22 February Friday

അസൂയഗുളികയും അപ്പൂപ്പനും

കൃഷ‌്ണ പൂജപ്പുര krishnapoojappura@gmail.comUpdated: Sunday Jul 29, 2018

 നേരാംവണ്ണം ഉറങ്ങിയിട്ട്‌ അഞ്ചാറ്‌ ദിവസമായി സാർ. ‘നെഞ്ചിൽ നെരിപ്പോട്‌ എരിയുന്നുണ്ട്‌’ എന്നൊക്കെ കഥയിൽ വായിക്കുമ്പോൾ, ‘ഈ സാഹിത്യകാരന്മാർ ഏതും വെറുതെ അങ്ങ്‌ പെരുപ്പിക്കുകയാണല്ലോ... നെഞ്ചിൽ നെരിപ്പോടുപോലും’ എന്നൊക്കെ സാഹിത്യവിചാരണ നടത്തിയ ഞാൻ കുറ്റപ്പെടുത്തലൊക്കെ മുൻകാല പ്രാബല്യത്തോടെ തിരിച്ചെടുക്കുന്നു. നെഞ്ചിൽ നെരിപ്പോട്‌ എരിയുക മാത്രമല്ല, അഗ്നിപർവതം പുകയുകയും ആറ്റംബോംബ്‌ പൊട്ടുകയും ചെയ്യുമെന്ന്‌ എനിക്കിപ്പോൾ മനസ്സിലായിരിക്കുന്നു.

 

നെഞ്ചെരിച്ചിലിനും ഉറക്കമില്ലായ്‌മയ്‌ക്കുമൊക്കെ കാരണമോ? പ്രായമാകാതിരിക്കാനുള്ള മരുന്ന്‌ കണ്ടുപിടിച്ചിരിക്കുന്നുപോലും. അമേരിക്കയിൽ അലബാമാ സർവകലാശാലയിലെ ഒരുകൂട്ടം പ്രൊഫസർമാരാണുപോലും കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്‌ എന്നാണ്‌ വാർത്ത. ഭാവിയിൽ, പ്രായമായാലും തൊലി ചുളിയില്ലപോലും. മുടി കൊഴിയില്ലപോലും. തൊണ്ണൂറാം ബർത്ത്‌ഡേ ആഘോഷിക്കുമ്പോഴും സ്‌കിൻ വെളുവെളാന്നും മുഖം ചുവന്നും മുടി കറുകറാന്നുമൊക്കെത്തന്നെ ഇരിക്കുംപോലും. മുറകൊണ്ട്‌ മുത്തശ്ശനായാലും കാഴ്‌ചകൊണ്ട്‌ അളിയനായിത്തന്നെ കാണപ്പെടുംപോലും.
എലികളിൽ നടത്തിയ പരീക്ഷണം തകർപ്പൻ വിജയമായത്രെ! (ഗിനിപ്പന്നികൾ, എലികൾ, മുയലുകൾ എന്നീ പാവങ്ങളാണല്ലോ പരീക്ഷണത്തിന‌് സംവരണം ചെയ്യപ്പെട്ടിട്ടുള്ളത്‌. ആഘോഷങ്ങൾ അടുക്കുമ്പോൾ ബ്രോയ്‌ലർ കോഴികൾ എങ്ങനെയാണോ പേടിക്കുന്നത്‌ അതുപോലെയാണ്‌ ശാസ്‌ത്രജ്ഞർ പുതിയ പരീക്ഷണം തുടങ്ങാൻ പോകുന്നു എന്നറിയുമ്പോൾ ഗിനിപ്പന്നികളും കൂട്ടരും). ആദ്യം ജനിതകവ്യതിയാനം വഴി എലികളുടെ തൊലിയിൽ ചുളിവുവീഴ്‌ത്തി ശതാഭിഷിക്തരാക്കി. തുടർന്ന്‌ മരുന്ന്‌ പ്രയോഗിച്ചപ്പോഴുണ്ട്‌ ടീനേജേഴ്‌സ്‌ ആകുന്നു. നൂറ്റാണ്ടിലെ കണ്ടുപിടിത്തമായിട്ടൊക്കെയാണത്രേ ടി കണ്ടുപിടിത്തം ആഘോഷിക്കപ്പെടുന്നത്‌. ഇതാണ്‌ എന്നെ ഉലച്ച വാർത്ത.
 

