15 July Wednesday

ഫലിതപ്രിയനായ അച്ഛനും കമ്യൂണില്‍ പിറന്ന മകളും

അനില്‍കുമാര്‍ എ വി anilavdbi@gmail.comUpdated: Sunday Oct 27, 2019

കൈഫി ആസ്‌മി, ശബാന ആസ്മി, ഷൗക്കത്ത്

വ്യക്തിജീവിതത്തിൽ ഏറെ വ്യത്യസ്തതകൾ പുലർത്തിയ കൈഫി ആസ്‌മി മികച്ച ഫലിതപ്രിയനാണെന്നത് പലർക്കും അറിയില്ല. തീർത്തും അവശനായപ്പോഴും നർമം തുളുമ്പി. വായപൂട്ടി മൂക്കിലൂടെമാത്രം ശ്വസിക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചപ്പോൾ ഒരു കണ്ണ് പതുക്കെ പാതി തുറന്ന് പ്രതികരിച്ചു:  ‘‘എന്തിനാണ് എന്റെ വായ അടപ്പിക്കാൻ നോക്കുന്നത്; ആരുടെയെങ്കിലും വായ അടപ്പിക്കണമെങ്കിൽ അത് ബാൽ താക്കറേയുടേതായിക്കൂടേ?’’ പ്രധാന യാത്രകളിൽപ്പോലും സ്യൂട്ടോ ടൈയോ അണിയുമായിരുന്നില്ല. ചില പ്രത്യേക ഭക്ഷണങ്ങളോട് വലിയ ഇഷ്ടമായിരുന്നു. പരിപ്പും വിവിധതരം ചീരകളും ഖോഷ്ട്‌  എന്ന പേർഷ്യൻ ആട്ടിറച്ചി വിഭവവും  അവയിൽപ്പെടും. മക്കളെ തുല്യരായി കണക്കാക്കിയ പ്രകൃതവും എടുത്തുപറയേണ്ടത്. തിരക്കും എഴുത്തിന്റെ ദന്തഗോപുരവും ചൂണ്ടി ഒരിക്കലും അവരോട് ബോധപൂർവം അകലം പുലർത്തിയില്ല. കവിതകൾ മകളെയാണ് ആദ്യം കാണിക്കുക. സംശയങ്ങൾ തീർത്തുതന്ന അച്ഛനെന്നാണ്  ശബാനയുടെ വിശേഷണം. അമ്മ തിരക്കിലാണെങ്കിൽ അവളുടെ മുടി ചീകി ഒതുക്കിക്കെട്ടിക്കൊടുക്കും. വസ്‌ത്രങ്ങൾ ഇടുവിച്ച് സ്‌കൂളിലയക്കും.

അപൂർവ പേനകളുടെ ശേഖരം

 കറുത്ത മഷി നിറച്ച മോണ്ട് ബ്ലാങ്ക് പേന ആസ്‌മിക്ക് ദൗർബല്യം തന്നെയായിരുന്നു. കമ്യൂണിസ്റ്റ് പാർടി കാർഡും മോണ്ട്ബ്ലാങ്ക് പേനകളുമായിരുന്നു ഏറ്റവും പ്രിയങ്കരമെന്ന് ശബാന  തമാശ പറയാറുണ്ടായി. നൂറുകണക്കിന് ഫൗണ്ടൻ പേനകളുടെ ശേഖരമുണ്ടായിരുന്നു. പൂട്ടിയിട്ട മരപ്പെട്ടിയിൽ സൂക്ഷിച്ച അവ സമയം കിട്ടുമ്പോഴെല്ലാം നിബ്ബുകൾ മാറ്റി മഷി നിറച്ച് ശരിയാക്കും. അതുപോലെ  ന്യൂയോർക്കിലെ ‘ഫൗണ്ടൻ പെൻ ഹോസ്‌പിറ്റലി'ലേക്ക് അയച്ചുകൊടുത്ത് അവ നന്നാക്കും.  ഉറുദുവിലും ഇംഗ്ലീഷിലും എഴുതാൻ വെവ്വേറെ പേനകൾ. മകൾ ശബാനയ്‌ക്ക് സുഹൃത്ത് ഉപഹാരമായി നൽകിയ പേന അദ്ദേഹം സൂത്രത്തിൽ കൈക്കലാക്കി. ശേഷം ആ സ്‌ത്രീക്ക്‌ കത്തയച്ചു, അത് തന്റെ കൈയിലാവും കൂടുതൽ സുരക്ഷിതമെന്ന്. ആരാധകനായ വിശാൽ സിൻഘ്‌വിയുടെ നിർദേശാനുസരണം കൈഫിയുടെ പേനശേഖരത്തിന്റെ പ്രദർശനം  ഫെബ്രുവരിയിൽ മുംബൈയിൽ നടന്നിരുന്നു. ഉസ്‌താദ് സാക്കിർ ഹുസൈൻ, ശ്യാം ബെനഗൽ, മഹേഷ് ഭട്ട്, പ്രിതീഷ് നന്തി, അനുരാധ പാട്രിക്, ജാവേദ് അഖ്‌തർ, ഫെറോസ് അബ്ബാസ് ഖാൻ  തുടങ്ങിയവർക്ക് ആ ശേഖരത്തിലെ പേനകൾ സമ്മാനിക്കുകയും ചെയ്‌തു.  ബംഗളൂരുവിലെ വിഖ്യാതനായ കാലിഗ്രാഫി കലാകാരൻ കെ സി ജനാർദൻ മുഖ്യാതിഥിയായിരുന്നു. 

