:

മാന്തളിര്‍ദേശം

നമ്മള്‍ എഴുത്തുകാരനാവുക എന്ന ഉദ്ദേശ്യത്തോടെയൊന്നുമല്ലല്ലോ ബാല്യകാലം ജീവിച്ചുതീര്‍ക്കുന്നത്. പക്ഷേ, എല്ലാ എഴുത്തുകാരുടെയും ജീവിതത്തില്‍ അവര്‍ ബാല്യകൌമാരങ്ങള്‍ ചെലവഴിച്ച ദേശം വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഞാന്‍ യാദൃച്ഛികമായി എഴുത്തിലേക്ക് വന്നയാളാണ്. എന്റെ ദേശം എന്റെ ഉള്ളിലുണ്ടെന്നൊന്നും തിരിച്ചറിഞ്ഞിരുന്നില്ല. തൊഴില്‍തേടി വിദേശത്തുപോയി പല രാജ്യങ്ങളിലെ ജനങ്ങളുമായി ഇടപഴകി ജീവിച്ചപ്പോഴൊന്നും എന്റെ നാടിന്റെ നേര്‍ത്ത നാഡീഞരമ്പുകള്‍ അവിടുന്ന് പടര്‍ന്ന് എന്നിലുള്‍പ്പിരിയുന്നെന്ന് തോന്നിയിട്ടുമില്ല. പക്ഷേ, അക്കപ്പോരിന്റെ 20 നസ്രാണിവര്‍ഷങ്ങള്‍ എഴുതാന്‍ ശ്രമിക്കുമ്പോഴാണ് ദേശഭാഷയും ആളുകളും കഥകളും എന്നിലുണ്ടെന്ന് മനസ്സിലായത്. ഗള്‍ഫില്‍വച്ചാണ് ആ നോവല്‍ എഴുതുന്നത്.
മാന്തളിര്‍ നോവലുകളില്‍ ദേശവും കഥാപാത്രങ്ങളും യഥാര്‍ഥമാണ്. എന്നാല്‍, ചില കഥാപാത്രങ്ങളില്‍ മറ്റിടങ്ങളില്‍നിന്നുള്ള കഥകള്‍ നിക്ഷേപിച്ചിട്ടുണ്ട്.

സഭാവിമര്‍ശം

നിശിതമായ ക്രിസ്തുമത സഭാവിമര്‍ശം ഇതില്‍ കടന്നുവരുന്നുണ്ട്. വിമോചന ദൈവശാസ്ത്രവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ നോവലിന്റെ ഒരു വലിയഭാഗം കൈയടക്കുന്നുണ്ട്. ഇവിടെയെല്ലാം പുരോഗമനാശയങ്ങള്‍ക്ക് സമൂഹത്തിലേക്ക് പ്രവേശനം കിട്ടുന്നത് തടയാന്‍ സഭ നടത്തുന്ന ശ്രമങ്ങള്‍ തുറന്നുകാട്ടാന്‍ ശ്രമിച്ചു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സഭയിലെ അത്യാഡംബരം, അനാചാരം, അതിനെതിരെ പോരാടിയവരോട് എടുത്ത സമീപനങ്ങള്‍, പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവരെ ശപിച്ചുകൊല്ലുമെന്ന് കുട്ടികളെ പേടിപ്പിക്കല്‍, ഇവയെല്ലാം നോവലില്‍ വരുന്നുണ്ട്.
സ്ത്രീകളെ സഭ ഒരിക്കലും അടയാളപ്പെടുത്തിയിട്ടില്ല. സ്ത്രീകള്‍ക്ക് ഒരു കല്ലറപോലും ഉണ്ടായിരുന്നില്ല എന്ന സത്യം ഞാന്‍ അന്നമ്മച്ചി എന്ന കഥാപാത്രത്തെക്കൊണ്ട് പറയിപ്പിക്കുന്നുണ്ട്. സഭയുടെ ചരിത്രത്തിലുടനീളം സ്ത്രീവിരുദ്ധത കാണാം. പുരുഷന് കല്ലറയും സ്ത്രീയെ വെറുതെ കുഴിച്ചുമൂടുകയും ചെയ്യുന്ന അവസ്ഥയില്‍ 'എനിക്ക് സ്വന്തമായി കല്ലറ വേണം' എന്ന് അവകാശപ്പെടുന്ന അന്നമ്മച്ചി ഉണ്ടാവുകയാണ്.

