29 May Friday

അസ്‌മാത്ത– ഒരു വിശുദ്ധ റൂഹ്‌

അനാർക്കലിUpdated: Sunday Sep 29, 2019

എന്റെ വെള്ളിമുടിക്കാരി ഉമ്മച്ചിയും മൊട്ടത്തലയൻ മുത്തലവിയും കഥ പറഞ്ഞ് കഥ പറഞ്ഞെന്നെ ഭൂമി തൊടീക്കാതെ സ്വർഗത്തിൽ പറപ്പിച്ചിരുന്നു. മലക്കും മാലാഖകളും തേനീന്തയും ഒലീവു പാടത്തൂടെയൊഴുകുന്ന അരുവികളും എന്നെയങ്ങനെ സ്വപ്‌നജീവിയാക്കി. എനിക്കെല്ലാമൊരു സ്വപ്‌നമാണ്. ഈ ഞാൻ പോലും!

 

അനാർക്കലി

അനാർക്കലി

മയങ്ങി വീണ സൂര്യജ്വാലയിൽ  ചെമ്പകം ചുകന്നപ്പോൾ കൂവളത്തറയുള്ള തെക്കതിൽ തിരിതെളിഞ്ഞു. അടുക്കള മുറ്റത്തെ പടിഞ്ഞാറേ തിട്ടയിൽ കാറ്റേറ്റ് ഞാൻ ഉമ്മച്ചി(മമ്മിയുടെ ഉമ്മ)യുടെ മടിയിൽക്കിടന്നു.  വീടെന്നാൽ എനിക്ക് ഉമ്മച്ചിയാണ്. സ്‌കൂളെന്നാൽ മുത്തലവിയും. മേൽമുണ്ടിന്റെ കോന്തല ഇടംകൈയിലെ കുഞ്ഞു വിരലിൽ ചുരുട്ടിയുമഴിച്ചും മടിയിൽക്കിടന്ന ഞാൻ ഉമ്മച്ചിയെ മൂളിക്കേട്ടു. എന്റെയുള്ളിലപ്പോൾ അന്തിച്ചന്ത കഴിഞ്ഞ് പട്ടത്തെരുവിലൂടെ പാടിപ്പാടി കാളവണ്ടിയിൽ പാതിരാത്രി വീട്ടിലേക്കു മടങ്ങുന്ന സുൽത്താൻ കുഞ്ഞിന്റെ ചിത്രം വിരിഞ്ഞു. 

‘‘പട്ടം മരം ചെക്കുലക്ക... ചെക്കിൽ പാതി പിണ്ണാക്ക്... ഇഷ്ടമുള്ള ഉച്ചമാളിയേ നീ പാരിപ്പള്ളിയിലെത്തിയോടീ...''
കാളക്കൂറ്റൻമാരുടെ മണിക്കിലുക്കത്തിനൊപ്പിച്ച് വണ്ടിക്കു മുമ്പിലും പുറകിലും കൊളുത്തിയിട്ട റാന്തലുകൾ  ചാഞ്ചാടി. അഗ്രഹാരത്തിലെ തിരിതാഴ്‌ന്ന നിലവിളക്കിനു പിന്നിൽ നേർത്ത കൺമഷിയിട്ട രണ്ടു കണ്ണുകൾ നിലാവിറങ്ങുന്ന കിളിവാതിലിലൂടെ സുൽത്താൻ കുഞ്ഞിനെ നോക്കിനിന്നു. ഏകാകിയുടേതു പോലെ വിഷാദമധുരമായിരുന്ന സുൽത്താൻ കുഞ്ഞിന്റെ സ്വരം ആ മനസ്സിനെ ആർദ്രമാക്കി. കാളവണ്ടിയുടെ കുടമണിക്കിലുക്കത്തിനു മുമ്പേ തെരുവിലൂടെ നിലാവിലൊന്നു ചേർന്നു വരുന്ന ഒറ്റ സ്വരത്തെക്കാത്ത് സുൽത്താൻകുഞ്ഞറിയാതെ ആ കണ്ണുകൾ ഉറങ്ങാതെയിരുന്നു.  മുമ്പിലേക്ക് നീട്ടിപ്പിന്നിയിട്ട തലമുടിത്തുമ്പിൽ നിന്നൂർന്ന് കിടന്ന മുല്ലപ്പൂമണം കിളിവാതിലിലൂടെ തെരുവിലെ നിലാവിൽ പരന്ന രാത്രി സുൽത്താൻ കുഞ്ഞിന്റെ സ്വച്ഛമായ നോട്ടം കിളിവാതിലിലെ മിഴികളെ തൊട്ടു... ഉമ്മച്ചി ഒന്നു നിശ്വസിച്ച് പകുതി വഴിയിൽ നിർത്തി. 
 
