19 March Tuesday

കപടസദാചാരബോധത്തെ വിചാരണ ചെയ‌്ത‌് അങ്കിള്‍

അഖിൽ കെ രാജുUpdated: Sunday Apr 29, 2018

മമ്മൂട്ടിയും കാര്‍ത്തിക മുരളീധരനും

 സമകാല കേരളത്തിന്റെ രാഷ്ട്രീയ‐സാംസ‌്കാരിക പരിസരങ്ങളിൽനിന്നുകൊണ്ട‌്   ഒരുക്കിയ മമ്മൂട്ടി ചിത്രം അങ്കിൾ മലയാളിയുടെ കപട സദാചാരബോധത്തിനുനേരെ വിമർശനാത്മകമായ നിരവധി ചോദ്യങ്ങളുയർത്തുന്നു. ആണും പെണ്ണും ഒരുമിച്ചിരിക്കുമ്പോള്‍ അസ്വസ്ഥതയോടെ  ഉയരുന്ന ചോദ്യങ്ങളെയും  ചൂണ്ടുവിരലുകളെയും   ചുളിയുന്ന നെറ്റികളെയും കൂട്ടില്‍നിര്‍ത്തി വിചാരണ ചെയ്യുന്നുണ്ട് ഗിരീഷ‌് ദാമോദർ എന്ന നവാഗത സംവിധായകന്റെ ആദ്യ ചിത്രം.  

  മികച്ച പ്രേക്ഷകപിന്തുണയും നിരൂപകപ്രശംസയും നേടിയ ഷട്ടറിനു പിന്നാലെ നീണ്ട ഇടവേളയ‌്ക്കുശേഷം ജോയ് മാത്യു തയ്യാറാക്കിയ   തിരക്കഥയാണ‌് ചിത്രത്തിന്റെ ശക്തി.
ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഏറെയുണ്ട‌് ജോയ് മാത്യുവിനും ഗിരീഷിനും. മലയാളിയുടെ ആൺകോയ‌്മ ബോധത്തെ കടന്നാക്രമിച്ച ഷട്ടറിനെപ്പോലെതന്നെ മലയാളിയോട‌് സ്വന്തം ഉള്ളിലേക്ക‌് നോക്കാനാണ‌് ഈ ചിത്രം പ്രേരിപ്പിക്കുന്നത‌്.  
ഊട്ടിയില്‍നിന്ന് കോഴിക്കോടു‌വരെ ഒരു പെണ്‍കുട്ടിയും അവളുടെ അച്ഛന്റെ സുഹൃത്തും നടത്തുന്ന യാത്രയും അതിനിടയില്‍ നടക്കുന്ന കഥകളുമാണ് ചിത്രം പറയുന്നത്. അഴഗപ്പന്റെ ക്യാമറയിലൂടെ വയനാടിന്റെ സൗന്ദര്യം പൂര്‍ണമായും പ്രേക്ഷകരിലെത്തുന്നുണ്ട്. 
അര്‍ഥശൂന്യമായ നിഷ്പക്ഷതയെ പുണരാന്‍ അങ്കിള്‍ ശ്രമിക്കുന്നില്ല. തോട്ടം തൊഴിലാളി നേതാവ് ചെല്ലയ്യന്റെയും വഴി പറഞ്ഞുകൊടുക്കുന്ന ആദിവാസി യുവാവിന്റെയുമെല്ലാം സാന്നിധ്യം സിനിമയുടെ രാഷ്ട്രീയം മറയില്ലാതെ പറയുന്നുണ്ട‌്. 
 നാട്ടുകാരെല്ലാം സദാചാരവാദികളാകുമ്പോഴും ശരിയുടെ പക്ഷത്തുനില്‍ക്കുന്ന ആദിവാസി യുവാവും പ്രതീക്ഷ പകരുന്നുണ്ട്. മകളെക്കുറിച്ച് ഓര്‍ത്ത് ഉള്ള‌്  വേവുന്ന അച്ഛനമ്മമാരെ ചിത്രത്തിലുടനീളം കാണാം. ആ ആധി തന്നെയാണ് ചിത്രത്തിന്റെ കാതലിനെ രൂപപ്പെടുത്തുന്നത്. ഒരു പെണ്‍കുട്ടിയുടെ അച്ഛനായിരിക്കുമ്പോള്‍ത്തന്നെ സാമൂഹ്യ വ്യവഹാരങ്ങളിലും മദ്യപാനസദസ്സിലും  മലയാളിപുരുഷൻ എത്രത്തോളം സ‌്ത്രീവിരുദ്ധനാണെന്ന‌് ചിത്രം ഓർമിപ്പിക്കുന്നു. 
 പൊലീസിന്റെ അധികാരപ്രമത്തതയെ സിനിമ വിമര്‍ശവിധേയമാക്കുന്ന ചിത്രം പൊലീസിലെ അവശേഷിക്കുന്ന നന്മയും എടുത്തുപറയുന്നുണ്ട്.  നെഗറ്റീവ് ഷെയ്ഡുകള്‍ പലപ്പോഴും കാണിക്കുന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. സമീപകാലത്ത മമ്മൂട്ടിക്ക് ലഭിച്ച മികച്ച  കഥാപാത്രമാണ‌് കെ കെ.  സിഐഎയിലൂടെ ശ്രദ്ധേയായ കാര്‍ത്തിക മുരളീധരനും ജോയ് മാത്യുവും മുത്തുമണിയും കഥാപാത്രങ്ങളെ മികച്ചതാക്കി. 
 

