23 January Wednesday

ഉൗരുകളിൽ സാന്ത്വന വെളിച്ചം

ദിലീപ്‌ മലയാലപ്പുഴUpdated: Sunday Apr 29, 2018

കോഴിക്കോട് പുതുപ്പാടി പഞ്ചായത്തിലെ കരിമ്പിലോട് പാറശേരി കോളനിയിൽ എൻജിഒ യൂണിയൻ പണികഴിപ്പിച്ച കുടിവെള്ള ടാങ്ക്‌

 പാർശ്വവൽക്കരിക്കപ്പെട്ടവർക്ക‌് സർക്കാർ സേവനങ്ങൾക്കൊപ്പം താങ്ങും തണലുമായി എക്കാലവും തങ്ങളുണ്ടാകുമെന്ന‌് തെളിയിക്കുന്നു  കേരള എൻജിഒ യൂണിയൻ പ്രവർത്തകർ. സർക്കാർ ജീവനക്കാരുടെ ഏറ്റവും കരുത്തുറ്റ സംഘടന സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയ കൂടുതൽ കർമപദ്ധതികൾ ഏറ്റെടുക്കുകയാണ‌്. ഒരു വർഷമായി നടപ്പാക്കുന്ന ‘സാന്ത്വനം പദ്ധതി’ ലക്ഷ്യം കണ്ടപ്പോൾ പ്രകടമായത്‌ സംഘടനയുടെയും പ്രവർത്തകരുടെയും ഇച്ഛാശക്തി. സംസ്ഥാനത്തെ 15 ആദിവാസി കോളനികൾ യൂണിയൻ ദത്തെടുത്ത‌ു. കുടിവെള്ള പദ്ധതികൾ, തൊഴിൽ പരിശീലനം, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, പഠന സൗകര്യമൊരുക്കൽ തുടങ്ങി എണ്ണമറ്റ പ്രവർത്തനങ്ങൾ. ജീവനക്കാരുടെ അവകാശ സമരങ്ങൾക്കൊപ്പം സമൂഹത്തിന്റെയാകെ പുരോഗതിക്കായുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിൽ പ്രതിജഞാബദ്ധതയോടെ മുന്നേറുകയാണ‌് യൂണിയൻ. 

