29 January Wednesday

രാഗത്തിന്റെ വേരുകള്‍

മുകുന്ദനുണ്ണി unni.mukundan@gmail.comUpdated: Sunday Jul 28, 2019

ഇസ്ലാമിന്റെ ഇന്ത്യയുമായുള്ള സംഗീത ബന്ധത്തില്‍ ഇന്ത്യക്ക‌് ലഭിച്ചത് ഇറാന്റെ പാരമ്പര്യമാണ്.  പേര്‍ഷ്യയില്‍നിന്ന് ഇങ്ങോട്ട് ഒഴുകിവരാന്‍ സംഗീതത്തെ പ്രേരിപ്പിച്ച സാമൂഹികമായ പ്രതിഭാസം ഇവിടെ ഉദിച്ചുനിന്നിരുന്ന, അപരരെ അതിഥികളായി സ്വീകരിക്കുന്ന, ഊഷ്‌മളമായ മനഃസ്ഥിതിയായിരിക്കണം.  

 

സാമൂഹികജീവിതം സംസ്‌കാരങ്ങളെയുണ്ടാക്കി. ഭൂപ്രദേശങ്ങളുടെ കിടപ്പുമുതൽ നിരവധി സ്വാധീനഘടകങ്ങൾ സംസ്‌കാരങ്ങളെ വ്യത്യാസപ്പെടുത്തി. പരസ്‌പരം കെട്ടുപിണഞ്ഞ സംസ്‌കാരങ്ങളിലെ ചില പൊതുധാരകൾ കാലങ്ങളിലൂടെ സഞ്ചരിച്ച് ഇവിടെ, ഇന്നിലൂടെയും ഒഴുകുന്നുണ്ട്. ഇന്ത്യൻ സംഗീതത്തിൽ അങ്ങനെ ഒഴുകിവന്ന രൂപങ്ങളുണ്ട്, ഇറാൻ, ഇന്ത്യ, അറേബ്യ എന്നീ ഭൂപ്രദേശങ്ങളിലെ സംസ്‌കാരങ്ങളിൽ ഉണ്ടായിവന്ന പൊതു സംഗീതമേഖലയിൽനിന്ന് ഉത്ഭവിച്ചൊഴുകിയെത്തിയത്.  ചരിത്രത്തിന്റെ ഈ പ്രവാഹത്തിൽ ഇന്ത്യൻ സംഗീതത്തിന്റെ നോട്ടം പതിഞ്ഞത് ഇന്ത്യ–--അറബി പാരസ‌്പര്യത്തേക്കാൾ ഇന്ത്യ-–-ഇറാൻ ഭാവസ്രോതസ്സുകളിലേക്കാണ്, പ്രത്യേകിച്ച് മധ്യകാലഘട്ടത്തിനുശേഷം.  

ഇസ്ലാമിനുമുമ്പും അറബികളുമായി ഇന്ത്യക്ക‌് കച്ചവടബന്ധങ്ങളുണ്ടായിരുന്നു. കച്ചവടക്കാർക്ക് തീർച്ചയായും സംഗീതമുണ്ടായിരുന്നു. പ്രാകൃതമായ ഉപകരണവാദ്യങ്ങൾ, അനുഷ്‌ഠാനഗാനങ്ങൾ, ബെഡോയിൻ എന്ന അറേബ്യൻ നാടോടികൾ പാടുന്ന മരുഭൂമിയിലെ യാത്രാഗാനങ്ങൾ, സ്‌ത്രീ അടിമഗായികമാർ, ഹ്യൂഡാ എന്നറിയപ്പെടുന്ന ഒട്ടക-സാരഥിപ്പാട്ടുകൾ, തന്ത്രീവാദ്യങ്ങൾ, നാദബദ്ധമല്ലാത്ത താളവാദ്യം എന്നിവ അറേബ്യൻ കച്ചവടക്കാരുടെ സംഗീതത്തിന്റെ വിഭവങ്ങളായിരുന്നുവെന്ന് അശോക് ദാ റാനഡെ പറയുന്നുണ്ട് (Ashok Da. Ranade, Perspectives on music, Promilla & Co., Publishers, New Delhi, 2008. P. 12). 
 