നേരം പരപരാ വെളുക്കുമ്പോ സുബഹി നമസ്‌കാരത്തിനായി ഉമ്മച്ചി ഉണരും. ഒപ്പം ഞാനും. കിണറ്റിൻകരയിൽ കുടത്തിൽ കോരി വച്ച വെള്ളത്തിൽ  ഉമ്മച്ചി വുളു എടുക്കുമ്പോൾ ഞാൻ മുറ്റത്തെ പുൽക്കൂട്ടത്തിൽ നാമ്പുതിരയും. അതു പൊട്ടിച്ചെടുത്ത് കൺകോണിലെഴുതി ഹാ നല്ല തണുപ്പെന്ന് പറയും. നമസ്‌കാരം കഴിഞ്ഞാൽ ഉമ്മച്ചി വീട്ടിലെ മണ്ണടുപ്പ് കത്തിച്ച് കട്ടനിടും. കൊച്ചു കൊച്ചു പലഹാരങ്ങളുണ്ടാക്കും. മറ്റുള്ളവരുണരും മുമ്പേ ഞങ്ങളതൊക്കെ അകത്താക്കും. പിന്നെ ഈർപ്പം മാറി വെയിൽ വീഴും വരെ പുരയിടം മുഴുവനൊരു ചുറ്റലാണ്. രണ്ടരയേക്കർ പറമ്പിനകത്ത് ഓടിട്ട ഒരൊറ്റ വീടാണ് ഞങ്ങളുടേത്. ആ ചുറ്റലിനിടയിൽ ഞങ്ങൾ അണ്ണാനെയും മുയലിനെയും കൊക്കിനെയും കുളക്കോഴിയെയും മഞ്ഞനാത്തിക്കൊമ്പിലെ കുയിലിനെയും കാണും. മടക്കത്തിൽ ഞങ്ങളുടെ കൈവശം വിറകോ കശുമാങ്ങയോ കൈതച്ചക്കയോ മാമ്പഴമോ പേരയ്‌ക്കയോ ഈന്തിക്കായയോ ഉണ്ടാകും.   കുളിച്ചു വന്നു ഞാൻ കാപ്പി കുടിച്ച് സ്‌കൂളിലേക്ക്.
 
ഏഴാം ക്ലാസുകാരിയായ എനിക്ക്  കൂട്ട് അഞ്ചാം ക്ലാസുകാരൻ മുത്തലവി. പെരുമഴയത്ത് കുടക്കീഴിൽ നടക്കുമ്പോൾ ഞാൻ പറഞ്ഞു ‘‘വേനൽക്കാലത്ത് സ്‌കൂളു തുറന്നാൽ മതിയായിരുന്നു. എങ്കിൽ പുത്തനുടുപ്പ് നനയാതെ പോകാമായിരുന്നു"
 
അപ്പോൾ മുത്തലവി പറഞ്ഞു,  ‘‘ആഗുംബെയിലെ കുട്ടികൾ എന്നും നനഞ്ഞോണ്ടാ സ്‌കൂളിൽ പോണത്. കുടചൂടാതെയാ മഴയിൽ നടക്കണത്’’. കുറ്റിത്തലമുടിയുള്ള കൊച്ചുമുത്തലവി ഒത്തിരി വായിക്കും.
 
