18 February Tuesday

ആ ചിരിയുടെ പൊരുൾ

വി എസ്‌ ബിന്ദുUpdated: Sunday Jul 28, 2019

പുരുഷാധിപത്യത്തിന്റെ  ചൂളയില്‍ പിന്നെയും പിന്നെയും വേവിക്കപ്പെ ടുകയും പാകപ്പെടുകയും ചെയ്യുന്ന  സ്‌ത്രീജീവിതത്തെ  പൊള്ളുന്ന ഭാഷയില്‍ അവതരിപ്പിക്കുന്ന കൃതിയാണ് പ്രഭാവര്‍മ്മയുടെ കനല്‍ച്ചിലമ്പ്. സമസ്യയുടെ ഉത്തരം തേടലിലൂടെ  വായനക്കാര്‍ക്ക്  സമ്പന്നമായ കാവ്യാസ്വാദനത്തിന്റെ  ഇടം  ഈ പുസ്‌തകം നല്‍കുന്നു

 

"പാൽക്കുടം തലയിൽ നിന്നു 
വീണു തകർന്നിട്ടും 
പാലുവിൽപ്പനക്കാരി! നിൻ 
കൺകൾ നിറഞ്ഞില്ലാ!’

 
പുരുഷാധിപത്യത്തിന്റെ  ചൂളയിൽ പിന്നെയും പിന്നെയും വേവിക്കപ്പെടുകയും പാകപ്പെടുകയുംചെയ്യുന്ന  സ്‌ത്രീജീവിതത്തെ  പൊള്ളുന്ന ഭാഷയിൽ അവതരിപ്പിക്കുന്ന കൃതിയാണ് പ്രഭാവർമ്മയുടെ കനൽച്ചിലമ്പ്. സമസ്യയുടെ ഉത്തരംതേടലിലൂടെ  വായനക്കാർക്ക്  സമ്പന്നമായ കാവ്യാസ്വാദനത്തിന്റെ  ഇടം  ഈ പുസ്‌തകം നൽകുന്നു. ഇവിടെ കവിയുടെ ദർശനമെന്നത് സകലതിന്റെയും  ജീവിത വിമർശനമാകുന്നു. പാൽക്കാരിയുടെ സങ്കീർണമായ ജീവിതം ആദ്യന്തമുള്ള ഭാഷാസാന്ദ്രതയുടെ  ധ്വനിയായി നിറയുന്നുണ്ട്. ഒരു കൊട്ടാരക്കെട്ടിലും ഒതുങ്ങാതെ സ്‌നേഹത്തിന്റെ തായ്‌വേരുകളെ   തിരഞ്ഞുപോകുന്ന  പെണ്ണിനെ  വായനക്കാർ ഇവിടെ കണ്ടുമുട്ടുന്നു. അവളെ സൂക്ഷ്‌മമായി  അറിയുക. കുടം ഉടയുംമുന്നേ  കുടം മെനഞ്ഞതെങ്ങനെയാകാമെന്ന ചിന്ത ഉണ്ടാകേണ്ടതുണ്ട്. കൈമാറ്റങ്ങളുടെ  ആവർത്തനചരിത്രമാണ്‌  പാൽക്കാരിക്കുള്ളത്. വിഷാദങ്ങളുടെ കുമ്പസാരമാണ്  അവളുടെ ഉള്ളിലെ പ്രധാന ഭാവം എന്ന് കവി തിരിച്ചറിയുന്നു.  അധഃസ്ഥിതരും എന്നാൽ, കീഴാള ജീവിതത്തിന്റെ  കരുത്തും സൗന്ദര്യവും ധൈര്യവും ഒത്തുചേരുന്ന കുറത്തിയും തത്തയും കോമരവും പാൽക്കാരിയുടെ കഥ പറയുന്നു. കവി കൃതിയിൽ പാലിക്കുന്ന പാറ്റേൺ  വികാരങ്ങളുടെ  അവബോധത്തെ  അതീന്ദ്രിയമാക്കുക എന്നതല്ല, പരമാവധി  സൗന്ദര്യത്തിന്റെ സങ്കലിത ദുരിതങ്ങളെ  ഉള്ളടക്കംചെയ്യുക എന്നതാണ്. കുടം = ശരീരം,  ഉടയൽ = മരണം,   വെള്ളാമ്പൽപ്പൂവ്= ഉയിർത്തെഴുന്നേൽപ്പ്  എന്നിങ്ങനെ ത്രിത്വബോധം  സങ്കൽപ്പിക്കുമ്പോൾ  ജീവിതത്തിനുമേൽ തനിക്കുള്ള അവകാശത്തെ സ്‌ത്രീ മരണത്തിനുശേഷവും നിരന്തരം ഓർമപ്പെടുത്തുന്നുവെന്ന് കാണാം. കാലത്തിനുള്ളിലെ  അനേക കാലങ്ങൾ (multiple  moments  within the moments ) കൊണ്ട് അന്യാദൃശമായ  സാക്ഷിവൈഭവം  കവി സ്വന്തമാക്കുന്നു. 
 
കാളിദാസൻ ഉന്മേഷകാരനായ  ദാർശനികനാണ്. ആ പ്രതിഭയുടെ വെളിച്ചത്തിൽ നെയ്‌തെടുത്തതെല്ലാം ജീവിതസംയോഗം ചൂണ്ടിക്കാണിച്ചുകൊണ്ട്  മുന്നോട്ടുപോകുന്നു. മൃത്യവബോധം(death instinct)  തേങ്ങലായി കനൽച്ചിലമ്പിന്  ആധാരശ്രുതിയാകുമ്പോൾ   ജലം  ജീവിതത്തിന്റെ  ആധാരമായി  കൃതിയെ  സഫലമാക്കുന്നു. ഈ  സൗന്ദര്യോപാസനയാണ്  കാവ്യത്തെ  ഏതോളപ്പരപ്പിലും എടുത്തുയർത്തുന്നത്. ജലത്തിന്റെ  ആത്മശുദ്ധിയും ഊർജവും അനുഭൂതിയുടെ  ഘടകങ്ങളായിക്കണ്ട "ആറ്റ്‌ലർ’ ഈ യുക്തിയെ ന്യായീകരിക്കുന്നു. വാക്കുകളുടെ ആഹ്ലാദകരമായ കൂടിച്ചേരൽ  കൃതിയുടെ  സ്വത്വലാവണ്യത്തെ  പുനർനിർണയിക്കുന്നുണ്ട്. മലയാള കാവ്യശാഖയിൽ ഈ സങ്കടസമസ്യ പൂരിപ്പിക്കുന്ന ഇടം ആദിരൂപ പരാമർശങ്ങളിലെ  നിത്യസൗഹൃദമാണ്. അതിലെ  നിത്യനൊമ്പരമാണ്.  ജലബോധത്തെ, അതിന്റെ ധാർമികതയെ  പ്രാണൻകൊണ്ട്  പുലർത്തുന്നവളെ  മരണത്തിനുമപ്പുറം  കവി കാത്തുവയ്‌ക്കുന്നു. പ്രതിമാനവന്റെ  പ്രചണ്ഡദേശത്തെ  സ്‌ത്രീസൗഹൃദയിടമായി പുനഃസ്ഥാപിക്കുന്നു.  ഈ കാവ്യത്തിന്‌ മറ്റതിരുകൾ ഇല്ലതന്നെ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top