 അറേബ്യയിൽ ക്ലാസിക്കൽ സംഗീതത്തിന്റെ സാന്നിധ്യം കാണുന്നത് അവർ ഇസ്ലാമിനെ സ്വീകരിച്ചശേഷം. ഏഴാം നൂറ്റാണ്ടിനും 16–-ാം നൂറ്റാണ്ടിനുമിടയിൽ. സംഗീതം വികസിച്ചു പരിണമിക്കാൻ മതങ്ങൾ കാരണമായിട്ടുണ്ട്. പ്രാർഥന, കുടുംബത്തിലെ ചടങ്ങുകൾ, ഖുർ ആൻ പാരായണം എന്നീ അവസരങ്ങളിലാണ് സംഗീതം അനുവദിക്കപ്പെട്ടിരുന്നത്. മതഗ്രന്ഥങ്ങളുടെയും സ്‌തോത്രങ്ങളുടെയും പാരായണം സ്വഭാവികമായും സംഗീതാത്മകമായിത്തീരും. പാരായണത്തിന്റെ ദൈർഘ്യവും അറിയാതെ വന്നുചേരുന്ന ഒഴുക്കും പദ്യഘടനയും മറ്റും ഈണതാളങ്ങളെ ക്ഷണിക്കാതിരിക്കില്ല. മതത്തിന്റെ  ഉപവിഭാഗങ്ങൾ തമ്മിലുള്ള അന്തരം നിമിത്തം നിയന്ത്രണത്തിന്റെ കാര്യത്തിൽ ഏറ്റക്കുറച്ചിലുണ്ടായപ്പോൾ സംഗീതാംശം പരിമിതമായെങ്കിലും വികാസംപ്രാപിച്ചു. പക്ഷേ, സംഗീതം ഇത്തരം നിയന്ത്രണങ്ങൾ വിട്ടുവളർന്നത് മതേതരമായ സന്ദർഭങ്ങളിലാണ്. മതേതരമായ ഇടങ്ങളിലാണ് സംഗീതം കേവലമായ കലയായത്.
 
അറേബ്യയുടെ സ്വാധീനംകൊണ്ടാണ് ഇറാൻ ഇസ്ലാമിനെ സ്വീകരിച്ചത്. തിരിച്ച് അറേബ്യയെ ഇറാൻ സംഗീതത്തിൽ സ്വാധീനിച്ചു. ജീവിതത്തിന്റെ മതപരമല്ലാത്ത ഇടങ്ങളിൽ  ഇറാനിയൻ സംഗീതം കുടിയേറി.  ഈ സ്വാധീനത്തിന്റെ ഫലമായി അറേബ്യൻ പരമ്പരാഗത വാദ്യോപകരണമായ ഊദിനു (Oud) പകരം ഇറാനിലെ ബർബാത് അറേബ്യയിൽ കൂടുതലായി ഉപയോഗിക്കപ്പെട്ടു. ഇറാനിയൻ വായ‌്പാട്ട‌് അറേബ്യയുടെ സംസ്‌കാരത്തിൽ വേരുകളാഴ‌്ത്തി. പുതിയ ഗാനശൈലികൾ രൂപപ്പെട്ടു. സിന്ദ് എന്ന വിളംബിത (പതിഞ്ഞ കാലത്തിൽ) രീതിയും ഹജാജ് എന്ന ദ്രുത, വേഗതയുള്ള, രീതിയും. മാവാലി എന്നു വിളിക്കപ്പെട്ടിരുന്ന ആൺപാട്ടുകാർ പാടിത്തുടങ്ങി. വിമോചിതരാക്കപ്പെട്ട അടിമകളായിരുന്നു ഇവർ. അക്കാലത്ത് ശേഖരിക്കപ്പെട്ട പാട്ടുകളിൽ വാക്കുകൾക്കായിരുന്നു പ്രാധാന്യം. ഓരോ വരികളുടെയും അർഥം അതിൽതന്നെ പൂർത്തീകരിക്കുന്ന രീതിയിൽ. ഓരോ വരികളുടെയും ഈണം അതിൽത്തന്നെ സമ്പൂർണമാകണം. അതുകൊണ്ട് ഏതാണ്ട് എല്ലാ വരിക്കും ഒരേ ഈണമായിരുന്നു. എങ്കിലും പാടിപ്പാടി മനോധർമം സ്വയമേവ വന്നുചേർന്നിരുന്നു. 
ഇസ്ലാമിൽ സംഗീതം വ്യാപിക്കാനും പുതിയ രൂപങ്ങൾ ഉടലെടുക്കാനും തുടങ്ങിയത് ഏതാണ്ട് പത്തും പതിനൊന്നും നൂറ്റാണ്ടുകളിലാണ്. ഇക്കാലയളവിലാണ് ഇസ്ലാംമതത്തിലെ വ്യത്യസ്‌ത ഉപവിഭാഗങ്ങൾ, സിൽസിലകൾ, സംഗീതത്തെ അവിഭാജ്യഘടകമായി ഉൾപ്പെടുത്താൻ തുടങ്ങിയത്. അവരുടെ ആചാരാനുഷ‌്ഠാനങ്ങളിലൂടെ സംഗീതം ഈണത്തിന്റെ തലത്തിലും താളത്തിന്റെ തലത്തിലും വികാസംപ്രാപിക്കാനും പ്രചരിക്കാനുമിടയായി. 13–-ാം നൂറ്റാണ്ടിനു മുമ്പുതന്നെ അറേബ്യൻ സംഗീതം ഒരുവശത്ത് കലാസംഗീതമായി പരിണമിച്ചുകഴിഞ്ഞിരുന്നു. മഖം ഒരു ക്ലാസിക്കൽ സംഗീതരൂപമാണ്.  പ്രാഥമികമായ മെലഡിക് ഘടനകളെ സൂചിപ്പിക്കുന്ന മൊഖമാറ്റ് (Maqamat) എന്ന ഇറാനിയൻ വാക്കിൽനിന്നു വന്നതണ് മഖം. ഇറാനിയൻ–--ടർക്കിഷ് സ്വാധീനവും ഗ്രീക്ക് സ്വാധീനവും സ്വാംശീകരിച്ചതിനുശേഷമുള്ളതാണ് ഈ വികാസപരിണാമം. 35 ചിഹ്നമുള്ള സ്വരാങ്കനവും (notation) ആവിഷ്‌കരിക്കപ്പെട്ടിരുന്നു. ഈണത്തെ സൂചിപ്പിക്കാൻ അക്ഷരങ്ങളും താളത്തെ സൂചിപ്പിക്കാൻ അക്കങ്ങളും ഉപയോഗിച്ച്. 
 