‘‘ആഗുംബെയോ അതെവിടെയാ?''  
‘‘എവിടെയാന്നറിയില്ല. ഇന്ത്യയിൽ അങ്ങനെയൊരിടമുണ്ട്. അവിടെ എന്നും മഴയാണ്.’’ 
‘‘നിനക്കതെങ്ങനെയറിയാം?’’
‘‘ഇംഗ്ലീഷ് സർ പറഞ്ഞിട്ട്.’’ 
 
  മുത്തലവിക്ക് കൂശാൻ താടിയെ ഭയമാണ്.  താടി നീട്ടിവളർത്തിയ മുരടൻ മമ്മു ഉസ്‌താദിനെ പിള്ളേർ കൂശാൻ താടിയെന്നാണ് വിളിച്ചിരുന്നത്. കാലൻകുടയും വീശി കൂശാൻ താടി എപ്പോഴാണ് പള്ളിയിൽ നിന്നിറങ്ങി വരുന്നതെന്ന് പറയാൻ പറ്റില്ല. ഒരിക്കൽ കൂശാൻ താടിയെക്കണ്ടതും മുത്തലവി പറഞ്ഞു, ‘‘കൂശാൻ  പണ്ട് കെട്ടിയോളെ മൊഴിചൊല്ലിയിട്ടുണ്ട്... ’’
‘‘എന്തിനാ മൊഴി ചൊല്ലിയെ?’’
 
‘‘പറമ്പത്ത് ആടിനെ മേച്ചു നിന്ന കെട്ടിയോള് തളർന്നുവീണപ്പോൾ അയലത്തെ കണ്ണൻ ചേട്ടൻ ചെന്നു പിടിച്ചത്രേ. അതു കണ്ട കൂശാൻ കാലൻകുട നിലത്താഞ്ഞുകുത്തി. ചൂണ്ടുവിരൽ ഭാര്യയുടെ നേർക്ക് പിടിച്ച് തലാഖ്, തലാഖ്, തലാഖ് എന്നു പറഞ്ഞു.’’ 
‘‘എന്നിട്ടാ ഭാര്യ?’’
‘‘ ആശുപത്രിയിലേക്ക് കൊണ്ടും പോകുംവഴി മരിച്ചു. കൂശാൻ താടി പിന്നെയും രണ്ടു കെട്ടി. ദുഷ്ടനാണ്.’’ 
‘‘നിനക്കിതൊക്കെ എങ്ങനെ അറിയാം’’
‘‘എല്ലാവരും പറയുന്നു.’’ 
"‘എല്ലാവരും പറയുന്നതൊക്കെ ശരിയല്ലാന്നല്ലേ മുത്തലവി തന്നെ പറഞ്ഞിട്ടുള്ളത്.''
 
‘‘അതെ. പക്ഷേ അസ്‌മയും പറഞ്ഞു.’’അസ്‌മ പറഞ്ഞാൽ മുത്തലവിക്ക് വിശ്വാസമാണ്. മുത്തലവിയുടെ ഉമ്മയാണ് അസ്‌മ. ഒരു രാത്രി ഉമ്മച്ചി എന്റെ ചെവിയിൽ പറഞ്ഞു, ‘‘മുത്തലവിയുടെ ഉപ്പ അവന്റെ ഇരട്ട കുഞ്ഞിപ്പെങ്ങൻമാർക്ക് ഒരു വയസ്സുള്ളപ്പോ ഉപേക്ഷിച്ചു പോയി. അസ്‌മാപ്പെണ്ണ്  പുറംപണിക്കൊക്കെ പോകുമായിരുന്നു. ഇപ്പോ തലക്കു വെളിവില്ല. പെങ്കൊച്ചുങ്ങളെ യതീംഖാനയിലാക്കിയതിൽപ്പിന്നെയാണങ്ങനെ'.
 