മനഃപ്രയാസം

 
ആ വാർത്തയിൽ എന്താണ്‌ ഉലയാനുള്ളതെന്നാണോ സാർ, മരുന്ന്‌ കണ്ടുപിടിച്ചുവെങ്കിലും മനുഷ്യരിൽ അത്‌ പ്രയോഗിച്ച്‌ റിസൾട്ട്‌ കിട്ടിത്തുടങ്ങണമെങ്കിൽ പത്തിരുപത്‌ വർഷംകൂടി ആകുമത്രെ. ആ സമയമാകുമ്പോൾ എന്റെ അവസ്ഥ എന്താണെന്ന്‌ ആർക്കറിയാം. എനിക്ക്‌ ഗുണം കിട്ടാത്ത കണ്ടുപിടിത്തംകൊണ്ട്‌ ലോകത്തിന്‌ എന്ത്‌ നേട്ടമുണ്ടായാൽ എനിക്കെന്താണ്‌. മരുന്നുകൾ ഏൽക്കാത്ത ഘട്ടത്തിൽ ഞാൻ ജരാനരാധിപനായി ജീവിക്കുകയും പിൻതലമുറ എന്റെ പ്രായമെത്തുമ്പോൾ നിത്യവസന്തമായി തുടരുകതന്നെ ആയിരിക്കുമെന്നുള്ള അറിവ്‌ ഞാനെങ്ങനെ താങ്ങും? എനിക്കുശേഷം പ്രളയം അതല്ലേ അതിന്റെ ഒരു സുഖം. പഴുത്ത ഇല വീഴുമ്പോൾ പഴുത്ത ഇലയ്‌ക്കുള്ള ഒരു സമാധാനം പച്ചിലയും പഴുക്കുമല്ലോ എന്നോർത്തിട്ടല്ലേ? പക്ഷേ, പഴുത്താലും ഇല പച്ചയായിത്തന്നെ തുടരാൻ പോകുന്നു. ഞാനിതെങ്ങനെ സഹിക്കും.
 

തൊലിയുടെ ചുളുങ്ങൽ

 
നിലവിലെ സമ്പ്രദായമനുസരിച്ച്‌ ജീവിതപ്രയാണത്തിലെ സമ്മർദങ്ങൾ കാരണം തൊലിയൊക്കെ മുപ്പത്‌ കഴിയുമ്പോൾത്തന്നെ ചുളുങ്ങും. മുപ്പത്തഞ്ചിലേ മുടി പൊഴിയും. ഹൗസിങ്‌ ലോണിലും കാർ ലോണിലും പെട്ട്‌ ടെൻഷനടിച്ച്‌ പൊഴിഞ്ഞശേഷം മിച്ചമുള്ള മുടി വെളുക്കും. അതിനൊക്കെ ആ ശാശ്വതപരിഹാരം. ആലോചിച്ചിട്ട്‌ മനസ്സിന്‌ ആകെ പരവേശമായിപ്പോയി സാർ. രാവിലെ ചായ കൊണ്ടുവന്ന ഭാര്യയോട്‌ ‘ഇങ്ങനെയാണോടീ ചായ. കഷായം പോലെയുണ്ടല്ലോ’ എന്ന്‌ അലബാമയിലെ ശാസ്‌ത്രജ്ഞന്മാരോടുള്ള ദേഷ്യം ഞാൻ അട്ടഹസിച്ച്‌ പുരുഷമേധാവിത്വം തെളിയിച്ചു. ‘എന്നെക്കൊണ്ട്‌ ഇങ്ങനെ ചായയിടാനേ ഒക്കൂ. വേണമെങ്കിൽ കുടിച്ചാൽ മതി’ എന്ന്‌ അവർ സ്‌ത്രീസമത്വവും സ്ഥാപിച്ചു. 
 