മഖാമ (maqama) എന്ന കലാരൂപം ഏകാംഗ മനോധർമപ്രകടനമാണ്. യഥാർഥത്തിൽ നടന്നതോ ഭാവനയിൽ സൃഷ്ടിച്ചതോ ആയ സംഭവങ്ങളെയും കഥകളെയും അടിസ്ഥാനമാക്കി തത്സമയം കവിതയുണ്ടാക്കിച്ചൊല്ലി അഭിനയിക്കുകയാണ് അതിൽ ചെയ്യുന്നത്. നാടകത്തിന്റെ ചിട്ടകളിൽനിന്ന് ക്രമേണ സ്വാതന്ത്ര്യം നേടിയതാണ് ഈ രൂപം. അതുപോലെ നിയന്ത്രിതവും ചിട്ടപ്പെടുത്തിയതുമായ സംഗീതത്തിൽനിന്ന് സ്വാതന്ത്ര്യം നേടിയ സംഗീതരൂപമായിരിക്കാം, ഒരുപക്ഷേ മഖം. 12–-ാം നൂറ്റാണ്ടിൽതന്നെ മഖം കലാസംഗീതമായി രൂപപ്പെട്ടിരുന്നു (അതേ പുസ്‌തകം, പേ. 17).  മഖം എന്ന സംഗീതരൂപം സ്ഥായി (Octoave) എന്ന സംഗീതസങ്കൽപ്പത്തെ ഉൾക്കൊള്ളുന്നതാണ്. ഇപ്പോഴത്തെ ഇന്ത്യൻ സംഗീതത്തിൽ പാട്ടിനിടയിൽ സ്ഥായി മാറുന്നില്ല. ശ്രുതിഭേദം എന്ന സങ്കൽപ്പമനുസരിച്ചേ സ്ഥായി മാറൂ. മഖത്തിൽ സ്ഥായി വികസിപ്പിക്കാവുന്ന ഘടനയാണ്. വ്യത്യസ‌്ത സ്വരങ്ങളെ കേന്ദ്രീകരിച്ച് സ്ഥായികൾ മാറ്റുന്നതാണ് ഇതിന്റെ ശൈലി. സംഗീതപ്രകാശനത്തിൽ മഖം മൗലികമായി അറേബ്യനാണെങ്കിലും ഘടനാപരമായി നാട്യശാസ‌്ത്രത്തിൽ പറയുന്ന ഗ്രാമമൂർഛനയോട് സമാനമാണ്. സംഗീതാത്മകത സൃഷ്ടിക്കാൻ മഖം ആവർത്തനത്തെയാണ് അവലംബിക്കുന്നത്. സ്വരങ്ങളുടെ ദൈർഘ്യമൂല്യം ഇടയ‌്ക്കിടയ‌്ക്ക‌് താളബദ്ധതയെ ഗൗനിക്കാതെ മാറ്റിക്കൊണ്ടിരിക്കുന്ന രീതിയും ഇതിന്റെ പ്രത്യേകതയാണ്. കീഴ്സ്ഥായിയിലും മേൽസ്ഥായിയിലും സമാന്തര പ്രതീതിയുണ്ടാക്കി പാടുന്ന രീതിയും മഖത്തിൽ ഉള്ളതായി പറയപ്പെടുന്നുണ്ട്. വ്യത്യസ്‌തമായാണെങ്കിലും ഈ രീതി ഹിന്ദുസ്ഥാനി സംഗീതത്തിലും കർണാടക സംഗീതത്തിലും ധാരാളം കാണാം.  
 