തന്നോട് മിണ്ടുന്നവരോടൊക്കെ അസ്‌മാത്ത ഒത്തിരി വർത്തമാനം പറയും. വീട്ടിലേക്ക് വിളിക്കും. തനിക്കൊക്കാത്തതു പറഞ്ഞാൽ വഴക്കിടും. പ്‌രാകും. ആ ഉമ്മയും മകനും നടന്നു പോകുമ്പോൾ വഴിവക്കിലെല്ലാവരും തുറിച്ചു നോക്കും. പള്ളിക്കൂടം വിട്ടു വന്നാൽ മുത്തലവി ചന്തയിൽ പോകും. അവിടെ കച്ചവടക്കാർക്ക് ചില്ലറ പണിയൊക്കെ ചെയ്‌തുകൊടുത്ത് അരിക്കാശുണ്ടാക്കും.
 
‘‘ദൈവം കൂശാനെ ശിക്ഷിക്കും.’’ ഞാൻ പറഞ്ഞു.
‘‘ഇല്ല''
‘‘അതെന്താ?’’  ഞാൻ ചോദിച്ചു.
 
‘‘ദൈവം പള്ളിക്കുള്ളിലല്ലേ. കൂശാൻ പള്ളിയുടെ ആളല്ലേ "
‘‘ദൈവം ശക്തനല്ലേ, വലുതല്ലേ, ഇത്രേം വലിയ ദൈവം ഇത്ര ചെറിയ പള്ളിക്കുള്ളിലോ?’’  ഞാൻ ആശ്ചര്യപ്പെട്ടു.
‘‘ദൈവം ശിക്ഷിക്കില്ല. പക്ഷേ മലക്കുകൾ കൂശാനെ ശിക്ഷിക്കും’’ മുത്തലവി സത്യമിട്ട് പറഞ്ഞു.
 
‘‘മലക്കുകളോ?’’
"ഉം... മലക്കുകൾ. നമ്മൾക്കുള്ളിലാണതുള്ളത്. ഇടതും വലതുമായി. അവരുടെ കൈയിലൊരു പുസ്‌തകമുണ്ട്. നമ്മൾ ചെയ്യുന്ന തെറ്റും ശരിയും രേഖപ്പെടുത്തുന്ന പുസ്‌തകം. അതുനോക്കി മലക്കുകൾ  ശിക്ഷ വിധിക്കും...''
മുത്തലവിയുടെ മൂന്നു മുറിയുള്ള ചുടുകട്ട വീട്ടിലേക്ക് പാതിരാത്രി വഴിപോക്കർ കല്ലെറിഞ്ഞ് കൂവുമായിരുന്നു. അവരെയൊക്കെ താനൊരു ദിവസം പാഠം പഠിപ്പിക്കുമെന്ന് മുത്തലവി വീറോടെ പറഞ്ഞു.
 
തങ്ങളുപ്പാപ്പാക്ക് കെടാവിളക്ക് വച്ച് പ്രാർഥിച്ചാൽ അത്ഭുതങ്ങൾ സംഭവിക്കുമെന്നും ആഗ്രഹങ്ങളെല്ലാം സാധിക്കുമെന്നുമുള്ള രഹസ്യം അന്നു ഞാൻ മുത്തൂന്റെ ചെവിയിലോതി. ഉമ്മച്ചി  കൈമാറിയ രഹസ്യം. 
 