ജുഹു ജൻകി കുടീറിലെ കൈഫി ആസ്‌മിയുടെ കൊച്ചുവീട് സാധാരണക്കാർക്കും വലിയ മനുഷ്യർക്കും മുന്നിൽ ഒരുപോലെ വാതിൽ തുറന്നിട്ട സത്രമായിരുന്നു. ഫെയ്സ് അഹമ്മദ് ഫെയ്സ്, ജോഷ് മലിഹാബദി, ഫിറാഖ് ഗൊരാഖ്പുരി, ബീഗം അഖ്തർ, ഗുരുദത്ത്, എസ് ഡി ബർമൻ, ചേതൻ ആനന്ദ് തുടങ്ങിയവരെല്ലാം അതിഥികളായെത്തി.  അവരെല്ലാം വലിയ ഹോട്ടലുകളിൽ താമസിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ലാത്തവരായിരുന്നു. ഹൃദ്യമായ ആത്മബന്ധവും മാതൃകാപരമായ സാഹോദര്യവുമാണ് ആ കൊച്ചുവീട്ടിലേക്ക് പല   പ്രതിഭകളെ ആകർഷിച്ചത്. 

1947ൽ ഹൈദരാബാദിൽ നടന്ന കവിയരങ്ങിലാണ് ഷൗക്കത്ത് കൈഫിയെ ആദ്യമായി കാണുന്നത്. ആ പ്രകൃതവും നോട്ടവും ശബ്‌ദവുമെല്ലാം അവരെ കൊത്തിവലിച്ചു. അദ്ദേഹം അന്നവിടെ ചൊല്ലിയ ‘ഔരത്ത്' കവിത മനസ്സും ഹൃദയവും ഇളക്കി. അക്കാലത്ത് സ്‌ത്രീകൾ ഇടുങ്ങിയ ഗൃഹഭിത്തികൾക്കകത്ത് ചുരുങ്ങിക്കൂടി കുട്ടികളെ പരിപാലിക്കുക മാത്രമായിരുന്നു. കാലത്തെ  ഏറെ പിന്നിലാക്കിയ   കൈഫി ആസ്‌മിയുടെ സമത്വാദർശചിന്തകൾ ഷൗക്കത്തിൽ വലിയ ആവേശമായി.  ചുമലൊത്ത് ഒപ്പം മാർച്ചുചെയ്യാനുള്ള കവിയുടെ ആഹ്വാനം  ത്രസിപ്പിക്കുകയുംചെയ്‌തു. കവിയരങ്ങിന് തിരശ്ശീല വീണയുടൻ ആ സുന്ദരനെ കോളേജ് കുമാരിമാർ പൊതിഞ്ഞു. ഷൗക്കത്ത് അകലം പാലിച്ച് നോക്കുകമാത്രം ചെയ്‌തു. ഒടുവിൽ അലി സർദാർ ജഫ്രിയോട് പറഞ്ഞ് ഓട്ടോഗ്രാഫ് തരപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ, ആസ്‌മി  അവളുടെ പുസ്‌തകത്തിൽ എന്തോ കുത്തിക്കുറിച്ചു. അത് പ്രണയകഥയിലെ  ആദ്യക്ഷരമായി.  നാടക പ്രവർത്തകയും വിദ്യാസമ്പന്നയുമായ ഷൗക്കത്ത് അങ്ങനെ ആസ്‌മിയുടെ ജീവിതത്തിലെത്തി. ഭാര്യയെന്നതിനെക്കാൾ സഖാവായാണ്‌  അദ്ദേഹം അവരെ  പരിഗണിച്ചത്. ഔരത്ത് പോലുള്ള കവിതകൾ ഷൗക്കത്ത്  ദുർഗാപൂജ പോലുള്ള  കുടുംബ ഒത്തുചേരലുകളിൽ ആലപിക്കുക പതിവായിരുന്നു.