ചെറുപ്പക്കാരെ കാണുമ്പോൾ ഞാൻ അസൂയകൊണ്ട്‌ പല്ലുഞെരിച്ചുതുടങ്ങി. നിത്യചെറുപ്പമല്ലേ അനുഭവിക്കാൻ പോകുന്നത്‌. ബാല്യം, കൗമാരം, യൗവനം, യൗവനം, യൗവനം എന്നിങ്ങനെ പ്രായവിവരപ്പട്ടിക മാറാൻ പോകുന്നു. ഹെയർഡൈ കമ്പനികളും ഫെയ്‌സ്‌ ക്രീം കമ്പനികളും ഉപജീവനാർഥം മറ്റ്‌ വല്ല തും തുടങ്ങേണ്ടിയിരിക്കുന്നു. പ്രായമാകുമ്പോൾ ഭാവിയിൽ പല്ലുകൊഴിയുമോ ഇല്ലയോ എന്നതിനെക്കുറിച്ച്‌ ഒന്നും വാർത്തയിൽ കണ്ടില്ല. അതെനിക്ക്‌ ചെറിയൊരു ആശ്വാസത്തരുവായി. അത്രയെങ്കിൽ അത്രയും. പക്ഷേ, ശാസ്‌ത്രജ്ഞരുടെ കാര്യമൊന്നും വിശ്വസിക്കാൻ പറ്റില്ല. പല്ലുപൊഴിയുന്നതിനുംകൂടി എന്തെങ്കിലും പരീക്ഷണം എലിയിൽ നടത്തി വിജയിച്ചാൽ‐സത്യമായും പത്രാധിപർ സാറേ ‐ ആ വാർത്ത വരുന്ന ദിവസം ഞാൻ വീട്ടിൽനിന്നിറങ്ങി, നേരെ റെയിൽവേ പാളത്തിലൂടെ നടന്ന്‌ ആദ്യം കാണുന്ന ട്രെയിനിന്‌ ‐ അതെ അതുതന്നെ. ഞാനത്‌ ചെയ്യും.
 

ഭാര്യ ശ്രദ്ധിക്കുന്നു

 
എന്റെ ഉറക്കമില്ലായ്‌മയും അസ്വസ്ഥതയും ഒക്കെ ഭാര്യ ശ്രദ്ധിച്ചു. നിവൃത്തിയില്ലാതെ ഞാൻ കാര്യം പറഞ്ഞു. ‘‘എനിക്കുശേഷം ലോകം സുന്ദരമാകാൻ പോകുന്നു.’’
‘‘അതൊരു നല്ല കാര്യമല്ലേ. മരിക്കുന്നതുവരെയും ചെറുപ്പമായിരിക്കുക.’’
‘‘പക്ഷേ, എനിക്ക്‌ ‐നിന്റെ കാര്യം ഞാൻ പറയുന്നില്ല. നിനക്ക്‌ വിഷമമായാലോ ‐ ചെറുപ്പമാകാൻ പറ്റില്ല. അതിനുള്ള ഒരു സ്‌പീഡപ്പ്‌ ശാത്രജ്ഞന്മാരുടെ ഭാഗത്തുനിന്ന്‌ ഉണ്ടാകില്ല.’’
 
‘‘അതിനെന്താ. നമ്മൾ ചെറുപ്പമായില്ലെങ്കിലും പിന്നീട്‌ വരുന്നവർക്ക്‌ അത്‌ സാധിക്കുമല്ലോ.’’
‘‘നമ്മൾക്ക്‌ കിട്ടാത്തത്‌ മറ്റൊരാൾക്കും വേണ്ട.’’ ഞാൻ ഒച്ചയെടുത്തു. ‘‘ബാക്കിയുള്ളവർ അങ്ങനെയങ്ങ്‌ സുഖിക്കണ്ട.’’
‘‘ഇത്‌ അസൂയയാണ്‌. പക്കാ അസൂയ. സത്യം പറഞ്ഞാൽ ഒരു മരുന്ന്‌ കണ്ടുപിടിക്കേണ്ടത്‌ ഇതിനാണ്‌. അസൂയക്ക്‌.’’
ക്ലിങ്‌. അതൊരു സൂപ്പർ പോയിന്റായി എന്റെ തലച്ചോറിൽ ഒന്നടിച്ചു. ശരിയാണല്ലോ. അസൂയക്ക്‌ ഒരു മരുന്നുണ്ടായിരുന്നെങ്കിൽ ഞാനിങ്ങനെ വേവലാതിയെടുത്ത്‌ മനസ്സ്‌ നീറിക്കിടക്കുമോ? ഞാൻ കുറെ ആലോചിച്ചു. എന്നിട്ട്‌ കടലാസും പേനയുമെടുത്ത്‌ അലബാമായിലെ ശാസ്‌ത്രജ്ഞർക്ക്‌ കത്തെഴുതി.
പ്രിയപ്പെട്ട ശാസ്‌ത്രജ്ഞൻ സാറന്മാരേ,
 