ഉമ്മച്ചി സുൽത്താൻ കുഞ്ഞിന്റെ കഥ തുടർന്ന സന്ധ്യയിൽ ഞാൻ ആകാംക്ഷയോടെ കേട്ടിരിക്കുമ്പോൾ അയലത്തെ ഇസ്ഹാക്കു അരമതിലിനടുത്തു വന്നു പറഞ്ഞു. " അറിഞ്ഞില്ലേ ആ വട്ട് അസ്‌മ ചത്തു. ചെറുക്കൻ എവിടെയോ പോയിട്ടു വന്നപ്പോ തള്ള ചുമരിൽ ചാരി ചത്തിരിക്കേരുന്നു. കൊന്നതാണോ മരിച്ചതാണോ ആർക്കറിയാം.’’  മുത്തു ചുമരിൽ ചാരിനിന്ന് ഏങ്ങലടിച്ചു. മയ്യത്തെടുക്കാറായപ്പോൾ മുത്തൂന്റെ പെങ്ങൻമാരെ യത്തീംഖാനയിൽനിന്നും കൊണ്ടുവന്നു. മയ്യത്തെടുത്തതും തിരികെ കൊണ്ടുപോയി.
എനിക്കും ഉമ്മച്ചിക്കുമിടയിൽ കഥയില്ലാതെ രാത്രികൾ. ഉറങ്ങാൻ കിടക്കുമ്പോൾ ഞാൻ പതുക്കെ ചോദിക്കും, ‘‘ഉമ്മച്ചീ അസ്‌മാത്തയെ കൊണ്ടുപോയത് ദജ്ജാലാണോ?’’
പടക്കുതിരയുമായി വരുന്ന ദജ്ജാൽ  എന്റെ പേടി സ്വപ്നമായിരുന്നു!
"ഉം... ദജ്ജാലിന്റെ കൂട്ടരാവും ആ പെണ്ണിനെ...’
മുത്തലവിയെ പിന്നെ സ്‌കൂളിൽ കണ്ടതേയില്ല. വീട്ടിലും കണ്ടില്ല.
 
‘‘ഉമ്മച്ചീ നമുക്ക് തട്ടിൻപുറത്ത് കെടാവിളക്ക് തെളിയിച്ച് അസ്‌മാത്തയെ തിരികെ ചോദിക്കാം?’’  ഉമ്മച്ചി  എന്റെ തലയിൽ തഴുകി. 
അന്നു രാത്രി ദജ്ജാൽ കുതിരപ്പുറത്തു പാഞ്ഞുവന്നു. അസ്‌മാത്ത വിറച്ചു. മുത്തലവീ... അവർ ഉറക്കെ  വിളിച്ചു. മുത്തലവിയപ്പോൾ   മീൻ വിൽപ്പനക്കാരന്റെ സഹായിയാണ്‌. ദജ്ജാൽ അസ്‌മാത്തയുടെ നാവ് ബന്ധിച്ചു. ഞാൻ ഉറക്കത്തിൽ വീണ്ടും വീണ്ടും പേടിച്ച് കണ്ണടച്ചു. കണ്ണുതുറന്നപ്പോൾ അസ്‌മാത്ത ചുമരിൽ ചാരി ഇരിക്കുകയായിരുന്നു. അസ്‌മാത്താ... ഞാൻ അലറിക്കരഞ്ഞു. അപ്പോഴേക്കും അസ്‌മാത്ത ഒരു വിശുദ്ധ റൂഹായി ഭൂമിക്കും ആകാശത്തിനുമിടയിൽ ഒഴുകി.
 
എന്റെ വെള്ളിമുടിക്കാരി ഉമ്മച്ചിയും മൊട്ടത്തലയൻ മുത്തലവിയും കഥ പറഞ്ഞ് കഥ പറഞ്ഞെന്നെ ഭൂമി തൊടീക്കാതെ സ്വർഗത്തിൽ പറപ്പിച്ചിരുന്നു. മലക്കും മാലാഖകളും തേനീന്തയും ഒലീവു പാടത്തൂടെയൊഴുകുന്ന അരുവികളും എന്നെയങ്ങനെ സ്വപ്‌നജീവിയാക്കി. എനിക്കെല്ലാമൊരു സ്വപ്‌നമാണ്. ഈ ഞാൻ പോലും!
എന്റെ മിനുസമുടിക്കാരിക്കും മുത്തലവി പൊന്നലവിക്കും തീരാക്കഥകളുടെ ആയിരമായിരം രാവും പകലുമുണ്ട്.
പ്രധാന വാർത്തകൾ
 Top