അങ്കിളിന്റെ സഞ്ചാരവഴി

സംവിധായകൻ  ഗിരീഷ‌് ദാമോദർ സംസാരിക്കുന്നു 

മമ്മൂട്ടിക്കും ജോയ്‌ മാത്യുവിനുമൊപ്പം സംവിധായകൻ ഗിരീഷ്‌ ദാമോദർ

മമ്മൂട്ടിക്കും ജോയ്‌ മാത്യുവിനുമൊപ്പം സംവിധായകൻ ഗിരീഷ്‌ ദാമോദർ

ജോയ‌് മാത്യുവുമായുള്ള സൗഹൃദത്തിന്റെ സൃഷ്ടിയാണ‌് ഈ സിനിമ.  അദ്ദേഹവുമായി 28 വര്‍ഷമായി  ബന്ധമുണ്ട്. ഞങ്ങൾ രണ്ടുപേരും കോഴിക്കോട്ടുകാർ.  അദ്ദേഹം ഗള്‍ഫില്‍നിന്ന‌് തിരിച്ചെത്തിയശേഷമാണ‌് ഷട്ടര്‍ സംവിധാനം ചെയ‌്തത‌്. അത് വലിയ ഹിറ്റായി. പിന്നീട് അദ്ദേഹം അഭിനയത്തിന്റെ തിരക്കിലേക്ക് കടക്കുന്നു. വല്ലപ്പോഴും കാണുമ്പോള്‍ സിനിമാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നു. എപ്പോഴും അദ്ദേഹം എന്റെ സിനിമയെക്കുറിച്ച‌് ചോദിക്കാറുണ്ടായിരുന്നു. തിരക്കഥയായിട്ടില്ല എന്ന പതിവു മറുപടിയായിരുന്നു എനിക്ക‌ുണ്ടായിരുന്നത‌്.  ഒരിക്കല്‍ ഒരു കഥയെഴുതി തരാം എന്നു പറഞ്ഞു അദ്ദേഹം. അതിനുശേഷം ഒരുമിച്ച‌് കുറെ യാത്രകള്‍ നടത്തി.  രണ്ടാം സിനിമയ‌്ക്കുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം.  18 വര്‍ഷമായി സിനിമാമേഖലയിലുള്ള എനിക്ക്  സാമൂഹ്യപ്രസക്തിയുള്ള സിനിമ ചെയ്യണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. എന്റെ കഥ എങ്ങുമെത്താതായപ്പോള്‍ അദ്ദേഹം എഴുതിപ്പൂര്‍ത്തിയാക്കിയ കഥ തരാമെന്ന് അറിയിച്ചു. അത് ഹെവി സബ്ജക്ടായതിനാല്‍ വേണ്ടെന്നുവച്ചു. ഞാന്‍ സംവിധാനം ചെയ്യണമെന്ന് ഒരുപക്ഷേ എന്നേക്കാൾ ഏറെ ആഗ്രഹിച്ചയാളായിരുന്നു ജോയ് മാത്യു.  കഥ പൂര്‍ത്തിയായശേഷമാണ് മമ്മൂട്ടി ഇതിലേക്ക് എത്തുന്നത്. അതോടെ സിനിമയുടെ കളര്‍ മാറി.  
ഈ കാലഘട്ടത്തിന്റെ കഥയാണ് അങ്കിള്‍. എല്ലാ പ്രായക്കാരെയും ആകര്‍ഷിക്കുന്ന കഥ‌. ചര്‍ച്ച ചെയ്യപ്പെടേണ്ട പ്രമേയം. ഊട്ടിയില്‍നിന്ന് കോഴിക്കോട്ടേക്ക് അച്ഛന്റെ സുഹൃത്തിനൊപ്പം ഒരു പെണ്‍കുട്ടി നടത്തുന്ന യാത്രയും അതിനിടയില്‍ സംഭവിക്കുന്ന കഥയുമാണ് ചിത്രം പറയുന്നത്.  
അങ്കിളിൽ  മമ്മൂട്ടി അവതരിപ്പിക്കുന്ന കെ കെ എന്ന കഥാപാത്രം നായകനാണോ വില്ലനാണോ എന്ന‌് കാണുന്ന പ്രേക്ഷകന് തീരുമാനിക്കാം.  സങ്കീർണ സ്വഭാവമുള്ള   കഥാപാത്രമാണ‌് കെ കെ.  മമ്മൂട്ടിക്കൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ‌്തിട്ടുണ്ട‌്. പക്ഷേ, അങ്ങനെ ആത്മബന്ധമൊന്നും ഉണ്ടായിരുന്നില്ല. ഭയത്തോടെയാണ് ഇടപെട്ടിരുന്നത്. എന്നാല്‍, സിനിമ തുടങ്ങിയതുമുതല്‍ അദ്ദേഹം നന്നായി പിന്തുണതന്നു. മെഗാതാരത്തെവച്ച് ചിത്രമെടുക്കുന്നത് വെല്ലുവിളിയായിരുന്നു. പ്രേക്ഷകരിലുള്ള വിശ്വാസമാണ് ധൈര്യം നല്‍കിയത്‐ ഗിരീഷ‌് പറഞ്ഞു. 
2000 മുതല്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചുവരികയാണ്. രഞ്ജിത‌്,  പത്മകുമാര്‍ എന്നിവരുടെ കൂടെയാണ് കൂടുതലും പ്രവര്‍ത്തിച്ചത്. ജോഷി, ഷാജൂണ്‍ കാര്യാല്‍ എന്നിവരുടെ ഒപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്.
 
 akhilkraju@gmail.com
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top