നമസ്‌കാരം. കേരളത്തിൽനിന്നാണ്‌ ഞാനീ കത്തെഴുതുന്നത്‌. നിങ്ങളുടെ കണ്ടുപിടിത്തം ലോകത്തിന്‌ വലിയ സന്തോഷമാണെങ്കിലും എന്നെ സംബന്ധിച്ച്‌ ഒരുമാതിരി എട്ടിന്റെ പണിയായിപ്പോയി. ലോകം നന്നാവുമെന്ന്‌ ആലോചിച്ചപ്പോ ആകെമൊത്തം പരവേശത്തിലാണ്‌ ഞാൻ. എന്റെ ശാസ്‌ത്രജ്ഞരെ, ശാസ്‌ത്രജ്ഞരെ ഉപദേശിക്കാനുള്ള അറിവ്‌ എനിക്കുണ്ടോ എന്നറിഞ്ഞുകൂടാ. എങ്കിലും പറയുകയാണ്‌. തൊലി ചുളുങ്ങാതിരിക്കാനും മുടി വെളുക്കാതിരിക്കാനുമുള്ള മരുന്നല്ല എന്നെപ്പോലുള്ളവർക്ക്‌ ആവശ്യം. മനസ്സിന്റെ ചുളുക്കം മാറുന്ന ഔഷധക്കൂട്ടുകളാണ്‌ കണ്ടുപിടിക്കേണ്ടത്‌. അസൂയ, അത്യാഗ്രഹം, ആക്രാന്തം, കൃത്രിമം, അഹങ്കാരം, കണ്ണുകടി, അലമ്പുണ്ടാക്കൽ തുടങ്ങിയ മൃദുലവികാരങ്ങൾ ഇല്ലാതാക്കാനുള്ള  മരുന്നുകൾ കണ്ടുപിടിക്കാനല്ലേ നിങ്ങളുടെ തലച്ചോറും സമയവും വിനിയോഗിക്കേണ്ടത്‌. ആലോചിച്ചുനോക്കണം സാറന്മാരേ, എല്ലാ വീട്ടിലും മേൽപ്പറഞ്ഞ അസുഖങ്ങൾക്കുള്ള ഗുളിക ടിന്നുകൾ നിരക്കുന്ന ആ മനോഹരക്കാഴ്‌ച.
അയൽപക്കക്കാർ പുതിയ കാർ വാങ്ങുന്നു. തുടങ്ങിയല്ലോ നമുക്ക്‌ വെപ്രാളം. മനസ്സിനകത്ത്‌ ആകെ വിമ്മിഷ്ടം. ‘‘എടീ ആ അസൂയേടെ ഗുളിക പെട്ടെന്നിങ്ങെട്‌’’ എന്ന്‌ നമ്മൾ ഭാര്യയോട്‌ വിളിച്ചുപറയുന്നു. ഭാര്യ അസൂയയുടെ ഡെൻസിറ്റി അനുസരിച്ച്‌ ഒന്നോ രണ്ടോ ഗുളിക തരുന്നു. ഗുളിക വിഴുങ്ങി കുറച്ചുസമയം നമ്മളങ്ങനെ ഇരിക്കുന്നു. അതാ മനസ്സിലന്‌ ലാഘവത്തം വരുന്നു. ഭാര്യ മുതുകിലൊക്കെ ഒന്ന്‌ തടവി ‘‘ഗുളിക കഴിച്ചിട്ട്‌ ആശ്വാസമുണ്ടോ ചേട്ടാ’’ എന്ന്‌ ചോദിക്കുന്നു. ‘‘കുഴപ്പമില്ല. നോർമലായി.’’ തുടർന്ന്‌ നമ്മൾ അയൽക്കാരനെ സമീപിച്ച്‌ ‘‘സൂപ്പർ കാർ, കിടു, അടിപൊളി’’ എന്നൊക്കെ ട്രെന്റി വാക്കുകൾ ഉപയോഗിച്ച്‌ കളങ്കലേശമെന്യേ പുകഴ്‌ത്തുന്നു.
 
