21 September Saturday

ചരിത്രമെന്ന പോര്‍ക്കളത്തിലെ കെ എന്‍ പണിക്കര്‍

സുരേഷ്‌ഗോപി sureshgopidbi@gmail.comUpdated: Sunday Apr 28, 2019

 മതനിരപേക്ഷ ജനാധിപത്യം എന്ന ആശയത്തിന്റെ ആധുനികകാലത്തെ ഏറ്റവും ശക്തനായ പ്രയോക്താവും വക്താവുമാണ് സൈദ്ധാന്തികനും ചരിത്രകാരനുമായ ഡോ. കെ എൻ പണിക്കർ. ഇന്ത്യൻചരിത്രവും ജനാധിപത്യത്തിന്റെ വളർച്ചയും വികാസവും കൃത്യമായി നിർധാരണം ചെയ്ത് അതത് കാലത്തിന്റെ സവിശേഷതകളോടെ വിശകലനം ചെയ്ത ബഹുമുഖപ്രതിഭ. ധിഷണാശാലിയായ അദ്ദേഹത്തിന്റെ ജീവിതവും സാഹിത്യരചനയും പ്രവർത്തന മണ്ഡലങ്ങളുമെല്ലാം അവലോകന വിധേയമാക്കുന്ന കൃതിയാണ് "ഡോ. കെ എൻ പണിക്കർ. ചരിത്രമെന്ന പോർക്കളം.'

ഡോ. പി ജെ വിൻസെന്റ് എഡിറ്റ‌് ചെയ്ത പുസ്തകത്തിൽ പ്രധാനമായും ഡോ. പണിക്കരുമായി നേരിട്ട് സംവദിച്ചിട്ടുള്ളവരും അടുത്തു പ്രവർത്തിച്ചിട്ടുള്ളവരുമായവരുടെ അനുഭവക്കുറിപ്പുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 
 
ഡോ. പണിക്കർ ഡൽഹിയിൽ ജവാഹർലാൽ സർവകലാശാലയിൽ ചരിത്രവിഭാഗത്തിന്റെ മേധാവിയായിരുന്ന കാലത്തെ പ്രവർത്തനങ്ങൾ വിഖ്യാത ചരിത്രകാരി ഡോ. റൊമില ഥാപർ കുറിക്കുന്നു. 1977 കാലത്ത് തുടങ്ങി 1990കൾ മുതൽ കൂടുതൽ സജീവമായ മതവർഗീയതയുടെ വേരുകൾ ഇന്ത്യൻ സമൂഹത്തിൽ ആഴ്ന്നിറങ്ങുന്നതിനെക്കുറിച്ച് പണിക്കർ കൃത്യമായി ദീർഘദർശനം ചെയ്തിരുന്നുവെന്ന് അവർ നിരീക്ഷിക്കുന്നു. 
 
ചരിത്രകാരൻ എന്നതിനപ്പുറം സാംസ്കാരിക വിമർശകൻ എന്ന നിലയിൽ പണിക്കരുടെ സംഭാവനകളാണ് ഡോ. കെ എൻ ഗണേഷ് ചൂണ്ടിക്കാട്ടുന്നത്. എല്ലാകാലത്തും ഗവൺമെന്റുകൾ പിന്തുണയ‌്ക്കുന്ന സാംസ്കാരിക ദേശീയതയുടെ വക്താക്കൾ മാത്രമായി ഇന്ത്യൻ ബുദ്ധിജീവി വിഭാഗം മാറിയതിനെ സാംസ്കാരിക ഭൗതികവാദി എന്ന നിലയിൽ പണിക്കർ വിശകലനം ചെയ്തുവെന്ന് ഡോ. ഗണേഷ് നിരീക്ഷിക്കുന്നു.
സാംസ്കാരിക വിമർശകൻ ഹമീദ് ചേന്ദമംഗലൂർ, പത്രപ്രവർത്തകൻ എൻ എസ് സജിത്, ഡോ. പി ജെ വിൻസെന്റ് എന്നിവർ ഡോ. പണിക്കരുമായി നടത്തിയ അഭിമുഖങ്ങൾ പണിക്കരുടെ പ്രതിഭയിലേക്കും ജീവിതദർശനങ്ങളിലേക്കും കാഴ്ചപ്പാടുകളിലേക്കും തുറക്കുന്നു.
 
കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് അടിമുടി പൊളിച്ചെഴുത്തുകൾ നടത്തിയ ഉന്നത വിദ്യഭ്യാസ കൗൺസിൽ ആദ്യ അധ്യക്ഷനെന്ന നിലയിൽ പണിക്കരുടെ സംഭാവനകൾ മറ്റൊരു ലേഖനം വിശദീകരിക്കുന്നു. സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസലർ എന്ന നിലയിലുള്ള സംഭാവനകൾ, ആത്മാർഥതയുള്ള അധ്യാപകൻ, നിരീക്ഷകൻ, വിമർശകൻ, സാമൂഹ്യപ്രവർത്തകൻ തുടങ്ങി കെ എൻ പണിക്കരുടെ സേവനങ്ങളും സംഭാവനകളുമെല്ലാം സ്വാനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്. തോമസ് ജോസഫ്, ഡോ. സ്കറിയ സക്കറിയ, ഡോ. ജയപ്രസാദ്, പി ജെ ചെറിയാൻ, എം എം ഷിനാസ്, ഡോ. ആർ വി എം ദിവാകരൻ, പി പി ഷാനവാസ്, ഡോ. ഷീബാ ദിവാകരൻ എന്നിവരുടേയും ലേഖനങ്ങൾ സമാഹാരത്തിലുണ്ട്.
പ്രധാന വാർത്തകൾ
 Top