കഴിഞ്ഞ സംസ്ഥാന സമ്മേളനമാണ‌് എല്ലാ ജില്ലയിലും ഒാരോ പദ്ധതി ഏറ്റെടുക്കാൻ തീരുമാനിച്ചത‌്. 15 ആദിവാസി കോളനികളുടെ സമഗ്ര പുരോഗതിയാണ‌് ലക്ഷ്യം.  
കണ്ണൂർ  ചാവശേരി ആദിവാസി കോളനിയിലെ  138 കുടുംബങ്ങളുടെ ആരോഗ്യസംരക്ഷണത്തിനും കുട്ടികളുടെ വിദ്യാഭ്യാസപുരോഗതിക്കുമായി വൈവിധ്യമാർന്ന പരിപാടികളാണ‌് യൂണിയൻ നടപ്പാക്കുന്നത‌്.   ഉപയോഗശൂന്യമായ കിണറുകൾ വൃത്തിയാക്കി പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ച് വീടുകളിൽ കുടിവെള്ളമെത്തിച്ചു. രോഗികളെ ആശുപത്രിയിലെത്തിക്കാൻ വാഹനസൗകര്യം. കുട്ടികളുടെ വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്താൻ സൗജന്യ ട്യൂഷൻ.    ആഘോഷവേളകളിൽ എല്ലാ കുടുംബങ്ങൾക്കും സമ്മാനവും ഓണക്കിറ്റും. കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് ദ്വിദിന വ്യക്തിത്വ വികസന നേതൃ പരിശീലനക്യാമ്പ്. കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി  ഏകദിന പഠന‐വിനോദയാത്ര സംഘടിപ്പിച്ചു. കോളനിയിലെ എല്ലാ വീട്ടിലും  ദിനപത്രം   സൗജന്യം. മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്നു വിതരണവും ലബോറട്ടറി പരിശോധനയും. ഒപ്പം  അവധിക്കാല ഫുട്ബോൾ കോച്ചിങ‌് ക്യാമ്പും.
കാസർകോട‌്  ബേഡഡുക്ക പഞ്ചായത്തിലെ പാണ്ടിക്കണ്ടം ആദിവാസി കോളനിയിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളാണ‌് യൂണിയൻ ഏറ്റെടുത്തത‌്.  രോഗികൾക്ക് കട്ടിലുകളും എല്ലാ കുടുംബാംഗങ്ങൾക്കും പുതപ്പുകളും കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.  വയനാട് ജില്ലയിൽ വെങ്ങപ്പള്ളി പഞ്ചായത്തിലെ നാരോക്കണ്ടി പട്ടികവർഗ കോളനിയിലെ ഉപയോഗമില്ലാതിരുന്ന കുടിവെള്ളപദ്ധതി നവീകരിച്ച‌്  എല്ലാ വീട്ടിലും കുടിവെള്ളമെത്തിച്ചു.  
കോഴിക്കോട് പുതുപ്പാടി പഞ്ചായത്തിലെ കരിമ്പിലോട് പാറശേരി കോളനിയിൽ 5.5 ലക്ഷം ചെലവഴിച്ച് യൂണിയൻ കുടിവെള്ള പദ്ധതി നടപ്പാക്കി.  എല്ലാ കുടുംബങ്ങൾക്കും എൽഇഡി  ബൾബുകളും ബെഡ് ഷീറ്റുകളും നൽകി.   മെഡിക്കൽ ക്യാമ്പുകളും പതിവായി നടക്കുന്നു. 
മലപ്പുറം ചാലിയാർ പഞ്ചായത്തിലെ മൊടവണ്ണ പട്ടികവർഗ കോളനിയിലെ  വീടുകൾ പുനരുദ്ധരിച്ചു.   എല്ലാ കുടുംബങ്ങൾക്കും എൽഇഡി  ബൾബുകളും ബെഡ് ഷീറ്റുകളും പുതപ്പുകളും വിതരണം ചെയ‌്തു.   
തൃശൂർ  അതിരപ്പിള്ളി പഞ്ചായത്തിലെ അടിച്ചിൽതൊട്ടി  കോളനിയിൽ  സ്ത്രീസൗഹൃദകേന്ദ്രം തുറന്നു.   എൽഇഡി   ബൾബുകൾ വിതരണം ചെയ‌്തു.  
പാലക്കാട്  പുതൂർ പഞ്ചായത്തിലെ പ്രാക്തന ഗോത്രവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന പാലൂർ മേഖലയാണ‌് തെരഞ്ഞെടുത്തത‌്. 850 കുടുംബങ്ങളാണ‌് ഇവിടെയുള്ളത‌്. ഇവിടെ  മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കുവേണ്ടിയുള്ള പരിശീലനകേന്ദ്രവും വിവിധ സർക്കാർ‐അർധസർക്കാർ സ്ഥാപനങ്ങളിലേക്ക് ബന്ധപ്പെടുന്നതിനുള്ള ഓൺലൈൻ സർവീസ് സെന്ററും ആരംഭിച്ചു. 150 പേർക്കാണ‌് ഇവിടെ സൗജന്യമായി മത്സര പരീക്ഷകൾക്കുള്ള പരിശീലനം നൽകുന്നത‌്. 