അയൽപക്കത്തെ മാവിൽനിന്നോ പ്ലാവിൽനിന്നോ നമ്മുടെ മുറ്റത്തേക്ക്‌ ഒന്നോ രണ്ടോ ഇലകൾ കാറ്റത്ത്‌ പറന്നുവീഴുന്നു. ‘‘ഈ മാവ്‌ ഇന്ന്‌ ഞാൻ വെട്ടിയിടും’’ എന്ന്‌ അട്ടഹസിച്ച്‌ ചാടിയിറങ്ങാൻ തുടങ്ങുമ്പോൾ പെട്ടെന്നതാ സൗഹാർദ ടോണിക്ക്‌ ഒരു ടീസ്‌പൂൺ തരുന്നു. ‘‘ഹലോ... രാമചന്ദ്രാ... എന്തൊക്കെ വിശേഷം?’’ എന്ന്‌ കുശലം ചോദിച്ച്‌ നമ്മൾ മതിലിനടുത്തേക്ക്‌. ‘‘എന്റെ പ്ലാവിൽനിന്നുള്ള ഇലകൾ ആകെ പ്രശ്‌നമാകുന്നുണ്ടല്ലേ?’’ എന്ന്‌ രാമചന്ദ്രൻ. ‘‘പ്രശ്‌നമോ? എന്ത്‌ പ്രശ്‌നം? മരമായാൽ അങ്ങനെതന്നെ. സ്വാഭാവികം. മരത്തിന്റെ ഇലയല്ല മനസ്സിന്റെ ഇലയാണ്‌ വീഴാതെ നോക്കേണ്ടത്‌.’’ എന്ന്‌ നമ്മൾ ബുദ്ധഭഗവാന്റെ മുകളിൽ തത്വം പറയുന്നു.
മക്കൾക്ക്‌ ഫുൾ എ പ്ലസ്‌ കിട്ടിയില്ലെന്നറിഞ്ഞാൽ ഉടൻ ‘മത്സര രഹിത പിൽസ്‌’ കഴിക്കണം. പഠിത്തത്തിലുള്ള മത്സരത്തിന്‌ നമ്മൾ പിന്നെ മക്കളെ പ്രേരിപ്പിക്കില്ല.
അപ്പോൾ സാറന്മാരേ, ഈ മേഖലയിലേക്ക്‌ നിങ്ങളുടെ ശ്രദ്ധ എത്രയും പെട്ടെന്ന്‌ വീഴട്ടെ. ഇതിന്‌ പരീക്ഷണം നടത്താൻ ഗിനിപ്പന്നികളെ ഒന്നും അന്വേഷിക്കേണ്ട. ഞാൻ വരാം. സത്യം. ലോകത്തിന്‌ ആകെ ഉപയോഗം കിട്ടാൻ പോകുന്ന കാര്യമല്ലേ. അലബാമയുടെ ഏത്‌ ഭാഗത്ത്‌ വരണമെന്ന്‌ പറഞ്ഞാൽ മതി. ഞാൻ കൃത്യമായി എത്താം. വണ്ടിക്കൂലിയും വഴിച്ചെലവിനുള്ളതും തന്നാൽ മതി.
എന്ന്‌, സ്വന്തം, ഒപ്പ്‌.

 

പ്രധാന വാർത്തകൾ
 Top