മൂന്നു സംസ്‌കാരത്തിലും ശബ്ദം പരിണമിച്ച് സ്വരമായത് തന്ത്രീവാദ്യത്തെ അനുകരിച്ചാണ്. ഊദിന്റെ (Oud) വിരൽവച്ചു വായിക്കുന്ന ഭാഗത്തെ (finger board) അധികരിച്ച് സ്വരസ്ഥാനങ്ങളെ നിശ്ചയിക്കുന്നതിലൂടെയാണ് മഖത്തിന്റെ ഘടന രൂപപ്പെടുന്നത്. ഇന്ത്യൻ സംഗീതത്തിലും സമാനപാരമ്പര്യം കാണാം. എട്ടാം നൂറ്റാണ്ടിൽത്തന്നെ വീണയിലെ ഫ്രെറ്റ്‌സ് സ്വരസ്ഥാനത്തിന്റെ ആധികാരികമായ പ്രമാണമാകുന്നുണ്ട്. ഈ വഴിയാണ് സൂക്ഷ്മശ്രുതിയിലേക്കും അതുവഴി വികസിതമായ രാഗസങ്കൽപ്പത്തിലേക്കും നീളുന്നത്.   
13–-ാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട സംഗീതരത്‌നാകരയിൽ രാഗങ്ങളെ പൂർവപ്രസിദ്ധ രാഗങ്ങളെന്നും അധുനപ്രസിദ്ധ രാഗങ്ങളെന്നും തരംതിരിക്കുന്നുണ്ട്. തുരുഷ്‌ക തോടി, തുരുഷ്‌ക ഗൗഡ് എന്നീ രാഗങ്ങൾ ഇന്ത്യയിൽ ഉണ്ടായതല്ല എന്നും പറയുന്നുണ്ട്. ഇന്ത്യക്കു പുറത്തും രാഗങ്ങളുണ്ടായിരുന്നു എന്നുവേണം ഇതിൽനിന്ന് ഊഹിക്കാൻ. 16–-ാം നൂറ്റാണ്ടിൽ പുണ്ഡരീക വിഠലൻ 16 പേർഷ്യൻ രാഗങ്ങളെയും അവയ‌്ക്കു സമാനമായ ഇന്ത്യൻ രാഗങ്ങളെയും തിരിച്ചറിയുന്നുണ്ട്. കാഫി, യമുനകല്യാണി, ഹുസൈനി, ദർബാർ, ശഹാന, നായകി, അഡാണ എന്നിവ പേർഷ്യൻ രാഗങ്ങളാണെന്ന് 17ാം നൂറ്റാണ്ടിൽ വെങ്കിടമഖി പറയുന്നുണ്ട് (അതേ പുസ്‌തകം, പേ.32). ഇതിൽനിന്ന് രാഗത്തിന്റെ വേരുകൾ ഇന്ത്യ–--ഇറാൻ സംഗീതമേഖലയുടേതാണെന്നും അവ പിന്നീട് രണ്ടിടത്തും സ്വതന്ത്രമായി ആവിഷ്‌കരിക്കപ്പെട്ടു എന്നും ഊഹിക്കേണ്ടിയിരിക്കുന്നു. 
 
ഇസ്ലാമിന്റെ ഇന്ത്യയുമായുള്ള സംഗീതബന്ധത്തിൽ ഇന്ത്യക്ക‌് ലഭിച്ചത് ഇറാന്റെ പാരമ്പര്യമാണ്. പേർഷ്യയിൽനിന്ന് ഇങ്ങോട്ട് ഒഴുകിവരാൻ സംഗീതത്തെ പ്രേരിപ്പിച്ച സാമൂഹികമായ പ്രതിഭാസം ഇവിടെ ഉദിച്ചുനിന്നിരുന്ന, അപരരെ അതിഥികളായ സ്വീകരിക്കുന്ന, ഊഷ്‌മളമായ മനഃസ്ഥിതിയായിരിക്കണം. ഏറ്റവും നവീനമായ സർഗാത്മക ആവിഷ്‌കാരങ്ങൾ നടക്കുന്ന സംഗീതങ്ങളിലൊന്നായി ഇന്ത്യൻ സംഗീതം ഇന്ന് നിലനിൽക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല, അവശേഷിക്കുന്ന മതബാഹ്യമായ, സ്വതന്ത്രമായ, സാമൂഹിക ഇടങ്ങളാണ്.
പ്രധാന വാർത്തകൾ
 Top