സാമാന്യവല്‍ക്കരണമല്ല

മാന്തളിരിലെ കമ്യൂണിസ്റ്റ് ചരിത്രത്തില്‍ ചുവപ്പുനിറത്തില്‍ത്തന്നെ എഴുതപ്പെട്ട ഒരു ജീവിതം ജീവിതാവസാനം സഭയുടെ കുഞ്ഞാടായി വീണുപോകുന്നുണ്ട്. അത്തരം കാര്യങ്ങള്‍ സാമാന്യവല്‍ക്കരണമല്ല. പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഏതാനും വിമര്‍ശങ്ങള്‍ ഉണ്ടായേക്കാം. അതിനര്‍ഥം പ്രസ്ഥാനം മുഴുവന്‍ വിമര്‍ശിക്കപ്പെടേണ്ടതാണെന്നല്ല. എങ്ങനെയാണ് ഒരു കഥയുണ്ടാകുന്നത്. ഒറ്റപ്പെട്ട കഥകളാണ് നാം തേടിപ്പിടിക്കുന്നത് അല്ലാതെ എല്ലാവരുടെയും കഥയല്ല. നോവലിലുടനീളം നില്‍ക്കുന്നത് വലതുപക്ഷ സ്വഭാവമാണെന്ന് ആര്‍ക്കും പറയാനാകില്ല. ഇതുവരെ ആരും പറഞ്ഞിട്ടുമില്ല. കമ്യൂണിസം മോശമാണെന്ന സഭയുടെ പ്രചാരണം പണ്ടുമുതലേ നടന്നിട്ടുണ്ട്. ഇന്നും നടക്കുന്നുണ്ട്. കോമ്രേഡ് എന്നാല്‍ കറുത്തവന്‍ എന്നാണെന്നൊക്കെ പറയുമായിരുന്നു. ചെറുപ്പക്കാരെ ഇടതുപക്ഷത്തിനെതിരെ നിലപാടെടുക്കാന്‍ പ്രേരിപ്പിക്കുന്നതെങ്ങനെയെന്ന് പരിഹാസപൂര്‍വം നോവലില്‍ കാട്ടിത്തരുന്നുണ്ട്. വിമര്‍ശിക്കപ്പെടുന്നതൊക്കെ വിമര്‍ശിക്കപ്പെടേണ്ടതുതന്നെ. പക്ഷേ, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പൊതുസ്വഭാവമാണതെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍, എഴുത്തുകാരന്‍ തന്റെ ഇടതും വലതും നടക്കുന്നത് കാണേണ്ടതും പറയേണ്ടതുമുണ്ട്.

ഇടതുപക്ഷ ദൌത്യം

ഇടതുപക്ഷത്തോടൊപ്പമല്ലാതെ നമുക്ക് നില്‍ക്കാനാകില്ല. നിശ്ചയമായും ഇടതുപക്ഷചിന്തകള്‍ വളരുകയും പടരുകയും ചെയ്യേണ്ടുന്ന കാലത്തുതന്നെയാണ് നാം ജീവിക്കുന്നത്. ജാതിമത ചിന്തകളുടെ ആധിക്യം നമ്മെ ഉല്‍ക്കണ്ഠപ്പെടുത്തുന്നു. ഒരു സിനിമ പുറത്തുവരുമ്പോള്‍ നടന്റെ ജാതി തിരയുകയും സിനിമയില്‍ അയാള്‍ പറയുന്ന സംഭാഷണത്തിന്റെ പേരില്‍ നടനെ വേട്ടയാടുകയുമൊക്കെ ചെയ്യുന്നതരത്തില്‍ രാജ്യം അപകടത്തിലേക്ക് പോകുമ്പോള്‍ ഇടതുപക്ഷചിന്താഗതിയല്ലാതെ മറ്റെന്താണ് നമുക്ക് ചേര്‍ത്തുപിടിക്കാനുള്ളത്.

യാത്രകള്‍

വിവിധ ദേശങ്ങളിലേക്ക് നാം ചെല്ലുമ്പോള്‍ അവിടുത്തെ ജനങ്ങളെക്കുറിച്ചുള്ള നമ്മുടെ ഉള്ളിലുള്ള ചിത്രം പാടേ മാറുകയാണ്. 'ഞാനും എന്റെ കുടുംബവും എന്റെ ജാതിയുംമാത്രം' എന്ന് ചിന്തിക്കുന്നവരില്‍നിന്നു മാറി ബഹുസ്വരതയുടെ വലിയ ദൃശ്യം കാണുന്നു. പുതിയ ജീവിതങ്ങള്‍ അറിയുന്നു. കറാച്ചി പുസ്തകമേളയില്‍ പോയപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി. ഒരു ലക്ഷം പേര്‍ തടിച്ചുകൂടിയ സാംസ്കാരികമേളയായിരുന്നു അത്. ഗസലും കഥക് നൃത്തവും എല്ലാംചേര്‍ന്ന രാത്രികള്‍. രാത്രി രണ്ടിനും കറാച്ചി തെരുവില്‍ ഭക്ഷണശാലകള്‍ സജീവം. നൂറുകണക്കിനുപേര്‍ തെരുവു ഭക്ഷണശാലകളില്‍ രാത്രി വൈകിയും ഭക്ഷണം കഴിക്കാന്‍ എത്തുന്നു. ടാന്‍സാനിയയില്‍ താമസിക്കുന്ന മലയാളികുടുംബങ്ങള്‍ക്ക് പറയാനുണ്ടായിരുന്നത് അവിടെ സ്ത്രീകള്‍ക്ക് ലഭിക്കുന്ന സാമൂഹ്യ അംഗീകാരത്തെക്കുറിച്ചായിരുന്നു.

എഴുത്തുകാരന്റെ ഉത്തരവാദിത്തം

തീര്‍ച്ചയായും എഴുത്തുകാരന്‍ കൂടുതല്‍ മനോഹരമായ ജീവിതം സാധ്യമാണെന്ന് ജനങ്ങളോട് പറഞ്ഞുകൊണ്ടിരിക്കണം. പരസ്പരം സ്നേഹിച്ചും സഹായിച്ചും കഴിഞ്ഞ പൂര്‍വകാലത്തെക്കുറിച്ച് ഓര്‍മിപ്പിച്ചുകൊണ്ടിരിക്കണം. വിധ്വംസകവാസനകളില്‍നിന്ന് പുതിയ തലമുറയെ തടയണം. ഞാന്‍ കൂടുതലായും പുതിയ തലമുറയോട് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നു. അവരില്‍ എനിക്ക് പ്രതീക്ഷയുണ്ട്.
aburaj@gmail.com
പ്രധാന വാർത്തകൾ
 Top