കോട്ടയം പാറത്തോട് പഞ്ചായത്തിൽ കുളപ്പുറം മിച്ചഭൂമി കോളനിയിൽ   248 കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി.  കോളനിയിലെ എല്ലാ കുട്ടികൾക്കുമുള്ള കുടവിതരണവും എസ്എസ്എൽസി, പ്ലസ് 1, പ്ലസ് 2 വിദ്യാർഥികളുടെ വീടുകളിൽ ദിനപത്രം സൗജന്യമായി ലഭ്യമാക്കി. ഇടുക്കി  അടിമാലി പഞ്ചായത്തിൽ കട്ടമുടി  കോളനിയിലെ എംജിഎൽസി സ്കൂളിൽ ഭക്ഷണശാല നിർമിച്ചു. കോളനിയിലെ 30 പെൺകുട്ടികൾക്ക് തയ്യൽ പരിശീലനം നൽകി. കുടുംബശ്രീ യൂണിറ്റുകൾക്കുള്ള തയ്യൽ മെഷീനുകൾ വിതരണം  ചെയ‌്തു. കോളനിയിലെ  നാല് പൊതുസ്ഥാപനങ്ങൾ യൂണിയൻ വൈദ്യുതീകരിച്ചു.  എറണാകുളം കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ പട്ടികവർഗ കോളനിയിൽ ഏഴു ലക്ഷം ചെലവഴിച്ച്   കുടിവെള്ള വിതരണപദ്ധതി  നടപ്പാക്കി.  
കൊല്ലം  ഉമ്മന്നൂർ പഞ്ചായത്തിലെ കൊടുവന്നൂർ പട്ടികവർഗ കോളനിയിൽ ശുചിമുറികളുടെ നിർമാണം, കുടിവെള്ള വിതരണ സംവിധാനം, നടപ്പാത നിർമാണം, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള പ്രോത്സാഹനം, ആരോഗ്യസംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയാണ് ഏറ്റെടുത്തത‌്. 
പത്തനംതിട്ട   അട്ടത്തോട് പട്ടികവർഗ കോളനിയിൽ കുടിവെള്ള വിതരണപദ്ധതിയാണ‌് ഏറ്റെടുത്ത‌ത‌്. കിടപ്പിലായ രോഗികൾക്ക് കട്ടിൽ വിതരണം, കോളനിയിലെ എല്ലാ കുടുംബാംഗങ്ങൾക്കും കുട വിതരണം, തൊഴിൽ പരിശീലനം തുടങ്ങിയവയും ഏറ്റെടുത്തു.  
ആലപ്പുഴ പാണ്ടനാട് പഞ്ചായത്തിൽ പൂപ്പറത്തിൽ കോളനിയിൽ ഉപയോഗശൂന്യമായ പൊതുകിണറുകൾ യൂണിയൻ പ്രവർത്തകർ വൃത്തിയാക്കി.  സംരക്ഷണഭിത്തി കെട്ടുകയും ജലസംഭരണി നിർമിച്ച് കുടിവെള്ള വിതരണപദ്ധതിയും നടപ്പാക്കി. എല്ലാ കുടുംബങ്ങൾക്കും എൽഇഡി ബൾബുകളും സ്വയം തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി തയ്യൽ മെഷീനുകളും വിതരണം ചെയ്തു. 
തിരുവനന്തപുരം  പുളിമാത്ത് പഞ്ചായത്തിലെ പന്നിക്കുഴി പച്ചയെ  മാതൃകാ ഗ്രാമമാക്കി മാറ്റുന്ന പദ്ധതിയാണ‌് ഏറ്റെടുത്തത‌്.  തയ്യൽ തൊഴിൽ പരിശീലനകേന്ദ്രവും തുറന്നു. വിദ്യാർഥികൾക്കായി പ്രത്യേക പഠനസഹായ പദ്ധതിയും തുടങ്ങി. വിവിധ മത്സര പരീക്ഷകൾക്കുള്ള  സൗജന്യ പരീക്ഷാപരിശീലനം  നടന്നുവരുന്നു. തിരുവനന്തപുരം സൗത്ത് ജില്ലയിൽ വിതുര ആറ്റുമൺപുറം പട്ടികവർഗകോളനിയിലെയും സമീപത്തെ 13 പട്ടികവർഗ കോളനികളിലെയും ആദിവാസി  ക്ഷേമവും വികസനവും ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ‌് ഏറ്റെടുത്തത‌്. . ഉപയോഗശൂന്യമായിക്കിടന്ന പൊതുകിണർ നവീകരിച്ചു.  വാട്ടർ ടാങ്ക് സ്ഥാപിച്ച് കോളനിയിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളമെത്തിച്ചു.  13 ആദിവാസി ഊരുകളിലെ വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങളും നൽകി.   മുതിർന്നവർക്കുള്ള വസ്ത്രവും ഭക്ഷ്യധാന്യക്കിറ്റും വിതരണം ചെയ്തു.
 
dileepcp@yahoo.com

 

പ്രധാന വാർത്തകൾ
 Top