 ശബാനയുടെ ഓർമകൾ

കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യ സെൽ മുളച്ച കോഴിക്കോടൻ മണ്ണിന്റെ മറ്റൊരു സുപ്രധാന സംഭാവന നാൽപ്പതുകൾക്കൊടുവിലെ കമ്യൂണാണ്. സാഹസികതയും ശുഷ്‌കജീവിതവും സാഹോദര്യത്തിന്റെ പുതിയ അർഥവും പഠിപ്പിച്ച ആ കൂട്ടായ്‌മയുടെ ആശയം സ്വീകരിച്ചത്  ബോംബെ കമ്യൂണിൽനിന്ന്. ഭക്ഷണത്തിൽപോലും അത് മാതൃകയായി. പി കൃഷ്ണപിള്ള, ഇ എം എസ്, എ വി കുഞ്ഞമ്പു, ടി സി നാരായണൻനമ്പ്യാർ, എം എസ് ദേവദാസ്, ഐ സി പി നമ്പൂതിരി, തങ്കമ്മ കൃഷ്ണപിള്ള, പ്രിയദത്ത, ചെനാൽ ലക്ഷ്‌മിക്കുട്ടിയമ്മ, കെ ദേവയാനി തുടങ്ങിയവരായിരുന്നു കോഴിക്കോട് കമ്യൂണിൽ.   പുലർച്ചെ നാലുമണിക്ക്  കൃഷ്‌ണപിള്ളയുടെ നേതൃത്വത്തിൽ വ്യായാമം. അതുകഴിഞ്ഞ് ചായ. കുളിച്ചശേഷം എട്ടുമണിക്ക് കഞ്ഞി. ഓരോ മാസവും ഒരോരുത്തർക്കാണ്  ഭരണച്ചുമതല. ഞായറാഴ്ച സ്‌ക്വാഡുകളായി വീടുകൾ കയറിയിറങ്ങി പാർടി സാഹിത്യങ്ങൾ വിൽക്കും. വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായ അവസരങ്ങളിൽ വിവാഹച്ചടങ്ങുകളിൽ ക്ഷണിക്കാതെപോയി പാട്ടുപാടി സംഭാവന പിരിക്കും.  

കുട്ടികളും സ്‌ത്രീകളുമടക്കം നൂറ്റമ്പതിലധികം പേരുണ്ടായിരുന്നു ബോംബെ കമ്യൂണിൽ. സെഡ് എ അഹമ്മദ്, പി സുന്ദരയ്യ, ജി അധികാരി, പി സി ജോഷി, ബി ടി രണദിവെ, വിമല രണദിവെ, ഇ എം എസ്, ആര്യ അന്തർജനം, കൈഫി ആസ്‌മി, ശാരദ കൃഷ്‌ണൻ, നർഗീസ് ബാട്‌ലിവാല, സർദാർ ജാഫ്രി, മണിബെൻ,  ഹജ്റാബീഗം, മണികുന്ദളസെൻ, രേണു ചക്രവർത്തി, കൽപ്പന ദത്ത തുടങ്ങിയവർ ബോംബെയിൽ ഒന്നിച്ചുകഴിഞ്ഞത് പ്രസ്ഥാനത്തിന് ഏറെ ആവേശകരമായി. ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസിലെ പ്രതികളിലൊരാളായിരുന്നു കൽപ്പന. ലീല, പി സുന്ദരയ്യയുടെ ജീവിതത്തിലെത്തുന്നത് അവിടത്തെ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ്. മീററ്റ് ഗൂഢാലോചനക്കേസിനെ തുടർന്നുള്ള ജയിൽവാസക്കാലത്ത് ലഭിച്ച നീളംകുറഞ്ഞ വസ്‌ത്രങ്ങളായിരുന്നു യൂണിഫോം. ചുമർപത്രം, ചർച്ച, ഗാനങ്ങൾ, വായന തുടങ്ങിയവയ്‌ക്കൊപ്പം സാർവദേശീയ–-ദേശീയ സ്ഥിതിഗതികളെക്കുറിച്ചുള്ള ചൂടേറിയ സംവാദങ്ങൾ നടക്കുക ഇടനാഴിയിൽ. അതിനാൽ അത് അറിയപ്പെട്ടത് റെഡ്ഫ്ളാഗ് ഹാൾ എന്നാണ്. ചെങ്കൊടിയുയർത്തിക്കൊണ്ടായിരിക്കും പ്രഭാത പരിപാടികൾ ആരംഭിക്കുക. ഇന്റർനാഷണൽ പാടി ഉറങ്ങാൻ പോകും. കൈഫി ആസ്‌മിക്കും ഷൗക്കത്തിനും  ശബാന ആസ്‌മി ജനിക്കുന്നത് ബോംബെ ഖേത്ത്വാഡി കമ്യൂണിലായിരുന്നു. ‘‘താൻ ജനിക്കും മുമ്പ് കമ്യൂണിസ്റ്റ് പാർടിയുമായ ബന്ധം വച്ചു’’ എന്ന ശബാനയുടെ ഫലിതം പ്രസിദ്ധം. പണം ഒരു പ്രശ്നമേയല്ലെന്ന് പഠിപ്പിച്ചത് കമ്യൂണാണ്. സാമൂഹ്യ സമത്വം, ലിംഗനീതി, ഇന്ത്യയുടെ ബഹുസ്വരത തുടങ്ങിയവയെക്കുറിച്ച് അത് നൽകിയ അവബോധവും അപാരമാണെന്നും ശബാന പറയുകയുണ്ടായി.

പ്രധാന വാർത്തകൾ
 Top